രണ്ട് കുരുന്നുകളെ കുരുതികൊടുത്തവരെ ഭരണവര്‍ഗ്ഗവും പോലീസും രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് നിഷ്പ്രയാസം സംരക്ഷിച്ചതെങ്ങിനെയെന്ന് വ്യക്തമാക്കുകയാണ് ‘വാളയാര്‍’. ഒമ്പതും പതിമൂന്നും വയസ്സായ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ അനുഭവിച്ച വേദനയുടെ കാഠിന്യം തിരിച്ചറിയാത്ത രാക്ഷസജന്മങ്ങളാണ് പ്രതികളെ സംരക്ഷിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചത്. ആദ്യമരണം മുതല്‍ വാളയാര്‍ സഹോദരിമാരുടെ രക്ഷിതാക്കളെ മുഖ്യമന്ത്രി പ്രഭുവിന്റെ മുമ്പില്‍ ഹാജരാക്കാന്‍ ശ്രമിച്ച ജാതി നേതാക്കള്‍ വരെ, അട്ടിമറിയുടെ വിവിധ ഘട്ടങ്ങളില്‍ ചരടുവലിച്ചവര്‍ ഏറെയാണ്. ഇതു നമ്മുടെ കേരളത്തിലോ എന്നു ചോദിക്കുന്നവരുടെ മുമ്പില്‍ വളയാര്‍ ചോദ്യചിഹ്നമായി നിവര്‍ന്നു നില്‍ക്കുന്നു.
അതില്‍ സിപിഎം പ്രാദേശികനേതാക്കള്‍ മുതല്‍ മന്ത്രിമാര്‍ വരെയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ മുതല്‍ അഭിഭാഷകര്‍ വരെയുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന ആവശ്യം ദയാരഹിതമായി തള്ളിയ ആഭ്യന്തരവകുപ്പ് വരെയുണ്ട്. നവകേരളം കെട്ടിപ്പടുക്കാന്‍ തുനിഞ്ഞിറങ്ങിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ പ്രതിക്കൂട്ടിലാകുന്ന വിവരങ്ങളാണ് കേരളത്തിന്റെ അതിര്‍ത്തിഗ്രാമമായ വാളയാറിന് പറയാനുള്ളത്.
2017 ജനുവരി 13നാണ് അട്ടപ്പള്ളത്തെ പട്ടികജാതി കോളനിയിലെ ഒറ്റമുറി ‘വീട്ടില്‍’ 13 വയസ്സുകാരി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. പിഞ്ചുബാലികയുടെ ആത്മഹത്യയായി അത് എഴുതിത്തള്ളപ്പെട്ടു. തങ്ങളുടെ കുഞ്ഞിന് എന്തുസംഭവിച്ചുവെന്ന് അനുമാനിക്കാന്‍ പോലും നിരക്ഷരരായ രക്ഷിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. 52 ദിവസത്തിനുശേഷം മാര്‍ച്ച് 4ന് വൈകിട്ട് 9 വയസ്സുകാരിയായ ഇളയപെണ്‍കുട്ടിയും കഴുക്കോലില്‍ തുങ്ങിയാടിയപ്പോഴാണ് വേട്ടനായ്ക്കള്‍ ചുറ്റിനുമുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാര്‍ച്ച് 6ന് പുറത്തുവന്നതോടെ പിഞ്ചുകുട്ടികളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന സത്യം പുറംലോകമറിഞ്ഞു. ഇതിനിടെ മാര്‍ച്ച് 4ന് രക്ഷിതാക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. രണ്ട് പെണ്‍കുട്ടികളെയും ക്രൂരമായ പീഡനത്തിന് വിധേയമാക്കിയതായി സത്യം പുറത്തുവന്നു. അതിദാരുണവും പൈശാചികവുമായ കൃത്യങ്ങള്‍ നടത്തിയവര്‍ക്കെതിരെ ജനരോഷമുയര്‍ന്നു. ഈ ജനരോഷത്തിന് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് വന്നപ്പോള്‍ മാത്രമാണ് പോലീസ് അന്വേഷണത്തിന് തയ്യാറാവുന്നത്. ആ അന്വേഷണത്തിന്റെ പരിസമാപ്തിയാണ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതിവിധിയിലെത്തി നില്‍ക്കുന്നത്.
