കേരളത്തിലെ മാധ്യമങ്ങള്‍ ആര്‍.എസ്.എസ് വിരുദ്ധവും ബി.ജെ.പി വിരുദ്ധവും ആണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ആര്‍.എസ്.എസും ബി.ജെ.പിയും മറ്റു സംഘപരിവാര്‍ പ്രസ്ഥാനങ്ങളും കേരളത്തിലും ഭാരതത്തിലും ഒരുപോലെ വളര്‍ന്നുവന്നത് ഏതെങ്കിലും മാധ്യമങ്ങളുടെയോ മാധ്യമ ഉടമസ്ഥരുടെയോ മാധ്യമപ്രവര്‍ത്തകരുടെയോ സഹായം കൊണ്ടോ പങ്കാളിത്തം കൊണ്ടോ അല്ല. ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗരങ്ങളിലും ഹൃദയം തൊടുന്ന ദേശഭക്തിയും ആരെയും തലകുനിപ്പിക്കുന്ന തരത്തിലുള്ള സ്വഭാവശുദ്ധിയും കുലീനതയും കൈമുതലാക്കിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍, സ്വയംസേവകര്‍ ജീവിതം അര്‍പ്പിച്ച് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇന്ന് കാണുന്ന രീതിയിലേക്ക്, ഭാരതത്തിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലേക്ക് ആര്‍.എസ്.എസ് വളര്‍ന്നത്. ഇതോടൊപ്പം ബി.ജെ.പി ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി. സംഘത്തിന്റെ ആശയധാരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും ഇതേ തരത്തിലുള്ള വളര്‍ച്ച കൈവരിച്ചിരിക്കുന്നു. ഭാരതീയ മസ്ദൂര്‍ സംഘം ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായും വിദ്യാര്‍ത്ഥി പരിഷത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായും മാറിയിരിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ തരത്തിലുള്ള വളര്‍ച്ചയും വികാസവും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കൈവരിച്ചിരിക്കുന്നു.
എന്തുകൊണ്ട് പരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നു. ഭാരതത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഭാരതത്തെ വീണ്ടും ജഗദ് ഗുരുവാക്കി മാറ്റാനുള്ള ആശ്രാന്ത പരിശ്രമമാണ് സംഘത്തിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകള്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയരുകയും കോടികളുടെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണ കമ്മീഷനുകള്‍ സ്ഥിരം സംവിധാനം ആവുകയും ചെയ്ത സാഹചര്യത്തില്‍ നിന്ന് ഇന്ന് ഭാരതം എത്ര മാറിയിരിക്കുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ ഇല്ലാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി അജാത ശത്രുവായി നിലകൊള്ളുമ്പോള്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്ക് നേതാക്കള്‍ എത്തുന്നു. 2024 ലെ തിരഞ്ഞെടുപ്പിലും ഇന്ന് ബി.ജെ.പിക്ക് വാക്കോവര്‍ നല്‍കിയിരിക്കുന്ന സാഹചര്യമാണ് ദേശീയ രാഷ്ട്രീയം വിലയിരുത്തുന്നവര്‍ നിരീക്ഷിക്കുന്നത്. സംയുക്ത പ്രതിപക്ഷ ഐക്യം പോയിട്ട് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എതിരായി കണ്ടെത്താന്‍ പോലും കഴിയാതെ തനിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകണം എന്ന് പറഞ്ഞ് ഒന്നിനു പിറകെ ഒന്നായി നേതാക്കള്‍ പോരടിക്കുന്ന ചിത്രമാണ് പ്രതിപക്ഷത്ത്. മുഖ്യമന്ത്രി നിതീഷാണ് താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് പറഞ്ഞ് ആദ്യമെത്തിയത്. ബീഹാറിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഇനി ഒരിക്കലും അധികാരത്തിലെത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ലാലുപ്രസാദിന്റെ കുടുംബക്കാര്‍ക്ക് ബാറ്റ് കൈമാറി ദേശീയതലത്തിലേക്ക് ചേക്കാറാന്‍ കാത്തുനില്‍ക്കുന്ന നിതീഷിന്റെ മുന്നില്‍ മറ്റെന്തു വഴിയാണുള്ളത്? മാത്രമല്ല, ബീഹാര്‍ നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മേല്‍ക്കൈ നേടുകയും ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്തിരിക്കുന്നു. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പോലും പ്രതീക്ഷ ഉയര്‍ത്തുന്ന സാഹചര്യം ചൂണ്ടിക്കാട്ടുമ്പോള്‍ നിതീഷിനെ തള്ളിപ്പറഞ്ഞത് ബി.ജെ.പി അല്ല രാഹുലാണ് എന്നകാര്യം കൂടി മനസ്സിലാക്കണം.
