- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ബിസ്മിലിനൊപ്പം തൂക്കിലേറ്റപ്പെട്ടവര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 24)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
കാകോരി തീവണ്ടി കവര്‍ച്ചാ കേസില്‍ രാംപ്രസാദ് ബിസ്മിലിനൊപ്പം അഷ്ഫാക് ഉള്ളാ, രാജേന്ദ്രനാഥ് ലാഹിരി, റോഷന്‍ സിങ്ങ് എന്നിവരെയും വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ബിസ്മിലിനെ 1927 ഡിസംബര്‍ 19 ന് ഗോരഖ്പൂര്‍ ജയിലില്‍ വെച്ചാണ് തൂക്കിക്കൊന്നത്. അഷ്ഫാഖ് ഉള്ളായെ അതേ ദിവസം ഫൈസാബാദ് ജയിലില്‍ വെച്ചും റോഷന്‍ സിങ്ങിനെ അലഹബാദ് ജയിലില്‍ വെച്ചും തൂക്കിക്കൊന്നു. എന്നാല്‍ രാജേന്ദ്രനാഥ് ലാഹിരിയെ രണ്ടു ദിവസം മുമ്പു തന്നെ ഗോണ്ടാ ജയിലില്‍ വെച്ച് തൂക്കിക്കൊന്നു.
അഷ്ഫാഖ് ഉള്ളാ
സ്വാതന്ത്ര്യ സമരത്തില്‍ ദേശീയ മുസ്ലീം എന്നറിയപ്പെട്ടിരുന്ന ചില നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നു. മതത്തേക്കാളുപരി ദേശത്തോടും സംസ്‌കാരത്തോടും പ്രതിബദ്ധതയുള്ളവരെയാണ് അങ്ങനെ വിളിച്ചിരുന്നത്. വിപ്ലവപ്രസ്ഥാനത്തിലും ഒരു ദേശീയ മുസ്ലീം ഉണ്ടായിരുന്നു. അദ്ദേഹമാണ് അഷ്ഫാഖ് ഉള്ളാ.
1900 ഒക്ടോബര്‍ 22 ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ നഗരത്തിലാണ് അഷ്ഫാഖ് ജനിച്ചത്. സെമീന്ദാറായിരുന്ന ഷഫീക് ഉള്ളായുടെ അഞ്ചു മക്കളില്‍ ഇളയവനായിരുന്നു. മകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു പിതാവിന്റെ ആഗഹം. പക്ഷെ, ഒരു വിപ്ലവകാരിയായി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മരണം വരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.
വീട്ടില്‍ വെച്ചു തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് അബീ റീച്ച് മിഷന്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ അഷ്ഫാഖും പങ്കെടുക്കാന്‍ തുടങ്ങി. അതോടെ സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ടു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ രാം പ്രസാദ് ബിസ്മിലുമായി പരിചയപ്പെട്ടത് അഷ്ഫാഖിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഉറ്റ ചങ്ങാതിമാരായി തീര്‍ന്ന അവര്‍ ജീവിതാന്ത്യം വരെ ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചു.
ബിസ്മില്‍ ആര്യസമാജത്തിന്റെ ഉറച്ച അനുയായിയായിരുന്നു. അഷ്ഫാഖ് ഉറച്ച മുസ്ലീം മതവിശ്വാസിയും. പക്ഷെ, കടുകിട വ്യതിചലിക്കാത്ത ദേശസ്‌നേഹത്തിന്റെ പാത അവരെ ഒരുമിപ്പിച്ചു. ബിസ്മില്‍ ആര്യസമാജത്തിന്റെ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കൂടെ പോകാന്‍ അഷ്ഫാഖിന് ഒരു മടിയുമുണ്ടായിരുന്നില്ല. അത്തരമൊരു യാത്രയില്‍ ഒരു ക്ഷേത്രത്തിലിരിക്കവേ ചില മുസ്ലീങ്ങള്‍ ക്ഷേത്രം ആക്രമിക്കാന്‍ വന്നത് അഷ്ഫാഖ് കണ്ടു. തന്റെ കൈത്തോക്ക് ഉയര്‍ത്തിക്കൊണ്ട് അയാള്‍ അവരോട് ഇങ്ങനെ പറഞ്ഞു:’ ഞാന്‍ ഒരു ഉറച്ച മുസ്ലീമാണ്. പക്ഷേ, ഈ ക്ഷേത്രത്തിലെ ഓരോ കല്ലിനോടും എനിക്ക് അതിയായ ആരാധനയുണ്ട്. ആരെങ്കിലും ഈ സ്ഥലത്ത് കടക്കാന്‍ ധൈര്യപ്പെട്ടാല്‍ അവരെ ഞാന്‍ വെടിവെച്ചു കൊല്ലും.’ അഷ്ഫാഖിന്റെ ഗര്‍ജ്ജനം കേട്ട കുഴപ്പക്കാര്‍ എത്രയും വേഗം സ്ഥലം വിട്ടു.
