അമ്മത്തോന്നല്‍
കാവാലം ശശികുമാര്‍
പൂര്‍ണ്ണ പബ്ലിക്കേഷന്‍
പേജ്: 88 വില: 115
ഫോണ്‍: 0495-2720085
സ്വയം സിദ്ധമായ കാവ്യഭാഷ സര്‍ഗ്ഗശേഷിയുടെ പ്രതിഫലനമാണ്. ഇത് സ്വയാര്‍ജ്ജിതമാകാനേ തരമുള്ളൂവെന്ന് അടിവരയിട്ടു പറയുന്നതാണ് കാവാലം ശശികുമാറിന്റെ അമ്മത്തോന്നല്‍ എന്ന കവിതാസമാഹാരം. ധര്‍മ്മബോധനത്തോടൊപ്പം കൃഷ്ണ കുചേല സംവാദത്തെ ചിരിയമ്പുകളിലേറ്റിയതും ഓണവും പൂക്കളും അസ്തിത്വവും രാഷ്ട്രാര്‍പ്പണവും പ്രകൃതീശ്വരിയും സമ്മേളിക്കുന്ന കവിതാസഞ്ചയം. ഇതില്‍ വ്യത്യസ്ത കവിതാ സഞ്ചാരവഴി തുറന്നിട്ടതായി തോന്നിയത് കൂട്ടുപ്പാട്ടാണ്. കൊമ്പനില്ലെങ്കില്‍ ആരു തിന്നും മുളയെല്ലാം, കാട്ടുകോഴിയില്ലെങ്കില്‍ കാട്ടുപുല്ലുകളുടെ കൂട്ടമാവില്ലേ, ചേരയില്ലെങ്കില്‍ എലികളോ, കൊറ്റിയില്ലെങ്കില്‍ കൊച്ചുമീനോ, തോട്ടത്തിലെ ഉറുമ്പ്, റോസിലെ പുഴു, വെള്ളമൊഴുകട്ടെ തുടങ്ങിയ ചാക്രികചിന്ത പ്രകൃതിചാപല്യങ്ങളെ അതേപടി നിലനിര്‍ത്താനുള്ള ത്വര ധ്വനിപ്പിക്കുന്ന ഹൃദയമാണ് പ്രതിബിംബിപ്പിച്ചിരിക്കുന്നത്. അക്കിത്തം, രമേശന്‍ നായര്‍ എന്നിവരെ സ്മരിക്കുന്ന ശ്രദ്ധാഞ്ജലിയും ഏറെ ഉലയ്ക്കുന്നതാണ്. കവി പി.പി.ശ്രീധരനുണ്ണിയുടെ അവതാരികയും പഠനമായി പരിണമിച്ചു.
അവനവന്‍ കടമ
കാവാലം ശശികുമാര്‍
പൂര്‍ണ്ണ പബ്ലിക്കേഷന്‍
പേജ്:118 വില:155
ഫോണ്‍: 0495-2720085
കുട്ടനാടന്‍ മണമുള്ള പശ്ചാത്തലത്തില്‍ സംഗീതാത്മകമായ നിഷ്‌ക്കളങ്കതയുടെ വേരുകള്‍ തേടുന്ന എഴുത്തുകാരനാണ് പത്രപ്രവര്‍ത്തകനായ കാവാലം ശശികുമാര്‍. കവിത തുളുമ്പുന്ന ലേഖനത്തില്‍ നിന്നു തന്നെ കവി എഴുത്തിനെ ഗൗരവമായി കാണുന്നുവെന്നു വേണം കരുതാന്‍. വാരഫലക്കാരന്‍ എം.കൃഷ്ണന്‍ നായര്‍ പറയുന്നതുപോലെ ഉറവ വറ്റാത്ത മനസ്സിന്റെ പ്രതിച്ഛായ. ജന്മഭൂമിയിലെ നിരീക്ഷണം എന്ന കോളത്തില്‍ വര്‍ഷങ്ങളായി എഴുതിയ ലേഖനങ്ങളെ സമാഹരിച്ചതാണ് കാവാലം ശശികുമാറിന്റെ ഈ കൃതി. കടമ മറക്കുന്ന കാലത്ത് തന്നെ ഈ കടമയെ തിരിച്ച് പിടിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്ന കണ്ണാടി വെളിച്ചങ്ങള്‍ സ്ഫുലിംഗങ്ങളായി മാറുമ്പോള്‍ പാട്ടവിളക്കുകള്‍ കെട്ടണയുന്നത് കാണാം. വനങ്ങളും പൂക്കാത്ത മാവും സിനിമയും സിന്ദാബാദും പുരാണവും ദേശീയതയും