ശാക്തേയസാധനാമൃതം
സൂരജ് മരുതിയാട്ട്
കല്യാണി പബ്ലിഷേഴ്‌സ്
ഗംഗാബുക്‌സ്, കോഴിക്കോട്
പേജ്: 124 വില: 150 രൂപ
ഫോണ്‍: 9447022920
പ്രപഞ്ചത്തിലെ ഓരോ പരമാണുവിലും ഈശ്വര ചൈതന്യമുണ്ടെന്നു സമര്‍ത്ഥിക്കുന്ന ഭാരതീയ ചിന്താധാരകള്‍ ലോകത്തിനെന്നും വിസ്മയമാണ്. അതുകൊണ്ടു തന്നെ ആദ്ധ്യാത്മികാന്വേഷണത്തിനായി ലോകം ഉറ്റു നോക്കുന്നത് ഭാരതത്തെയാണ്. ഭാരതത്തിലെ വിവിധ ആരാധനാ സമ്പ്രദായങ്ങളോടൊപ്പം ശാക്തേയ സമ്പ്രദായത്തെക്കുറിച്ചും സാമാന്യമായി അറിയാന്‍ സഹായിക്കുന്ന ഒരു ആദ്ധ്യാത്മിക കൃതിയാണ് സൂരജ് മരുതിയാട്ടിന്റെ ‘ശാക്തേയ സാധനാമൃതം.’ ഗുരുശിഷ്യബന്ധത്തിന്റെ പവിത്രതയിലൂന്നിക്കൊണ്ടാണ് ഈ രചനയാരംഭിക്കുന്നത്. ഈശ്വര സാക്ഷാത്കാരം നേടിയ, പൂര്‍ണ്ണജ്ഞാനത്തിന്റെ പ്രതീകമായ ഗുരു പ്രത്യക്ഷ ദൈവംതന്നെയാണ്. തന്റെ ഗുരുവിന്റെ അനുഗ്രഹമൊന്നുകൊണ്ടു മാത്രമാണ് ഈ പുസ്തകരചന സാദ്ധ്യമായതെന്ന് രചയിതാവ് അവകാശപ്പെടുന്നത് ഇതുകൊണ്ടു കൂടിയാണ്. പുരുഷാര്‍ത്ഥങ്ങളില്‍ പരമമായത് ആത്മസ്വരൂപത്തെ അറിയുകയെന്ന മോക്ഷപ്രാപ്തി തന്നെയാണെന്ന് ഊന്നിപ്പറയുന്നുണ്ടിതില്‍. ശ്രീവിദ്യാ ഉപാസനയുടെ വിശദമായ വിവരണം ഏതൊരു ആദ്ധ്യാത്മിക സാധകനും ഏറെ ഗുണകരമാണ്. ഭാരതത്തിന്റെ അസ്തിത്വം ദേവീ ആരാധനയില്‍ അധിഷ്ഠിതമാണ് എന്ന യാഥാര്‍ത്ഥ്യം ഉദാഹരണ സഹിതം പ്രതിപാദിച്ചിട്ടുണ്ട്. സനാതനധര്‍മ്മത്തിലെ ക്ഷേത്രാരാധനകളും സാധനാ പദ്ധതികളുമെല്ലാം ശരീരത്തെ ദേവാലയമാക്കുകയെന്ന അവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ന് ഭാരതത്തില്‍ ഹിന്ദുധര്‍മ്മം നിലനില്‍ക്കുന്നത് തന്നെ ഈ ധര്‍മ്മത്തിലെ കുലാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കൂടി ഫലമായാണ്. സ്വത്വബോധമുള്ള ഒരു സമൂഹം തങ്ങളുടെ സംസ്‌കാരം വിട്ട് പുറത്ത് പോകാതിരിക്കണമെങ്കില്‍ കുലാചാരവും ഗോത്രാചാരവും മറ്റും നിര്‍ബ്ബന്ധമായും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ‘ശാക്തേയസാധനാമൃതം’ അടിവരയിട്ടു പറയുന്നുണ്ട്. നമ്മുടെ ആദ്ധ്യാത്മികതയുടെ അകംപൊരുളും വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളുടെ ആന്തരികാശയങ്ങളും ലളിതമായി പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ഏതൊരു ഉപാസകനും ഇതൊരു കൈപ്പുസ്തകമായി തീര്‍ച്ചയായും ഉപയോഗിക്കാം.
അദ്ധ്യാത്മരാമായണം – വാള്യം 1
(ബാലകാണ്ഡം)
പേജ്:128. വില: 90രൂപ
അദ്ധ്യാത്മരാമായണം –
ബാലകാണ്ഡം പ്രശ്‌നോത്തരി
പേജ്: 32, വില: 30 രൂപ
അദ്ധ്യാത്മരാമായണം –
പൊതുവിജ്ഞാനം
പേജ്: 32
പാഞ്ചജന്യം പബ്ലിക്കേഷന്‍സ്, കോഴിക്കോട്. ഫോണ്‍: 9745309279
നിരവധി രാമായണ ഗ്രന്ഥങ്ങളില്‍ മലയാളി മനസ്സിനെ ഏറെ സ്വാധീനിച്ചത് തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മരാമായണമാണല്ലോ. രാമായണത്തിന്റെ കാലാതിവര്‍ത്തിയായ പ്രസക്തി അനുദിനം ബോദ്ധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ധ്യാത്മരാമായണത്തിന്റെ ഈരടികളും ഗദ്യരൂപവും ചില ആദ്ധ്യാത്മിക പദങ്ങളുടെ ആന്തരികാര്‍ത്ഥവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പന്ത്രണ്ട് വാള്യങ്ങളായി കൊച്ചു കൈപ്പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് പാഞ്ചജന്യ പബ്ലിക്കേഷന്‍സ്. കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും രാമായണ വിജ്ഞാനത്തെ മാറ്റുരയ്ക്കുന്ന വിവിധ മത്സരങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമായിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്കു കൂടി പ്രയോജനപ്പെടുന്നതരത്തില്‍ പ്രശ്‌നോത്തരി, പൊതുവിജ്ഞാനം തുടങ്ങിയ കൊച്ചു പ്രസിദ്ധീകരണങ്ങളും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. സര്‍വ്വവേദാന്തങ്ങളുടേയും സാരസംഗ്രഹമാണല്ലോ രാമതത്വം. രാമായണ പാരായണം കൊണ്ട് സര്‍വ്വ പാപവിമുക്തി കിട്ടുമെന്നാണ് ഫലശ്രുതി. ഇതിലുപയോഗിച്ചിരിക്കുന്ന ഭാഷ കുട്ടികളടക്കം ഏതൊരാള്‍ക്കും മനസ്സിലാകുന്ന തരത്തിലുള്ളതാണെന്നതും ഇതിനെ ഏറെ സ്വീകാര്യമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.