നിസ്സഹകരണപ്രസ്ഥാനത്തിലും വിപ്ലവ പ്രവര്‍ത്തനങ്ങളിലും രാംപ്രസാദ് ബിസ്മിലും അഷ്ഫാഖ് ഉള്ളായും ഒന്നിച്ചു പ്രവര്‍ത്തിച്ചു. കാകോരിയിലെ തീവണ്ടിക്കവര്‍ച്ചയിലും അഷ്ഫാഖ് ബിസ്മിലിന്റെ വലംകൈയായി ഉണ്ടായിരുന്നു. സംഭവത്തിനു ശേഷം കരിമ്പിന്‍ തോട്ടത്തിലും മറ്റുമായി അദ്ദേഹം ഒളിവില്‍ കഴിഞ്ഞു. അഷ്ഫാഖിനെ കണ്ടെത്താന്‍ കഴിയാതിരുന്ന പോലീസ് അയാളുടെ സഹോദരന്റെ തോക്ക് പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
അഷ്ഫാഖും ചന്ദ്രശേഖര്‍ ആസാദും ഒഴികെ കേസിലെ എല്ലാ പ്രതികളും പിടിയിലായെങ്കിലും അവര്‍ ഒളിവില്‍ താമസിച്ച് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. രഹസ്യമായി കാശിയിലേക്കു പോയ അഷ്ഫാഖ് പിന്നീട് ബീഹാറിലെ ഒരു എന്‍ജിനീയറിംഗ് സ്ഥാപനത്തില്‍ പത്തു മാസത്തോളം രഹസ്യമായി ക്ലര്‍ക്കിന്റെ ജോലി ചെയ്തു. കവിയായിരുന്ന അദ്ദേഹം അക്കാലത്ത് ധാരാളം കവിതകള്‍ എഴുതി. ഒരു കവിതയില്‍ ഇങ്ങനെ പറയുന്നു.’ഓ, എന്റെ മാതൃഭൂമീ, ഞാന്‍ ജീവിക്കുന്നത് മാതൃഭൂമിയെ സേവിക്കാന്‍ മാത്രമാണ്. എന്നെ ജീവപര്യന്തം തടവിനു ശിക്ഷിച്ചാലും, വധശിക്ഷ നല്‍കിയാലും, വിലങ്ങണിഞ്ഞ കൈകളോടുകൂടി ഞാന്‍ അമ്മയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടും.’
ദീര്‍ഘമായ ഒളിവു ജീവിതം അഷ്ഫാഖില്‍ മടുപ്പുളവാക്കി. അയാള്‍ ദില്ലിയിലേക്കു പോയി. അവിടെ വെച്ച് ഷാജഹാന്‍പൂരിലെ ഒരു സുഹൃത്തിനെ കാണുകയും അയാള്‍ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഹൃദ്യമായ ഭക്ഷണം നല്‍കുകയും ചെയ്തു. സുഹൃത്തിന്റെ നിര്‍ബ്ബന്ധത്താല്‍ അന്ന് അവിടെ തങ്ങി. രാത്രിയില്‍ വാതിലിനു മുട്ടു കേട്ട് തുറന്നപ്പോള്‍ കണ്ടത് അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരെയാണ്. സുഹൃത്ത് ചതിക്കുകയായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്.
കേസില്‍ ഒരു മാപ്പുസാക്ഷിയാകാന്‍ ജയിലില്‍ വെച്ച് അഷ്ഫാഖിന്റെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. പോലീസ് സൂപ്രണ്ട് തസറുക്ഖാന്‍ അയാളോടു ചോദിച്ചു: ‘ഒരു മുസ്ലീമായ നിങ്ങള്‍ സ്വാതന്ത്ര്യസമരത്തില്‍ എന്തിനാണ് ഹിന്ദുക്കളെ പിന്തുണക്കുന്നത്? ഹിന്ദുക്കള്‍ അവരുടെ രാജ്യാധിപത്യം തിരിച്ചു പിടിക്കാനാണ് പൊരുതുന്നത്.’ അഷ്ഫാഖ് തിരിച്ചടിച്ചു :’രാജ്യത്ത് ബ്രിട്ടീഷ് ഭരണത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതായിരിക്കും ഒരു ഹിന്ദു രാഷ്ട്രം.’ സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രയാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് അയാളെ പിന്തിരിപ്പിക്കാനായില്ല.
