കേരളത്തിലെ സാധാരണക്കാര്‍ക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, കേരളത്തില്‍ തീവ്രവാദികള്‍ അല്ലെങ്കില്‍ ഭീകരവാദികള്‍ അഴിഞ്ഞാടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവില്ലെന്ന്. കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട് എന്ന സാഹചര്യം കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു ഈ ധാരണ. ജനസംഖ്യയില്‍ 28 ശതമാനം വരുന്ന മുസ്ലിം സമുദായം ഭീകരവാദത്തിന്റെ പിടിയില്‍പ്പെട്ടാല്‍ ലാഭത്തേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്ന തിരിച്ചറിവാണ് പലപ്പോഴും മുസ്ലിം സമുദായിക സംഘടനകളെയും നേതാക്കളെയും ഭീകരവാദത്തിന് എതിരായ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭീകരപ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായ യുവാക്കളെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ ചില ശ്രമങ്ങള്‍ നടത്തിയതും ഇതുകൊണ്ടു തന്നെയാണ്. എന്നാല്‍ എലത്തൂരില്‍ കഴിഞ്ഞദിവസം തീവണ്ടിക്കുള്ളില്‍ നടന്ന ആക്രമണ സംഭവത്തോടെ കേരളം വീണ്ടും ജിഹാദി ഭീകരതയുടെ നിഴല്‍പ്പാടില്‍ തന്നെയാണ് എന്ന സത്യം അംഗീകരിക്കപ്പെടുകയാണ്.
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഞായറാഴ്ച രാത്രി 9.27 നാണ് ആക്രമണം ഉണ്ടായത്. രാത്രി 9.10 നാണ് കോഴിക്കോട് നിന്ന് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. എലത്തൂര്‍ സ്റ്റേഷന്‍ കഴിഞ്ഞ ഉടന്‍ കോച്ചിലെ ശൗചാലയത്തില്‍ നിന്ന് ചുവന്ന ഷര്‍ട്ട് ധരിച്ച പ്രതി ഷാറൂഖ് സെയ്ഫി കമ്പാര്‍ട്ട്‌മെന്റിലേക്ക് എത്തുകയും കയ്യില്‍ രണ്ടു കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് തളിക്കുകയും തീവെക്കുകയുമായിരുന്നു. തൊട്ടു പിന്നാലെ തന്നെ യാത്രക്കാര്‍ പല ഭാഗങ്ങളിലേക്കായി ഓടി. ഒരാള്‍ ഓടിക്കയറിയത് കോച്ചിലെ ശൗചാലയത്തിലേക്കാണ്. കണ്ണൂര്‍, കതിരൂര്‍ സ്വദേശി അനില്‍കുമാറിനും ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. അനില്‍കുമാര്‍ വക്കില്‍ ഗുമസ്തനാണ്. കോഴിക്കോട് എന്‍ട്രന്‍സിന് പഠിക്കുന്ന മകള്‍ അനയയെ കണ്ടതിനുശേഷം കണ്ണൂര്‍ക്ക് മടങ്ങുകയായിരുന്നു അവര്‍. കോഴിക്കോട് നിന്ന് കയറി 10 മിനിറ്റിനുള്ളില്‍ ആക്രമണം ഉണ്ടായി. അനില്‍കുമാറിന്റെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 50 ശതമാനത്തോളം പൊള്ളല്‍ അദ്ദേഹത്തിനുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ പറയുന്നത്. മകന്‍ അദ്വൈതിനും 20 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഭാര്യക്കും പൊള്ളലേറ്റെങ്കിലും വൈകിയാണ് ആശുപത്രിയില്‍ എത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെയും മകനെയും ആശുപത്രിയില്‍ ആക്കാനും ബന്ധുക്കളെ അറിയിക്കാനും മറ്റും ശ്രമിക്കുകയായിരുന്നു അവര്‍. കൊയിലാണ്ടിയില്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറായ ടി.യു. പ്രിന്‍സിനും ഭാര്യ അശ്വതി ചന്ദ്രനും പൊള്ളലേറ്റിട്ടുണ്ട്. 20 ശതമാനം പൊള്ളലാണ് ഇവര്‍ക്കേറ്റിട്ടുള്ളത്. തൃശ്ശൂരിലെ വീട്ടില്‍ നിന്നും കൊയിലാണ്ടിയിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്നു ഇരുവരും. കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നുള്ള ജ്യോതീന്ദ്രനാഥും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസര്‍ എം. റൂബിയും പൊള്ളലേറ്റവരില്‍ ഉള്‍പ്പെടുന്നു.