മമതാ ബാനര്‍ജി, അരവിന്ദ് കേജരിവാള്‍, തെലുങ്കാനയിലെ ചന്ദ്രശേഖര്‍ തുടങ്ങി ധാരാളം ഭൈമീ കാമുകന്മാര്‍ രംഗത്തുണ്ട്. ഇവര്‍ക്കൊന്നും തന്നെ നരേന്ദ്രമോദിയുടെ വ്യക്തിത്വത്തെയോ അദ്ദേഹത്തിന്റെ നേട്ടങ്ങളെയോ ഭരണ മികവിനെയോ മറികടക്കാനുള്ള പ്രഭാവം ഇല്ലതാനും. പിന്നെ യു.പി.എ എന്ന ആസന്നമൃത്യുവിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസിനാകട്ടെ, ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്നത് രാഹുലിനെ തന്നെയാണ്. ആരും രാഹുലിനെ ഗൗരവമുള്ള സ്ഥാനാര്‍ത്ഥിയായിട്ടും രാഷ്ട്രീയ നേതാവായിട്ടും പരിഗണിക്കുന്നില്ല. തീരെ യാഥാര്‍ത്ഥ്യബോധമില്ലാത്ത കോമാളി പരിവേഷത്തിലാണ് പരാമര്‍ശങ്ങളും പ്രസ്താവനകളും തുടര്‍ന്ന് അതേക്കുറിച്ചുള്ള മാപ്പ് അപേക്ഷകളും വരുന്നത്. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഏ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ, നേതാക്കളുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്കും ദേശവിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ നിലപാടെടുത്തിരുന്ന അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ വിഭാഗം ദേശീയതലത്തില്‍ കൈകാര്യം ചെയ്തിരുന്ന ആളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും ആദര്‍ശശാലിയായ പിതാവ് പിന്തുണയ്ക്കാത്തതുകൊണ്ട് സീറ്റ് കിട്ടിയില്ല. സ്വന്തം മകന് സീറ്റ് കിട്ടാന്‍ വേണ്ടി നിര്‍ണായക സമയത്ത് മൂത്രമൊഴിക്കാന്‍ പോയ നേതാക്കളുടെ ചരിത്രവും പാരമ്പര്യവും പേറി സീറ്റ് വാങ്ങാതെ നിശബ്ദമായി പ്രവര്‍ത്തിച്ചിരുന്ന അനില്‍ ആന്റണി വിവാദങ്ങള്‍ക്കോ ഏതെങ്കിലും തരത്തില്‍ ചീത്തപ്പേര് സൃഷ്ടിക്കാനോ അഴിമതിക്കഥകളില്‍ നിറയാനോ ഒന്നും നിന്നിട്ടില്ല. 108 ആംബുലന്‍സിന്റെ അഴിമതിക്കഥകളില്‍ ചിദംബരം മുതല്‍ വയലാര്‍ സിംഹം വരെ നിറഞ്ഞുനിന്നപ്പോഴും അനില്‍ ആന്റണി ആ വഴിക്കൊന്നും വന്നില്ല. ബി.ജെ.പിയില്‍ ചേരും വരെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവായാണ് കേരളത്തിലെ മാധ്യമങ്ങള്‍ അനില്‍ ആന്റണിയെ വിവരിച്ചിരുന്നത്. രാഹുലിനും കോണ്‍ഗ്രസ് നേതൃത്വത്തിനും എതിരെ സംസാരിക്കാന്‍ തുടങ്ങിയതോടെ അനില്‍ ആന്റണിയെ വിവാദങ്ങളുടെ കളിത്തോഴനാക്കി മാറ്റാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചത്.
36 വയസ്സുള്ള ഒരു യുവാവ് സ്വന്തം ചിന്താശേഷിയുടെയും നിരീക്ഷണത്തിന്റെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നതില്‍ എന്താണ് ഇത്ര അസ്വസ്ഥത? കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയത്തില്‍ ആദ്യമായി പാര്‍ട്ടി മാറുന്ന ആളാണ് അനില്‍ ആന്റണി എന്ന തരത്തിലാണ് പ്രചാരണം കൊടുത്തത്. 82 വയസ്സുള്ള ഏ.കെ. ആന്റണിയെയും കുത്തിയിളക്കി പ്രതികരിപ്പിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കായി. രാഷ്ട്രീയത്തിന്റെ പേരില്‍ സ്വന്തം മകനെ ഏ.കെ. ആന്റണി തള്ളിപ്പറഞ്ഞെങ്കിലും അനിലുയര്‍ത്തിയ പ്രശ്‌നങ്ങളോട് കാര്യമായി പ്രതികരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് ദേശീയതയുടെ മുഖം നഷ്ടമായി എന്നു തുറന്നടിച്ച അനില്‍ ആന്റണി പറഞ്ഞ ഏറ്റവും പ്രസക്തമായ കാര്യം ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ളതാണ്. ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്നില്‍ അടുത്ത 25 വര്‍ഷത്തെ ഭാരതം എന്തായിരിക്കണമെന്നും എങ്ങനെയാണ് അതിനെ വളര്‍ത്തേണ്ടത്, ലോകശക്തിയായി ഉയര്‍ത്തേണ്ടത് എന്നുമുള്ള വ്യക്തമായ രൂപരേഖയുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ കയ്യിലോ 25 വര്‍ഷം പോയിട്ട് അടുത്ത 24 മണിക്കൂറിലേക്ക് വേണ്ട പ്ലാന്‍ പോലും ഇല്ല. മാത്രമല്ല, ജനാധിപത്യം നഷ്ടമായി ഒരു കുടുംബത്തിന്റെ കൈകളിലേക്ക് പാര്‍ട്ടിയുടെ നിയന്ത്രണം ഒതുങ്ങുന്ന സാഹചര്യം വ്യക്തമാക്കിയ അനില്‍, രാഹുല്‍ അടക്കമുള്ളവരുടെ വിദേശബന്ധവും വിധേയത്വവും തുറന്നു കാട്ടാനും മടിച്ചില്ല.
ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി മുതല്‍ രാജഗോപാലാചാരിയുടെ പൗത്രന്‍ സി.ആര്‍. കേശവന്‍ വരെയുള്ള ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ ബി.ജെ.പിയിലേക്ക് ഒഴുകിയെത്തി. ഇതര രാഷ്ട്രീയ നേതാക്കള്‍ക്കോ പാര്‍ട്ടിക്കാര്‍ക്കോ ഇല്ലാത്ത അസഹനീയമായ അസ്വസ്ഥതയാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്. എന്തുകൊണ്ട് ബി.ജെ.പിയെ മാത്രം വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് അഭിഷേകം ചെയ്യാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്നകാര്യം ഗൗരവമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്. ബി.ജെ.പി നേതാക്കളെ വിമര്‍ശിക്കുന്നതിനും ആശയപരമായ, പ്രവര്‍ത്തനപരമായ, ധൈഷണികമായ തെറ്റോ കുറ്റങ്ങളോ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍, പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. ബി.ജെ.പിയിലേക്ക് പുതിയ ആളുകള്‍ വന്നാല്‍, ബി.ജെ.പി നേതൃത്വവുമായി രാഷ്ട്രീയ കക്ഷികളെ സാമുദായിക നേതാക്കളോ ചര്‍ച്ച നടത്തിയാല്‍, ഇതര രാഷ്ട്രീയ കക്ഷികള്‍ അല്ലെങ്കില്‍ എതിരാളികള്‍ പോലും ഉയര്‍ത്താന്‍ മടിക്കുന്ന ആക്ഷേപമാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. തികച്ചും അന്യായവും ഏകപക്ഷീയവും വസ്തുനിഷ്ഠവും അല്ലാത്ത വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.
ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. ഡല്‍ഹി ബിഷപ്പ് അനില്‍ കുട്ടോവിന്റെ ക്ഷണമനുസരിച്ച് പള്ളിയിലെത്തിയ അദ്ദേഹം മെഴുകുതിരി കത്തിച്ച് വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും കരോള്‍ ഗാനങ്ങള്‍ കേള്‍ക്കുകയും ചെയ്തു. സന്ദര്‍ശനത്തിന്റെ സ്മാരകമായി പള്ളിയങ്കണത്തില്‍ മരവും നട്ടു. ഇതോടൊപ്പം രാജ്യത്തുടനീളം ക്രിസ്തീയ ഭവനങ്ങളിലും അരമനകളിലും ബി.ജെ.പി നേതാക്കള്‍ എത്തുകയും ചെയ്തു. ഏഷ്യാനെറ്റിലെ അബ്‌ജോദ് നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ച സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിന് അപവാദവും അപമാനവുമാണ്. ഗ്രഹാം സ്റ്റെയിന്‍സിനെ മറന്നോ? സ്റ്റാന്‍ സ്വാമിയെ മറന്നോ? തുടങ്ങിയ ചോദ്യങ്ങളുമായി, അത് ചര്‍ച്ചാവിഷയമാക്കിയാണ് ന്യൂസ് അവര്‍ നടന്നത്. ലോകത്തിന്റെ പല ഭാഗത്തും ഇസ്ലാമിക ഭീകരരും തീവ്രവാദികളും ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അതിക്രമവും പോരാട്ടവും ചര്‍ച്ചാവിഷയമായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും ക്രിസ്തീയ സഭയ്‌ക്കൊപ്പം അവരുടെ മതപരമായ ചടങ്ങില്‍ പങ്കെടുത്താല്‍ അതില്‍ എന്താണ് തെറ്റ്? ഗ്രഹാം സ്റ്റെയിന്‍സിന്റെ സംഭവത്തിന്റെ മുമ്പ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ ക്രിസ്തീയ സഭക്കാര്‍ തന്നെയാണ് വധിച്ചത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ സംഭവം അരങ്ങേറിയത്. ഇതെല്ലാം ഉണ്ടാകുന്നത് മതപരിവര്‍ത്തനത്തിന്റെ പേരിലാണ് എന്നകാര്യം മറക്കരുത്. 