അട്ടപ്പള്ളം കൊല്ലങ്കോട് എം.മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലു കെയ്തല്‍ വീട്ടില്‍ ഷിബു എന്നിവരെയാണ് ഒക്‌ടോബര്‍ 25ന് പാലക്കാട് പോക്‌സോ കോടതി അഡീഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് മുരളീകൃഷ്ണ വെറുതെവിട്ടത്. സപ്തംബര്‍ 30ന് കേസിലെ മറ്റൊരു പ്രതി ചേര്‍ത്തല വയലാര്‍ ഈസ്റ്റ് വില്ലേജിലെ കടപ്പള്ളില്‍ പ്രദീപ് കുമാറിനെ വെറുതെ വിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ വിചാരണ പൂര്‍ത്തിയാവുന്നതോടെ വാളയാര്‍ പീഡന-കൊലപാതകക്കേസിലെ വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാവും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ ആരംഭിക്കുകയാണ് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനം. അന്വേഷണ തീവ്രതയേക്കാള്‍ പതിന്മടങ്ങ് കരുത്തുറ്റ അണിയറ പ്രവര്‍ത്തനമാണ് പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടിയന്ത്രം ഒരുക്കിയത്.
വാളയാര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ ആയ ചാക്കോയ്ക്ക് ആയിരുന്നു കേസ് അന്വേഷണത്തിന്റെ ആദ്യചുമതല. അന്വേഷണത്തേക്കാള്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന് പുറത്തറിഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തുകൊണ്ട് മുഖം മറയ്ക്കാന്‍ ശ്രമം നടത്തി ‘സര്‍ക്കാര്‍യന്ത്രം’ നല്ലപിള്ള ചമഞ്ഞു. എഎസ്പി പൂങ്കുഴലി അന്വേഷിച്ച കേസ് ഡിവൈഎസ്പി എം.ജെ. സോജനാണ് തുടരന്വേഷണം നടത്തിയത്.
പ്രതികളെന്നു സംശയിക്കുന്നവരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് ആരംഭിച്ചപ്പോള്‍ തന്നെ പാര്‍ട്ടിയന്ത്രം മുറക്ക് പ്രവര്‍ത്തിച്ചു. ചിലരെ നിലം തൊടിക്കാതെ പുറത്തിറക്കി. പ്രതിചേര്‍ക്കപ്പെട്ടവരെപ്പോലും സ്റ്റേഷനില്‍ നിന്നിറക്കിക്കൊണ്ടുവരാന്‍ നേതാക്കളെത്തി. ഇക്കാര്യം കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയായി ഉന്നയിച്ചപ്പോഴും ആരും ചെവിക്കൊണ്ടില്ല. കുട്ടികള്‍ക്കെതിരായ അക്രമം, പട്ടികജാതി-വര്‍ഗ്ഗ അതിക്രമ നിരോധനനിയമം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതെങ്കിലും കുറ്റപത്രം തന്നെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറി. വിചാരണക്കിടെ പ്രോസിക്യൂട്ടര്‍ മാറി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം സര്‍ക്കാര്‍ കാരണമില്ലാതെ നിരാകരിച്ചു. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ 25 ലക്ഷം രൂപ നല്‍കി ദല്‍ഹിയില്‍ നിന്ന് സീനിയര്‍ അഭിഭാഷകനെ വരുത്തി ‘നീതി ഉറപ്പാക്കിയ’ സര്‍ ക്കാരാണ് പിഞ്ചുകുഞ്ഞുങ്ങളെ ഞെരിച്ച് കൊന്ന കേസില്‍ അവരുടെ ഭാഗം പറയാന്‍ നീതി നിഷേധിച്ചത്. പ്രതിഭാഗം വക്കീലിനെ ജില്ലാശിശുക്ഷേമ സമിതി ചെയര്‍മാനാക്കിയ വനിത-ശിശു വികസനവകുപ്പ് ഭരിക്കുന്ന നാട്ടിലെ നീതി നിര്‍വ്വഹണം ഇതിലും കേമമല്ലെങ്കിലല്ലേ ആശ്ചര്യപ്പെടാനുള്ളൂ.
