ഇന്ത്യയെ തകര്‍ക്കുക, ഇന്ത്യയെ മുറിക്കുക, ഇന്ത്യയെ പലപല കഷണങ്ങള്‍ ആക്കി മുറിക്കുക. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയില്‍ അരങ്ങേറുന്ന ഇന്ത്യാവിരുദ്ധ പ്രവണതയുടെ, പ്രവര്‍ത്തനത്തിന്റെ അജണ്ടയുടെ ലക്ഷ്യവും രീതിയും രീതിശാസ്ത്രവും ഇതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ നടന്ന കട്ടിംഗ് ദ സൗത്ത് കോണ്‍ക്ലേവ് വളരെ നിരുപദ്രവം എന്ന് സംഘാടകരും സഹായികളും അവകാശപ്പെട്ടിരുന്നെങ്കിലും ഇതിന്റെ ഭാഗം തന്നെയാണ് എന്ന കാര്യത്തില്‍ സ്വതന്ത്രമായി വസ്തുതാന്വേഷണം നടത്തുന്നവര്‍ക്ക് വളരെ കൃത്യമായി ബോധ്യപ്പെടും. കേരളത്തിലെ മുഴുവന്‍ പത്രപ്രവര്‍ത്തകരുടെയും പ്രാതിനിധ്യം ഉണ്ടെന്ന് അവകാശപ്പെടുകയും ഇപ്പോള്‍ ഇസ്ലാമിക ജിഹാദി ഇടതുപക്ഷ രാഷ്ട്രീയ കൂട്ടായ്മയുടെ ചട്ടുകമായി മാറുകയും ചെയ്ത കെ യു ഡബ്ല്യൂ ജെ, ദ ന്യൂസ് മിനിറ്റ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം, കേരളാ മീഡിയ അക്കാദമി, ന്യൂസ് ലോന്‍ട്രി, കോണ്‍ഫ്‌ളുവന്‍സ് മീഡിയ, കാനഡ എന്നിവരുടെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് 25 മുതല്‍ കൊച്ചിയില്‍ ഈ കോണ്‍ക്ലേവ് അരങ്ങേറിയത്.
എന്താണ് കാനഡയില്‍ നിന്നുള്ള ഈ മീഡിയാ സ്ഥാപനത്തിന്റെ അഥവാ ഫണ്ടിംഗ് ഏജന്‍സിയുടെ പങ്ക്? കട്ടിംഗ് ദ സൗത്ത് അഥവാ തെക്കിനെ മുറിക്കുക എന്ന പേരിലുള്ള കോണ്‍ക്ലേവ് കാര്യമായ പ്രതികരണം ഉണ്ടാക്കാതെ പത്രപ്രവര്‍ത്തകരുടെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമായതെങ്കിലും അവര്‍ മുന്നോട്ടുവെച്ച അജണ്ടയും ഇന്ത്യാ വിരുദ്ധതയും പൊതുസമൂഹം ചര്‍ച്ച ചെയ്യുകയും ഭാവിക്കുവേണ്ടി നടപടികള്‍ എടുക്കേണ്ടതുമാണ്. കോണ്‍ക്ലേവിന്റെ ഭാഗമായി കേരള പ്രസ് അക്കാദമിയുടെ അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ദേശീയതലത്തിലോ അന്തര്‍ദേശീയതലത്തിലോ പ്രശസ്തരായ ചില മാധ്യമ പ്രവര്‍ത്തകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഇത്തരം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കാളിയാകാനും പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാനും കേരള മീഡിയ അക്കാദമിക്ക് എന്താണ് അധികാരം? ഇഷ്ടമുള്ളവര്‍ക്ക് മാത്രമാണ്, ഇടതുപക്ഷക്കാര്‍ക്ക് മാത്രമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന ആക്ഷേപം രാഷ്ട്രീയമാണെന്നു പറഞ്ഞ് തള്ളാം. പത്രപ്രവര്‍ത്തകരുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനും പുതിയ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനും നിലവിലുള്ള പത്രപ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള മേഖലകളില്‍ പരിശീലനം നല്‍കാനും ഒക്കെയാണ് മീഡിയ അക്കാദമി രൂപം കൊണ്ടത്. ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും ഒക്കെ പ്രസ് അക്കാദമിയില്‍ ചുമതല വഹിച്ചിട്ടുമുണ്ട്. അടുത്തിടെയായി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് ദേശാഭിമാനിയെയും കൈരളിയെയും തോല്‍പ്പിക്കുന്ന രീതിയില്‍ ഇടതുപക്ഷവത്കരണം പ്രസ് അക്കാദമിയില്‍ ഉണ്ടായിട്ടുമുണ്ട്. വട്ടമേശ സമ്മേളനം മുതല്‍ സെമിനാറുകള്‍ വരെയുള്ള പരിപാടികളില്‍ ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് ക്ഷണിതാക്കള്‍. ഒറ്റയ്ക്കും തെറ്റയ്ക്കും കണ്ണുകിട്ടാതിരിക്കാന്‍, സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ചിലരെ ക്ഷണിക്കാറുണ്ട്. പക്ഷേ, ഇത്തവണത്തെ ഈ കോണ്‍ക്ലേവിന്റെ അജണ്ട തീരുമാനിച്ചത് ഭീകരസംഘടനകളും രാഷ്ട്രവിരുദ്ധരുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതില്‍ മീഡിയ അക്കാദമിയുടെ പങ്കെന്താണെന്ന് വ്യക്തമാക്കാനുള്ള മാന്യത ഭാരവാഹികള്‍ക്ക് ഉണ്ടാകണം. ആസ്‌ട്രേലിയയിലും അമേരിക്കയിലുമിരുന്ന് ഇന്ത്യാ വിരുദ്ധതയും ഹിന്ദു വിരുദ്ധതയും പ്രചരിപ്പിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതിലുള്ള പങ്കെന്താണ്?
കേരള പത്രപ്രവര്‍ത്തക യൂണിയന് രൂപം നല്‍കുമ്പോള്‍ പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കും ന്യായമായ വേതനത്തിനും തൊഴില്‍സുരക്ഷക്കും ഒക്കെയുള്ള ഒരു കുടയായിട്ടാണ് അതിനെ സ്വപ്‌നം കണ്ടത്. മാനേജ്‌മെന്റുകള്‍ അഥവാ മുതലാളിമാര്‍ ശക്തിപ്രാപിക്കുകയും പത്രപ്രവര്‍ത്തകരുടെ പ്രാധാന്യം മുതലാളിമാരിലേക്ക് ചേക്കേറുകയും ചെയ്ത വര്‍ത്തമാനകാല സാഹചര്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ സാംഗത്യവും നിലനില്‍പ്പും വെല്ലുവിളിയിലാണ്. മാധ്യമ-പത്രപ്രവര്‍ത്തന മേഖല ഉപജീവനമായി സ്വീകരിച്ചിട്ടുള്ള എല്ലാവരെയും യൂണിയന്റെ കുടക്കീഴില്‍ ഒരുമിപ്പിക്കാനുള്ള ബാധ്യത പത്രപ്രവര്‍ത്തക യൂണിയനില്ലേ? രാഷ്ട്രീയം മാത്രം പരിഗണിച്ച് മാധ്യമത്തിലെയും തേജസ്സിലെയും മീഡിയ വണ്ണിലെയും മറ്റു ജിഹാദി മാധ്യമങ്ങളിലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ അംഗത്വം നല്‍കുകയും ദേശീയ നിലപാടെടുക്കുന്ന തങ്ങളുടെ വരുതിക്ക് നില്‍ക്കാത്തവരെന്ന് തോന്നുന്നവര്‍, തങ്ങള്‍ക്ക് വോട്ടുചെയ്യില്ലെന്ന് തോന്നുന്നവര്‍ തുടങ്ങിയവരെയൊക്കെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുക, അംഗത്വം നല്‍കാതിരിക്കുക, അപേക്ഷ കാണാതെ പോവുക, തൊടുന്യായം പറഞ്ഞ് നിരസിക്കുക തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറുന്നുണ്ട്. ക്യാമറാമാന്‍മാര്‍ക്കും കാലത്തിന്റെ മാറ്റമനുസരിച്ച് ഒരു നിശ്ചിത സബ്‌സ്‌ക്രിപ്ഷന്‍ ഉള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയ്ക്കും