- നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)
- ആരാണ് ശ്രേഷ്ഠന്‍? ( ശ്രീകൃഷ്ണകഥാരസം 2)
- ഫലസിദ്ധി (ശ്രീകൃഷ്ണകഥാരസം 3)
- കാറ്റിന്റെ ഊറ്റം ശമിപ്പിച്ച കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 23)
- അഘാസുരവധം (ശ്രീകൃഷ്ണകഥാരസം 4)
- ബകാസുരവധം ( ശ്രീകൃഷ്ണകഥാരസം 5)
- അജഗരമോക്ഷം (ശ്രീകൃഷ്ണകഥാരസം 6)
യശോദയമ്മ പതിവുപോലെ കണ്ണനെ മടിയിലിരുത്തി താലോലിക്കുകയായിരുന്നു. അയ്യോ! എന്തായിത് കുഞ്ഞിന് ഭാരം കൂടിക്കൂടി വരുന്നതുപോലെ … അമ്മയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് എന്തെന്നറിയാത്ത ഒരു ഭാരം പെട്ടെന്ന് കണ്ണനുണ്ടായി ….. എന്താണെന്ന് മനസ്സിലാവാതെ പരിഭ്രമിച്ച് അമ്മ കുഞ്ഞിനെ പട്ടുമെത്തയില്‍ കിടത്തി.
കുഞ്ഞ് പുഞ്ചിരിയോടെ കൈകാലിട്ടടിച്ച് കളിച്ചു കിടക്കുന്നതു കണ്ട സമാധാനത്തില്‍ യശോദ തന്റെ ജോലികളില്‍ മുഴുകി.
പക്ഷേ ശരിക്കും അമ്മയ്ക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.
എങ്കിലും കണ്ണനിതെന്തുപറ്റി?
എന്തെങ്കിലും രോഗമാണോ? അതോ വല്ല ബാധയും കൂടിയതാണോ! പതിവില്ലാതെ ഇത്ര ഭാരം? അമ്മയുടെ മനസ്സിനും ഭാരം തോന്നി ….
ജോലികള്‍ ചെയ്യാന്‍ ഉത്സാഹം തോന്നാതെ അമ്മ പലതും ചിന്തിച്ചു.
പെട്ടെന്ന് അന്തരീക്ഷത്തിന് വല്ലാത്ത ഒരു മാറ്റം. പതിവില്ലാത്ത ശക്തിയില്‍ കാറ്റുവീശി.
കരിയിലകള്‍ പാറിപ്പറന്നു. മരക്കൊമ്പുകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു.
എങ്ങും പൊടിപടലങ്ങള്‍ പറത്തി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു.
കാറ്റിന്റെ ശക്തിയില്‍ ആളുകള്‍ക്ക് പരസ്പരം കാണാന്‍ പറ്റാതായി.
കാര്‍മേഘം മൂടിയ ആകാശം പോലെ ഇരുട്ടു പരന്നു.
പേടിച്ചരണ്ട യശോദമ്മ കുഞ്ഞിനടുത്തേക്ക് ഓടി വന്നു നോക്കുമ്പോള്‍ കിടക്കയില്‍ കുഞ്ഞിനെ കാണാനില്ല. ആധിയോടെ യശോദയമ്മ ഉറക്കെ നിലവിളിച്ചു.
‘അയ്യോ എന്റെ ഉണ്ണിയെ കാണാനില്ല പൊന്നുണ്ണിക്കണ്ണാ …..’
അമ്മ നീട്ടി വിളിച്ചു
‘കണ്ണാ…. മോനേ… ഉണ്ണിക്കണ്ണാ..’
കൂറ്റന്‍ ചുഴലിക്കാറ്റിന്റെ രൂപത്തില്‍ അലറിക്കുതിച്ചു വന്ന തൃണാവര്‍ത്തനെന്ന അസുരനായിരുന്നു അത്.
പൊടിപടലങ്ങളെ വട്ടം ചുറ്റിച്ച് ഹുങ്കാര ശബ്ദത്തോടെ അമ്പാടിയെ വിറപ്പിച്ചുകൊണ്ട് തൃണാവര്‍ത്തന്‍ ചുഴലിക്കൊടുങ്കാറ്റായി വന്ന് കണ്ണനെ എടുത്തുകൊണ്ടുപോയി…..
