താപസശ്രേഷ്ഠനായ ഉതംഗമഹര്‍ഷി ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും പരമഭക്തനുമായിരുന്നു. ഒരു ദിവസം അദ്ദേഹം വഴിയില്‍ വച്ച് കൃഷ്ണനെ കണ്ടുമുട്ടി. ”ഭഗവാനേ കൃഷ്ണാ എത്ര കാലമായി അടിയന്‍ ഈ രൂപം കാണാന്‍ കൊതിക്കുന്നതാണ് ഇന്നെങ്കിലും ആ മോഹം സഫലമായല്ലോ” ഉതംഗന്‍ ആവേശത്തോടെ പറഞ്ഞു.
”സുഹൃത്തേ കുറേ കാലം കൂടിയല്ലേ നാം തമ്മില്‍ കാണുന്നത്.
അങ്ങേയ്ക്ക് എന്തെങ്കിലും വരം നല്‍കാന്‍ നാം ഉറപ്പിച്ചു” കൃഷ്ണന്‍ അറിയിച്ചു. ”ഭഗവാനേ കൃഷ്ണാ അടിയന് വേറെ ഒരു വരവും വേണ്ട ഈ ദിവ്യദര്‍ശനം അതാണ് ഏറ്റവും വലിയ വരം” എന്നായീ ഉതംഗന്‍.
ഭഗവാന്‍ വഴങ്ങിയില്ല ”അത് പറ്റില്ല, എന്തെങ്കിലും വരം തരാതെ ഞാന്‍ മടങ്ങില്ല, ചോദിക്കൂ സഖേ” എന്നായി കൃഷ്ണന്‍.
ഒടുവില്‍ മഹര്‍ഷി പറഞ്ഞു, ”ശരി, എപ്പോഴൊക്കെ എനിക്കു ദാഹിക്കുന്നുവോ അപ്പോഴൊക്കെ കുടിക്കാനാവശ്യമായ ജലം ലഭിക്കണം.
അത് മാത്രം മതി”. ”അങ്ങനെയാവട്ടെ” എന്ന് കൃഷ്ണന്‍ അനുഗ്രഹിച്ചു. അങ്ങനെയിരിക്കെ ഉതംഗ മഹര്‍ഷിക്ക് യാത്രയ്ക്കിടയില്‍ വനമദ്ധ്യത്തില്‍ വച്ചു കലശലായ ദാഹം തോന്നി. അദ്ദേഹം തനിക്ക് കൃഷ്ണനില്‍ നിന്ന് ലഭിച്ച വരത്തെക്കുറിച്ച് ആലോചിച്ചു. എന്റെ കൃഷ്ണാ ദാഹമകറ്റാന്‍ വഴികാട്ടണേ ഭഗവാനേ എന്ന് മഹര്‍ഷി പ്രാര്‍ത്ഥിച്ചു
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു കാട്ടാളന്‍ അതുവഴി വന്നു. കീറിയ, മുഷിഞ്ഞ വസ്ത്രവും, കൂടെ അഞ്ച് വേട്ടനായ്ക്കളും ഉണ്ടായിരുന്ന അയാളുടെ ചുമലില്‍ തുകല്‍ സഞ്ചി തൂക്കിയിട്ടിരുന്നു. മഹര്‍ഷിയെ കണ്ട കാട്ടാളന്‍ ചിരിച്ചു കൊണ്ട് ”അങ്ങയെ കണ്ടിട്ട് ദാഹം കൊണ്ട് തളര്‍ന്നത് പോലെയുണ്ടല്ലോ, ഇതാ ജലം കുടിച്ചാലും” എന്ന് പറഞ്ഞു തന്റെ തുകല്‍ സഞ്ചിയിലെ ജലം വാഗ്ദാനം ചെയ്തു. പക്ഷെ യാതൊരു വൃത്തിയുമില്ലാത്ത ആ കാട്ടാളന്റെ കൈയില്‍ നിന്ന് ജലം വാങ്ങിക്കുടിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ”സുഹൃത്തേ നന്ദി, എനിക്ക് വേണ്ട” എന്ന് പറഞ്ഞ് ആ ജലം നിരസിച്ചു. ”കൃഷ്ണാ അവിടുന്ന് എനിക്ക് തന്ന വരം എവിടെപ്പോയി?” എന്ന് മഹര്‍ഷി മനസ്സിലോര്‍ത്ത് ദു:ഖിച്ചപ്പോള്‍ കാട്ടാളന്‍ വീണ്ടും വീണ്ടും ജലം നല്‍കാന്‍ ശ്രമിച്ചു.