അംഗത്വം കൊടുക്കേണ്ടതല്ലേ? അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമുള്ള പത്രപ്രവര്‍ത്തക സമൂഹത്തില്‍ അവരുടെ തോളില്‍ കൈവെയ്ക്കാനും ആശ്വസിപ്പിക്കാനും ഒരുനേരമെങ്കിലും ഭക്ഷണം ഉറപ്പാക്കാനും കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഈ യൂണിയന്‍? കൊച്ചിയില്‍ നിന്നുള്ള ഒരു ചാനലില്‍ ഹോസ്റ്റല്‍ ഫീസിനും സാനിറ്ററി പാഡിനുമെങ്കിലും പണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ കഥ ബഹുമാനപ്പെട്ട യൂണിയന്‍ ഭാരവാഹികള്‍ മറന്നിട്ടുണ്ടാവില്ലല്ലോ. ഇന്നും ശമ്പളം കിട്ടാത്ത ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ധരിച്ച ബാഡ്ജ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്ഥാപനത്തിന്റെ പേരുപോലും പറയാനുള്ള ധൈര്യം ലോകം മുഴുവന്‍ നന്നാക്കാന്‍ നടക്കുന്ന, എല്ലാ സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെയും തൂലിക ചലിപ്പിക്കുന്ന, ക്യാമറ തിരിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. ഈ അരപ്പട്ടിണിക്കാരന്റെയും മുഴുപ്പട്ടിണിക്കാരന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ലാത്ത കെ യു ഡബ്ല്യൂ ജെ നേതാക്കള്‍ എങ്ങനെയാണ് ഇത്തരം ഒരു സെമിനാറില്‍ പങ്കാളികളായത്? കെയുഡബ്ല്യൂജെ എന്ന കേരളത്തിലെ പത്രപ്രവര്‍ത്തക യൂണിയന് അപഭ്രംശം സംഭവിച്ചു എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. അമിതമായ രാഷ്ട്രീയവത്കരണവും യൂണിയന്‍ നേതൃത്വം പിടിക്കാനുള്ള ചില വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും രാഷ്ട്രീയക്കാരെ പോലും ലജ്ജിപ്പിക്കുന്ന ചേരിപ്പോരുമാണ് ഇതിന്റെ പ്രധാനകാരണം. അതുകൊണ്ടുതന്നെ ജിഹാദി ഭീകരവാദികള്‍ യൂണിയന്‍ നേതൃത്വത്തില്‍ കടന്നുകൂടുക മാത്രമല്ല, രാഷ്ട്രവിരുദ്ധ താല്പര്യത്തിനു പോലും പത്രപ്രവര്‍ത്തക യൂണിയന്‍ ഉപയോഗിക്കപ്പെടുന്നു. സിദ്ദിഖ് കാപ്പന്‍ ഹത്രാസില്‍ പോയത് പത്രപ്രവര്‍ത്തനത്തിനല്ലെന്നും അയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഡല്‍ഹി ഓഫീസിലെ ചുമതലക്കാരനായിരുന്നുവെന്നും പറഞ്ഞവരെയൊക്കെ സംഘി മുദ്രകുത്തി ഒറ്റപ്പെടുത്താനും അസഭ്യവര്‍ഷം ചൊരിയാനുമായിരുന്നു കെയുഡബ്ല്യൂജെ അടക്കം ചെയ്തത്. ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി സിദ്ദിഖ് കാപ്പന്‍ നടത്തിയിട്ടുള്ള വാട്‌സാപ് ചാറ്റ് അടക്കമുള്ള രേഖകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വ്യക്തമാക്കുന്നതാണ്. അരിയാഹാരം കഴിക്കുന്നവര്‍ ഇനിയും കെയുഡബ്ല്യൂജെയില്‍ ഉണ്ടെങ്കില്‍ ഇതൊക്കെ മനസ്സിലാക്കാനും തീവ്രവാദികളെ പുറത്തുനിര്‍ത്താനും അവരുടെ മുഖംമൂടിയായി യൂണിയന്‍ മാറുന്നത് അവസാനിപ്പിക്കാനും കഴിയണം.
