മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം
സന്തോഷ് ബോബന്‍
കുരുക്ഷേത്ര പ്രകാശന്‍
പേജ്: 352 വില: 430 രൂപ
ഫോണ്‍: 0484-2338324
മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം സൂക്ഷ്മമായി രേഖപ്പെടുത്തുന്ന പഠന സ്വഭാവമുള്ള പുസ്തകമാണ് സന്തോഷ് ബോബന്‍ രചിച്ച മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം. കേരളത്തില്‍ പതിനഞ്ചാം നൂറ്റാണ്ട് മുതലാരംഭിച്ച മതപരിവര്‍ത്തന പരിശ്രമങ്ങളെ ഈ പുസ്തകം കൃത്യമായി അടയാളപ്പെടുത്തുകയും മതപരിവര്‍ത്തനത്തിന് പിന്നിലുള്ള വൈദേശിക ശക്തികളുടെ ആസൂത്രിത ശ്രമങ്ങളെ ചരിത്ര വസ്തുതകള്‍ നിരത്തി വിമര്‍ശിക്കുകയും ചെയ്യുന്നു.
ഇതര മതങ്ങളെ നിന്ദിക്കുവാനും സമൂഹത്തില്‍ നിഷേധാത്മകമായ ചിന്തകള്‍ പ്രസരിപ്പിക്കുവാനും തെറ്റിദ്ധാരണകള്‍ പടര്‍ത്തി സമൂഹമനസ്സിനെ ആപത്കരമായ സാഹചര്യത്തിലേക്ക് നയിക്കുവാനും സംഘടിത മതശക്തികള്‍ നടത്തിയ സുദീര്‍ഘപരിശ്രമങ്ങളെ പുസ്തകം തുറന്നുകാണിക്കുന്നു. ഹിന്ദു സമൂഹത്തിലെ ജാതി വ്യവസ്ഥയെ ചൂണ്ടിക്കാണിച്ചുകൊണ്ട് തങ്ങളുടെ മതത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുവാന്‍ ദീര്‍ഘകാലമായി പരിശ്രമിച്ചു വരുന്ന ക്രൈസ്തവ മിഷണറി പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്ന നിലപാടാണ് ഈ പുസ്തകത്തിന്റെ കരുത്ത്. കച്ചവടതാത്പര്യങ്ങളും മത താത്പര്യങ്ങളും എങ്ങനെ പരസ്പരപോഷകമായി വര്‍ത്തിച്ചുവെന്ന് വ്യക്തമായി രേഖപ്പെടുത്തുന്ന പുസ്തകം കൂടിയാണിത്. ഹൈന്ദവബിംബങ്ങളെ വക്രീകരിച്ചും തെറ്റായി വ്യാഖ്യാനിച്ചും വിവിധ ക്രൈസ്തവ സഭകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്ര ആപത്കരമാണെന്ന് ഗവേഷണസ്വഭാവമുള്ള ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നുണ്ട്. മതം മാറ്റത്തിന് ഉപയോഗിക്കുന്ന വിവിധ കുതന്ത്രങ്ങളെ ഗ്രന്ഥകാരന്‍ മറനീക്കി കാട്ടിത്തരുന്നു.
അധിനിവേശത്തിന്റെ ആരംഭം, മതംമാറ്റത്തിന്റെ കറുത്ത മുഖം, ബ്രിട്ടന്റെ കെണി, വ്യാജചരിത്ര നിര്‍മിതി, കെട്ടുകഥകള്‍, പരിവര്‍ത്തനത്തെ അതിജീവിച്ച മഹാത്മാഗാന്ധി എന്നീ ആറുഭാഗങ്ങളിലൂടെ മുഖ്യവിഷയത്തെ ആവിഷ്‌കരിക്കുന്ന രീതി തന്നെ മാതൃകാപരമാണ്. വേദോപനിഷത്തുക്കളെ സാരമറിയാതെയും വികലമാക്കിയും ഉദ്ധരിച്ച് ക്രിസ്തുമതത്തെ ഉദാത്തീകരിക്കുവാനുള്ള പരിശ്രമങ്ങള്‍, മാസ് ഹിപ്‌നോട്ടിസത്തിന്റെ തന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന രോഗശാന്തി ശുശ്രൂഷകള്‍, ലൗ ജിഹാദ് അടക്കമുള്ള മതംമാറ്റ തന്ത്രങ്ങള്‍ ഇവയൊക്കെ ഈ പുസ്തകത്തില്‍ ചര്‍ച്ചാവിധേയമാകുന്നുണ്ട്.
