ചെട്ടികുളങ്ങര കുംഭഭരണി:
ഓടനാടിന്റെ പൂരോത്സവം
ഹരികുമാര്‍ ഇളയിടത്ത്
ബോധി ബുക്സ്, കായംകുളം
പേജ്:92 വില:150 രൂപ
ഫോണ്‍: 0479-2436571
കാര്‍ഷികവൃത്തിയുടെ ഇടവേളകളില്‍ ഭക്തിയുടെ തട്ടകങ്ങളായ ക്ഷേത്രങ്ങളെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട് അരങ്ങേറുന്ന ആഘോഷവേളകളാണ് പൊതുവേ മലയാളികളുടെ ഉത്സവകാലം. സൂര്യന് ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന മകരം മുതലുള്ള നാലു മാസങ്ങള്‍ മലയാളിക്ക് ആഘോഷത്തിമര്‍പ്പിന്റെ കാലയളവാണ്. മധ്യകേരളത്തോടടുത്തുകിടക്കുന്ന ഓടനാടിന്റെ മാമാങ്കോത്സവമായ ചെട്ടികുളങ്ങര കെട്ടുകാഴ്ചയുടെ നാരും വേരും തേടിയുള്ള ഹരികുമാര്‍ ഇളയിടത്തിന്റെ അന്വേഷണത്തിന്റെ ബാക്കിപത്രമാണ് ‘ഓടനാടിന്റെ പൂരോത്സവം’ എന്ന കൃതി.
ഫോക്ക്ലോര്‍ അഥവാ നാടോടിവിജ്ഞാനീയത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് കേട്ടറിവുകളും നാട്ടറിവുകളും, ഒപ്പം കണ്ടറിവുകളും കൂട്ടിയിണക്കി രൂപപ്പെടുത്തിയ ഈ പുസ്തകം പ്രാദേശിക ചരിത്രരചനക്കുള്ള ഉത്തമ ദൃഷ്ടാ ന്തം കൂടിയാണ്. ഓണാട്ടുകരയുടെ ഒരു ദിങ്മാത്രദര്‍ശനം അവതരിപ്പിച്ചുകൊണ്ടാണ് കൃതിയുടെ തുടക്കം. നവീനശിലായുഗകാലം മുതല്‍തന്നെ മനുഷ്യന്റെ കാല്‍പ്പെരുമാറ്റം പതിഞ്ഞ മണ്ണാണ് ഓടനാടെന്ന് അവിടെവിടെയായി ലഭിച്ച നന്നങ്ങാടികളെ സാക്ഷിയാക്കി ഗ്രന്ഥകാരന് സ്ഥാപിക്കുന്നു.
കടല്‍ത്തീരങ്ങളും കായലോരങ്ങളും നദീമുഖങ്ങളും കൊണ്ട് സമ്പന്നമായ കേരളത്തിന്-പ്രത്യേകിച്ച് കായംകുളത്തിന്-പ്രാചീനകാലം മുതല്‍ തന്നെ ഒരു വാണിജ്യ സംസ്കൃതിയുടെ ചരിത്രം അവകാശപ്പെടാനുണ്ട്. മലയടിവാരങ്ങളില്‍ വിളഞ്ഞിരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ യവനര്‍ മുതല്‍ തമിഴര്‍ വരെയുള്ളവരുടെ കിടമത്സരങ്ങള്‍ക്ക് കേരളതീരങ്ങള്‍ സാക്ഷ്യംവഹിച്ചിരുന്നുവെന്ന് വിദേശീയരുടെ കുറിപ്പുകളില്‍ നിന്നറിയാം. അക്കാലത്തെ കൊള്ളക്കൊടുക്കലുകളില്‍ ചരക്കുകള്‍ മാത്രമല്ല, സംസ്കാരവും ഭാഷയും ആചാരവും അനുഷ്ഠാനവുമെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു. അത്തരത്തില്‍ തമിഴകത്തുനിന്ന് ആദാനം ചെയ്യപ്പെട്ട ആരാധനാലയത്തിന്റെയും അനുഷ്ഠാന സമ്പ്രദായങ്ങളുടെയും അനുബന്ധ സ്ഥലനാമങ്ങളുടെയും സൗന്ദര്യാത്മക വിവരണമാണ് ‘ഓടനാടിന്റെ പൂരോത്സവം’ എന്ന കൃതി.
