അമ്മക്കനല്‍
ഗോപി പുതുക്കോട്
ഇന്ത്യാബുക്‌സ്, കോഴിക്കോട്
പേജ്:160 വില:200 രൂപ
ഫോണ്‍: 9447394322
ഉള്ളുലക്കുന്ന കുടുംബബന്ധങ്ങളും സ്‌കൂള്‍ ജീവിതത്തിന്റെ അനുഭവങ്ങളും പഴയ കാലത്തിന്റെ സാമൂഹ്യപരിസരങ്ങളും ഒപ്പം ചില കാലിക പ്രശ്‌നങ്ങളും അനാവരണം ചെയ്യുന്ന ഓര്‍മ്മകളുടെ കനല്‍ ഊതിയെടുത്ത മനോഹരമായ 20 ചെറുകഥകളുടെ സമാഹാരമാണ് ഗോപി പുതുക്കോടിന്റെ ‘അമ്മക്കനല്‍’ എന്ന കൃതി. സമാഹാരത്തിലെ ആദ്യ കഥയായ ‘അമ്മക്കനല്‍’ എന്ന കഥയില്‍ അമ്മ നല്‍കുന്ന തണലും കരുതലും സ്‌നേഹവും അക്ഷരങ്ങളിലൂടെ പ്രകടമാകുന്നു. ധാര്‍മ്മികവും ധീരവുമായ തീരുമാനങ്ങളെടുക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന അശ്രുതീര്‍ത്ഥം, പ്രകൃതി സ്‌നേഹിയായ സാധാരണക്കാരനെ ചിത്രീകരിക്കുന്ന ജലസമാധി, കൂടുമാറ്റം, ചരിത്രത്തിലേക്ക് നടന്നുപോയവര്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനത്തിലെ പൊള്ളത്തരം തുറന്നു കാണിക്കുന്ന ‘അവാര്‍ഡ്’, അദ്ധ്യാപകന്റെ സ്‌നേഹവായ്പും സ്‌കൂള്‍ പശ്ചാത്തലവും ഒപ്പം കുടുംബബന്ധങ്ങളിലെ പൊരുത്തക്കേടുകളും ആവിഷ്‌ക്കരിക്കുന്ന ‘വീണയുടെ കഥ’, കോഴിക്കോട് നഗരത്തെ പശ്ചാത്തലമാക്കി എഴുതിയ ‘മാനാഞ്ചിറ’, കള്ളന്‍ പറഞ്ഞ കഥ, ഷോപ്പിംഗ് മാള്‍, എണ്ണപ്പെടാത്ത തലകള്‍, ടിവി പരിപാടികളെക്കുറിച്ച് പറയുന്ന ‘വെളിപാട്,’ ബോംബെയും കൊച്ചുമകളുടെ പ്രസവവുമെല്ലാം പറയുന്ന ‘പഴമനസ്സ്’, ഗൂര്‍ഖാജി, കണ്ണൂര്‍ യാത്ര, തീര്‍പ്പ്, കാഴ്ച തുടങ്ങിയ കഥകള്‍ ഹൃദ്യമായ അനുഭവങ്ങള്‍ നല്‍കുന്നവ തന്നെയാണ്.