1990 കളില്‍ ഫാദര്‍ ജോസഫ് പുലിക്കുന്നേലിന്റെ ഓശാന മൗണ്ടില്‍, അന്നത്തെ ആര്‍.എസ്.എസ് സര്‍സംഘചാലക് കെ.എസ് സുദര്‍ശന്‍ജി അടക്കം പങ്കെടുത്ത ചര്‍ച്ച നടന്നിരുന്നു. ക്രിസ്തീയ സഭകളുമായുള്ള ആ സംവാദം ജസ്റ്റിസ് കെ.ടി. തോമസ് മുന്‍കൈയെടുത്ത് നടത്തിയതാണ്. ആ ചര്‍ച്ചയിലും പ്രധാനമായും ഉരുത്തിരിഞ്ഞു വന്നത് മതപരിവര്‍ത്തന വിഷയം തന്നെയായിരുന്നു. അന്ന് ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഒരാള്‍ എന്ന നിലയില്‍ ജസ്റ്റിസ് തോമസിന്റെ സമാപന പ്രഭാഷണം ഇന്നും ഓര്‍മ്മിക്കുന്നു. ഇത് ഒരു തുടക്കമാകണമെന്നും ക്രിസ്തീയ സഭകളെ വിശ്വാസത്തിലെടുത്ത് പോകണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. അതുതന്നെയാണ് സുദര്‍ശന്‍ജിയും പറഞ്ഞത്. ഭാരതത്തിലെ ക്രിസ്ത്യാനികള്‍ അരക്ഷിതരല്ലെന്നും അവര്‍ക്കിവിടെ പ്രശ്‌നങ്ങള്‍ ഇല്ലെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരിയടക്കം പറയുമ്പോഴും ഇല്ലാത്ത സംഭവങ്ങള്‍ കുത്തിപ്പൊക്കി സഭകളെയും സര്‍ക്കാരിനെയും ബി.ജെ.പിയെയും ഒക്കെ രണ്ടു ചേരിയില്‍ നിര്‍ത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത് ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ്, ആരെ പ്രീണിപ്പിക്കാനാണ്? ഇതാണോ സത്യസന്ധവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം?
എന്റെ മതം മാത്രമാണ് ശരിയെന്നും എന്നില്‍ വിശ്വസിക്കാത്തവന്‍ പാപിയാണെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട് എന്തു നേടുന്നു എന്നകാര്യം സഭകളും ആലോചിക്കണ്ടേ? മുപ്പത്തി മുക്കോടി ദൈവങ്ങളുള്ള ഭാരതത്തില്‍ ഇസ്ലാമിനും ക്രിസ്തുവിനും സ്ഥാനം കണ്ടെത്താന്‍ പ്രയാസമില്ല. പക്ഷേ, ഹിന്ദുത്വത്തെ തകര്‍ക്കാനും ഇസ്ലാമിക രാജ്യമോ ക്രിസ്തുരാജ്യമോ ആക്കി മാറ്റാനുമുള്ള ശ്രമം വന്നാല്‍ അതിനെതിരെ കര്‍ശനമായ തിരിച്ചടി ഉണ്ടാവും. അതില്‍ ഖേദിച്ചിട്ട് കാര്യമില്ല. ഒത്തൊരുമിച്ച് എല്ലാവര്‍ക്കും ഏകോദരസഹോദരങ്ങളെ പോലെ ജീവിക്കാനുള്ള സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എന്തിന് ഇത്തരം ശ്രമങ്ങളെ കേരളത്തിലെ മാധ്യമങ്ങള്‍ ചെറുക്കാനും തോല്‍പ്പിക്കാനും ശ്രമിക്കണം, ശ്രമിക്കുന്നു എന്നകാര്യത്തിന് രണ്ട് ഉത്തരമാണുള്ളത്. ഒന്ന് ഒരുപറ്റം മാധ്യമപ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് അടിമ മനോഭാവം, ബി.ജെ.പി വിരുദ്ധത, ദേശവിരുദ്ധത, ഇസ്ലാമിക തീവ്രവാദികളില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍, ഇതാണ് കാരണമെന്ന ആരോപണങ്ങള്‍ തള്ളിക്കളയാന്‍ ആകുമോ? നിഷ്പക്ഷമാകണമെന്ന് പറയുന്നില്ല. പക്ഷേ, സത്യത്തോട് അല്പമെങ്കിലും നീതി കാട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ പണി മാധ്യമങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം.