യാദവപ്രമുഖനായ സത്രാജിത്ത് പുത്രിയായ സത്യഭാമയെ ശ്രീകൃഷ്ണന് വിവാഹം ചെയ്തു കൊടുത്തു. ഒപ്പം സ്യമന്തകവും ഭഗവാന് ലഭിച്ചു.
സത്യഭാമയുടെ വരവ് ശ്രീകൃഷ്ണന്റെ ആദ്യഭാര്യയായ രുഗ്മിണീദേവിക്ക് രസിച്ചില്ലെങ്കിലും, കുലസ്ത്രീയായ അവര്‍ സപത്‌നിയെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു.
അടുത്തടുത്ത, കൊട്ടാരങ്ങളില്‍ അവര്‍ താമസവും തുടങ്ങി. ഭഗവാന്‍ രണ്ടുപേരെയും ഒരുപോലെ സ്‌നേഹിച്ചു. എത്രയായാലും സാപത്‌ന്യം ആര്‍ക്കും ഇഷ്ടമാവില്ലല്ലോ. അതിനാല്‍ ഇരുവരും പരസ്പരം മത്സരിച്ച് ഭഗവാനെ സ്‌നേഹിച്ചു. താരതമ്യേന രുഗ്മിണിയാണ് ശാന്തപ്രകൃതയെന്നുമാത്രം.
സത്യഭാമയാകട്ടെ ശ്രീകൃഷ്ണന്റെ പട്ടമഹിഷിയാണ് എന്ന ഭാവത്തിലാണ് കഴിഞ്ഞുവന്നത്.
ഒരു ദിവസം ദേവലോകത്തുനിന്ന് ഭഗവാന് ഒരു അറിയിപ്പു കിട്ടി. നരകാസുരന്റെ ഉപദ്രവം മൂലം ദേവന്മാര്‍ വല്ലാതെ വലഞ്ഞു. ദേവമാതാവായ അദിതീദേവിയുടെ കുണ്ഡലങ്ങള്‍ പോലും അവന്‍ അപഹരിച്ചു. ഭഗവാനു മാത്രമേ അവന്റെ ശല്യം തീര്‍ക്കാനാവൂ.
ദേവേന്ദ്രന്റെ ക്ഷണപ്രകാരം ശ്രീകൃഷ്ണന്‍ പുറപ്പെട്ടു. ഒപ്പം പോരണമെന്ന്, സത്യഭാമ ശാഠ്യം പിടിച്ചു. ഒടുവില്‍ ഭഗവാന്‍ വഴങ്ങി.
നരകാസുരനുമായി അതിഘോരമായ യുദ്ധം നടന്നു. ഒട്ടേറെ നാളത്തെ യുദ്ധത്തിനൊടുവില്‍ വാസുദേവന്‍ അസുരനെ വധിച്ചു.
വീണ്ടെടുത്ത കവചകുണ്ഡലങ്ങളുമായി ശ്രീകൃഷ്ണന്‍ സത്യഭാമാസമേതനായി അമരാവതിയിലെത്തി. അവര്‍ക്ക് നൃത്തഗാനവാദ്യങ്ങളോടെ വന്‍ വരവേല്‍പ്പ് ലഭിച്ചു. സത്യഭാമയുടെ മനം കുളിര്‍ത്തു. പോരുന്നതിനുമുമ്പ് അവര്‍ക്കൊരാഗ്രഹം. വിശിഷ്ടപുഷ്പമായ പാരിജാതം തലയില്‍ ചൂടണം.
ദേവകള്‍ അതു സാധിപ്പിച്ചു. എന്നാല്‍ ഒരു ശാഖ തങ്ങളുടെ വിശാലമായ കൊട്ടാരമുറ്റത്ത് നട്ടു വളര്‍ത്തണം. അത് പക്ഷെ ദേവേന്ദ്രന് സമ്മതമായില്ല.
സ്വര്‍ഗ്ഗീയ വൃക്ഷമായ പാരിജാതം ഭൂമിയിലേക്ക് തന്നയയ്ക്കാന്‍ സാധ്യമല്ല. ഒരു ചില്ലപോലും ഭൂമിയിലെത്തുന്നത് സുരലോകത്തിന് അപമാനമാണ്.
ദേവേന്ദ്രന്റെ പ്രവൃത്തി ഭഗവാനെ ചൊടിപ്പിച്ചു. ഒടുവില്‍ അത് യുദ്ധത്തില്‍ കലാശിച്ചു. ശ്രീകൃഷ്ണനു മുന്നില്‍ ദേവന്മാര്‍ നിഷ്പ്രഭരായി. കാവല്‍ഭടന്മാരെ മറികടന്ന് പാരിജാതവൃക്ഷത്തിന്റെ ഒരു ശാഖ അവര്‍ കൈക്കലാക്കി.