ഒടുവില്‍ ആ അന്തിമ വിധി വന്നു. കകോരി തീവണ്ടി കവര്‍ച്ചാ കേസില്‍ രാം പ്രസാദ് ബിസ്മില്‍, രാജേന്ദ്ര ലാഹിരി, റോഷന്‍ സിങ്ങ് എന്നിവരോടൊപ്പം അഫ്ഷാഖ് ഉള്ളയ്ക്കും വധശിക്ഷ ലഭിച്ചു.
അന്ത്യനിമിഷങ്ങളിലും അയാള്‍ ഉല്ലാസവാനായിരുന്നത് സഹതടവുകാരെ അത്ഭുതപ്പെടുത്തി. അവരോട് അദ്ദേഹം പറഞ്ഞു: ‘സഹോദരങ്ങളേ, ഇവിടെ മുസ്ലീമായി ഞാന്‍ മാത്രമാണുള്ളത്. ഒരു പാവനമായ ലക്ഷ്യത്തിനു വേണ്ടി ത്യാഗം അനുഷ്ഠിക്കാന്‍ എന്നെ അനുവദിക്കൂ.’ അഷ്ഫാഖ് ഉള്ളായെ 1929 ഡിസംബര്‍ 19 ന് ഫൈസാബാദ് ജയിലില്‍ വെച്ച് തൂക്കിക്കൊന്നു. അതേസമയം നൂറു കിലോമീറ്റര്‍ അകലെയുള്ള ഗോരഖ്പൂര്‍ ജയിലില്‍ രാംപ്രസാദ് ബിസ്മിലിനെയും തൂക്കിലേറ്റുകയായിരുന്നു. സ്വാതന്ത്ര്യസമര പാതയില്‍ മാത്രമല്ല മരണസമയത്തും അവര്‍ ഒന്നിച്ചായിരുന്നു. അങ്ങനെ ഭാരതാംബയുടെ മോചനത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച ദേശീയ മുസ്ലീമായി അഷ്ഫാഖ് ഉള്ളാ ചരിത്രത്തില്‍ ഇടം പിടിച്ചു.
രാജേന്ദ്രനാഥ് ലാഹിരി
ആഗസ്റ്റ് 9 ഭാരതത്തിന്റെ ചരിത്രത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനമെന്ന പേരില്‍ പ്രസിദ്ധമാണല്ലോ. എന്നാല്‍ ഈ ദിനം സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാനം പിടിച്ചിരുന്നു. 1897 ല്‍ ഇതേ ദിവസമാണ് വിപ്ലവകാരികളുടെ പരമ്പരയിലെ തുടക്കക്കാരിലൊരാളായ ദാമോദര്‍ ചാപേക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. 1925 ല്‍ ഇതേ ദിവസമാണ് കാകോരിയിലെ തീവണ്ടി കവര്‍ച്ച നടന്നത്. ഈ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പേരില്‍ ഒരാളായിരുന്നു രാജേന്ദ്രനാഥ് ലാഹിരി.
1892 ല്‍ ബംഗാളിലെ പാബ്‌ന ജില്ലയിലെ (ഇപ്പോള്‍ ബംഗ്ലാദേശ്) മോഹന്‍പൂര്‍ എന്ന ഗ്രാമത്തിലാണ് രാജേന്ദ്രനാഥ് ലാഹിരി ജനിച്ചത്. അച്ഛന്‍ ക്ഷിതീഷ് മോഹന്‍ ലാഹിരി വാരാണസിയില്‍ വലിയൊരു എസ്റ്റേറ്റിന്റെ ഉടമയായിരുന്നു. ബംഗാളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലാഹിരി വാരാണസിയിലേക്കു വരികയും സെന്‍ട്രല്‍ ഹിന്ദു കോളേജില്‍ നിന്നു ബിരുദം നേടുകയും ചെയ്തു. അക്കാലത്ത് വിപ്ലവകാരികളുടെ പ്രമുഖ കേന്ദ്രമായിരുന്നു വാരാണസി. വിപ്ലവപ്രസ്ഥാനത്തില്‍ അംഗമായി ചേര്‍ന്ന അദ്ദേഹം തന്റെ വിദ്യാഭ്യാസവും സമ്പത്തുമെല്ലാം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സമര്‍പ്പിക്കാനാണ് തീരുമാനിച്ചത്.
ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ അംഗമായ ലാഹിരി സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന സ്ഥാനം വഹിച്ചു. കാകോരി തീവണ്ടി കവര്‍ച്ചയ്ക്കു ശേഷം ദേശവ്യാപകമായി വിപ്ലവകാരികളെ അറസ്റ്റു ചെയ്ത കൂട്ടത്തില്‍ ലാഹിരിയും പോലീസ് പിടിയിലായി. കേസിന്റെ വിചാരണ 1926 ജനുവരി 4 – ന് ലഖ്‌നൗവിലെ റിങ്ങ് തിയേറ്ററില്‍ ഹാമില്‍ട്ടണ്‍ ഐ.സി.എസ്സിന്റെ സ്‌പെഷല്‍ കോടതിയില്‍ തുടങ്ങി. റിങ്ങ് തിയേറ്റര്‍ ഇപ്പോള്‍ ലഖ്‌നൗവിലെ ജനറല്‍ പോസ്റ്റോഫീസാണ്.
വിധി പ്രസ്താവനയില്‍ കേസിലെ ലാഹിരിയുടെ പങ്കിനെ കുറിച്ച് ഇങ്ങനെ വിശദീകരിക്കപ്പെട്ടു. ‘രാജേന്ദ്രനാഥ് ലാഹിരി ഈ ഗൂഢാലോചനയിലെ നേതാക്കന്മാരില്‍ ഒരാളാണ്. അയാള്‍ കല്‍ക്കത്തയില്‍ വെച്ച് ബോംബ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ പഠിച്ചു. രാം പ്രസാദ് ബിസ്മിലിനൊപ്പം കൊള്ളയിലെ പങ്കാളിയായിരുന്നു. അയാള്‍ പ്രസ്ഥാനത്തെ നയിക്കുകയായിരുന്നു. അതുകൊണ്ട് അയാള്‍ക്ക് ആന്‍ഡമാനിലേക്കുള്ള നാടുകടത്തല്‍ ശിക്ഷയായി വിധിക്കുന്നു. അതേസമയം അഹമ്മദ് അലിയുടെ( വിപ്ലവകാരികളുടെ നിര്‍ദ്ദേശം അനുസരിക്കാതെ തീവണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയ ആള്‍) മരണത്തിനും അയാള്‍ ഉത്തരവാദിയാണ്. അതിനാല്‍ വധശിക്ഷ നല്‍കുന്നു.’
വധശിക്ഷക്കു വിധിക്കപ്പെട്ട നാലുപേരെയും നാലു ജയിലുകളില്‍ തടവിലാക്കി, അവിടെ വെച്ച് തൂക്കിലേറ്റാനാണ് തീരുമാനിച്ചിരുന്നത്. അതുപ്രകാരം ഗോണ്ട ജയിലിലാണ് ലാഹിരിയെ താമസിപ്പിച്ചിരുന്നത്. എല്ലാവരെയും 1927 ഡിസംബര്‍ 19 ന് തൂക്കിലേറ്റാനായിരുന്നു തീരുമാനം. എന്നാല്‍ പോലീസിനു പിടികിട്ടാതിരുന്ന ചന്ദ്രശേഖര്‍ ആസാദും സഹപ്രവര്‍ത്തകരും ലാഹിരിയെ ജയിലില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ക്കു വിവരം കിട്ടി. അതിനാല്‍ ഡിസംബര്‍ 17 നു തന്നെ ലാഹിരിയെ തൂക്കിലേറ്റാന്‍ അവര്‍ തീരുമാനിച്ചു.
ഡിസംബര്‍ 14 – ന് ലാഹിരി സുഹൃത്തുക്കള്‍ക്ക് ഇങ്ങനെ എഴുതി: ‘എന്റെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ സാദ്ധ്യമായതെല്ലാം ചെയ്തു. എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എന്റെ ജീവന്‍ ആവശ്യമായി വന്നിരിക്കുന്നു. അല്ലെങ്കിലും എന്താണു മരണം? അതൊരു പുതിയ ജീവിതത്തിന്റെ തുടക്കം മാത്രമാണ്. അതുകൊണ്ട് മരണത്തെ എന്തിനു ഭയപ്പെടണം? ഉദയ സൂര്യനെ പോലെ തീര്‍ത്തും സ്വാഭാവികമാണത്. എന്റെ മരണം പാഴായിപ്പോകില്ലെന്നു ഞാന്‍ കരുതുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.’
