ഡിസംബര്‍ പത്തിനിറങ്ങിയ കേസരിയിലെ വാരാന്ത്യവിചാരത്തില്‍ മലയാളഭാഷയെപ്പറ്റിക്കണ്ട ഒരു പരാമര്‍ശമാണ് ഈ കുറിപ്പിന് ഹേതു. ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പ് മലയാളഭാഷയ്ക്ക് ശാസ്ത്രീയമായ ഒരു നിഘണ്ടുവില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കേസരിയില്‍ ഞാനൊരു ലേഖനമെഴുതിയിരുന്നതില്‍ അക്ഷരമാല, ചില്ലുകള്‍, സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും അശാസ്ത്രീയമായ ക്രമീകരണം, സ്വര-വ്യഞ്‌നങ്ങള്‍, വര്‍ണമാലക്രമത്തിലെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം, ലിപിപരമായ സങ്കീര്‍ണത എന്നിങ്ങനെയുള്ള വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ ‘മലയാള ഭാഷാ പദവിജ്ഞാനീയം’ എന്ന കൃതിയില്‍ അവയൊക്കെ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്. എങ്കിലും ആ വിഷയത്തെപ്പറ്റി ലാഘവത്തോടെയുള്ള ഒരു നിരീക്ഷണം കണ്ടപ്പോള്‍ ചെറിയ ഒരു വിശദീകരണം അസ്ഥാനത്തല്ലെന്ന് തോന്നി. പലരും ചോദിക്കുന്ന ഒരു സംശയമാണ്, അക്ഷരമാലയില്‍ രണ്ട് അ കൊടുത്തിരിക്കുന്നതെന്തിനാണ്, ഒരു ‘അ’ മാത്രമല്ലേ വാക്കുകളുടെ കൂട്ടത്തിലുള്ളൂവെന്നത്. ഇതുതന്നെയാണ് ന എന്ന വ്യഞ്ജനത്തിന്റെ കാര്യത്തിലുള്ളതും. അതുപോലെ, അം എന്ന വര്‍ണം സ്വരമാകുന്നതെങ്ങനെ എന്നും പല വിദ്യാര്‍ത്ഥികളും ചോദിക്കാറുണ്ട്.
ഭാഷണത്തില്‍ വ്യവച്ഛേദിക്കാവുന്നതും എഴുത്തില്‍ വ്യവച്ഛേദനം സാധ്യമല്ലാത്തതുമായ രണ്ട് സ്വരങ്ങളും രണ്ട് വ്യഞ്ജനങ്ങളും മലയാളഭാഷയിലുണ്ട്. രണ്ട് അ കളില്‍ ഒന്ന് കണ്ഠ്യവും(സംസ്‌കൃതം) മറ്റേത് താലവ്യവുമാണെന്നും, തല+ അടി > തലവടി, തല+അണ > തലയണ എന്നീ വാക്കുകളിലെ രണ്ടാം പദത്തിന്റെ ആദ്യശബ്ദത്തില്‍ ഈ വ്യത്യാസം കാണാമെന്നും, നനയുക എന്ന വാക്കിലെ ഒന്നാമതക്ഷരം ദന്ത്യനയും രണ്ടാമത്തേത് മൂര്‍ദ്ധന്യമായ ന യുമാണെന്നും ഇത് ദ്രാവിഡാക്ഷരമാണെന്നും കേരള പാണിനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിഘണ്ടുക്കള്‍ ഈ വിശദീകരണമില്ലാതെ രണ്ടും വര്‍ണമാലയില്‍ നല്‍കുകയും