പ്രമേയപരമായി കഥകളില്‍ വൈവിധ്യം കാണാന്‍ കഴിയുമെങ്കിലും പൊതുവായി കഥകളിലെ ഭാവം വിഷാദമാണ്. മിക്ക കഥകളുടെയും അന്ത്യം ശുഭകരമല്ല. പുരോഗമനപരമായ സൂചനകള്‍ നല്‍കുന്ന ചുരുക്കം ചില കഥകളും ഈ സമാഹാരത്തിലുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. അദ്ധ്യാപകനായ ഗോപി പുതുക്കോട് സ്‌കൂള്‍ ജീവിതവുമായി ബന്ധപ്പെട്ട മൂന്ന് കഥകള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റയടിയ്ക്ക് വായിച്ച് തീര്‍ക്കാന്‍ കഴിയുന്ന ഭാഷാപരമായ വഴക്കം ഈ കഥകള്‍ക്കുണ്ട്. ഭാഷയും ശില്പവും ഒട്ടും ദുര്‍ഗ്രാഹ്യമല്ല. സാധാരണക്കാരായ കഥാപാത്രങ്ങളുടെ നാടന്‍ ഭാഷാപ്രയോഗം രസകരമാണ്. മലബാറിലെ നാട്ടുഭാഷയുടെ പ്രയോഗം നാടിന്റെ സംസ്‌കാരത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട്. സാങ്കേതികവിദ്യയുടെ സങ്കീര്‍ണ്ണതകളോ ശില്പപരമായ ഉത്തരാധുനിക പ്രവണതകളോ കഥകളെ ഒട്ടും സ്വാധീനിച്ചിട്ടില്ല. ചില കഥകള്‍ക്ക് മദനന്‍ ചിത്രങ്ങള്‍ വരച്ചത് ആകര്‍ഷകമായി. കാലത്തെ അറിയാനും അനുഭവിക്കാനും അവസരം നല്‍കുന്നതും അതിനൊപ്പം സ്‌നേഹം, വാത്സല്യം, സഹാനുഭൂതി തുടങ്ങിയ മാനവിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതും കൂടിയാണ് ഇന്ത്യ ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. ഗോപി പുതുക്കോടിന്റെ ‘അമ്മക്കനല്‍’ എന്ന കഥാസമാഹാരം.
ചിരിക്കുന്ന ചെരുപ്പുകള്‍
എസ്.കെ.നായര്‍ ബാംഗ്ലൂര്‍
സുജിലി പബ്ലിക്കേഷന്‍സ്, കൊല്ലം
പേജ്: 107 വില:165 രൂപ
മനുഷ്യജീവിതത്തില്‍ ഏകാന്തതയുടെ ദൈന്യതയനുഭവിക്കുന്ന പച്ചയായ മനുഷ്യരുടെ കഥ വ്യത്യസ്തതയാര്‍ന്ന ആഖ്യാനശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ഒരു കൃതിയാണ് ‘ചിരിക്കുന്ന ചെരുപ്പുകള്‍’ എന്ന കഥാസമാഹാരം. ജീവിതാനുഭവങ്ങളെ വ്യത്യസ്ത വീക്ഷണകോണിലൂടെ അവതരിപ്പിച്ചിരിക്കുന്ന എട്ടുകഥകളാണിതിലുള്ളത്. അന്ധമായ മതാചാരങ്ങളുടെ തടവറയില്‍ ഹോമിക്കപ്പെടുന്ന പ്ര ണയസൗന്ദര്യത്തിന്റെ ദയനീയത വരച്ചുകാട്ടുന്നതോടൊപ്പം നന്മയുടെ വഴികളിലൂടെ സഞ്ചരിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കാനും കഥാകൃത്തായ എസ്.കെ.നായര്‍ ബാംഗ്ലൂര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നത് ഏറെ പ്രോത്സാഹനാജനകമാണ്. ദീര്‍ഘകാലമായി തന്റെ മനസ്സില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ജീവിതാനുഭവങ്ങളെ സഹൃദയരുമായി പങ്കുവയ്ക്കാനുള്ള കഥാകാരന്റെ സാമൂഹ്യപ്രതിബദ്ധതയെ അംഗീകരിക്കാതിരിക്കാനാവില്ല. സമൂഹത്തിലെ അപരിഹാര്യമായ പ്രശ്‌നങ്ങള്‍ ചെറുകഥയെന്ന മാധ്യമത്തിലൂടെ വെളിച്ചം കാണിക്കാന്‍ കഥാകാരന്‍ നടത്തിയ പരിശ്രമം ഏറെ അഭിനന്ദനീയമാണ്.