പിഞ്ചുകുഞ്ഞ് അടക്കം മൂന്നുപേരെയാണ് ആക്രമണത്തിനുശേഷം ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടത്. അപകടം ഉണ്ടായപ്പോള്‍ ഡി-വണ്‍ കോച്ചില്‍ നിന്ന് ജീവരക്ഷാര്‍ത്ഥം എടുത്തുചാടിയവരാണ് മരിച്ചതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. മട്ടന്നൂര്‍ കോളിപ്പുറം കൊട്ടാരത്തില്‍ പുതിയപുര നഫീക്ക് (38 വയസ്സ്), മട്ടന്നൂര്‍ പാലോട്ടുപള്ളി ബദരിയ മന്‍സില്‍ റഹ്‌മത്ത് (44 വയസ്സ്), റഹ്‌മത്തിന്റെ സഹോദരി ജസീലയുടെ മകള്‍ സെഹ്‌റ ബാത്തുല്‍ (2 വയസ്സ്) എന്നിവരെയാണ് തീവണ്ടിപ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് പൊള്ളലേറ്റിരുന്നില്ല. അതുകൊണ്ടുതന്നെ ജീവരക്ഷാര്‍ത്ഥം ചാടിയവരായിരിക്കും ഇവരെന്നാണ് പോലീസ് കരുതുന്നത്. പ്രതി നേരത്തെ തന്നെ തീവണ്ടിയില്‍ കയറിയിരുന്നു. എവിടെ നിന്ന് കയറി എന്നത് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. യാത്രക്കാരെ തീവച്ച ശേഷം പ്രതി തന്നെ അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. പക്ഷേ പുഴയുടെ മുകളില്‍ ആയതിനാല്‍ പലര്‍ക്കും ഇറങ്ങാന്‍ കഴിഞ്ഞില്ല. പ്രതി രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ പ്രതിയുടെ ബാഗ് എലത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്.
ഈ ബാഗില്‍നിന്ന് പെട്രോള്‍ മുതല്‍ ലഘുഭക്ഷണം വരെ പോലീസ് കണ്ടെത്തി. ഏപ്രില്‍ 3ന് പുലര്‍ച്ചയാണ് ബാഗ് കണ്ടെത്തിയത്. ബാഗില്‍ നിന്ന് പെട്രോള്‍ അടങ്ങിയ കുപ്പി കൂടാതെ നോട്ട്ബുക്ക്, കുറിപ്പ് എഴുതുന്ന നോട്ട്പാഡ്, സിം ഊരി മാറ്റിയ മൊബൈല്‍ ഫോണ്‍, ഫോണ്‍ കവര്‍, ഹെഡ്‌സെറ്റ്, മൊബൈല്‍ ചാര്‍ജര്‍ എന്നിവ കണ്ടെടുത്തു. പരിശോധനയില്‍ സിം ഇല്ലാത്ത ഫോണ്‍ മാര്‍ച്ച് 31 നാണ് ഏറ്റവും അവസാനം ഉപയോഗിച്ചതെന്ന് കണ്ടെത്തി. പേഴ്‌സ്, മരുന്നിന്റെ ചെറിയ കപ്പി, ചപ്പാത്തിയും കറിയും അടങ്ങിയ ടിഫിന്‍ ബോക്‌സ്, ഉത്തരേന്ത്യക്കാര്‍ പതിവായി ഉപയോഗിക്കുന്ന തരത്തിലുള്ള ചെറുപലഹാരത്തിന്റെ പാക്കറ്റുകള്‍, വെള്ള വരകളോടുകൂടിയ തവിട്ടുനിറത്തിലുള്ള ടീഷര്‍ട്ട്, ട്രാക്ക് പാന്റ്, ഓവര്‍കോട്ട് എന്നിവയും ബാഗില്‍ ഉണ്ടായിരുന്നു. ബാഗ് പരിശോധിച്ച ഫോറന്‍സിക് സംഘം ബാഗിലെ വിരലടയാളവും ബാഗില്‍ ഉണ്ടായിരുന്ന മുടിയിഴകളും ശേഖരിച്ചിട്ടുണ്ട്.
