ബ്രിട്ടീഷ് ഇന്ത്യ ഇരുളടഞ്ഞ കാലം
മധുശ്രീ മുഖര്‍ജി
മൊഴിമാറ്റം – പി. നാരായണന്‍
ഇന്ത്യ ബുക്‌സ് കോഴിക്കോട്
ഫോണ്‍: 944739 4322
വില 400 പേജ് 344
ഇന്ത്യ അടക്കിവാണ വിദേശശക്തികളുടെ കാലമെല്ലാം കൂട്ടിച്ചേര്‍ത്താല്‍ ഇരുണ്ടയുഗമായി ചിത്രീകരിക്കാം. അതില്‍ നീണ്ടകാലം ഭരിച്ച ബ്രിട്ടീഷ്‌കോയ്മയാണ് നമ്മെ മുച്ചൂടും ചോര്‍ത്തിയതും അടര്‍ത്തിയതും. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനായി പടപൊരുതി പിടഞ്ഞ് മരിച്ച പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ കണക്കും സാമ്പത്തികനഷ്ടവും ആര് തിരിച്ച് തരും? ഇവിടത്തെ സമ്പത്ത് ചോര്‍ത്തി ഇംഗ്ലണ്ടിനെ സമ്പന്നമാക്കിയതിന്റെ കണക്ക് കോമണ്‍വെല്‍ത്ത് ഉണ്ടാക്കിയവര്‍ പറയുമോ? കോടികള്‍ ജി.ഡി.പിയായി ഇന്ത്യക്ക് കിട്ടാനുണ്ടെന്ന് ഇംഗ്ലണ്ടില്‍ വെച്ച് തന്നെ ചിലര്‍ മുറവിളി കൂട്ടിയിട്ടുണ്ട്. നമ്മെ അടക്കിവാണവര്‍ ഇവിടെയുള്ളവരെ പട്ടിണിക്കിട്ട് കൊന്നതിന്റെ പാപഭാരം ഇനിയും ഏറ്റെടുത്തിട്ടില്ല. കരുതിക്കൂട്ടി ബംഗാള്‍ ക്ഷാമം ഉണ്ടാക്കിയതും ബംഗാള്‍ വിഭജനം ഉണ്ടാക്കിയതും എന്തിനായിരുന്നു? സമാധാനപ്രിയരെന്ന് ഇന്നവര്‍ പറയുമ്പോള്‍ ഇന്ത്യന്‍ സമ്പത്ത് ചോര്‍ത്തിയകാലത്തെ കുറിച്ച് ഉരിയാടാത്തതെന്ത്? തുടങ്ങിയ അനവധി ചിന്തകളാണ് കണക്കുകളുടെ കലവറ തീര്‍ത്തുകൊണ്ട് ചര്‍ച്ചില്‍ എന്ന വൈസ്രോയിയുടെ ഇന്ത്യന്‍ ശത്രുതയ്ക്ക് വിത്തിട്ട പാതക കഥകള്‍ അയവിറക്കുന്നത്. ആ ഗാന്ധി ഇനിയും മരിച്ചില്ലെ എന്നാണ് സമരസത്യഗ്രഹത്തിന് ആഹ്വാനം ചെയ്തതിനുള്ള മറുപടിയില്‍ ചര്‍ച്ചില്‍ പറഞ്ഞത്. അത്രയ്ക്ക് വെറുപ്പ് വിതച്ചും സമ്പത്ത് ചോര്‍ത്തിയും ക്ഷാമം വിതച്ച് വിത്ത് കയറ്റിയയച്ചും നാടിനെ ശവപ്പറമ്പാക്കിയ ചര്‍ച്ചിലിന്റെ ചരിത്രം കൂടിയാണ് ഈ പുസ്തകം. ഫലസമ്പൂര്‍ണ്ണമായ ഭാരത ഗ്രാമങ്ങളില്‍ നിന്ന് ലോകമെമ്പാടും ഉല്‍പ്പന്നങ്ങള്‍ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ബ്രിട്ടീഷ് രാജ് വന്നതോടെ ഇംഗ്ലണ്ടിലേക്ക് മാത്രമായി ഒഴുക്ക്. നികുതി ചുമത്തി സ്വര്‍ണ്ണവും വെള്ളിയും പട്ടും ഇംഗ്ലണ്ടിലേക്ക് പ്രവഹിച്ചു. ഈ സാമ്പത്തിക ചോര്‍ച്ച കര്‍ഷകരെ പട്ടിണിയിലാക്കി. ശവശരീരങ്ങള്‍ ചരിത്രത്തില്‍ ഇടംനേടാത്ത കണക്കില്‍ തള്ളി. യുദ്ധക്കെടുതിക്കായി അന്നത്തെ 200 കോടി ഇന്ത്യയില്‍ നിന്ന് ചിലവിട്ടു. ഇനിയും ഇതില്‍ ഇംഗ്ലണ്ട് ഇന്ത്യക്ക് 104 കോടി തിരിച്ച് കൊടുക്കാനുണ്ടത്രേ. അക്കാലത്തെ ഇന്ത്യക്ക് വേണ്ടി ഇംഗ്ലണ്ട് ചിലവഴിക്കേണ്ട അര്‍ഹതപ്പെട്ട തുക ലക്ഷക്കണക്കിന് കോടി വരും. അവ ഇപ്പോഴും അര്‍ഹതപ്പെട്ടത് തന്നെയെന്നാണ് നീണ്ട വര്‍ഷത്തെ പഠനത്തിന് ശേഷം കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പുസ്തകരചന നടത്തിയ വിഖ്യാത ചരിത്ര ഗവേഷക മധുശ്രീ മുഖര്‍ജി പറയുന്നത്. കൃതി പരിഭാഷപ്പെടുത്തിയത് പി. നാരായണ്‍ജിയാണ്. തൊടുപുഴയില്‍ നടന്ന അദ്ദേഹത്തിന്റെ നവതിയാഘോഷത്തിലാണ് മുന്‍ ഡി.ജി.പി ജേക്കബ്ബ് തോമസ് പുസ്തകം പ്രകാശനം ചെയ്തത്.