വിവിധ ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തന രീതികള്‍, ക്രിസ്തുമതത്തിന്റെ ഭാരതത്തിലേക്കുള്ള കടന്നുവരവ്, ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍കുരിശ് കലാപം, കേണല്‍ മണ്‍റോയുടെ കുതന്ത്രങ്ങള്‍, മതപരിവര്‍ത്തനത്തിനെതിരെ വേലുത്തമ്പി ദളവയും അയ്യാ വൈകുണ്ഠ സ്വാമികളും നടത്തിയ സുധീരമായ പ്രതിരോധം ഇവയൊക്കെ കൃത്യമായി പഠിച്ചവതരിപ്പിക്കുവാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിന് പഠനാര്‍ഹമായ അവതാരിക എഴുതിയിട്ടുള്ളത് കേസരി വാരികയുടെ ഡെപ്യൂട്ടി എഡിറ്ററും ഗ്രന്ഥകാരനുമായ സി.എം. രാമചന്ദ്രന്‍ ആണ്. അദ്ദേഹമെഴുതിയ വാക്യങ്ങള്‍ ശ്രദ്ധിക്കുക. ‘കേരളത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ മതപരിവര്‍ത്തനത്തിന് വേണ്ടി നടന്ന പരിശ്രമങ്ങളും ഹിന്ദു സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതിരോധങ്ങളും സമഗ്രമായി ഇതില്‍ പ്രതിപാദിക്കപ്പെടുന്നു. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ മതപരിവര്‍ത്തനത്തിനെതിരെ ഉണ്ടായ നീക്കങ്ങളും വ്യക്തമായി അടയാളപ്പെടുത്തുന്നു എന്നത് ഈ പുസ്തകത്തിന്റെ ഒരു മേന്മയാണ്. കേരളത്തിലെ ക്രൈസ്തവ സഭാ ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ഇതില്‍ വായിക്കാം. ഗൗരവമേറിയ വിഷയം ആണെങ്കിലും, സാധാരണക്കാര്‍ക്ക് പോലും വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍, ഒട്ടും വിരസത തോന്നാത്ത വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥകാരന്‍ എല്ലാ വായനക്കാരുടെയും പ്രശംസയ്ക്ക് തികച്ചും അര്‍ഹനാണ്’. ചിന്താശീലരായ മലയാളികള്‍ ഈ പുസ്തകം വേണ്ടവിധം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുകയാണ്. മതപരിവര്‍ത്തനത്തിന്റെ അപകടം ഭാരതത്തെ എപ്രകാരം ബാധിക്കുമെന്ന് ഇതുവഴി തിരിച്ചറിയാനാവും. ദേശീയതയെ ദുര്‍ബലപ്പെടുത്തുകയും സനാതനധര്‍മ്മത്തെ ഉച്ചാടനം ചെയ്യുകയും തല്‍സ്ഥാനത്ത് പാശ്ചാത്യ സങ്കല്‍പ്പനങ്ങളെയും ക്രിസ്തുമതത്തെയും പ്രതിഷ്ഠിക്കുകയും ചെയ്യാനുള്ള മിഷണറിമാരുടെ ആസൂത്രിതപദ്ധതികളെ ബൗദ്ധികമായി ചോദ്യം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലപ്പെട്ട അനേകമനേകം അറിവുകള്‍ സമ്മാനിക്കുന്ന പുസ്തകമാണിത്.
നുണയുടെ പാഠശാലകളില്‍ പിറന്നുവീണ ഒട്ടനേകം കെട്ടുകഥകളും ചരിത്രവിരുദ്ധമായ നിലപാടുകളും എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നുണ്ട് സന്തോഷ് ബോബനിലെ പഠിതാവ്. വിഷയസംബന്ധിയായ നിരവധി കൃതികള്‍ വായിച്ചും അനേകം ചരിത്ര സന്ദര്‍ഭങ്ങളെ കൂട്ടുപിടിച്ചും ഗ്രന്ഥകാരന്‍ പ്രകാശിപ്പിക്കുന്ന ആശയങ്ങള്‍ വിവേകശാലികളായ വായനക്കാര്‍ വേണ്ടവിധം ഉള്‍ക്കൊള്ളുമെന്ന് ഉറപ്പാണ്. വൈചാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ക്കും സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കും ദിശാബോധമേകുന്ന പുസ്തകം കൂടിയാണിത്.
Comments