ഗോകുലത്തിന് ആനന്ദം പകര്‍ന്നു കൊണ്ട് ശ്രീകൃഷ്ണന്‍, നന്ദഗോപരുടെയും യശോദയുടെയും പുത്രനായി വളര്‍ന്നു.
കാണുന്നവരുടെ കണ്ണിന് ആനന്ദം പകരുന്ന ഉണ്ണിയെ എല്ലാവരും ഉണ്ണിക്കണ്ണന്‍ എന്ന് വിളിച്ചു.
പാലും വെണ്ണയും മതിയാവോളമുണ്ട് കണ്ണന്‍ രസിച്ചു.
വെണ്ണ കിട്ടിയാല്‍ കണ്ണനു പിന്നെ മറ്റൊന്നും വേണ്ട.
ഉണ്ണിക്കണ്ണനെ യശോദയമ്മ, അതിരാവിലെത്തന്നെ കുളിപ്പിച്ച് കണ്ണെഴുതിച്ച്, പൊട്ടുതൊടീച്ച്, തലയില്‍ പീലിത്തിരുമുടി കെട്ടിവെച്ച് അണിയിച്ചൊരുക്കി.
മഞ്ഞപ്പട്ടുടുത്ത്, മയില്‍പ്പീലിയണിഞ്ഞ കാര്‍വര്‍ണ്ണനെക്കാണാനെന്തൊരു ചന്തമാണ്.
കുളിയും ജപവും കഴിഞ്ഞ ഉണ്ണിക്ക് അമ്മ കാച്ചിയ പാല്, തണുപ്പിച്ച് കുടിക്കാന്‍ കൊടുത്തു …..
പാലുകുടിക്കുന്ന കണ്ണനെ പാല്‍ക്കുടത്തിന് സമീപമിരുത്തി കുളിക്കാന്‍ പോയി അമ്മ.
കുളിച്ചൊരുങ്ങി വന്ന യശോദ കുഞ്ഞിനെ അരികിലിരുത്തി തൈര് കടഞ്ഞു തുടങ്ങി.
കണ്ണനാമുണ്ണിയെ കാണുമാറാകണം എന്നു മൂളിക്കൊണ്ട്.
അമ്മ തൈര് കടയുന്ന കാഴ്ച പാലാഴി കടയുന്ന കാഴ്ച കാണുന്ന പോലെ കണ്ണന്‍ കൗതുകത്തോടെ നോക്കിയിരുന്നു.
പാത്രത്തില്‍ പൊന്തിവരുന്ന തണുത്ത മിനുമിനുത്ത വെണ്ണ കണ്ട് കൊതിയോടെ കണ്ണന്‍ പറഞ്ഞു ‘അമ്മേ എനിക്കിത്തിരി വെണ്ണ തരൂ …..’
‘ഇത്ര രാവിലെ വെണ്ണയോ?’
‘അതെന്താ തന്നാല്‍?
ഞാനല്ലേ ഇത്രനേരം കാക്കയും പൂച്ചയും കൊണ്ടുപോകാതെ പാലും വെണ്ണയും കാത്തു സൂക്ഷിച്ചത്…?’
വേഗം തരൂ ….
അമ്മേ ….’
പാല് കുടിച്ചു കഴിഞ്ഞ കുഞ്ഞിക്കണ്ണന്‍ ചിണുങ്ങി.
അമ്മയ്ക്ക് കാര്യം മനസ്സിലായി.
അപ്പോള്‍ കടഞ്ഞെടുത്ത പുതുവെണ്ണ വലിയൊരുരുള കണ്ണന്റെ വലം കയ്യില്‍ വച്ചു കൊടുത്തു.
കുഞ്ഞിന്റെ മുഖം തെളിഞ്ഞില്ല
‘എന്താമ്മേ ഇത് ഒരു കയ്യില്‍ മാത്രം വെണ്ണ വച്ചാല്‍ മറ്റേ കൈ പിണങ്ങില്ലേ?
ഏട്ടനു മാത്രം വെണ്ണ കൊടുത്താല്‍ ഞാന്‍ പിണങ്ങിക്കരയില്ലേ?
അതുപോലെയല്ലേ ഈ കുഞ്ഞിക്കൈയും ….
പാവം ആ കയ്യിലും വെണ്ണ കൊടുക്കണം’.
‘ഇങ്ങനെയൊരു കൊതിയന്‍’ എന്നുപറഞ്ഞ് അമ്മ ഇടത്തെക്കയ്യിലും ഒരുരുള വെണ്ണ കൊടുത്തു’.
അമ്മയുടെ കണ്ണു തെറ്റിയപ്പോഴേക്കും ഉണ്ണി വലം കയ്യിലെ വെണ്ണ വായില്‍ കുത്തി നിറച്ചു.
നിമിഷനേരം കൊണ്ട് ഇറക്കി.
‘അയ്യോ അമ്മേ ആ വെണ്ണ ഒരു കള്ളക്കാക്ക വന്നു കൊത്തിക്കൊണ്ടുപോയി…..’
അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു
‘ആ കാക്ക ഏതാണെന്ന് എനിക്കറിയാം സാരമില്ല ദാ ഈ വെണ്ണ കൂടി എടുത്തോളൂ …’
എന്നുപറഞ്ഞ് ഒരുരുള വെണ്ണ കൂടി അമ്മ കയ്യില്‍ കൊടുത്തു അത് വായില്‍ കുത്തിക്കയറ്റിയ സമയത്ത് തൊണ്ടയില്‍ തങ്ങിയ പോലെ കണ്ണുതുറിപ്പിച്ച് കണ്ണന്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു
‘അമ്മേ ….. വെണ്ണ ഇറങ്ങിപ്പോകുന്നില്ല കുറച്ചു പാല് തരൂ ….
ഇല്ലെങ്കില്‍ ഇപ്പൊ തൊണ്ടയില്‍ തടയും’.
അമ്മ വേഗം കുറച്ചു പാലു കൂടി കണ്ണന് കൊടുത്തു.
കണ്ണന്‍ അതു മുഴുവനും കുടിച്ചു. ഇടതു കൈയിലെ വെണ്ണയും തിന്നു. എന്തൊരു കൊതിയനാ!
എന്നുപറഞ്ഞ് ചിരിച്ചുകൊണ്ട് അമ്മ ഉണ്ണിക്കണ്ണന്റെ പുറത്തു തട്ടി….
ഇതൊക്കെ തന്റെയൊരു സൂത്രവിദ്യയല്ലേ എന്ന നാട്യത്തില്‍ കണ്ണന്‍ പുഞ്ചിരിച്ചു.