നേതാജി സുഭാഷ് ചന്ദ്രബോസ്
ഡോ.കിണാവല്ലൂര്‍ ശശിധരന്‍
കുരുക്ഷേത്ര പ്രകാശന്‍
ഫോണ്‍: 0484-2338324
പേജ്: 112 വില: 160 രൂപ
ഡോ. കിണാവല്ലൂര്‍ ശശിധരന്‍ രചിച്ച ‘നേതാജി സുഭാഷ് ചന്ദ്രബോസ് ജനനായകനും വിപ്ലവകാരിയും’ എന്ന പുസ്തകത്തില്‍ നേതാജിയുടെ ജീവിതകഥ സംഗ്രഹിച്ചു പ്രതിപാദിച്ചിട്ടുണ്ട്.
ഇരുപത്തിമൂന്നാം വയസ്സില്‍ ഭാരതത്തിനു സമര്‍പ്പിക്കപ്പെട്ടതാണ് സുഭാഷ്ചന്ദ്രബോസിന്റെ ജീവിതം. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ഭൂമികയിലേക്ക് പൊടുന്നനെ എത്തി രാഷ്ട്രത്തിന്റെ പൊതുവികാരമായി മാറിയ സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ പരമോന്നത പദവിയില്‍ എത്തിച്ചേര്‍ന്നു. താന്‍ ആഗ്രഹിക്കുന്നവിധം സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ ആഗോള ബ്രിട്ടീഷ് വിരുദ്ധശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് ഐ.എന്‍.എ. (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) രൂപവത്ക്കരിച്ചു. അന്യാദൃശമായ സമരപ്രവര്‍ത്തനങ്ങളുമായി ബോസ് മുന്നോട്ടു പോയി എത്രയും വേഗം സ്വാതന്ത്ര്യം; എത്രയും വേഗം സുശക്തമായ സ്വതന്ത്രഭാരതം. ഇതുമാത്രമായിരുന്നു ആ ജീവിതത്തിന്റെ പരമമായ ലക്ഷ്യം.
രണ്ടാംലോകമഹായുദ്ധത്തിന്റെ ഒടുവില്‍ ജപ്പാന്റെ കീഴടങ്ങലിനുശേഷം അവരുടെ തണലില്‍ നില്‍ക്കാനാവാത്ത സ്ഥിതിവന്നു. അതിനാല്‍ ബോസ് റഷ്യയിലേക്ക് പോകാന്‍ തയ്യാറായി. തല്‍ക്കാലം ജീവന്‍ രക്ഷിക്കാനും രണ്ടാമത്തെ സ്വാതന്ത്രസമരം ആരംഭിക്കാനും വേണ്ടിയാണ് റഷ്യയിലേക്ക് പോകാന്‍ ബോസ് തയ്യാറായത്. പക്ഷേ, അതദ്ദേത്തിന്റെ അന്ത്യയാത്രയായി. ബോസും ഹബീബുര്‍റഹ്മാനും മാത്രമാണ് ആ വിമാനത്തില്‍ ഉണ്ടായിരുന്നത് 1945 ആഗസ്റ്റ് 18-ാം തീയതിയുണ്ടായ വിമാനാപകടത്തില്‍ നേതാജി മരണമടഞ്ഞുവത്രേ. ആ അപകടത്തില്‍ അദ്ദേഹമല്ലാതെ മറ്റാരും മരിച്ചില്ല എന്നതാണ് ഏറെ അത്ഭുതകരമായ സംഗതി.
നേതാജിയുടെ തിരോധാനത്തിന്റെ ദുരൂഹത ഇന്നും നീങ്ങിയിട്ടില്ല. ഇന്ത്യന്‍ ഭടന്മാര്‍ക്ക് അദ്ദേഹം നല്‍കിയ കരുത്തുറ്റ മുദ്രാവാക്യമാണ് ‘ജയ്ഹിന്ദ്’. ഇന്നത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മുഴങ്ങുന്ന മുദ്രാവാക്യമാണെന്ന് അഭിമാനപൂര്‍വ്വം സ്മരിക്കാം.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനശ്വരമായ ജീവിതകഥ വായനക്കാരുടെ ഹൃദയങ്ങളിലിടം നേടും വിധം അവതരിപ്പിക്കാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. നേതാജിയുടെ അപൂര്‍വ ചിത്രങ്ങള്‍ ഈകൃതിയിലുണ്ട്. ചരിത്രാന്വേഷികള്‍ക്കെന്നപോലെ സാധാരണ വായനക്കാര്‍ക്കും ഈ ജീവചരിത്രം ഇഷ്ടമാവും.
