ഒരു ദിവസം, നാരദമഹര്‍ഷി ദ്വാരകയിലെത്തി, ഭഗവാന്റെ കുടുംബജീവിതം നേരിട്ടു കണ്ട് മനസ്സിലാക്കാനുള്ള മോഹവും, പതിനായിരത്തിലേറെ പത്‌നിമാരെ ഒരുമിച്ച് സന്തോഷിപ്പിയ്ക്കുന്നതിന്റെ രഹസ്യവും തേടിയാണ് വരവ്. പലതും ചിന്തിച്ച് ദ്വാരകാപുരിയുടെ, അഭൗമസൗന്ദര്യത്തില്‍ മതിമറന്ന് നടന്നൂ നാരദര്‍ഷി.
ഒരേ മാതൃകയില്‍, ഒരു കുറവും, പറയാനില്ലാത്ത രമ്യഹര്‍മ്മ്യങ്ങള്‍, വഴിയമ്പലങ്ങള്‍, ക്ഷേത്രങ്ങള്‍, സഭാതലങ്ങള്‍, പൂങ്കാവനങ്ങള്‍, തടാകങ്ങള്‍, എല്ലാം കടന്ന്, ഒരു മനോഹരമായ കൊട്ടാരക്കെട്ടിലേക്ക് പ്രവേശിച്ചൂ, ബ്രഹ്‌മപുത്രന്‍…
ആഹാ! എത്ര മനോഹരമായ മന്ദിരം, അനേകം ദാസിമാര്‍, ഭൃത്യസംഘങ്ങള്‍, സുഗന്ധം വമിക്കുന്ന, ദിവ്യമായ അന്തരീക്ഷം. സ്വര്‍ഗ്ഗത്തേക്കള്‍ സുന്ദരമായ ലോകം.
അവിടെയതാ, രത്‌നനിര്‍മ്മിതമായ മനോഹര തല്പത്തില്‍, പട്ടുമെത്തയില്‍ ശയിക്കുന്നൂ, സാക്ഷാല്‍ രുഗ്മിണീവല്ലഭന്‍… ധര്‍മ്മപത്‌നിയുടെ, പരിലാളനയേറ്റ് സുഖശീതളിമയില്‍ മയങ്ങുന്ന മേഘശ്യാമളന്‍, ശയ്യ വിട്ടെഴുന്നേറ്റ്, മഹര്‍ഷിയെ നമസ്‌കരിച്ചു. അര്‍ദ്ധാസനം, നല്‍കി ആദരിച്ച്, പാദങ്ങള്‍ കഴുകിച്ചു… ആരുടെ പാദതീര്‍ത്ഥത്തെ ലോകപാലകര്‍ ആഗ്രഹിക്കുന്നുവോ, അവന്‍ ഇതാ, തന്റെ ഭക്തന്റെ പാദതീര്‍ത്ഥത്തെ ശിരസ്സിലണിയുന്നു.
വേണ്ടവിധം, മഹര്‍ഷിയെ, പൂജിച്ചു സല്‍ക്കരിച്ചശേഷം ഭഗവാന്‍ ചോദിച്ചു… ‘അല്ലയോ… മഹര്‍ഷീശ്വരാ, അങ്ങ് ഈ ഗൃഹത്തെ പരിശുദ്ധമാക്കി… അവിടുത്തെ ഇംഗിതം എന്തെന്നു പറഞ്ഞാലും വിഭോ?’
‘സര്‍വ്വേശ്വരാ… ഭഗവാനേ, അവിടുത്തെ, പാദദാസ്യം അതൊന്നു മാത്രമേ, അടിയന്‍ കൊതിക്കുന്നുള്ളൂ’ എന്ന് പറഞ്ഞ് നാരദന്‍ അവിടെ നിന്നുമിറങ്ങി… മറ്റൊരു മന്ദിരത്തിലെത്തി.
അവിടെയതാ… പത്‌നീ സമേതനായ്, ഉദ്ധവനൊപ്പം, ചൂതാടി രസിക്കുന്നൂ സത്യഭാമമാധവന്‍…
മഹര്‍ഷിയെ കണ്ട മാത്രയില്‍ എഴുന്നേറ്റ്, ഇരിപ്പിടം നല്‍കി, ചോദിച്ചു. ‘ങാ! നാരദര്‍ഷിയോ? അങ്ങ് എപ്പോള്‍ വന്നു? ഞാന്‍ അങ്ങേക്ക് എന്തു സേവനമാണ് ചെയ്തു തരേണ്ടത്? പറഞ്ഞാലും മഹര്‍ഷേ?’
ഒന്നും, ആവശ്യപ്പെടാതെ മൂന്നാമത്തെ ഗൃഹത്തില്‍ ചെന്നപ്പോള്‍, അവിടെയുണ്ട്, കുട്ടികളെ ലാളിച്ച് മതിമറന്നിരിക്കുന്നൂ പീതാംബരധാരിയായ ഭഗവാന്‍ ഹരി…
അടുത്ത ഗൃഹത്തില്‍, യജ്ഞം നടത്തുന്ന രൂപത്തിലും അതിനടുത്ത മന്ദിരത്തില്‍, അഗ്നിഹോത്രിയായ്, മറ്റൊരിടത്ത് ജലത്തില്‍ നീരാടുന്നവനായ്, ചിലയിടത്ത്, നര്‍മ്മഭാഷണം ചെയ്തിരിപ്പവനായ്, എല്ലാം കണ്ടു.
മായാമാധവനായ്, എല്ലായിടത്തും, നിറഞ്ഞു വാഴുന്ന ഭഗവാന്റെ ലീലകള്‍ കണ്ട്, വിസ്മയവും സന്തോഷവും വാത്സല്യവും തോന്നിയ മഹര്‍ഷി, യോഗേശ്വരനായ ഭഗവാന്‍ നാരായണനെ, സ്തുതിച്ചു പാടി… എല്ലായിടത്തും ഒരു കുറവും വരുത്താതെ, തന്റെ സാന്നിദ്ധ്യമുറപ്പിക്കുന്ന ശ്രീകൃഷ്ണലീല കണ്ട്, സന്തോഷത്തോടെ മടങ്ങി.