ഉണ്ണിക്കണ്ണന്‍ വന്നതോടെ ഗോകുലത്തില്‍ എന്നും ഉത്സവമാണ്. കണ്ണന്റെ പിറവിയുടെ തൊണ്ണൂറാം ദിനം ആഘോഷപൂര്‍വ്വം നടത്താന്‍ ഗോപകുലം മത്സരിച്ചു.
അതിരാവിലെ കണ്ണനെ കുളിപ്പിച്ച് സുന്ദരനാക്കി ഗോപിക്കുറി തൊടുവിച്ചു. കണ്ണെഴുതി കുറി തൊട്ട് സുന്ദരനാക്കിയ നീലക്കാര്‍വര്‍ണ്ണന്റെ അരയില്‍ പൊന്നിന്‍ കിങ്ങിണി കെട്ടിച്ചു. മഞ്ഞപ്പട്ട് ഉടുപ്പിച്ചു
പട്ടുമെത്തയില്‍ കിടത്തിയിട്ട് അമ്മ അടുക്കളയിലേക്ക് നീങ്ങി. ഉണ്ണി തനിയേ കമിഴ്ന്നതിന്റെ ആഘോഷം ഗോകുലവാസികള്‍ക്ക് സദ്യ നല്‍കി കൊണ്ടാടാനായി യശോദ ഉത്സാഹിച്ചു.
പശുക്കള്‍, സ്വര്‍ണ്ണനാണയങ്ങള്‍, ധനധാന്യാദികള്‍, പാല്, വെണ്ണ, പഞ്ചസാരപ്പായസം, പട്ടുവസ്ത്രങ്ങള്‍ എന്നു വേണ്ട സകലതും ദാനം ചെയ്താണ് നന്ദഗോപന്‍ തന്റെ ആനന്ദം പ്രകടിപ്പിച്ചത്.
ആദ്യമായി കുഞ്ഞിനെ സൂര്യപ്രകാശം കാണിക്കുന്ന വാതില്‍ പുറപ്പാട് ചടങ്ങും അന്നാണ്. അതിനു ശേഷം ഉണ്ണിക്കണ്ണനെ സുരക്ഷിതമായ ഒരു സ്ഥലത്ത് കിടത്തിയുറക്കിയ ശേഷമാണ് അമ്മ തന്റെ ജോലികളില്‍ മുഴുകിയത്. എല്ലാ ദിക്കിലും കഴുകനേപ്പോലെ കംസന്റെ കിങ്കരന്മാര്‍ വട്ടം കറങ്ങുന്ന വിവരം ആ പാവം അമ്മ അറിഞ്ഞില്ല.
കൈകാലിട്ടടിച്ച് കളിക്കുന്ന കണ്ണന്റെയരികിലേയ്ക്ക് ഒരു കളിവണ്ടി സാവധാനം ഉരുണ്ടുരുണ്ട് വന്നത് ആരും കണ്ടില്ല.
മായാമാനുഷനായ ശ്രീകൃഷ്ണനും ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഉറക്കം നടിച്ചു കിടന്നു. കണ്ണന്റെ കഥ കഴിക്കാനായി കംസന്‍ അയച്ച ശകടാസുരനായിരുന്നു അത്. മൂന്നു മാസം മാത്രം പ്രായമുള്ള ആ ഓമനക്കുഞ്ഞിന്റെ നേര്‍ക്ക് വണ്ടിയുടെ രൂപത്തില്‍ അസുരന്‍ പാഞ്ഞടുത്തു. ആ കുഞ്ഞുപാദങ്ങള്‍ കൊണ്ട് പതുക്കെ ഒരു തട്ട് തട്ടിയപ്പോള്‍ വണ്ടി ദൂരേയ്ക്ക് തെറിച്ചു പോയി. ചക്രവും തണ്ടും തകര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ വണ്ടിയും ഒന്നുമറിയാത്ത ഭാവത്തില്‍ കൈകാലിട്ടടിച്ച് കരയുന്ന കണ്ണനേയുമാണ് ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ കണ്ടത്. മായാരൂപിയായ അസുരന് കൃഷ്ണന്റെ പാദസ്പര്‍ശം മൂലം മോക്ഷവും ലഭിച്ചു.
യശോദ ഉണ്ണിയെ വാരിയെടുത്ത് നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ വച്ചു. മതിയാവോളം അമ്മിഞ്ഞ കൊടുത്ത് മടിയില്‍ കിടത്തിയുറക്കി. ആപത്തൊഴിഞ്ഞ സമാധാനത്തില്‍ കടുകും മുളകും ഉഴിഞ്ഞ് ദോഷമകറ്റി അരികിലിരുന്ന് നെടുവീര്‍പ്പോടെ താരാട്ട് പാടി ആശ്വസിച്ചു.