ഗവര്‍ണര്‍മാരെ നാടുകടത്താനുള്ള അങ്കം മുറുക്കിയിരിക്കയാണ് ദ്രാവിഡ നാടുവാഴികളായ സ്റ്റാലിന്‍ സഖാവും വിജയന്‍ സഖാവും. ഏപ്രില്‍ 10 ന് സ്റ്റാലിന്‍ സഖാവ് തമിഴ്‌നാട് നിയമസഭയില്‍ ഇതിനുള്ള പ്രമേയം പാസ്സാക്കി. അതിന്റെ കോപ്പി വിജയന്‍ സഖാവിനു അയച്ചു കൊടുക്കുകയും ചെയ്തു. കേരള നിയമസഭ കൂടി ഇതു പാസ്സാക്കിക്കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ആര്‍.എന്‍. രവിക്കും കേരളത്തില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാനും പെട്ടിയുമെടുത്ത് തിരിച്ചു പോകാം. വടക്കന്‍ പാട്ടിലെ വീരനായകരെ വെല്ലുന്ന മെയ്‌വഴക്കവും അങ്ക വൈദഗ്ദ്ധ്യവുമാണ് ഈ ദ്രാവിഡ നാട്ടുരാജാക്കന്മാര്‍ കാഴ്ചവെക്കുന്നത്. പ്രോലിറ്റേറിയന്‍ ഭരണം വന്നാല്‍ അധികാരം കൊഴിഞ്ഞു വീഴുമെന്നാണ് മാര്‍ക്‌സ് പ്രവചിച്ചത്. കേരളത്തിലും തമിഴകത്തും പ്രോലിറ്റേറിയന്‍ ഭരണത്തുടര്‍ച്ചയാണല്ലോ. അതിന്റെ ലക്ഷണമാണ് ഗവര്‍ണര്‍മാര്‍ കൊഴിഞ്ഞു പോവുന്നത് എന്ന് വൈരുദ്ധ്യത്മിക ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ സ്തുതിപാഠകര്‍ക്ക് ക്യാപ്‌സ്യൂളിറക്കാം.
കേവലം കേന്ദ്രവിരോധത്തിലൊതുങ്ങുന്നില്ല ഈ ദ്രാവിഡ നാടുവാഴികളിലെ സാമ്യത. അടിമുടി ഒരേ തൂവല്‍ പക്ഷികളാണിവര്‍. മൂത്ത മോദി വിരോധം പ്രകടിപ്പിക്കാന്‍ അണികളെ തെരുവിലിറക്കും. ഹിന്ദി വിരോധം കൊണ്ടു കലിതുള്ളുന്ന ദ്രാവിഡ പ്രാദേശിക വാദമാണ് സ്റ്റാലിന്റെ പാരമ്പര്യമെങ്കില്‍ കേരളം മലയാളിയുടെ മാതൃഭൂമി എന്ന ഇ.എം.എസ് സിദ്ധാന്തമാണ് വിജയന്റെ പൈതൃകം. കേന്ദ്രത്തിനു ബദലാണ് തങ്ങള്‍ എന്നാണ് ഭാവം. ജനാധിപത്യവും മതേതതരത്വവും ഇതിനൊക്കെ മേമ്പൊടിയായി നൂറ്റൊന്ന് ആവര്‍ത്തിക്കും. ന്യൂനപക്ഷ പ്രീണനം മൂത്ത് രാജ്യദ്രോഹികളെ വരെ സംരക്ഷിക്കും. പാര്‍ട്ടിയിലും ഭരണത്തിലുമുള്ള കുടുംബാധിപത്യത്തിലും ഈ നാടുവാഴികള്‍ ഇരട്ടപെറ്റ മക്കളാണ്. കരുണാനിധിയില്‍ നിന്നു കിട്ടിയ അധികാരം സ്റ്റാലിന്‍ മകനിലേക്ക് പകര്‍ന്നു കഴിഞ്ഞു. വിജയന്‍ സഖാവ് അടുത്ത അധികാരിയായി മരുമകനെ വാഴിക്കാനുള്ള നീക്കത്തിലാണത്രെ. രണ്ടു കൂട്ടര്‍ക്കും മക്കളുടെ പേരില്‍ ബിസിനസ്സും ഓഹരി ഇടപാടുമുണ്ടെന്നത് ചൂടുള്ള ചര്‍ച്ചയാണ്. രണ്ടു പേര്‍ക്കും വിദേശത്ത് ഇടപാടുകളുണ്ട് എന്നും ആരോപണമുണ്ട്. ഇതൊക്കെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാന്‍ തുടങ്ങിയതോടെ കട്ടിങ് സൗത്ത് പോലുള്ള യുദ്ധത്തിന് അരയും തലയും മുറുക്കുകയാണ് ഇരുവരും.