മരിക്കുന്നതിന്റെ തലേന്ന് തന്നെ വന്നു കണ്ട സഹോദരനോട് ലാഹിരി പറഞ്ഞു.’എന്റെ അന്ത്യ കര്‍മ്മങ്ങള്‍ വൈദിക ആചാരപ്രകാരമായിരിക്കണം നടത്തേണ്ടത്. എന്നെ തൂക്കിലേറ്റുമ്പോള്‍ ഞാന്‍ ‘വന്ദേമാതരം’ എന്ന ഉദ്‌ഘോഷം മുഴക്കും. ജയിലിന്റെ പുറം വാതിലുകളില്‍ നിന്നും അതിന്റെ പ്രതിധ്വനികള്‍ എനിക്കു കേള്‍ക്കണം. അപ്പോള്‍ മാത്രമേ എനിക്കു സമാധാനത്തോടെ മരിക്കാന്‍ കഴിയൂ.’
ഡിസംബര്‍ 16 ന് രാത്രി ലാഹിരി ഭഗവദ്ഗീത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ജയിലര്‍ വന്ന് ‘താങ്കളെ നാളെ തൂക്കിലേറ്റും’ എന്ന വിവരം പറഞ്ഞു. ‘ശരി, ഞാന്‍ നാളെ നേരത്തെ തന്നെ തയ്യാറായി നില്‍ക്കാം.’ എന്നായിരുന്നു ലാഹിരിയുടെ മറുപടി. പിറ്റേ ദിവസം പതിവു പോലെ അദ്ദേഹം നേരത്തെ ഉണര്‍ന്നു. വ്യായാമവും ഗീതാപാരായണവുമടക്കം എല്ലാ പതിവു കൃത്യങ്ങളും ചെയ്തു. തൂക്കിലേറ്റുന്നതിനു മുമ്പ് മജിസ്‌ട്രേറ്റ് ലാഹിരിയോട് ഇങ്ങനെ ചോദിച്ചു: ‘ഒരു കാര്യം എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല. താങ്കള്‍ കുളിച്ചു. ഭഗവദ്ഗീത വായിച്ചു. ദൈവത്തെ പൂജിച്ചു. അതൊക്കെ നല്ല കാര്യങ്ങള്‍. പക്ഷെ വ്യായാമം ചെയ്തത് എന്തിനായിരുന്നു ? അതിന്റെ ആവശ്യം എന്തായിരുന്നു?’ വളരെ ശാന്തനായി ലാഹിരി പറഞ്ഞു: ‘അതാണ് ഏറ്റവും അത്യാവശ്യം. ഞങ്ങള്‍ ഭാരതീയര്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ പുനര്‍ജനിക്കുകയാണെങ്കില്‍ കരുത്തനും ആരോഗ്യവാനുമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമേ വിദേശ ഭരണത്തില്‍ നിന്നു മോചനം നേടുന്നതുവരെ രാജ്യത്തിനു വേണ്ടി വീണ്ടും വീണ്ടും ജീവന്‍ ബലിയര്‍പ്പിക്കാന്‍ എനിക്കു കഴിയൂ.’തൂക്കിലേറ്റുന്നതിനു മുമ്പ്, രാജേന്ദ്ര ലാഹിരിയുടെ അവസാന വാക്കുകള്‍ ഇവയായിരുന്നു: ‘ഭാരത് മാതാ കീ ജയ്, ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ ആര്‍മി നീണാള്‍ വാഴട്ടെ, വന്ദേ മാതരം.’
റോഷന്‍ സിങ്ങ്
കാകോരി തീവണ്ടി കവര്‍ച്ചാ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവരില്‍ ഏറ്റവും പ്രായമുണ്ടായിരുന്ന വിപ്ലവകാരിയായിരുന്നു റോഷന്‍ സിങ്ങ്. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം വിപ്ലവപ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു. അതുകൊണ്ടു തന്നെയാവണം കേസില്‍ അദ്ദേഹത്തിനെതിരെ വേണ്ടത്ര തെളിവില്ലാതിരുന്നിട്ടും ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്.
1894 ല്‍ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് റോഷന്‍ സിങ്ങ് ജനിച്ചത്. മിഡില്‍ ക്ലാസുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂവെങ്കിലും ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപകന്റെ ജോലി ലഭിച്ചു. ബ്രിട്ടീഷ് ഭരണത്തില്‍ നാട്ടില്‍ നടക്കുന്ന കൊള്ളരുതായ്മകളെ കുറിച്ച് ബോധവാനായിരുന്ന റോഷന്‍ സിങ്ങ് ഏതെങ്കിലും തരത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടേണ്ടത് അനിവാര്യമാണെന്നു മനസ്സിലാക്കി. അങ്ങനെ വിപ്ലവ സംഘനയുടെ നേതാക്കളുമായി പരിചയപ്പെടുകയും അതില്‍ അംഗമാകുകയും ചെയ്തു. അതോടൊപ്പം സ്വാതന്ത്ര്യത്തിനു വേണ്ടി നടക്കുന്ന മറ്റു പ്രക്ഷോഭങ്ങളിലും പങ്കാളിയായി.
നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ഷാജഹാന്‍പൂരിലും ബറേലിയിലും അതിന്റെ വിജയത്തിനുവേണ്ടി റോഷന്‍ സിങ്ങ് പ്രവര്‍ത്തിച്ചു. ആ സമരത്തിനിടയില്‍ ബറേലിയില്‍ വെടിവെപ്പു നടക്കുകയും തുടര്‍ന്ന് റോഷന്‍ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു. ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം വീണ്ടും വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.
കാകോരി തീവണ്ടി കവര്‍ച്ചാ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറ്റവും കരുത്തന്‍ റോഷന്‍ സിങ്ങായിരുന്നു. മറ്റു മൂന്നുപേര്‍ക്കുമൊപ്പം അദ്ദേഹത്തിനും വധശിക്ഷ പ്രഖ്യാപിച്ചതു കേട്ട് കോടതിയിലുണ്ടായിരുന്ന എല്ലാവരും ഞെട്ടി. മറ്റൊരു കവര്‍ച്ചയുടെ വിചാരണയില്‍ റോഷന്‍ സിങ്ങിനെ കൈത്തോക്കുമായി കണ്ടെന്ന് രണ്ട് സാക്ഷികള്‍ നല്‍കിയ മൊഴി മാത്രമായിരുന്നു അദ്ദേഹത്തിനെതിരെയുണ്ടായിരുന്ന തെളിവ്. കാ കോരി സംഭവത്തില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് കരുതപ്പെടുന്നത്.

വിധി പ്രസ്താവം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ ജഡ്ജിയുടെ ഇംഗ്ലീഷ് മനസ്സിലാകാതിരുന്ന റോഷന്‍ സിങ്ങ് അടുത്തു നിന്ന വിഷ്ണു ചരണിനോട് ഇങ്ങനെ ചോദിച്ചു:’അഞ്ചു വര്‍ഷത്തെ കഠിന തടവിനോടാപ്പം ജഡ്ജി മറ്റെന്തോ പറഞ്ഞല്ലോ, അതെന്താണ് ?’ തനിക്കും വധശിക്ഷയാണ് വിധിച്ചതെന്ന മറുപടി കേട്ട റോഷന്‍ സിങ്ങ് സന്തോഷത്തോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റു മൂന്നുപേരെയും നോക്കി പറഞ്ഞു:’നിങ്ങള്‍ക്ക് തനിച്ച് പോകണമായിരുന്നു അല്ലേ?’ പിന്നീട് അദ്ദേഹം ജഡ്ജിയോട് പറഞ്ഞു:’നന്ദിയുണ്ട്, സാര്‍, എന്റെ സീനിയോറിറ്റി പരിഗണിച്ചതിന്, ഈ ചെറുപ്പക്കാരോടൊപ്പം രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ അവസരം തന്നതിന്.’ ജയിലില്‍ കഴിഞ്ഞ സമയം മുഴുവന്‍ ശാന്തനായി വായനയില്‍ മുഴുകുകയാണ് റോഷന്‍ സിങ്ങ് ചെയ്തത്. മറാത്തി പത്രം വായിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം സന്തോഷം കണ്ടെത്തി. 1927 ഡിസംബര്‍ 19 ന് അലഹബാദ് ജയിലില്‍ വെച്ച് അദ്ദേഹത്തെ തൂക്കിലേറ്റി. കൈയില്‍ ഭഗവദ്ഗീതയും ചുണ്ടില്‍ വന്ദേമാതരവുമായി കൊലമരത്തെ സമീപിച്ച റോഷന്‍ സിങ്ങ് അങ്ങനെ സ്വാതന്ത്ര്യ സമരഗാഥയിലെ അനശ്വരനായിത്തീര്‍ന്നു.
(തുടരും)