ആന്‍മരിയ
പ്രണയത്തിന്റെ മേല്‍വിലാസം
രവിവര്‍മ തമ്പുരാന്‍
മനോരമ ബുക്‌സ്
പേജ്: 180 വില: 240
ഫോണ്‍: 9495851717
നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ രവിവര്‍മ തമ്പുരാന്റെ ഏറ്റവും പുതിയ നോവലാണ് ആന്‍മരിയ പ്രണയത്തിന്റെ മേല്‍വിലാസം. ഇത് അപൂര്‍വ്വ പ്രണയത്തിന്റെ കഥയാണ്. മനസ്സില്‍ സൂക്ഷിച്ച പ്രണയത്തിന്റെ, നാവിന്‍ തുമ്പില്‍ മുറിഞ്ഞുപോയ വാക്കുകളുടെ, പ്രകടിപ്പിക്കാതിരുന്ന സ്‌നേഹത്തിന്റെ, തനിച്ച് അനുഭവിച്ച നൊമ്പരങ്ങളുടെ കഥ. അഷ്ടമൂര്‍ത്തിയെന്ന നായകനിലൂടെയും ആന്‍മരിയ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയുമാണ് നോവല്‍ പുരോഗമിക്കുന്നത്. നോവലിലെ നായികാ കഥാപാത്രമായ ആന്‍മരിയ ആരുടെയും മനസ്സിനെ ആര്‍ദ്രമാക്കുന്നയാളാണ്.
ബാങ്ക് ജോലിയില്‍ തന്റേതല്ലാത്ത കാരണത്താല്‍ വിചാരണ നേരിടുന്ന അഷ്ടമൂര്‍ത്തിയുടെ രക്ഷയ്ക്കായി കോളേജിലെ തന്റെ ജൂനിയര്‍ ആയിരുന്ന ആന്‍മരിയ എത്തുന്നു. പണ്ട് കോളജില്‍ പഠിക്കുമ്പോള്‍ ആരാധനാപാത്രമായി ഉള്ളില്‍ കൊണ്ടുനടന്ന ആളെ തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്താണ് മൂര്‍ത്തി പിന്നെ കാണുന്നത്. അതും തന്റെ മേലുദ്യോഗസ്ഥയായിട്ട്. അവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വെളിച്ചവും കേട്ട് ജീവിച്ച അഷ്ടമൂര്‍ത്തിയില്‍ സാന്ത്വനത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ സ്പര്‍ശമായി ആന്‍ മാറുന്നു.
പിന്നീട് മൂര്‍ത്തിയുടെ പല കാലങ്ങളിലെ പ്രണയികളെ തേടിപ്പോകുന്ന ആനും മൂര്‍ത്തിയുടെ ഭാര്യ രേണുകയും ആ പ്രണയികള്‍ക്കായി ഒരു കൂടിച്ചേരല്‍ ഉണ്ടാക്കുന്നു. പിന്നീട് ഉണ്ടാകുന്ന ദുരന്തവും സ്‌നേഹത്തിന്റെ പ്രതീകമായി ഉയരുന്ന ദ്വീപും കഥയ്ക്ക് മറ്റൊരു തലം സൃഷ്ടിക്കുന്നു.
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം വായിച്ച് ആസ്വദിക്കാമെന്ന ഉറപ്പ് എഴുത്തുകാരന്‍ നല്‍കുന്നുണ്ട്.