മഹര്‍ഷി തീരെ സമ്മതിച്ചില്ല. വെള്ളം വേണ്ട എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. കാട്ടാളന്‍ എത്ര നിര്‍ബന്ധിച്ചിട്ടും മഹര്‍ഷി വഴങ്ങിയില്ല. അയാള്‍ നായ്ക്കളേയും കൊണ്ട് അപ്രത്യക്ഷനായി. ഇത് ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നില്ല എന്ന് മനസ്സിലായ ഉതംഗ ഋഷിക്ക് വിഷമമായി. അദ്ദേഹം ഭഗവാനെ വിളിച്ച് വിലപിച്ചു. അപ്പോഴതാ അവിടെ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു. ഉതംഗമുനി ചോദിച്ചു, ”കൃഷ്ണാ, ഇതെന്തു പരീക്ഷണമാണ്… ഒരു വൃത്തിയുമില്ലാത്ത കാട്ടാളന്റെ കൈവശമാണോ ജലം കൊടുത്തയക്കുന്നത്”? കൃഷ്ണന്‍ ദുഃഖത്തോടെ പറഞ്ഞു ”ഉതംഗാ, അങ്ങയ്ക്ക് ദാഹിച്ചപ്പോള്‍ ഇന്ദ്രനോട് അമൃത് തരാന്‍ ഞാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു സാധാരണ മനുഷ്യന്‍ അമൃത് കുടിച്ച് അമരന്‍ ആവുന്നത് ഇഷ്ടമില്ലാതിരുന്ന ഇന്ദ്രന്‍ അതിനു തയ്യാറായില്ല. അവസാനം എന്റെ നിര്‍ബന്ധം കാരണം, ഒരു നിബന്ധന ഇന്ദ്രന്‍ മുന്നോട്ടു വച്ചു… ഒരു കാട്ടാളന്റെ രൂപത്തില്‍ പോയി മാത്രമേ താന്‍ ഉതംഗനു അമൃതം കൊടുക്കൂ എന്നായിരുന്നു അത്.
അങ്ങ് യഥാര്‍ത്ഥ ജ്ഞാനം നേടിയതിനാല്‍ ഈ പരീക്ഷണത്തില്‍ വിജയിക്കും എന്നും കാട്ടാളന്റെ വേഷത്തില്‍ വന്ന ഇന്ദ്രനില്‍ നിന്നും അമൃത് സ്വീകരിക്കുമെന്നും വിശ്വസിച്ചു ഞാന്‍ അത് സമ്മതിച്ചു. പക്ഷെ ഇതാ താങ്കളുടെ മനസ്സിലെ സങ്കുചിത ചിന്ത കാരണം ഇന്ദ്രന്റെ മുന്നില്‍ ഞാന്‍ തോറ്റു പോയിരിക്കുന്നു”. ഇത് കേട്ട ഉതംഗമഹര്‍ഷിക്കു തന്റെ തെറ്റ് മനസ്സിലായി….
യഥാര്‍ത്ഥജ്ഞാനം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കിക്കാന്‍ വേണ്ടി കൃഷ്ണന്‍ നടത്തിയ ഒരു പരീക്ഷണമാണിതെന്ന് അദ്ദേഹത്തിനു ബോധ്യമായി.
ഒരാളുടെ കുലമോ രൂപമോ വസ്ത്രമോ ഒന്നുമല്ല പ്രധാനം എന്നും, എല്ലാവരും തുല്യരാണെന്നുമുള്ള കാര്യം ഉതംഗന് ബോധ്യമായി. എല്ലാ മനുഷ്യനിലും ഉള്ളത് ഒരേ ഈശ്വരന്‍ തന്നെയാണ് എന്ന് ഉതംഗമുനിക്ക് കൃഷ്ണന്‍ മനസ്സിലാക്കി കൊടുത്തു. പുതിയ ഉണര്‍വ്വോടു കൂടി ഉതംഗന്‍ തപസ്സ് ചെയ്ത് ജ്ഞാനം നേടി.
Comments