കേരള മാതൃക സ്വീകരിക്കണം എന്നു പറയുന്നത് വെറുതെയല്ല. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഒരു വനവാസി യുവാവിന്റെ കാലുകഴുകുകയും മാപ്പപേക്ഷിക്കുകയും ചെയ്യേണ്ട എന്തെങ്കിലും കാര്യമുണ്ടായിരുന്നോ കേരള മാതൃക സ്വീകരിച്ചിരുന്നെങ്കില്‍. പ്രവേശ് ശുക്ല എന്നയാള്‍ ദസ് മന്ത് റാവത്ത് എന്ന വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചതിന്റെ പേരിലാണ് മുഖ്യമന്ത്രി തന്നെ പ്രായശ്ചിത്തത്തിനിറങ്ങിയത്. കാലുകഴുകി, മാപ്പപേക്ഷിച്ചു, ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു, സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഇതിനൊക്കെ പുറമെ പ്രതിയെ അറസ്റ്റു ചെയ്യുകയും അയാളുടെ വീടു ഇടിച്ചു നിരത്തുകയും ചെയ്തു.
ഇത് പഴഞ്ചന്‍ ഫ്യൂഡലിസ്റ്റ് മാതൃക. എന്നാല്‍ ഇടത് പുരോഗമന കേരള മാതൃക എന്തെന്ന് അട്ടപ്പാടിയില്‍ കണ്ടതാണ്. മൂത്രമൊഴിക്കല്‍ പോലെയുള്ള നാറ്റക്കേസ്സെന്നും ഇവിടെ കാണില്ല. തല്ലിക്കൊല്ലലാണ് ഇടത് രീതി. വയറുവിശന്നപ്പോള് ആഹാരം മോഷ്ടിച്ച മധുവിനെ പിടികൂടി തല്ലിക്കൊന്നു. ഒച്ചപ്പാടായപ്പോള്‍ പോലീസ് കേസ്സെടുത്തു. പ്രതികള്‍ സഖാക്കള്‍. പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുത്തു. ഇതൊന്നും പോരാതെ മൂന്നാം പ്രതി ഷറഫുദീനെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാക്കി. പത്രക്കാര് ഇടങ്കോലിപ്പോള് മുഖം രക്ഷിക്കാന്‍ തല്ക്കാലം മാറ്റിനിര്‍ത്തി. ചൗഹാന്റെ കാലുകഴുകലും മാപ്പു പറയലും കാണുമ്പോള്‍ ക്ലിഫ് ഹൗസിലിരുന്നു വിജയന് സഖാവ് ചിരിയടക്കാന്‍ കഷ്ടപ്പെടുകയാണ്.