ഇവിടെയാണ് കട്ട് ദ സൗത്ത് കോണ്‍ക്ലേവ് പ്രസക്തമാകുന്നത്. എന്തറിഞ്ഞിട്ടാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ഇതില്‍ തലവെച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ഐഎസ്‌ഐയുടെയും പ്രഖ്യാപിത ലക്ഷ്യമാണ് ഇന്ത്യയെ വിഭജിക്കാനും തകര്‍ക്കാനുമുള്ള ശ്രമം. ബ്രേക്കിംഗ് ഇന്ത്യ എന്ന അജണ്ട രേഖകളടക്കം പുറത്തുവന്നിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനില്‍ അക്ഷരാഭ്യാസമില്ലാത്തവര്‍ അല്ലല്ലോ. അരുണ്‍കുമാര്‍ സിന്‍ഹ ജൂനിയര്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നല്‍കിയ റിപ്പോര്‍ട്ടിലും ഇസ്ലാമിക ഭീകരസംഘടനകളുടെ ഈ ലക്ഷ്യത്തെ കുറിച്ച് വളരെ വിശദമായി വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിഷന്‍ 2047 എങ്ങനെ അധികാരം പിടിക്കണമെന്നും 2050 തോടെ ഇസ്ലാമിക രാജ്യമാക്കണം എന്നുമൊക്കെയുള്ള കാര്യങ്ങള്‍ അതിന്റെ രൂപരേഖയടക്കം വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും മീഡിയ അക്കാദമിയും പത്രപ്രവര്‍ത്തക യൂണിയനും ഇതിന്റെ പിന്നാലെ പോകുന്നുണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും നിഷ്‌കളങ്കമായിട്ടാണെന്ന് കരുതാന്‍ ആര്‍ക്കുമാകില്ല. എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മീഡിയ അക്കാദമിയും മുഴുവന്‍ പത്രപ്രവര്‍ത്തകരുടെയും ഏക യൂണിയനായ കെയുഡബ്ല്യൂജെയും ഭീകര അജണ്ടകളുമായി കൈകോര്‍ക്കുന്നു? കാനഡയില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഈ പത്രപ്രവര്‍ത്തക സ്ഥാപനത്തിന് അല്ലെങ്കില്‍ ഫ്രാക്ഷന് എങ്ങനെ കേരളത്തിലെ സെമിനാറില്‍ പങ്കാളിത്തം ലഭിച്ചു? ഇതിന്റെ ധനസ്രോതസ്സ് എന്താണ്? ഇതിന്റെ സംഘാടകരുടെ മുഖംമൂടിയ്ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക ഭീകരസംഘടനകളാണ് എന്നകാര്യത്തില്‍ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം സ്ഥിരമായി പഠിക്കുകയും എഴുതുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കോ ബുദ്ധിജീവികള്‍ക്കോ സംശയമില്ല. അത് പറഞ്ഞാല്‍ സംഘിപ്പട്ടം ചുമത്തും. അതിനെ പൂര്‍ണ്ണമായ ദേശസ്‌നേഹത്തിന്റെ ആദരവായി സ്വീകരിക്കുകയും ചെയ്യുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ പ്രവര്‍ത്തനത്തില്‍ അതിനിശിതമായ ആത്മവിമര്‍ശനം അനിവാര്യമാണ്. ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകരെയും വിദ്യാഭ്യാസമുള്ള അംഗീകൃത പ്രാദേശിക ലേഖകന്മാരെയും മാധ്യമപ്രവര്‍ത്തനവുമായി ബന്ധമുള്ള മറ്റു വിഭാഗങ്ങളെയും യൂണിയന്റെ അംഗത്വപരിധിയില്‍ കൊണ്ടുവരണം. യൂണിയന്‍ അംഗത്വത്തിന് മാനേജ്‌മെന്റിന്റെ കത്ത് വേണമെന്ന അപഹാസ്യമായ നിബന്ധന ലോകത്ത് ഏതെങ്കിലും യൂണിയനില്‍ ഉണ്ടാകുമോ? പി.