പട്ടിനത്താര്‍
പി രവികുമാര്‍
ഡിസി ബുക്‌സ്
പേജ്: 111 വില -150
ഫോണ്‍: 7290092216
ആത്മീയത നിറഞ്ഞുതുളുമ്പുന്ന ധാരാളം രചനകള്‍ മലയാളത്തിലുണ്ട്. എന്നാല്‍ അടിമുടി ആത്മീയതയില്‍ മുങ്ങിനില്‍ക്കുന്ന രചനകള്‍ അപൂര്‍വ്വമാണ്. അങ്ങനെയൊന്നാണ് പി.രവികുമാര്‍ രചിച്ച പട്ടിനത്താര്‍. എം.ഡി. രാമനാഥന്‍, നചികേതസ്സ് എന്നിവയ്ക്ക് ശേഷം അദ്ദേഹം എഴുതുന്ന പുസ്തകമാണിത്.
പത്താം നൂറ്റാണ്ടില്‍, തമിഴ്‌നാട്ടിലെ കാവേരിപ്പൂംപട്ടണത്തില്‍ ജീവിച്ചിരുന്ന ഒരു ശൈവ സിദ്ധനാണ് പട്ടിനത്താര്‍. അതിസമ്പന്നതയുടെ നടുവില്‍ നിന്ന്, സകല ഭൗതിക സുഖങ്ങളും ഉപേക്ഷിച്ച് കൗപീനധാരിയായി ആത്മാന്വേഷണത്തിന്റെ തീക്കനലുകളിലൂടെയുള്ള ആ ജീവിതത്തെ മനസ്സിലാക്കാനും സന്ദേശമുള്‍ക്കൊള്ളാനും കഴിയുക എന്നത് തന്നെ ഒരു മഹാഭാഗ്യമാണ്. ബാല്യകാലത്ത് മനസ്സിലേക്ക് കുടിയേറി, പിന്നീടുള്ള ജീവിതകാലത്തെ മുഴുവന്‍ വേട്ടയാടിയ ഈ കഥാപാത്രം ഒരു കാവ്യരൂപം പ്രാപിച്ചത് രവികുമാറിന്റെ എഴുപതാം വയസ്സില്‍ മാത്രമാണ്. സത്യത്തില്‍ ഇക്കണ്ടകാലം മുഴുവന്‍ പട്ടിനത്താര്‍ എഴുത്തുകാരനെ പാകപ്പെടുത്തുകയായിരുന്നു എന്നുവേണം കരുതാന്‍.
സര്‍വ്വ രാജസൗഭാഗ്യങ്ങളും വെടിഞ്ഞു സമൂഹത്തിലേക്കിറങ്ങിയ ബുദ്ധന്റെ കഥ നമുക്ക് ഏറെ പരിചിതമാണ്. എന്നാല്‍ അതുപോലെ, ഒരുപക്ഷെ അതിനും മീതെ ആത്മാന്വേഷണത്തിന്റെ ശൈവമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച ഒരു മഹാസിദ്ധന്‍ നമുക്കരികിലുണ്ടായിരുന്നു എന്നറിയാന്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ രവികുമാര്‍ വേണ്ടിവന്നു. തന്റെ ജന്മനിയോഗം എല്ലാ പൂര്‍ണ്ണതയോടും കൂടി നിര്‍വ്വഹിച്ചു എന്നതില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും അഭിമാനിക്കാം.
പുസ്തകം വായിച്ചുമറക്കാനുള്ളതല്ല, അതിലെ ഓരോ വരിയും സ്വയം മാറാന്‍ വായനക്കാരനെ പ്രേരിപ്പിക്കുമ്പോഴാണ് എഴുത്തുകാരന്റെ ദൗത്യം പൂര്‍ണ്ണമാകുന്നത്. പട്ടിനത്താറിലെ ഓരോ വരികളും, വരികള്‍ക്കിടയിലെ നിശ്ശബ്ദതയും നമ്മോട് സംവദിക്കുമ്പോള്‍ വായനക്കാരന്‍ ഉയരുന്നത് മഹത്തായ ആത്മബോധത്തിലേക്കാണ്. ആത്യന്തികമായി മനുഷ്യന്‍ ഒരു ആത്മീയജീവിയാണ് എന്നത് കൂടുതല്‍ ബോധ്യപ്പെടുകയാണ്. ഡോ.എ.എം ഉണ്ണികൃഷ്ണന്റെ പ്രൗഢമായ അവതാരികയും ഭാവതീവ്രമായ ചിത്രങ്ങളും സ്വര്‍ണ്ണത്തിനു സുഗന്ധമെന്നപോലെ ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു.