വിഭജനത്തിനസാധ്യമായതിനാല്‍ പദകോശത്തില്‍ ഒറ്റവിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നാലോ അഞ്ചോ വാക്കുകളില്‍ മാത്രം വരുന്ന ഋ, ക്ലിപ്തത്തില്‍ മാത്രമുള്ള ല് ഇവ വേണമെങ്കില്‍ മറ്റ് തരത്തിലും എഴുതാമെന്നിരിക്കേ സ്വരവര്‍ണങ്ങളുടെ എണ്ണം കൂട്ടാനേ ഉതകൂ. എന്നല്ല, ലക്ഷണമനുസരിച്ച് അവ സ്വരമാകാനും പ്രയാസമാണ്. അം – ആം, അന്‍ – ആന്‍ എന്നീ വര്‍ണവര്‍ഗങ്ങളെ മലയാളഭാഷയുടെ ഒന്നാമത്തെ വ്യാകരണ കൃതിയായ തൊല്‍കാപ്പിയം ഉയിര്‍മെയ് (സ്വരവ്യഞ്ജനം)എന്ന് കൃത്യമായി വിഭജിച്ചിട്ടുണ്ട്. അരമാത്രാശബ്ദങ്ങളായ ചില്ലുകള്‍ ല്‍/ല്, ര്‍/റ്, എന്നിപ്രകാരം രണ്ട് രീതിയിലെഴുതുന്നത് ക്രമീകരിക്കാവുന്നതേയുള്ളൂ. ഇല്ലെങ്കിലും ആശയക്കുഴപ്പം വരാത്തവണ്ണം പഠിപ്പിക്കാനാകും. റ യ്ക്കും ര യ്ക്കും റ്റ എന്ന ഒറ്റ ഇരട്ടിപ്പ് മാത്രമേയുള്ളൂ. റ പദാദ്യം വരുന്ന വാക്കുകളേറെയും വായ്പകളാണ്. ള പദാദ്യത്തില്‍ വരുന്നവയും തീരെക്കുറവ്. പക്ഷേ, പദങ്ങള്‍ക്കുള്ളില്‍ റയും ള യും സാധാരണവുമാണ്. ഴയും ഇപ്രകാരം തന്നെ.
ഇവയൊക്കെ വ്യാകരണ കൃതികളില്‍ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗുണ്ടര്‍ട്ടിനെ പിന്തുടര്‍ന്ന് നിഘണ്ടു നിര്‍മ്മിച്ചവരൊന്നും ഇതൊന്നും പരിഗണിച്ചിട്ടില്ല. ഗുണ്ടര്‍ട്ടാകട്ടെ മലയാള ഭാഷയ്ക്ക് ശാസ്ത്രീയമായ ഒരു നിഘണ്ടു ഉണ്ടാവണമെന്നുദ്ദേശിച്ചല്ല നിഘണ്ടു നിര്‍മ്മിച്ചത്. പുതുതായി മത പ്രചാരണത്തിന് വരുന്നവര്‍ക്ക് ഒരു പദസഹായി നിര്‍മ്മിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റേത്. എങ്കിലും ഗുണ്ടര്‍ട്ട് നിഘണ്ടുവിന്റെ ശാസ്ത്രീയസമീപനം പോലും അതിനെ അനുകരിച്ച മറ്റുള്ളവയ്ക്കില്ല. ഉദാഹരണത്തിന് ഗുണ്ടര്‍ട്ട് അം നെ പ്രത്യേക വര്‍ണമായി പരിഗണിച്ചപ്പോള്‍ മറ്റുള്ളവര്‍ അക്ഷരമാലയില്‍ പ്രത്യേകാക്ഷരമായി നല്‍കിയിട്ട് അ യുടെ ഭാഗമാക്കി പദകോശത്തില്‍ നല്‍കി. അ, ആ, എന്ന് തുടങ്ങി അം, അഃ എന്നവസാനിക്കുന്ന സ്വരാക്ഷരങ്ങളും, ക മുതല്‍ മൂര്‍ദ്ധന്യ ന വരെയുള്ള വ്യഞ്ജനാക്ഷരങ്ങളുമുണ്ടെങ്കിലും ഈ വര്‍ണമാലാക്രമം പാലിച്ചല്ല