തന്റെ ആഗ്രഹപൂര്‍ത്തിക്കായി യുദ്ധം ചെയ്യാന്‍ പോലും മടിക്കാത്ത കൃഷ്ണന്റെ സ്‌നേഹം സത്യഭാമയെ കൂടുതല്‍ അഹങ്കാരിയാക്കി.
സത്യഭാമയുടെ ഭവനാങ്കണത്തില്‍ രുഗ്മിണിയുടെ മതിലിനോട് ചേര്‍ത്ത് പാരിജാതം കുഴിച്ചുവെച്ചു. ശാഖയ്ക്ക് രുഗ്മിണിയുടെ കൊട്ടാരമുറ്റത്തേയ്ക്ക് നല്ലവണ്ണം ചായ്‌വുണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ദേവവൃക്ഷം അതിദ്രുതം വളര്‍ന്ന് പുഷ്പിച്ചു. പക്ഷേ അതിന്റെ തായ്ത്തടി സത്യഭാമയുടെ വസതിയിലാണെങ്കിലും പുഷ്പങ്ങളെല്ലാം രുഗ്മിണിയുടെ കൊട്ടാരമുറ്റത്താണ് പതിക്കുക. ഒരു പൂവ് പോലും സത്യഭാമയ്ക്ക് ലഭിക്കില്ല. കണ്ണന്റെ കുസൃതികണ്ട് ദേവകള്‍ പോലും ഊറിച്ചിരിച്ചുപോയി.
സത്യഭാമക്കാകട്ടെ അഹങ്കാരം കൂടിയതല്ലാതെ കുറഞ്ഞില്ല. നാള്‍ക്കുനാള്‍ അത് പെരുകി വന്നു.
ഒരു ദിവസം ലോകസഞ്ചാരിയായ നാരദമഹര്‍ഷി കൊട്ടാരത്തിലെത്തി. മഹാറാണി അദ്ദേഹത്തെ യഥോചിതം സ്വീകരിച്ചിരുത്തി സല്‍ക്കരിച്ചു. മഹര്‍ഷിക്ക് എന്താഗ്രഹമുണ്ടെങ്കിലും അറിയിക്കണമെന്ന് ശ്രീകൃഷ്ണന്‍ അറിയിച്ചു. നാരദന്‍ തന്റെ ആഗ്രഹം പറഞ്ഞു.
‘ഭഗവാനെത്തന്നെയാണ് എനിക്കാവശ്യം. വരൂ, എന്നോടൊപ്പം. നമുക്ക് പോകാം.’
അതുകേട്ട പത്‌നിമാര്‍ ഞെട്ടിത്തരിച്ചു. ‘അരുത് മഹര്‍ഷേ, പ്രാണവല്ലഭനെയൊഴിച്ച് മറ്റെന്തും നല്‍കാം. അത് മാത്രം ചോദിക്കരുതേ.’
ഒടുവില്‍ നാരദന്‍ സമ്മതിച്ചു ‘ഭഗവാനുതക്ക മൂല്യം വരുന്ന എന്തെങ്കിലും വസ്തു മതി’ എന്നു പറഞ്ഞു.
സത്യഭാമ ഭര്‍ത്താവിനെ തുലാഭാരത്തട്ടിലെന്നപോലെ വലിയ തട്ടിലിരുത്തി മറുതട്ടില്‍ പൊന്നും പണവും കുന്നുകൂട്ടി. പക്ഷെ തട്ട് എത്രയായിട്ടും താണില്ല. തന്റെ സകല സമ്പാദ്യവും ആഭരണങ്ങളും വച്ചിട്ടും ഭഗവാന്റെ എതിരെയുള്ള തട്ട് ഉയര്‍ന്നുതന്നെ നിന്നു. സത്യഭാമ വിയര്‍ത്തു കുളിച്ചു.
ഇതുകണ്ടുവന്ന രുഗ്മിണീദേവി തട്ടില്‍നിന്നും എല്ലാം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഭക്ത്യാദരപൂര്‍വം ഒരു തുളസീദലം തട്ടില്‍വച്ചു. മഹാത്ഭുതമെന്നു പറയട്ടെ തട്ട് ഉയര്‍ന്ന് ഭഗവാന്റെ തട്ടുമായി തുല്യനിലയില്‍ നിന്നു.
സത്യഭാമയുടെ തല താഴ്ന്നു. നിഷ്‌കളങ്കസ്‌നേഹം, ഭക്തി ഇവയ്ക്ക് ഭഗവാന്റെ മുന്നില്‍ മറ്റെന്തിനേക്കാള്‍ തൂക്കം ഉണ്ടെന്ന പാഠം സത്യഭാമ പഠിച്ചു.