കണ്ടെടുത്ത ബുക്കില്‍ ഒരു പേജില്‍ ഷാറൂഖ് സെയ്ഫി കാര്‍പെന്റര്‍ എന്ന് പലയിടത്തും എഴുതിയിട്ടുണ്ടായിരുന്നു. അതിന്റെ ചുരുക്കരൂപമായ എസ്.എസ്.സി എന്നത് ലോഗോ പോലെ വരച്ചും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ദിരാ മാര്‍ക്കറ്റിലെയും നോയിഡയിലെയും ചില കണക്കുകളും എഴുതിയിട്ടുണ്ട്. ബുക്കിലെ ഓരോ പേജും വാട്ട് ഐ ഹാവ് ടു ഡു ടുഡേ എന്ന എഴുത്തോടെയാണ് തുടങ്ങിയിരിക്കുന്നത്. 50 പേജുള്ള നോട്ട്ബുക്കില്‍ ഡയറിക്കുറിപ്പുകള്‍ ആണ് കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്. ബുക്കില്‍ ചിലയിടത്തൊക്കെ ഫക്രുദീന്‍ കാര്‍പെന്റര്‍, കാഫിര്‍ കാര്‍പെന്റര്‍ എന്നും എഴുതിയിട്ടുണ്ട്. തെക്കന്‍ ഭാഗത്തെ റെയില്‍വേ സ്റ്റേഷനുകളായ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കുളച്ചല്‍, കന്യാകുമാരി എന്നിവ കൂടാതെ കോവളത്തിന്റെ സ്ഥലപ്പേരും എഴുതിയിട്ടുണ്ട്. കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും.
ചില സൂചനകള്‍ അനുസരിച്ച് 2017 മാര്‍ച്ച് ഏഴിന് കാണ്‍പൂര്‍-ഉജ്ജയിന്‍ പാസഞ്ചര്‍ തീവണ്ടിയില്‍ ബോംബ് സ്‌ഫോടനം നടത്തിയ സംഭവവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. ഈ സ്‌ഫോടന കേസിലെ ഏഴ് പ്രതികള്‍ക്ക് ലഖ്‌നൗവിലെ സ്‌പെഷ്യല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ഈ ഏഴുപേര്‍ക്കും ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. അതിന്റെയും കൂടി അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഴുപേരും 2016 ജൂണില്‍ കോഴിക്കോട് താമസിച്ചിരുന്നു എന്നകാര്യം അന്വേഷണത്തില്‍ പുറത്തുവന്നിരുന്നു. അന്ന് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന നോയിഡ സ്വദേശിയായ സൈഫുള്ള ബോംബ് സ്‌ഫോടനത്തിന്റെ ദിവസം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരണമടഞ്ഞിരുന്നു. എന്‍.ഐ.എ.യുടെ ലഖ്‌നൗ യൂണിറ്റ് ആണ് ഈ സംഭവം അന്വേഷിച്ചത്. കോഴിക്കോടും മംഗലാപുരവും അടക്കം ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളില്‍ ഇവര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു. കൂട്ടാളികള്‍ക്ക് വധശിക്ഷ വിധിച്ച സാഹചര്യത്തില്‍ ഈ സംഘത്തില്‍പ്പെട്ട ആളുകള്‍ നേരത്തെ തീരുമാനിച്ച ഏതെങ്കിലും സ്ഥലങ്ങളില്‍ വീണ്ടും അക്രമമോ സ്‌ഫോടനമോ നടത്താന്‍ സാധ്യതയുണ്ട് എന്ന കാര്യം ഇന്റലിജന്‍സും നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിലേക്ക് ദേശീയ ഏജന്‍സികള്‍ എത്തുന്നത്.
പ്രതിയെ നേരത്തെ ഇരുമ്പനം പ്രദേശത്ത് കണ്ടതായി ചില ആളുകള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ബ്രഹ്‌മപുരം മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് സ്വയമേവ അല്ലെന്ന ആരോപണം നിലനില്‍ക്കെ, അവിടെയുള്ള ഇയാളുടെ സാന്നിധ്യവും അന്വേഷണ വിധേയമാക്കിയേക്കും. ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ ഒരു യൂട്യൂബ് ചാനലിന്റെ പേരും രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്ന സിം ഇല്ലാത്ത മൊബൈല്‍ ഫോണ്‍ നേരത്തെ ഉപയോഗിച്ചത് ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഫറൂഖ് എഫ്.സി-8, അബ്ദുല്‍ ഫസല്‍, ജാമിയ നഗര്‍ ഡല്‍ഹി എന്ന മേല്‍വിലാസത്തില്‍ എടുത്ത സിം ആണ് ഇതില്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