57 സാക്ഷികള്‍; എന്നാല്‍ തെളിവുകളോ…
സാഹചര്യത്തെളിവുകള്‍ മാത്രം പ്രബലമായിരുന്ന കേസില്‍ അവയെ ശരിയായി കൂട്ടിയിണക്കുന്ന അനുബന്ധതെളിവുകള്‍ നല്‍കുന്നതില്‍ അന്വേഷണോദ്യോഗസ്ഥര്‍ പരാജയപ്പെടുകയായിരുന്നു. മൊഴികളിലെ വൈരുദ്ധ്യം, പ്രോസിക്യൂഷന്റെ വാദത്തെ സ്ഥാപിക്കാന്‍ വേണ്ടി മാത്രമുള്ള ആസൂത്രിത സാക്ഷികള്‍ തുടങ്ങി വിധിന്യായത്തില്‍ അന്വേഷണത്തെയും പ്രോസിക്യൂഷന്റെ കഴിവുകേടിനെയും സൂചിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ആണുള്ളത്. പീഡനത്തെയും കൊലപാതകത്തെയും വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടു.പോസ്റ്റ്‌മോര്‍ട്ടും റിപ്പോര്‍ട്ടും അവഗണിച്ചു
13 വയസായ കുട്ടി അത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ എത്തിയ അന്വേഷണസംഘം രണ്ടാമത്തെ കുട്ടിയും ആത്മഹത്യ ചെയ്തുവെന്ന് വിധിയെഴുതുകയായിരുന്നു. ഒറ്റമുറിവീട്ടില്‍ കഴുക്കോലില്‍ കുരുക്കിടാന്‍ ഒരു തരത്തിലും ഒറ്റയ്ക്ക് പെണ്‍കുട്ടിക്ക് കഴിയില്ലെന്ന് വ്യക്തമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നു. എട്ടടിയിലേറെ ഉയരമുള്ള കഴുക്കോലില്‍ ഒരു ഫര്‍ണിച്ചറിന്റെ സഹായമില്ലാതെ 129 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള കുട്ടിക്ക് എത്തിപ്പിടിക്കാനാവില്ലെന്ന് അതില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും കൊലപാതക സാധ്യത തള്ളി ആത്മഹത്യയായി വിധിയെഴുതുകയായിരുന്നു പോലീസ്. ചേച്ചിയുടെ മരണത്തിന് കാരണക്കാരായവരെക്കുറിച്ച് അറിയാവുന്ന മകളെ ഇല്ലാതാക്കുകയാണ് ചെയ്തിരിക്കുന്നതെന്ന അമ്മയുടെ മൊഴിയും പോലീസ് കണക്കിലെടുത്തില്ല. മലദ്വാരത്തില്‍ ഉണങ്ങിയ മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ അത് പൈല്‍സ് കാരണമാകാമെന്ന് പറഞ്ഞവര്‍ ആടിനെ പട്ടിയാക്കി തെളിവുകള്‍ കരുണയില്ലാത തള്ളുകയായിരുന്നു.
വാളയാര്‍ കേസിലെ വിചാരണക്കിടയില്‍ പ്രതികളിലൊരാള്‍ക്കുവേണ്ടി ഹാജരായ അഡ്വ.എന്‍.രാജേഷ് നല്‍കിയ അവധി അപേക്ഷയുടെ വിവരം പുറത്തുവന്നതാണ് ശിശുക്ഷേമ സമിതിയിലെ സിപിഎം രാഷ്ട്രീയവും അനീതിയും മറനീക്കി പുറത്തുകൊണ്ടുവന്നത്. സിഡബ്ല്യുസി യോഗത്തില്‍ പങ്കെടുക്കണമെന്നായിരുന്നു നല്‍കിയ അവധി അപേക്ഷയിലെ ന്യായം. പകല്‍ വെളിച്ചത്തില്‍ പിടിക്കപ്പെട്ടതോടെയാണ് ശിശുക്ഷേമസമിതിയില്‍ നിന്ന് സഖാവിനെ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
രണ്ട് മരണങ്ങള്‍, നിരന്തരമായ പീഡനം, നിരവധി കുറ്റകൃത്യങ്ങള്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ ക്രിമിനല്‍ കേസില്‍ ഒരു കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 52 ദിവസങ്ങള്‍ക്കിടയിലാണ് രണ്ട് മരണങ്ങള്‍ സംഭവിക്കുന്നത്. കുട്ടികളെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അതിക്രൂരമായ രീതികളിലൂടെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. അതിന്റെ തെളിവുകള്‍ക്കായി ചിത്രസഹിതമാണ് രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ പോലീസ് സര്‍ജന്‍ ഡോ.പി.സി. ഗുജറാള്‍ നല്‍കിയത്. ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ സംഭവത്തെ നരഹത്യയാകാമെന്ന് ഗൗരവമായ നിരീക്ഷണത്തോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ പീഡനത്തെക്കുറിച്ച് മാത്രം അന്വേഷിച്ച പോലീസ് കൊലപാതകസാധ്യത തീരെ അവഗണിച്ചു.
