മഴയെ സ്‌നേഹിക്കുന്ന മലയാളി മഴ പെയ്യരുതേ എന്ന് ആഗ്രഹിക്കുന്ന മാസമാണ് മകരമാസം. മകരം പകുതി ജ്യോതിഷ വിധി അനുസരിച്ച് ജലരാശി ആയിട്ടും നാം മഴ പെയ്യാതിരിക്കാന്‍ ആഗ്രഹിക്കുന്നു. മകരം ഒരു ചരരാശി ആയതിനാല്‍ ഈ മാസം ഒരു ഉറപ്പില്ലാത്ത മാസമാണ്. കേരള ത്തെ സംബന്ധിച്ചിടത്തോളം മകരം കൊയ്ത്തുകാലമാണ്. ചിങ്ങത്തില്‍ നടുകയും കന്നിവറുതിയില്‍ കരിഞ്ഞാറേല്‍ക്കുകയും പൊട്ടി തളിര്‍ക്കുകയും ചെയ്യുന്ന നെല്‍ച്ചെടി വൃശ്ചികത്തിലെ കാര്‍ത്തികയ്ക്ക് കതിരുവരികയും മകരത്തില്‍ കൊയ്യുകയും ചെയ്യുന്നു. കൊയ്ത്തു കാലത്തു മഴ പെയ്താല്‍ മലയാളിയുടെ ആഹാരത്തിനാണ് മുട്ടുണ്ടാകുന്നത്. നെല്ലു വെള്ളത്തിലായാല്‍ കാലികളും മനുഷ്യരും വിഷമത്തിലാകും. പുഞ്ചകൃഷിയും മകരത്തിലാണ് കൊയ്യുന്നത്. കേരളത്തിലെ കൃഷിയും വിളവെടുപ്പും ജീവിതവും തമ്മില്‍ വളരെയധികം സാമഞ്ജസ്യപ്പെട്ടാണ് പോകുന്നത്. മനുഷ്യബന്ധങ്ങളുടെ ലാസ്യലയങ്ങള്‍ക്ക് കരുത്തേകുന്നതാണ് ഈ പഴഞ്ചൊല്ല്. പ്രകൃതിയുടെ വ്യതിചലനം നടക്കുന്ന സമയം കൂടിയാണ് മകരമാസം. ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായന കാലത്തേക്ക് സൂര്യദേവന്‍ സഞ്ചരിക്കുന്നതിനെയാണ് മകര സംക്രമം എന്നു പറയുന്നത്. പകലിന്റെ ദൈര്‍ഘ്യം കൂടുകയും രാത്രിയുടെ ദൈര്‍ഘ്യം കുറയുകയും ചെയ്യുന്ന കാലമാണിത്. പകലിന്റെ ദൈര്‍ഘ്യം കൂടുതലായതിനാല്‍ മനുഷ്യനില്‍ ഉല്‍ക്കര്‍ഷവും ഉണര്‍വും ലഭിക്കുന്നു. കൂടുതല്‍ കര്‍മ്മനിരതരാകുന്ന ഒരു കാലഘട്ടമാണ് ഇത്. ഈ കാലത്ത് മഴയെക്കാള്‍ കൂടുതല്‍ ആവശ്യം തെളിഞ്ഞ ആകാശമാണ്. കൂടാതെ വൃശ്ചികം ധനു മാസങ്ങളില്‍ നല്ല തണുപ്പനുഭവപ്പെടുന്ന കാലമാണ.് തണുപ്പിന് ശേഷം അനുഭവപ്പെടുന്ന മഴയേക്കാള്‍ ആവശ്യം ചൂടുള്ള കാലാവസ്ഥയാണ്. മകരത്തില്‍ മഴ പെ യ്താല്‍ മലയാളം മുടിയും എന്നു പറയുമ്പോള്‍ തളിര്‍ത്ത് പൂക്കുന്ന മരങ്ങളിലെ പൂവും കായും പൊഴിഞ്ഞ് ഈ കാലത്തെ മഴ ഫലവര്‍ഗ്ഗങ്ങളുടെ ഉല്പാദനത്തെ ബാധിക്കുന്നു. ഉത്തരായനകാലത്തെ പുണ്യകാലം ആസ്വദിക്കുവാന്‍ മഴ ഇക്കാലത്ത് മലയാളി ആഗ്രഹിക്കുന്നില്ല.
മനുഷ്യമനസ്സിലെ വെണ്മയായ നന്മയുടെ വിടരുന്ന പ്രതീക്ഷയാണ് മകരമാസം നമുക്ക് നല്‍കുന്നത്. ഈ വിടരുന്ന പ്രതീക്ഷകളെ തല്ലിക്കെടുത്തുവാന്‍ ഒരു മലയാളിയും ആഗ്രഹിക്കാത്തതുകൊണ്ടാണ് മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും എന്ന പഴഞ്ചൊല്ല് ഉണ്ടായിട്ടുള്ളത്. കാലത്തേയും പ്രകൃതിയേയും സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന മലയാളി അതിന്റെ കാരുണ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന മകരമാസത്തില്‍ പൊങ്കല്‍ നല്‍കി വിശുദ്ധ ജീവിയായ പശുവിനെ സന്തോഷിപ്പിക്കുന്നു. മാട്ടുപൊങ്കല്‍ എന്ന പേരിലും മകര സംക്രമം അറിയപ്പെടുന്നു. ഹൃദയഹാരിയായ നന്മയുടെ പ്രതീകമായി കൊയ്ത്ത് എത്തുകയും മണ്ണി നെ തനതായി കാക്കുന്ന ഗോവിന് ആഹാരം നല്‍കി പൂജിക്കുകയും ചെയ്യുന്ന മകര പൊങ്കലും മകരമാസവും ഗൃഹാതുരത്വത്തിന്റെ നല്ലോര്‍മ്മ നമ്മില്‍ ഉണര്‍ത്തുന്നു.
മകരത്തിന്റെ അധിദേവനായ ശനിയെ പൂജിക്കുന്നതിന്റെ ഭാഗമായാണ് ശ്രീധര്‍മ്മ ശാസ്താ പ്രീതി നടത്തുവാനുള്ള മാസമായി മകരത്തെ തെരഞ്ഞെടുത്തിട്ടുള്ളത്. മകരത്തില്‍ മരം കോച്ചും എന്ന പ്രയോഗവും മലയാളത്തില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നു.