എഫ് അംഗത്വമാണ് മറ്റൊരു പ്രശ്‌നം. പ്രോവിഡന്റ് ഫണ്ടിന്റെ അംഗത്വം ചേര്‍ക്കാന്‍ നിശ്ചിത ശമ്പളത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് യോഗ്യത. അതിനു മുകളില്‍ ശമ്പളമുള്ളവര്‍ക്ക് പി.എഫ് കിട്ടില്ല. പി.എഫ് മാനദണ്ഡമായി വെച്ച് യൂണിയന്‍ അംഗത്വം കൊടുക്കാന്‍ ശ്രമിച്ചാല്‍ ഒരു നിശ്ചിത പരിധിയ്ക്കു മുകളില്‍ ശമ്പളം കിട്ടുന്നവര്‍ മുഴുവന്‍ യൂണിയന്‍ അംഗത്വത്തില്‍ നിന്ന് പുറത്താവില്ലേ? അടുത്തിടെ കുറച്ചു പത്ര-മാധ്യമ പ്രവര്‍ത്തകര്‍ അകാലമരണത്തിന് ഇരയായി. ചിലര്‍ക്ക് ഗുരുതരമായ രോഗം വന്നു. ഇവരുടെയൊക്കെ കാര്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ എന്തുചെയ്തു? ആരെയും കുറ്റപ്പെടുത്താനല്ല, കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് ഐതിഹാസികമായ പാരമ്പര്യമുണ്ട്. കെ.എ ദാമോദര മേനോനെയും കെ.പി കേശവ മേനോനെയും ഒക്കെ സ്വാതന്ത്ര്യസമരത്തിന്റെ വേളയില്‍ പത്രാധിപരുടെ കസേരയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതാണ്. വി.എം കൊറാത്ത് അടക്കമുള്ളവര്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരായ പോരാട്ടത്തില്‍ അറസ്റ്റ് വരിച്ചതാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലും തടവിലായതാണ്. ഇന്ദിരയുടെ അടിയന്തിരമെഴുതി മിസ അനുസരിച്ച് അറസ്റ്റിലായ പി.രാജനും വാര്‍ത്ത ചെയ്യാനുള്ള അവകാശത്തിന്റെ പേരില്‍ അറസ്റ്റിലായ സി.ആര്‍.എന്‍.പിഷാരടിയും കെ.ജയചന്ദ്രനും ഒക്കെ മിന്നുന്ന ഓര്‍മ്മകളാണ്.
ഇന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ഭീകരവാദികളുടെയും ദേശവിരുദ്ധ ശക്തികളുടെയും ടൂള്‍കിറ്റ് ചുമക്കുന്ന ഏഴാംകൂലികളായി മാറുമ്പോള്‍ അത് തീര്‍ച്ചയായും വേദനാജനകമാണ്. ഇത് തിരുത്തിയേ കഴിയൂ. ഇല്ലെങ്കില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ബദല്‍ സംവിധാനം ഉയരും എന്നകാര്യത്തില്‍ സംശയമില്ല. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനെ യൂണിയന്‍ ഔദ്യോഗികമായി പിന്തുണച്ചപ്പോള്‍ കേരളത്തിലുടനീളം ദേശീയതയെ അനുകൂലിക്കുന്നവര്‍ പ്രകടനം നടത്തിയ കാര്യം മറക്കരുത്. പത്രപ്രവര്‍ത്തക യൂണിയന്‍ പൂര്‍ണ്ണമായും ഏതെങ്കിലും ഒരു പക്ഷം പിടിക്കണമെന്ന് പറയുന്നില്ല. പക്ഷേ, രാഷ്ട്രതാല്പര്യവും ഭീകരവിരുദ്ധ മനോഭാവവും ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്. എച്ചില്‍ക്കഷ്ണങ്ങള്‍ക്കും വിദേശത്തുനിന്ന് കിട്ടുന്ന ചില്ലറ പണത്തിനും വേണ്ടി ഇസ്ലാമിക ഭീകരതയ്ക്ക് അടിയറ വെയ്ക്കാനുള്ളതല്ല മാധ്യമപ്രവര്‍ത്തകരുടെ സംഘടനാശക്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞെങ്കിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിട്ടുനിന്നത്. മാത്രമല്ല, ഒരിടത്തു പോലും ദക്ഷിണേന്ത്യയെ മുറിക്കണമെന്ന കോണ്‍ക്ലേവിന്റെ ലക്ഷ്യത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല. ഇടതുപക്ഷ പുരോഗമന കുപ്പായമണിഞ്ഞ ചില ഞാഞ്ഞൂലുകള്‍ മാത്രമാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നിട്ട് കേക്ക് കട്ട് ചെയ്യുന്നതു പോലെയല്ല ഇതെന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റുമിട്ടു. ഈ കോണ്‍ക്ലേവിന്റെ യാഥാര്‍ത്ഥ്യം അറിയാതെ നിഷ്‌കളങ്കമായല്ല ഇവര്‍ പങ്കെടുത്തത് എന്നറിയാം. സോവിയറ്റ് യൂണിയനില്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യാ വിരുദ്ധത അതിന്റെ ജനിതക വൈകല്യമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതും ഇന്ത്യാ-ചൈന യുദ്ധസമയത്ത് ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന പുല്ലു കിളിര്‍ക്കാത്ത മണ്ണിനുവേണ്ടിയാണ് യുദ്ധം എന്നുപറഞ്ഞ ഇ എം എസ്സും ഒക്കെ തന്നെ ഇതിന്റെ അപ്പോസ്തലന്മാരാണ്.
സഹസ്രാബ്ദങ്ങളായി ലോകചരിത്രത്തില്‍ മിന്നുന്ന ശുഭ്രനക്ഷത്രമായി നില്‍ക്കുന്ന ഭാരതത്തിന്റെ തേജസ്സ് ഇന്ന് വീണ്ടും ജാജ്വല്യമാനമായിരിക്കുകയാണ്. ഭാരതം വീണ്ടും വിശ്വഗുരു സ്ഥാനത്തേക്ക് എത്തുകയാണ്. ഇസ്ലാമിക ഭീകരവാദം കൊണ്ട് ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാമെന്നും ഭാരതത്തിന്റെ തെക്കേയറ്റത്തെ, ഈ കൊച്ചുകേരളത്തെയും ദക്ഷിണഭാരതത്തെയും മുറിച്ചുമാറ്റാമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. കാശ്മീര്‍ ഇന്ത്യയുടെ കൊസോവോ എന്ന് മുദ്രാവാക്യം വിളിച്ചവര്‍ എവിടെയാണ് എന്നകാര്യം ആലോചിക്കണം. മാത്രമല്ല, ഈ കോണ്‍ക്ലേവിന്റെ സമയം, ഇന്ത്യാവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രവുമായി ഏറെ അടുത്തുനില്‍ക്കുന്നു എന്നകാര്യം മറക്കരുത്. പഞ്ചാബില്‍ പ്രശ്‌നമുണ്ടാക്കിയതും ജി-20 ഉച്ചകോടിയുടെ പ്രധാനസമ്മേളനം നടക്കുമ്പോഴാണ്. കേരളത്തിലെ കോണ്‍ക്ലേവും ഏതാണ്ട് അതേ സമയത്താണ്. ഇതൊന്നും ആകസ്മികമല്ല. ആകസ്മികമാണെന്ന വാദം ഉപ്പുകൂട്ടി വിഴുങ്ങാനും കഴിയില്ല. തീര്‍ച്ചയായും ഇന്ത്യാ വിരുദ്ധതയ്‌ക്കെതിരെ, അത് ആരു നടത്തിയാലും, അതിനെ ആര് പിന്തുണച്ചാലും രാഷ്ട്രം അതിനെ അതിശക്തമായി നേരിടും. ഭാരതം ഭാരതമായി തന്നെ തുടരും എന്നകാര്യം ഒരിക്കല്‍ക്കൂടി അടിവരയിടട്ടെ.