സിപിഎം കോടതി
പാര്‍ട്ടിഗ്രാമത്തിലെ അന്തിമവാക്ക് സിപിഎമ്മിന്റേതാണ്. പ്രതികളെ അവര്‍ തീരുമാനിക്കും. വിചാരണയും വേണമെങ്കില്‍ ശിക്ഷയും അവര്‍ വിധിക്കും. കോടതികളിലല്ല പാര്‍ട്ടി അന്വേഷണത്തിലാണ് അവര്‍ക്ക് പൂര്‍ണ്ണവിശ്വാസം. അട്ടപ്പള്ളത്ത് പെണ്‍കുട്ടികളുടെ പീഡനക്കേസിലും സംഭവിച്ചത് അതാണ്. പ്രതികള്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും സജീവ പ്രവര്‍ത്തകരുമാണ്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് സാക്ഷികളും സിപിഎമ്മുകാര്‍ തന്നെ. ചിലരാകട്ടെ പ്രതിയുടെ അടുത്ത ബന്ധുക്കളും. തിരഞ്ഞെടുപ്പ് സമയത്ത് എസ്.എഫ്.ഐ ബാനറില്‍ പ്രചാരണത്തിന് പോകാന്‍ മൂത്തപെണ്‍കുട്ടിയും നിര്‍ബ്ബന്ധിക്കപ്പെട്ടിരുന്നു. അപ്പോഴാണ് തന്നെ പീഡിപ്പിച്ചവരെ പ്രചാരണത്തിന് കണ്ടത്. അവരെ കണ്ടപ്പോള്‍ പെണ്‍കുട്ടി മാറിനിന്നു. എന്താണെന്ന് അന്വേഷിച്ചപ്പോള്‍ ‘അവര്‍ ചീത്ത’യാണെന്നായിരുന്നു കുട്ടിയുടെ മറുപടി. എന്നാല്‍ ഈ സംഭവങ്ങള്‍ വിശ്വസനീയമായി കോടതിയില്‍ തെളിയിക്കാന്‍ സാങ്കേതികമായി പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു.
സമയമില്ലായിരുന്നുവത്രെ
എന്തുകൊണ്ട് കൊലപാതകസാധ്യതയെക്കുറിച്ച് അന്വേഷിച്ചില്ല എന്ന ചോദ്യം ഉയരാം. വിചാരണവേളയില്‍ സ്വാഭാവികമായും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഈ ചോദ്യമുയര്‍ന്നു. ”സമയം കിട്ടിയില്ലെ” ന്നായിരുന്നു അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ മറുപടി. അന്വേഷണത്തെ ആരോ നിയന്ത്രിച്ചിരുന്നുവെന്നത് വ്യക്തം. കൂടുതല്‍ അന്വേഷണം നടന്നാല്‍ കൂടുതല്‍ പ്രതികളുണ്ടാവും. അത് ആരെയൊക്കെയോ അസ്വസ്ഥമാക്കിയിരുന്നു. പീഡനം മാത്രമല്ല കൊലപാതകം കൂടിയാണെന്ന് തെളിയുമ്പോള്‍ അത് അപകടമാവുമെന്ന് അറിയാവുന്നവരാണ് ചരട് വലിച്ചത്. നിതിന്‍ കണിച്ചേരിയുടെ കൂടെ കേസിലെ പ്രതികള്‍ സെല്‍ഫിയെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവരുമ്പോള്‍ എങ്ങിനെയാണ് കേസ് അട്ടിമറിക്കപ്പെട്ടത് എന്നത് കൂടുതല്‍ അന്വേഷിക്കേണ്ടതില്ല.
അവര്‍ ഇപ്പോഴും ഇരുട്ടില്‍
”കളിസ്ഥലത്തേക്ക് ചേച്ചി വരാഞ്ഞതിനെത്തുടര്‍ന്ന് ഞാന്‍ വീട്ടിലേക്ക് ഓടിയെത്തി. മുറ്റത്ത് നിന്ന് രണ്ട്‌പേര്‍ തൂവാലകൊണ്ട് മുഖം മറച്ച് നടന്നുപോയിരുന്നു. വിളിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ല.” മൂത്ത പെണ്‍കുട്ടി പിടഞ്ഞ് മരിക്കുന്നത് നേരില്‍ കാണേണ്ടിവന്ന അനിയത്തി നല്‍കിയ മൊഴിയാണിത്. ആ ഗ്രാമത്തിലെ കോളനിയിലെ പരിചയക്കാരെ കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയും. മുഖംമറച്ചാലും ആരെന്നറിയാം. എന്നാല്‍ ആരായിരിക്കാം മുഖം മറച്ച് രക്ഷപ്പെട്ടത്. 52-ാമത്ത ദിവസം, മൊഴി നല്‍കിയ പെണ്‍കുട്ടിയും മരിച്ചുവെന്നല്ലാതെ മൊഴിയുടെ ആഴങ്ങളിലേക്ക് അന്വേഷണം ഉണ്ടായില്ല. ഈ ദൃക്‌സാക്ഷി പ്രായം കൊണ്ട് ചെറുതാണെങ്കിലും തങ്ങള്‍ക്ക് അപകടകരമായിരിക്കുന്നുവെന്ന് കരുതിയവരാണ് തുടര്‍ന്നുള്ള കൊലയ്ക്കും കരുക്കള്‍ നീക്കിയിട്ടുണ്ടാവുക. എന്നാല്‍ അവരെ ഇരുട്ടില്‍ നിര്‍ത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
ജോണ്‍പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്തിന്
”ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ മുമ്പില്‍ ഞാന്‍ അപമാനിക്കപ്പെട്ടു” എന്നെഴുതിവെച്ച് അട്ടപ്പള്ളത്തെ ജോണ്‍ പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്തിന്? കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലെങ്കിലും അന്നത്തെ കസബ സിഐയുടെ കസ്റ്റഡിയിലായിരുന്നു ജോണ്‍ പ്രവീണ്‍.ജോണ്‍ പ്രവീണിന്റെ കൂട്ടുകാരനായ കേസിലെ പ്രതി വീട്ടിലെത്താറുണ്ടെന്ന് അമ്മ എലിസബത്ത് പറയുന്നു. ഇളയ കുട്ടിയുടെ മരണത്തിന് ശേഷം ഈ സുഹൃത്ത് അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജോണ്‍ പ്രവീണിനെ കസ്റ്റഡിയിലെടുക്കുന്നത്. പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ അങ്ങിനെയൊരും കസ്റ്റഡിയിലെടുത്തില്ലെന്നായിരുന്നു ആദ്യം അമ്മക്ക് കിട്ടിയ മറുപടി. പിന്നീട് വിട്ടയക്കപ്പെട്ട പ്രവീണ്‍ ആകെ അസ്വസ്ഥനായിരുന്നു. ആര്‍ക്കോ വേണ്ടി കുറ്റമേല്‍ക്കാന്‍ പറഞ്ഞതിന്റെ ഞെട്ടലിലായിരിക്കാം പ്രവീണ്‍ ജീവനൊടുക്കിയതെന്ന് അമ്മ കരുതുന്നു.
അവസാനിച്ചുപോയ സ്വപ്നങ്ങള്‍
പഠിപ്പിച്ച് വലിയവരാക്കിയില്ലെങ്കിലും താന്‍ അനുഭവിച്ച കഷ്ടപ്പാടില്ലാതെ അവരെ നല്ല നിലയിലാക്കാനായിരുന്നു കഷ്ടപ്പെട്ടത്. ബന്ധുക്കള്‍പോലും ശത്രുക്കളായപ്പോള്‍ തളര്‍ന്നില്ല. എന്നാല്‍ പിഞ്ചുകുട്ടികളെ ദ്രോഹിച്ചവരെ വെറുതെ വിട്ടുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ആര്‍ക്കും ഒരു കുഞ്ഞിനും ഇനി ഈ ഗതി വരാതിരിക്കാന്‍ അവരെ മാതൃകാപരമായി ശിക്ഷിക്കണം. അന്വേഷണം ശരിയായ നിലയിലല്ലായിരുന്നു. ഒരിക്കല്‍പ്പോലും ഞങ്ങളെ വിവരം അറിയിച്ചില്ല. വിധിവന്നതുപോലും അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണ്. സിബിഐ അന്വേഷിച്ച് പ്രതികള്‍ക്ക് ശിക്ഷനല്‍കണം, അട്ടപ്പളത്തെ കോളനിയിലെ തന്റെ പുതിയ വീട്ടിലിരുന്ന്് അമ്മ പറയുന്നു.
അടച്ചുറപ്പില്ലാത്ത വീട്ടില്‍ കുട്ടികളെ തനിച്ചാക്കി പോകുമ്പോള്‍ പുതിയ വീട്ടില്‍ സുരക്ഷിതരായി ഇവരെ പാര്‍പ്പിക്കാമെന്നെല്ലാം സ്വപ്‌നം കണ്ടതാണ്. എല്ലാം തകര്‍ന്നുവെന്ന് കരഞ്ഞു പറയുന്ന ഒരമ്മയുടെ മുമ്പില്‍ തല കുനിക്കുകയാണ് കേരളം.