Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മാര്‍ക്‌സും ലെനിനും മാര്‍ക്‌സിസം വികസനവും (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 27)

മുരളി പാറപ്പുറംമുരളി പാറപ്പുറം
31 March 2023

കാറല്‍ മാര്‍ക്‌സിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പാരമ്പര്യ മാര്‍ക്‌സിസ്റ്റുകളും കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളും നിരന്തരം ഉപയോഗിക്കുന്ന പൊതുവായ ആശയമാണ് ‘മാര്‍ക്‌സിസത്തിന്റെ വികസനം’ എന്നത്. ഒക്‌ടോബര്‍ വിപ്ലവം മുതല്‍ ബെര്‍ളിന്‍ മതിലിന്റെ തകര്‍ച്ച വരെയുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലും, സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ മാര്‍ക്‌സിസത്തില്‍നിന്ന് വ്യത്യസ്തമായി മാര്‍ക്‌സിസത്തിന് മറ്റ് ആവിഷ്‌കാരങ്ങള്‍ സാധ്യമാണെന്ന് വാദിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മാര്‍ക്‌സിസത്തിന്റെ വികസനം എന്ന ആശയം വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സ്വയംപ്രഖ്യാപിത പോസ്റ്റ് മോഡേണ്‍ മാര്‍ക്‌സിസ്റ്റുകള്‍ ഈ ദൗത്യം ഏറ്റെടുത്തു. എന്നാല്‍ സൈദ്ധാന്തിക ജാര്‍ഗണുകള്‍ ഉപയോഗിച്ചുള്ള ബൗദ്ധിക വ്യായാമങ്ങള്‍ മാത്രമാണ് ‘മാര്‍ക്‌സിസം വികസനം’ എന്ന വസ്തുത പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

ഒക്‌ടോബര്‍ വിപ്ലവത്തിന്റെ സൈദ്ധാന്തിക അടിത്തറ മാര്‍ക്‌സിസത്തിന്റെ വികസനത്തിലാണെന്ന് ലെനിന്റെ കാലം മുതല്‍ വാദിച്ചുപോന്നു. വിജയകരമായ ഒന്നിലധികം സൈദ്ധാന്തിക വാദങ്ങളിലൂടെയാണ് ഈ വികാസം സംഭവിച്ചതെന്നും, സവിശേഷമായ റഷ്യന്‍ സാഹചര്യമാണ് ഇതിന് പ്രചോദനമായതെങ്കിലും ഓരോന്നിനും റഷ്യന്‍ സന്ദര്‍ഭത്തിനപ്പുറം പ്രസക്തിയുണ്ട്. ഒരു സമൂഹത്തെ സോഷ്യലിസത്തിലേക്ക് മാറ്റുന്നതിന് ആ സമൂഹത്തിലെ മുതലാളിത്ത വികാസം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടോ എന്നതായിരുന്നു വ്യത്യസ്തമായ ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെട്ട പൊതുവായ പ്രശ്‌നമെന്നുമൊക്കെ യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റും സാമ്പത്തിക വിദഗ്ദ്ധനുമായ പ്രഭാത് പട്‌നായിക്ക് ഒരുലേഖനത്തില്‍ പറയുന്നുണ്ട്.

”മുതലാളിത്ത വികാസത്തിന് കാത്തിരിക്കണമെന്നുണ്ടെങ്കില്‍ അതിന്റെ ‘പൂര്‍ത്തീകരണം’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഗ്രാമസമൂഹത്തെ തകര്‍ത്തുകൊണ്ടായിരിക്കരുത് മുതലാളിത്തത്തിലേക്കു പോകുന്നതെന്ന് വേര സസുലിച്ച് (റഷ്യന്‍ വനിതാ സോഷ്യലിസ്റ്റ്) നേതൃത്വം നല്‍കുന്ന ഒരു വിഭാഗം വാദിച്ചപ്പോള്‍, റഷ്യയില്‍ മുതലാളിത്തത്തിനുതന്നെ സാധ്യതയില്ലെന്നാണ് മറ്റൊരു വിഭാഗം ചിന്തിച്ചത്. ഈ രണ്ട് വാദഗതികളും തള്ളിക്കളഞ്ഞ ലെനിന്‍, റഷ്യന്‍ മുതലാളിത്തം നിമിഷംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണെന്നു സ്ഥാപിച്ചു! അതിനാല്‍ മുതലാളിത്ത വികാസം അസാധ്യമാണെന്ന വാദം പ്രസക്തമല്ല. മുതലാളിത്ത വികസനത്തിന്റെ ഫലമായി കാര്‍ഷിക സമൂഹം തകര്‍ന്നുകഴിഞ്ഞതിനാല്‍ അതില്‍നിന്ന് സോഷ്യലിസത്തിലേക്കുള്ള മാറ്റം എന്ന പ്രശ്‌നവും ഉദിക്കുന്നില്ല. മിര്‍ എന്നു വിളിക്കപ്പെടുന്ന ഗ്രാമസമൂഹം എത്രമാത്രം അവശേഷിക്കുന്നുണ്ട് എന്ന പ്രശ്‌നം സസുലിച്ചിന് അയയ്ക്കാന്‍ തയ്യാറാക്കിയ കത്തില്‍ മാര്‍ക്‌സും ഉന്നയിച്ചിരുന്നു. (164)

