ക്രിസ്ത്യന്‍ മത പുരോഹിതന്മാര്‍ കോണ്‍ഗ്രസ്സുകാരെയും സഖാക്കളേയും പ്രകോപിപ്പിച്ചിരിക്കുന്നു. അവര്‍ ഇനി അനുഭവിക്കുക തന്നെ. മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ആവനാഴിയിലെ പരനാറി, നികൃഷ്ട ജീവി എന്നീ പദപ്രയോഗങ്ങളേക്കാള്‍ കനം കൂടിയ ഡോസ് വരാന്‍ പോകുന്നു. ആലഞ്ചേരി പിതാവും പാംപ്ലാനി പിതാവും ഉള്‍പ്പെടെയുള്ള മത മേധാവികളെല്ലാം തയ്യാറായി ഇരുന്നോളൂ. ഈ പിതാക്കന്മാരൊന്നുമല്ല ഞങ്ങളാണ് ക്രിസ്ത്യന്‍ സമുദായത്തിന്റെ യഥാര്‍ത്ഥ പ്രതിനിധി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിധിച്ചു കഴിഞ്ഞു. പളളിയില്‍ പ്രവേശിക്കാന്‍ ഈ പിതാക്കന്മാര്‍ക്ക് ഇന്ദിര ഭവനില്‍ നിന്നുള്ള പാസ് വാങ്ങേണ്ടി വരുമോ ആവോ? വിജയന്‍ സഖാവ് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞത് പാര്‍ട്ടി ഇവര്‍ക്കും ബാധകമാക്കുമോ? ഇരു ‘മതേതര’ രാഷ്ട്രീയക്കാരുടെയും അതൃപ്തി നേടാന്‍ പാതിരിമാര്‍ എന്ത് അപരാധം ചെയ്തു? മോദി ഭരണത്തില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണ് എന്ന് ആലഞ്ചേരി പിതാവ് പത്രക്കാരോട് പറഞ്ഞു. അതു മാത്രമോ? അരമനയില്‍ വന്ന ബി.ജെ.പി നേതാക്കളെ സ്വീകരിച്ചിരുത്തി. അവരോട് നാലു ചോദ്യം ചോദിച്ച് തിരിച്ചുവിടണമെന്ന തിട്ടൂരം തെറ്റിച്ച് സല്‍ക്കരിച്ചിരുത്തി. ബി.ജെ.പിയോട് ഒരു അയിത്തവുമില്ലെന്ന് ഇക്കാര്യത്തില്‍ അഭിപ്രായം തേടിയ പത്രക്കാരോടു തുറന്നുപറഞ്ഞു. ഈസ്റ്ററിന് ആശംസയുമായി ബി.ജെ.പി. നേതാക്കള്‍ അരമനകളും ക്രിസ്ത്യന്‍ വീടുകളും സന്ദര്‍ശിച്ചു. ബി.ജെ.പിയാണ് തങ്ങളെ സഹായിക്കുന്നതെങ്കില്‍ അവര്‍ക്ക് വോട്ടുചെയ്യുമെന്ന് പാംപ്ലാനി പിതാവ് ആവര്‍ത്തിച്ചു പറഞ്ഞു. ഇവരെല്ലാം നേരത്തെ രാഷ്ട്രീയ യജമാനന്മാരായിരുന്ന സഖാക്കളും കോണ്‍ഗ്രസ്സുകാരും നല്‍കിയ ക്യാപ്‌സൂളായിരുന്നു കണ്ണും പൂട്ടി ഉരുവിട്ടിരുന്നത്. അതനുസരിച്ച് മോദി ഭരണത്തില്‍ ക്രിസ്ത്യാനികള്‍ അരക്ഷിതരാണ്, പള്ളികള്‍ ആക്രമിക്കപ്പെടുന്നു, കന്യാസ്ത്രീകളെ വേട്ടയാടുന്നു എന്നൊക്കെ തത്തമ്മേ പൂച്ച പൂച്ച എന്ന വിധം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ വിശ്വാസികളെ തെരുവിലിറക്കിയിരുന്നു. അതൊക്കെയാണ് ഈ മതനേതാക്കള്‍ തിരുത്തിപ്പറയുന്നത്.
കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും തമ്മില്‍ പങ്കു കച്ചവടമാണെന്ന് ഒരു കത്തോലിക്കാ പത്രം എഴുതി. ഇതോടെ തങ്ങളുടെ വോട്ടു ബാങ്ക് ഇല്ലാതാകുമോ എന്ന അങ്കലാപ്പിലായി ഈ ‘മതേതര’രാഷ്ട്രീയ നേതാക്കള്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷ ക്രിസ്ത്യന്‍ ജനത ബി.ജെ.പിക്ക് വോട്ടു ചെയ്തു തങ്ങളുടെ ഭരണകര്‍ത്താക്കളാക്കിയപ്പോള്‍ കേരളത്തില്‍ അതൊന്നും നടപ്പില്ല എന്ന സ്വപ്‌നലോകത്തായിരുന്നു ഇവര്‍. തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നതിനു കാരണക്കാരായ മതമേധാവികളെ പളളിക്കും ക്രിസ്ത്യന്‍ സമുദായത്തിനും പുറത്താക്കാന്‍ ഇവര്‍ തീരുമാനിച്ചു കഴിഞ്ഞു. അതാണല്ലോ സതീശന്റെ ഭീഷണിയില്‍ കണ്ടത്. എന്നാല്‍ ശരിക്കും പള്ളിക്ക് പുറത്താകുന്നത് ആരെന്നത് കാണാന്‍ പോകുന്ന പൂരം തന്നെ!