സാധാരണ ഭീകരാക്രമണങ്ങള്‍ ഉണ്ടായാല്‍ ആദ്യമേ ഉണ്ടാകുന്ന, മാനസികരോഗി, വിഭ്രാന്തിയുള്ളയാള്‍ തുടങ്ങിയ പതിവ് വെള്ള പൂശലുകളിലേക്ക് കാര്യങ്ങള്‍ ഇനിയും എത്തിയിട്ടില്ല. സംസ്ഥാനത്തെ അരക്ഷിതമായ തീവണ്ടി യാത്രയുടെയും സുരക്ഷാ സംവിധാനത്തിന്റെയും ഭീകരവാദ പ്രവര്‍ത്തനത്തിന്റെയും പ്രകടമായ ഉദാഹരണമാണ് ഈ തീവണ്ടി തീവെയ്പ്പ്. ഗോധ്രയില്‍ ഏതാണ്ട് ഇതേ രീതിയില്‍ തന്നെ തീവണ്ടി വാതിലുകള്‍ അടച്ച ശേഷം ജനാലയില്‍ കൂടി പെട്രോള്‍ ഒഴിച്ചാണ് 59 ഹിന്ദു തീര്‍ത്ഥാടകരെ കൊന്നൊടുക്കിയത്. അന്ന് മരണമടഞ്ഞവരില്‍ 13 പേര്‍ കുട്ടികളായിരുന്നു. കേരളത്തിലെ തകര്‍ന്നടിഞ്ഞ ക്രമസമാധാന നില ഈ സംഭവത്തില്‍ നിന്ന് വ്യക്തമാണ്. ഇത്രയും കുപ്പികളില്‍ എങ്ങനെ ഒരാളിന് ഇത്രയും പെട്രോള്‍ കിട്ടി എന്ന കാര്യം ഏറ്റവും ശ്രദ്ധേയമാണ്. റെയില്‍വേ സ്റ്റേഷനില്‍ ഇത്തരം സാധനങ്ങള്‍ വണ്ടിയില്‍ കയറ്റുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇതുമായി എങ്ങനെ ഇയാള്‍ തീവണ്ടിയില്‍ കയറിപ്പറ്റി എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഒരു റെയില്‍വേസ്റ്റേഷനിലും ഇപ്പോള്‍ പോലീസ് കാര്യക്ഷമമായി പരിശോധന നടത്തുന്നുണ്ടെന്ന് തോന്നുന്നില്ല. സൗമ്യ കേസിന് ശേഷം തീവണ്ടിയിലെ യാത്രക്കാരെ പരിശോധിക്കാനും നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അന്നത്തെ ഡി.ജി.പി പറഞ്ഞിരുന്നതാണ്. ആ തരത്തിലുള്ള ഏതെങ്കിലും ശക്തമായ സുരക്ഷാസംവിധാനം അല്ലെങ്കില്‍ നിരീക്ഷണ സംവിധാനം ഇന്ന് നിലവിലുണ്ടെന്ന് തോന്നുന്നില്ല. തീവണ്ടിയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും സ്ത്രീകളെ ഉപദ്രവിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഒരു വ്യത്യാസവും ഇല്ലാതെ തുടരുന്നു.
ഭീകരവാദ പ്രവര്‍ത്തനത്തിനും തീവ്രവാദികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കലവറയില്ലാത്ത സഹായവും ഇതിന്റെ ഒരു അടിസ്ഥാന പ്രശ്‌നമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാംവരവിന് അരങ്ങൊരുക്കിയ ഇസ്ലാമിക ഭീകരസംഘടനകളെ ഇപ്പോള്‍ കയറൂരി വിട്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ ഇടപെടല്‍ കൊണ്ട് മാത്രം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടായെങ്കിലും ബാക്കി നേതാക്കളും അവരുടെ പ്രവര്‍ത്തകരും കേരളത്തിലുടനീളം നിര്‍ബാധം പ്രവര്‍ത്തനം നടത്തുകയാണ്. കേരളത്തിലെ ഭീകരസംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ തന്നെ നിരവധി സൂചനകള്‍ ലഭിച്ചതാണ്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ സംഘടനയുടെ പ്രവര്‍ത്തകര്‍ കേരളത്തില്‍ എത്തിയിരുന്നതും നേരത്തെ അറിഞ്ഞതാണ്. ഭീകര സംഘടനകളെ നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതിന്റെ സൂചനയാണ് ഈ ആക്രമണം. ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായ പ്രത്യാഘാതത്തിലേക്കും പ്രതിസന്ധിയിലേക്കും ആയിരിക്കും കേരളം നടന്നു നീങ്ങുക.
കേന്ദ്ര ഏജന്‍സികളുടെയും ഇതര സംസ്ഥാന ഏജന്‍സികളുടെയും സത്വര നടപടികളുടെ ഫലമായാണ് പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വെച്ച് അറസ്റ്റ് ചെയ്യാനായത്. പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോഴുണ്ടായ സുരക്ഷാ വീഴ്ച കേരള സര്‍ക്കാരിന് ഇത്തരം നടപടികളിലുള്ള അലംഭാവത്തെയാണ് കാണിക്കുന്നത്.