വിദ്യാധിരാജനും വേദവ്യാസനും
ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
സത്യാനന്ദ സംസ്‌കൃതി
പേജ്: 188 വില: 150 രൂപ
ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ രചിച്ച ‘വിദ്യാധിരാജനും വേദവ്യാസനും’ എന്ന കൃതിയില്‍, ചട്ടമ്പിസ്വാമികളുടെയും വേദവ്യാസഭഗവാന്റെയും ദര്‍ശനപരമായ ഐക്യം ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഭഗവാന്‍ വേദവ്യാസന്റെയും ഒരു നൂറ്റാണ്ടുമുമ്പ് കേരളക്കരയെ ധന്യമാക്കിയ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും സാദൃശ്യം കുടികൊള്ളുന്നത് ബ്രഹ്മാസ്വാദത്തിലാണെന്ന് ആമുഖത്തില്‍ ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്.
‘ഗുരുദര്‍ശനാദ്വൈതം’, ‘സത്യയുഗനിര്‍മ്മിതി ആദി ഭാഷയിലൂടെ’, ‘ഗീതാഭാരത ദര്‍ശനം’ എന്നീ അദ്ധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. വിദ്യാധിരാജന്റെ ‘വേദാധികാരനിരൂപണം’ എന്ന കൃതിയുടെ അകക്കാമ്പ് വ്യാസദര്‍ശനം തന്നെയാണെന്നു ഗ്രന്ഥകാരന്‍ പറയുന്നു.
ഭാരതത്തിലെ ആചാര്യന്മാരെല്ലാം ‘അഹിംസാ പരമോ ധര്‍മ്മ:’ എന്ന സിദ്ധാന്തത്തിന് അനുകൂല പക്ഷക്കാരാണ്. ‘ജീവകാരുണ്യ നിരൂപണം’ എന്നൊരു ഗ്രന്ഥം തന്നെ സ്വാമികള്‍ ഇതിനായി രചിച്ചു. ഹിംസയ്ക്ക് രണ്ടുവിധദോഷമുണ്ടെന്നാണ് സ്വാമികള്‍ വ്യക്തമാക്കുന്നത്. ഒന്ന്, വേദനപ്പെടുത്തല്‍. മറ്റേത്, മോക്ഷമാര്‍ഗ്ഗം തടയല്‍.
സ്വാമികള്‍ പാശ്ചാത്യപണ്ഡിതരുടെ ഭാഷാ ഗോത്ര വിഭജനം അംഗീകരിക്കുന്നില്ല. കാരണങ്ങള്‍ യുക്തിയുക്തം അദ്ദേഹം ഈ കൃതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴില്‍ നിന്ന് പ്രാകൃതങ്ങളും അവയില്‍ നിന്ന് സംസ്‌കൃതവും ഉണ്ടായി എന്ന ആദി ഭാഷാചരിത്രം ഇക്കാലത്തും പലര്‍ക്കും ഞെട്ടലുണ്ടാക്കും. സംസ്‌കൃതം ഒരിക്കലും ജനങ്ങളുടെ സംഭാഷണ ഭാഷ ആയിരുന്നില്ല. അവരുടെ വ്യവഹാര ഭാഷ പ്രാകൃതങ്ങള്‍ ആയിരുന്നു എന്നാണ് സ്വാമികള്‍ പറയുന്നത്. ആദിശങ്കരന്‍ അദ്വൈതദര്‍ശനത്തിലൂടെ ലോകമൊരു കുടുംബമാണെന്ന് സ്ഥാപിച്ചപ്പോള്‍, വിദ്യാധിരാജന്‍ ഭാഷോല്‍പ്പത്തി വിചിന്തനത്തിലൂടെ ലോകം ഒന്നാണെന്ന് സ്ഥാപിക്കുന്നു. സാങ്കല്‍പ്പികങ്ങളായ ആര്യദ്രാവിഡ ഭേദങ്ങളെ മറികടന്ന് ഭാരതജനത ഒന്നാണെന്ന് ‘ആദിഭാഷ’ ഉറപ്പിക്കുന്നുവെന്നും ഗ്രന്ഥകാരന് അഭിപ്രായമുണ്ട്.
‘ഗീതാഭാരതദര്‍ശനം’ എന്ന മൂന്നാംഅദ്ധ്യായത്തില്‍ ഭഗവദ്ഗീതയുള്‍പ്പെടെ മഹാഭാരത കാവ്യമാകെ പലരും ചേര്‍ന്ന് എഴുതിയതാണ് എന്നും ഭഗവദ്ഗീത പില്‍ക്കാലത്ത് അതില്‍ കൂട്ടിച്ചേര്‍ത്തതാണെന്നുമുള്ള പാശ്ചാത്യ നിരീക്ഷണങ്ങളെ ഗ്രന്ഥകാരന്‍ തള്ളിക്കളയുന്നു. ഡോ. എം.പി.ബാലകൃഷ്ണന്റെ പ്രൗഢഗംഭീരമായ അവതാരിക ഈ കൃതിക്ക് തിളക്കമേകുന്നു. മലയാളത്തിലെ ആദ്ധ്യാത്മിക സാഹിത്യത്തിന് ഈ കൃതി ഒരു മുതല്‍ക്കൂട്ടു തന്നെയാണ്.