കടല്‍ കടന്നെത്തിയ പാശ്ചാത്യരും പശ്ചിമഘട്ടം മുറിച്ചിറങ്ങിയ പാണ്ടിവണിക്കുകളും ഉരുവപ്പെടുത്തിയ അങ്ങാടിത്തറയുടെ തുടര്‍ച്ചയോ അതിന്റെ ആധുനിക പരിപ്രേക്ഷ്യമോ ആണ് ചെട്ടികുളങ്ങരയിലെ ഭരണിച്ചന്ത എന്ന് സാമാന്യേന പറയാം. കുതിരമൂട്ടിലെ കഞ്ഞിയിലൂടെ കൂലിയില്ലാജോലിയായ ഊഴിയവേലയെയും കാര്ത്തികോത്സവത്തിലൂടെ വര്‍ണ്ണ വ്യവസ്ഥയുടെ അത്യാചാരങ്ങളെയും ഗ്രന്ഥത്തില്‍ സ്പര്‍ശിച്ചു പോകുന്നുണ്ട്. വരിക്കപ്ലാവിന്റെ കാതലില്‍ മെനയുന്ന ദേവീരൂപങ്ങളും അതിന്റെ ഉള്ളൊരുക്കങ്ങളും ബിംബങ്ങളുടെ ഈടിനും ഉറപ്പിനുമായി അനുഷ്ഠിക്കുന്ന ചാന്താട്ടത്തിലെ ഉള്‍പ്പൊരുളുകളും ഗ്രന്ഥകാരന് ചുരുക്കം വാക്കുകളിലൂടെ പ്രസ്തുത കൃതിയില്‍ കോറിയിടുന്നുണ്ട്. ചരിത്രവും ഭൂമിശാസ്ത്രവും നാട്ടാചാരങ്ങളും ഇഴചേരുന്ന ചെട്ടികുളങ്ങര കെട്ടുകാഴ്ചയുടെ പുരാവൃത്തവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന ഹരികുമാര്‍ ഇളയിടത്തിന്റെ കൃതി ഫോക്ലോര് പഠിതാക്കള്‍ക്ക് മാത്രമല്ല ചരിത്രാന്വേഷികള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.
ആനന്ദ ലഹരി (വിവര്‍ത്തനം)
എസ്. സുജാതന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം
പേജ്:188 വില:100 രൂപ
ഫോണ്‍: 0471-2724600
ഭാരതത്തിന്റെ പൗരാണിക സാംസ്ക്കാരിക പാരമ്പര്യത്തിലൂന്നി ലോകത്തിനു മുഴുവന്‍ ആത്മീയ തേജസ്സ് പകര്‍ന്നുകൊണ്ടിരിക്കുന്ന ശ്രീശ്രീ രവിശങ്കറിന്റെ ഏതാനും ഇംഗ്ലീഷ് പ്രഭാഷണങ്ങളുടെ മലയാള പരിഭാഷയാണ് എസ്.സുജാതന്റെ ‘ആനന്ദലഹരി’ എന്ന പുസ്തകം. ലോകത്തെ ഒരു കുടുംബമായി കാണുന്ന ഭാരതീയ കാഴ്ചപ്പാട് ഏറെ സ്വീകാര്യമായിരിക്കുന്ന കാലമാണിത്. ഇത് മനുഷ്യമനസ്സിലെ ദുഃഖങ്ങളെയും സംഘര്‍ഷങ്ങളെയും ലഘൂകരിക്കുന്നതോടൊപ്പം സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യാന്‍ പര്യാപ്തവുമാണെന്നു സ്വാമിജി വ്യക്തമാക്കുകയാണ്. സ്വമനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ പ്രേരിപ്പിയ്ക്കുന്ന ആചാര്യന്, ആരോടും വിദ്വേഷമോ, അസൂയയോ, വെറുപ്പോ, ശത്രുതയോ പ്രകടമാക്കരുത് എന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു. കാരണം പണ്ഡിത-പാമര വ്യത്യാസമില്ലാതെ എല്ലാവരിലും ഒരേ അളവിലാണ് ഈശ്വരചൈതന്യം കുടികൊള്ളുന്നത് എന്നതുതന്നെ. പുതുതലമുറയ്ക്ക് നമ്മുടെ ധാര്‍മ്മിക-വൈജ്ഞാനികതയെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന ഉല്ബോധനങ്ങളാണിതില് തരംതിരിച്ച് അവതരിപ്പിച്ചിട്ടുള്ളത്. അനുവാചകര്‍ക്ക് അനുഭൂതിദായകമായ രീതിയിലാണ് വിഷയവിന്യാസം നടത്തിയിട്ടുള്ളത്. രവിശങ്കറിന്റെ പ്രഭാഷണങ്ങളെ സുവ്യക്തമായ ശൈലിയില്‍ പരിഭാഷപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ എസ്.സുജാതന്‍ കാണിച്ച ഔചിത്യം ശ്ലാഘനീയമാണ്. മനുഷ്യനെ അപൂര്ണ്ണതയില് നിന്നും പൂര്‍ണ്ണതയിലേക്കു നയിക്കുന്ന ഒരെയൊരു കാര്യം ആത്മജ്ഞാനമാണ് എന്ന തത്വം ആവര്ത്തിച്ചൂന്നിപ്പറയുന്ന ഒരു രചനയാണ് ‘ആനന്ദ ലഹരി.’