പത്രങ്ങളും നീതിയും നിഷേധവും ഗാന്ധിസവും ചൂണ്ടിക്കാണിക്കുന്ന വ്രണിതഹൃദയത്തിന്റെ വേദനകളാണ് കൃതികളിലുടനീളം. കാലാവസ്ഥാ വ്യതിയാനവും കവിഹൃദയത്തെ തൊട്ടുണര്‍ത്തുന്നുണ്ട്. പ്രബോധനങ്ങളും തത്വചിന്തകളും സന്നിവേശിപ്പിച്ച കാലിക പ്രസക്തിയുള്ള ലേഖനങ്ങളെല്ലാം ‘നാം എങ്ങോട്ട്’ എന്ന തലക്കെട്ടിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇടത് കുത്തിത്തിരിപ്പിന്റെ അനുബന്ധമായി അഞ്ച് ലേഖനങ്ങള്‍ക്കുള്ള മറുപടിയും ഈ കൃതിയില്‍ ഇടം പിടിച്ചിട്ടുണ്ട്. നിരീക്ഷണ ചടുലതയും വിശകലന സഞ്ചയവും ചേര്‍ത്ത് കാഴ്ചപ്പാട് വ്യക്തമാക്കുന്ന കൃതിയില്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ അവതാരികയുള്‍പ്പടെ 25 ലേഖനങ്ങളുണ്ട്.
രാമസേതു
വര്‍ക്കല ഗോപാലകൃഷ്ണന്‍
സ്വയമേവ
പേജ്: 200 വില: 250
വാല്മീകി രാമായണത്തിലെ യുദ്ധകാണ്ഡം രണ്ടാം സര്‍ഗ്ഗം ഒമ്പതാം ശ്ലോകത്തിലെ സേതുബന്ധനം എന്ന ആശയത്തെ ആസ്പദമാക്കി രചിച്ച ഒരു അന്വേഷണാത്മക കൃതിയാണ് രാമസേതു. സുഗ്രീവന് ഈ സേതുബന്ധനത്തിലുള്ള പങ്ക് ശ്രദ്ധേയമാണ്. സമുദ്രലംഘനവും ലങ്കയും ദൗത്യവുമെല്ലാം ഇതോടനുബന്ധിച്ചുള്ളതാണ്. സേതുനിര്‍മ്മാണം വിവരിക്കുന്ന ശ്ലോകങ്ങളാണ് ഇന്നും നിലനില്‍ക്കുന്ന ഈ ചരിത്ര നിര്‍മ്മിതിക്ക് ആധാരം. ഇത് പൊളിച്ച് മാറ്റി ചരക്ക് കപ്പല്‍ യാത്രയ്ക്ക് ഒരുക്കം കൂട്ടാന്‍ അടുത്ത കാലത്ത് ഒരുമ്പെട്ടപ്പോള്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും ഹിന്ദു സംഘടനകളും എതിര്‍ത്തതിനാല്‍ ആ ചരിത്രസ്മാരകം തകരാതെ ഇന്നും നിലനില്‍ക്കുന്നു.
ശ്ലോകങ്ങളെയും കഥാപാത്രങ്ങളെയും ആധാരമാക്കിയുള്ള വിശദമായ പഠനമാണ് കൃതി. സേതുവിന്റെ കാലഗണനയാണ് ഇതില്‍ ഏറെ ആകര്‍ഷണീയമായ അധ്യായം. ത്രേതായുഗത്തില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ സേതു കലിയുഗത്തിലും നിലനില്‍ക്കുന്നുവെന്ന ചരിത്ര സംഭവം അവര്‍ണ്ണനീയമാണ്. സീതാന്വേഷണം മുതല്‍ വാനരസൈന്യ സന്നാഹവും വിഭീഷണാഗമനവും സമുദ്രക്ഷോഭവും രാവണസഭയിലെ ചര്‍ച്ചയും അഗ്‌നിപ്രവേശവും സേതുമുദ്രകളും എല്ലാം ചരിത്ര വഴിതെളിക്കാന്‍ പര്യാപ്തമായ രീതിയില്‍ ഗ്രന്ഥകാരന്‍ വര്‍ക്കല ഗോപാലകൃഷ്ണന്‍ ഗഹനമായ പഠനം നടത്തിയിട്ടുണ്ട്.