കുഞ്ഞിനെ കാണാത്ത ദുഃഖത്തില്‍ ഉറക്കെ നിലവിളിക്കുന്ന അമ്മയുടെ ശബ്ദം കൊടുങ്കാറ്റിന്റെ ഹുങ്കാര ശബ്ദത്തിനു മീതെ ഉയര്‍ന്നു കേട്ടു.
ബാലഗോപാലനായ കണ്ണനുണ്ണി തന്നെ വധിക്കുമെന്നു ഭയന്ന കംസമഹാരാജാവ് അയച്ച തൃണാവര്‍ത്തന്‍ എന്ന അസുരന്‍ ആയിരുന്നു അത്. ശ്രീകൃഷ്ണന്റെ മഹത്വമറിയാതെ സാധാരണ ശിശുവെന്നു കരുതി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി വട്ടം ചുറ്റിച്ചു ….
അകലെ അകലേക്ക് ഉയരെ ഉയരേക്ക് കാറ്റായി ഉയര്‍ന്നുപൊന്തിയ അസുരന്‍ പരമാവധി ശക്തിയില്‍ കണ്ണനെ വട്ടം കറക്കി.
എന്തോ വലിയ അത്യാഹിതം സംഭവിച്ച പോലെ ഗോകുലവാസികള്‍ ഭയന്നു.
സാവധാനം കാറ്റിനു ശക്തി കുറഞ്ഞു പൊടിപടലങ്ങളടങ്ങി വേഗത കുറഞ്ഞ് ശാന്തമായി. ഇരുട്ടകന്നു. പറന്നു പൊന്തിയ കരിയിലയും പൊടിയും താഴേക്ക് വന്നു.
കാറ്റിന്റെ ശബ്ദം നിലച്ചു.
യശോദയമ്മയുടെ നിലവിളി ശബ്ദം മാത്രം അവിടെങ്ങും മുഴങ്ങിക്കേട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ ഗോപന്മാര്‍ നോക്കുമ്പോള്‍ നന്ദഗോപരുടെ ഭവനത്തിനു മുന്നിലെ വലിയ പാറക്കെട്ടിനു മുകളില്‍ അതിഭയങ്കരമായ ശബ്ദത്തോടെ മറ്റൊരു മല പോലെ അസുരന്‍ വന്നു മലച്ചുവീണു.
നന്ദഗോപരും യശോദയും ഗോപന്മാരും നിലവിളിയോടെ ഓടിച്ചെന്നു നോക്കുമ്പോള്‍ കരിമല പോലെ ഒരു ഭീകരരൂപി മലര്‍ന്നടിച്ചു വീണു കിടക്കുന്നു.
ആ രൂപത്തിനു മുകളില്‍ കൈകാലിട്ടടിച്ച് ഒന്നുമറിയാത്ത ഭാവത്തില്‍ ചിരിച്ചു കളിക്കുകയാണ് മായാമാനുഷനായ സാക്ഷാല്‍ ശ്രീകൃഷ്ണന്‍.
ഗോവര്‍ദ്ധനഗിരി പോലെ മറ്റൊരു പര്‍വ്വതം. അതിനു മുകളില്‍ നീലരത്‌നക്കല്ല് പോലെ തിളങ്ങുന്ന ഒരുണ്ണി.
ഗോപന്മാര്‍ ആ മലയുടെ മുകളില്‍ നിന്ന് ആദരവോടെ ആ ദിവ്യവിഗ്രഹം എടുത്ത് യശോദയമ്മയ്ക്ക് കൊടുത്തു. അപ്പോഴും ശ്വാസംമുട്ടിക്കിതയ്ക്കുന്ന അമ്മയുടെ തേങ്ങല്‍ നിന്നിട്ടുണ്ടായിരുന്നില്ല.
‘മോനേ കണ്ണാ, അമ്മയുടെ പൊന്നു മോനേ എന്റെ കണ്ണനുണ്ണിക്ക് എന്തുപറ്റി…’
എന്നു പറഞ്ഞ് അമ്മ കുഞ്ഞിനെ മാറോടണച്ച് നെറുകയില്‍ മുത്തം കൊടുത്തു.
ഒന്നും സംഭവിക്കാത്ത മട്ടില്‍ പുഞ്ചിരിയോടെ ഉണ്ണിക്കണ്ണന്‍ അമ്മയുടെ ദേഹത്ത് പറ്റിച്ചേര്‍ന്ന് മുലയുണ്ട് ആനന്ദിച്ചു.