ശബ്ദതാരാവലിയടക്കമുള്ള ഒരു നിഘണ്ടുവും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അ എന്ന സ്വരത്തിന് നാല്‍പ്പത്തി നാല് അര്‍ത്ഥങ്ങളുണ്ടെങ്കിലും ഒമ്പതര്‍ത്ഥങ്ങള്‍ മാത്രം നല്‍കിയിട്ട് തുടര്‍പദങ്ങളൊന്നും പരിഗണിക്കാതെ നേരേ അംശം എന്ന അം ലേയ്ക്കാണ് കടക്കുന്നത്. തുടര്‍ന്ന് വരുന്നത് ശ, ഷാദി വ്യഞ്ജനങ്ങളാണ്. അവ കഴിഞ്ഞാണ് വ്യഞ്ജനത്തിന്റെ ആദ്യ വര്‍ണമായ ക യിലേയ്ക്ക് വരുന്നത്. അ യുടെ ഭാഗമായി അം നെ സ്വീകരിച്ചതുകൊണ്ടാണ് സ്വരശബ്ദങ്ങളുടെ ക്രമത്തില്‍ തെറ്റ് സംഭവിച്ചതെങ്കിലും ക മുതല്‍ വ വരെയുള്ള വ്യഞ്ജനങ്ങളില്‍ വന്ന ക്രമഭംഗത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. രണ്ട് വ്യതിരിക്ത വര്‍ണങ്ങളായ അം, അന്‍ എന്നിവയില്‍ തുടങ്ങുന്ന ധാരാളം വാക്കുകളുണ്ടെങ്കിലും അവയെ എല്ലാം അ യില്‍ ഉള്‍പ്പെടുത്തിയതിന് ഒരു കാരണവും ആരും വിശദീകരിച്ചിട്ടില്ല. അവ സ്വരവ്യഞ്ജനങ്ങളെന്ന പ്രത്യേക വിഭാഗത്തിലാണ് വരുന്നതെന്ന് സൂചിപ്പിച്ചിട്ടുപോലുമില്ല.
ഏറ്റവും പ്രധാന വസ്തുത ശബ്ദതാരാവലിയടക്കമുള്ള നിഘണ്ടുക്കളൊന്നും തന്നെ ഭാഷാ നിഘണ്ടുക്കളല്ലെന്നതാണ്. ഇവയെല്ലാം സാഹിത്യപദങ്ങളുടെ അര്‍ത്ഥമല്ല പര്യായങ്ങളാണ് നല്‍കിയിട്ടുള്ളത്. അതായത് സാധാരണ മലയാളിയുടെ പ്രയുക്തഭാഷയിലെ വാക്കുകളുടെ അര്‍ത്ഥം ലഭിക്കാന്‍ ഈ നിഘണ്ടുക്കളൊന്നും ഉതകുകയില്ല. ഉദാഹരണത്തിന് അംബുജം എന്ന വാക്കിന് താമര എന്നത് അര്‍ത്ഥമല്ല, പര്യായമാണ്. അര്‍ത്ഥം, വെള്ളത്തില്‍ പിറക്കുന്നത് എന്നാണ്. അതുകൊണ്ട് ശബ്ദതാരാവലിയില്‍ ഏതാണ്ട് 90000 ത്തിലധികം പദങ്ങളേയുള്ളൂ. മലയാള സര്‍വകലാശാലയ്ക്ക് വേണ്ടി തുടങ്ങി അന്നത്തെ വിസിയുടെ സ്വാര്‍ത്ഥ താല്‍പ്പര്യം മൂലം പൂര്‍ത്തീകരിക്കപ്പെടാതെ പോയ ‘സമഗ്രമലയാള ഭാഷാനിഘണ്ടുവിന് വേണ്ടി അ യിലും ആ യിലും മാത്രം ശേഖരിച്ചത് നാല്‍പ്പതിനായിരത്തിലധികം വാക്കുകളാണ്. മൂന്ന് ലക്ഷത്തോളം വാക്കുകളാണ് അതിനുവേണ്ടി ഒന്നരവര്‍ഷംകൊണ്ട് ഒരാള്‍ മാത്രം ശേഖരിച്ചത്. എത്ര ശുഷ്‌ക്കമാണ് മലയാള ഭാഷയിലെ സാഹിത്യനിഘണ്ടുക്കളിലെ പദകോശം എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏത് നിഘണ്ടുവിനും അതിന്റെ ലക്ഷ്യമുണ്ടായിരിക്കും. ആ ലക്ഷ്യമാണ് അവയുടെ പദസ്വീകരണത്തെയും അര്‍ത്ഥതലത്തെയും പദക്രമീകരണത്തെയും നിശ്ചയിക്കുന്നത്. ശബ്ദതാരാവലിയും അതിന്റെ അനുകരണങ്ങളായ മറ്റ് നിഘണ്ടുക്കളും സാഹിത്യപദങ്ങള്‍ക്ക് പരിചിതമായ പര്യായങ്ങള്‍ നല്‍കാനുദ്ദേശിച്ചിട്ടുള്ളവയാണ്. അഥവാ, പര്യായമാണ് അര്‍ത്ഥമെന്ന് തെറ്റിദ്ധരിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്. ചുരുക്കത്തില്‍ മലയാള ഭാഷയിലുള്ള നിഘണ്ടുക്കളൊന്നും ഏതെങ്കിലുമൊരു രീതിശാസ്ത്രം പിന്തുടരുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.
ഇത് കൂടാതെ വര്‍ണം, ലിപി എന്നിവയില്‍ നിലനില്‍ക്കുന്ന അവ്യവസ്ഥയും പരിഹരിക്കപ്പെടേണ്ടതുണ്ട്. ംഗ- ങ്ക, ംപ – ംബ – മ്പ എന്നിവ നോക്കുക. അംഗം, അങ്കം ഇവ അര്‍ത്ഥഭേദവുമുള്ളവയുമാണ്. രംഗം-രങ്കം അങ്ങനെയല്ല. അംപ്-അമ്പ് -അംബ്- അന്‍പ് എന്നിവയും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. പദസ്രോതസ്സിനെ അടിസ്ഥാനപ്പെടുത്തി ഈ പദരൂപങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ട്. ഒരു വിശദമായ ചര്‍ച്ച ഈ കുറിപ്പില്‍ സംഗതമല്ല. ഇവിടെ സൂചിപ്പിക്കുന്നത്, തുടക്കത്തില്‍ പറഞ്ഞ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് പോലെ ലളിതമല്ല മലയാള ഭാഷയുടെ ഉച്ചാരണപരവും രൂപപരവും ആര്‍ത്ഥികവുമായ പ്രശ്‌നങ്ങളെന്നാണ്. അടിസ്ഥാനപരമായ പുനരാലോചന ആവശ്യപ്പെടുന്നവയും അക്കൂട്ടത്തിലുണ്ട്. കേരളപാണിനീയത്തോടൊപ്പം തൊല്‍കാപ്പിയം കൂടി അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ട് മാത്രമേ മലയാള ഭാഷയിലെ ഈ ആശയക്കുഴപ്പം കൃത്യമായി പരിഹരിക്കാനാകൂ. അത് ഭാഷ നേരിടുന്ന ഒരു പ്രതിസന്ധിയൊന്നുമല്ല, കേവലം ആശയക്കുഴപ്പം മാത്രമാണ്. സംശയനിവൃത്തിക്കായി ഭാഷാസ്‌നേഹികള്‍ ആശ്രയിക്കുന്ന നിഘണ്ടുക്കളുടെ സ്ഥിതി ഇതാണെങ്കില്‍, അര്‍ത്ഥാപത്തി എന്ന അലങ്കാരത്തിലാണ് നാമെത്തിപ്പെടുക – അപ്പത്തിന്‍ കോലെലി ഭക്ഷിച്ചു, അപ്പത്തിന്‍ കഥ എന്തുവാന്‍!!