അമേരിക്കയുടെ മുന്‍പ്രസിഡന്റ് ബറാക്ക് ഹുസൈന്‍ ഒബാമയ്ക്ക് ഭയങ്കര പനി. സന്നിപാതം കൂടി പിച്ചുംപേയും പറയുന്ന അവസ്ഥയിലാണ് അദ്ദേഹം എന്നാണ് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കുതിച്ചു കയറുന്ന പനിമരണ നിരക്കിലൂടെ കേരളത്തെ ലോക ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ ആക്കിയ ഡെങ്കി പോലുള്ള പനിയല്ല ഒബാമയ്ക്ക് ബാധിച്ചത്. കേരളത്തിലെ ഇടത് – വലത് രാഷ്ട്രീയക്കാരുടെ ജീനിലുള്ള മുസ്ലീം പ്രീണനം എന്ന പനിയാണ് ഒബാമയ്ക്ക് കിട്ടിയത്. ഒബാമയുടെ ഭാര്യ സ്ഥാനാര്‍ത്ഥിയാവുന്നു എന്ന അവസ്ഥ വന്നപ്പഴേ പനിയുടെ ലക്ഷണം കണ്ടു തുടങ്ങി. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തിയപ്പോള്‍ സന്നിപാതം മൂര്‍ച്ഛിച്ചുവെന്നാണ് രാഷ്ട്രീയ ഡോക്ടര്‍മാര്‍ പറയുന്നത്. വാഷിങ്ടണ്‍ ചര്‍ച്ചയില്‍ മോദിയോട് ചോദിക്കേണ്ടത് ഭാരതത്തിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ചല്ലേ, ഹിന്ദു ഇന്ത്യയും മുസ്ലിം ഇന്ത്യയും ഉണ്ടാവുന്നത് രാജ്യത്തെ വിഭജനത്തിലെത്തിക്കില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സി.എന്‍. എന്‍. അഭിമുഖത്തില്‍ ഒബാമ പറഞ്ഞത് പനിയുടെ ലക്ഷണമാണ് എന്ന് അമേരിക്കന്‍ നയതന്ത്ര വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു. ഹുസൈന്‍ ഒബാമയ്ക്ക് മുസ്ലിം സ്‌നേഹം കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്നു.
2016ല്‍ ഇതേ ഒബാമ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ നിത്യേന കൊന്നുതള്ളിയത് നൂറുകണക്കിന് മുസ്ലിങ്ങളെയാണ്. സിറിയ, ഇറാക്ക്, അഫ്ഘാനിസ്ഥാന്‍, ലിബിയ, യമന്‍, സൊമാലിയ, പാകിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ 26,171 ബോംബുകള്‍ ആ വര്‍ഷം ഒബാമയുടെ നിര്‍ദ്ദേശപ്രകാരം വര്‍ഷിച്ചു. ആ വര്‍ഷത്തെ ശരാശരി കണക്കെടുത്താല്‍ ഒരു ദിവസം 72 ബോംബുകള്‍! അന്നൊന്നും മുസ്ലിങ്ങളുടെ സംരക്ഷണം ഒബാമയ്ക്ക് പ്രശ്‌നമായിരുന്നില്ല. ഇപ്പോള്‍ ഭാരതത്തിലെ മുസ്ലിങ്ങളോട് സ്‌നേഹം വഴിഞ്ഞൊഴുകുകയുമാണ്. അന്നു കൊല്ലപ്പെട്ട നിരപരാധികളായ മുസ്ലിങ്ങളുടെ പ്രേതം കണ്‍മുമ്പില്‍ വന്നു നിലക്കുന്നത് കണ്ട് സമനില തെറ്റിയാണോ ഒബാമയ്ക്ക് പനി പിടിച്ചത് എന്നറിയില്ല. അതല്ല അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭാര്യയെ മത്സരിപ്പിക്കാനുള്ള വെപ്രാളം പനിയായോ എന്നാണ് മറ്റു ചിലര്‍ക്ക് സംശയം. ഭാരതത്തെ തകര്‍ക്കാനുള്ള ബ്രേക്ക് ഇന്‍ ഇന്ത്യ ഗൂഢാലോചനയുടെ രോഗലക്ഷണമാണ് ഒബാമയില്‍ കാണുന്ന പനി എന്നും പക്ഷമുണ്ട്. മൂന്നും തികഞ്ഞ പാര്‍ട്ടിയാണ് സി.പിഎം എന്നതിനാല്‍ അവരുടെ ആരോഗ്യം കൈകാര്യം ചെയ്യുന്ന വീണാ ജോര്‍ജ് തന്നെ യഥാര്‍ത്ഥ വൈറസിനെ തിരിച്ചറിയട്ടെ.