ദേവുമരം പൂത്ത മേട് (നോവല്‍)
സുധീര്‍ പറൂര്
ഇന്ത്യാ ബുക്‌സ് കോഴിക്കോട്
പേജ്: 312 വില: 350 രൂപ
ഫോണ്‍: 9447394322
ഒരു ഗ്രാമത്തെ അതിന്റെ എല്ലാവിധ ചാരുതകളോടെയും അവതരിപ്പിക്കുന്ന, നോവലാണ് ‘ദേവുമരം പൂത്തമേട്’. ഒരു ഗ്രാമത്തിന്റെ വിശുദ്ധി മാത്രമല്ല, പകയും പ്രതികാരവും അസൂയയും കുനുഷ്ടും കുറുമ്പും മുഴുവന്‍ ചാലിച്ചെഴുതിയ ഒരു കഥയാണിത്. ഒരു ഗ്രാമത്തിന്റെ നിഷ്‌കളങ്കമായ പുരാവൃത്തം മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പേരില്ലാ ഗ്രാമമാണെങ്കിലും ഇതു ഒട്ടുമിക്ക കേരളീയ ഗ്രാമങ്ങളുടെയും കഥ തന്നെയാണ്. ഈ നോവലിലെ കഥാപാത്രങ്ങളെ പോലുള്ള ചിലരെ എല്ലാ ഗ്രാമങ്ങളിലും നമുക്ക് കണ്ടെത്താന്‍ കഴിയും.
ഗ്രാമ ഭാഷയുടെ ഭംഗിയും ലാളിത്യവും പാത്രസൃഷ്ടിയിലെ സൂക്ഷ്മതയും എടുത്തു പറയേണ്ടതാണ്. നോവല്‍ വായിക്കുന്നവരെ ഏറ്റവും കൂടുതല്‍ സ്പര്‍ശിക്കുന്ന ഒരു കഥാപാത്രമായിരിക്കും ഇത്താപ്പുച്ഛന്‍ – എല്ലാകുരിശുകളും ചുമലില്‍ താങ്ങിയിട്ടും അതൊന്നും വലിയ കാര്യമല്ലെന്ന നിസ്സംഗതയിലൂടെ നടന്നു പോകുന്ന ഒരാള്‍. അവസാനം ദേവു മരത്തിന്റെ തണലിലേയ്ക്ക് ചേര്‍ന്നിരിക്കുന്ന റോസിയോടൊപ്പം ഓരോ വായനക്കാരനും ആ തണല്‍ മരത്തെ ഹൃദയം കൊണ്ട് ആശംസിക്കുക തന്നെ ചെയ്യും.
ഈ ദേവഭൂമിയില്‍
കിണാവല്ലൂര്‍ ശശിധരന്‍
ആപ്പിള്‍ ബുക്‌സ്, പാലക്കാട്
പേജ്: 63 വില:100 രൂപ
ഫോണ്‍: 9447837119
മലയാള സാഹിത്യശാഖയില്‍ ഏകാങ്കനാടകങ്ങള്‍ വിരളമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് വൈവിദ്ധ്യമാര്‍ന്ന ജീവിതാനുഭവങ്ങളുള്ള നല്ല കഥകള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്ന ഒരു കൃതിയാണ് ‘ഈ ദേവഭൂമിയില്‍’. ഗുരുശിഷ്യസങ്കല്പത്തിന്റെ പവിത്രത വിളിച്ചോതുന്നതോടൊപ്പം, ലഹരിമരുന്നുകള്‍ വിഷം ചീറ്റുന്ന കലാലയ അരാജകത്വവും, പെണ്‍വാണിഭമെന്ന സാമൂഹ്യതിന്മയുമൊക്കെ ഇതിവൃത്തമാക്കിയ ഈ നാടക സമാഹാരത്തില്‍ രാഷ്ട്രത്തിന്റെ ധീരവിപ്ലവകാരികളുടെ മരണത്തെ തോല്‍പ്പിക്കുന്ന നിശ്ചയദാര്‍ഢ്യത്തെ അരക്കിട്ടുറപ്പിക്കുന്ന ഇതിവൃത്തം അഭിമാനമുണര്‍ത്തുന്നു. സനാതന ധര്‍മ്മത്തിന്റെ വിളനിലമായ ഭാരതഭൂമിയില്‍ വേദമന്ത്രധ്വനിയും പാഞ്ചജന്യകാഹളവും ഉയരട്ടെയെന്ന പ്രത്യാശയുമുണ്ട് കഥാകൃത്തായ കിണാവല്ലൂര്‍ ശശിധരന്റെ ‘ഈ ദേവഭൂമിയില്‍’.