ADVERTISEMENT

പ്രത്യയശാസ്ത്ര തട്ടിപ്പ്
റഷ്യയില്‍ അധികാരം ലഭിച്ചതിനുശേഷവും മുന്‍കാലപ്രാബല്യത്തോടെ നടന്ന ഇത്തരം ചര്‍ച്ചകളുടെയെല്ലാം ഉദ്ദേശ്യം വിപ്ലവത്തിന് ഒരു സൈദ്ധാന്തിക അടിത്തറ ഉണ്ടായിരുന്നുവെന്നും, മാര്‍ക്‌സിസം വികസ്വരമായ ഒരു തത്വചിന്തയാണെന്നും ലോകത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു. റഷ്യന്‍ സാഹചര്യത്തില്‍ മാര്‍ക്‌സിസത്തെ ലെനിന്‍ സര്‍ഗാത്മകമായി വികസിപ്പിക്കുകയായിരുന്നു എന്ന ‘സത്യം’ സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് മാര്‍ക്‌സിസം-ലെനിനിസം എന്നു വ്യവഹരിക്കാന്‍ തുടങ്ങിയത്. ചൈനയില്‍ അധികാരം പിടിച്ചതോടെ ‘മാര്‍ക്‌സിസം ലെനിനിസം മാവോചിന്ത’ എന്നൊരു പദസമുച്ചയവും നിര്‍മിച്ചെടുത്തു. മാര്‍ക്‌സിസത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ് ലെനിനും സ്റ്റാലിനുമെന്നും, ഈ എളിയവനായ തനിക്കും ഇതില്‍ ചെറിയ സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇ.എം.എസ്. നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചുകൊണ്ടിരുന്നെങ്കിലും കമ്യൂണിസത്തിന് ഒരു ഇന്ത്യന്‍ പാത ഉണ്ടായതേയില്ല. ഇഎംഎസ് അല്ല, ജയപ്രകാശ് നാരായണനെയും രാംമനോഹര്‍ ലോഹ്യയെയും കെ.ദാമോദരനെയും പോലുള്ളവര്‍ക്കാണ് ഇക്കാര്യത്തില്‍ ചില കാഴ്ചപ്പാടുകളെങ്കിലും ഉണ്ടായിരുന്നത്.

യഥാര്‍ത്ഥത്തില്‍ റഷ്യയിലും ചൈനയിലുമൊന്നും ‘വിപ്ലവം’ കൊണ്ടുവന്നത് പ്രത്യയശാസ്ത്രമായിരുന്നില്ല. അധികാരം പിടിക്കാന്‍ അങ്ങനെയൊരു മറ ലെനിനും മാവോയുമൊക്കെ ഉപയോഗിച്ചെന്നു മാത്രം. എതിരഭിപ്രായങ്ങളെ മറികടന്ന് റഷ്യയില്‍ പട്ടാളച്ചിട്ടയുള്ള ഒരു പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ലെനിനു കഴിഞ്ഞു എന്നത് വസ്തുതയാണ്. ഭൂരിപക്ഷം എന്ന് അര്‍ത്ഥമുള്ള ‘ബോള്‍ഷെവിക്’ വാക്കുചേര്‍ത്ത് അറിയപ്പെട്ട ഈ പാര്‍ട്ടിക്ക് സാര്‍ ഭരണം അട്ടിമറിക്കപ്പെട്ടതിനെത്തുടര്‍ന്ന് അധികാരം പിടിക്കാന്‍ കഴിഞ്ഞു. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ വിജയമായി പിന്നീട് ഇത് ഘോഷിക്കപ്പെടുകയായിരുന്നു. സംഘടിത ശക്തിയുടെയും ആയുധത്തിന്റെയും പിന്‍ബലത്തോടെ ആര്‍ക്കും ഏത് രാജ്യത്തും അധികാരം പിടിക്കാവുന്നതേയുള്ളൂ. അതിന് ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലമോ അനുമതിയോ ആവശ്യമില്ല. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം സൃഷ്ടിച്ച ബ്രിട്ടീഷുകാരുടെ ഉദാഹരണം മാത്രം മതിയല്ലോ ഇതിനു തെളിവായി. ആധിപത്യവും അടിച്ചമര്‍ത്തലും ചൂഷണവുംകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വന്തം അതിര്‍ത്തികള്‍ വിസ്തൃതമാക്കിയത് ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ ബലത്തിലായിരുന്നില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്‌സുതന്നെ പുകഴ്ത്തുന്ന ബൂര്‍ഷ്വാസിയുടെ കപ്പലോട്ടങ്ങള്‍ക്ക് എന്ത് പ്രത്യയശാസ്ത്രം! ആവിയന്ത്രവും അജയ്യമായ ഇച്ഛാശക്തിയും ഒരു പ്രത്യയശാസ്ത്രത്തിന്റെയും ഉല്‍പ്പന്നമായിരുന്നില്ല.

ലെനിന്‍ ആരംഭിച്ച അടിച്ചമര്‍ത്തലിനെ പൂര്‍വാധികം ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു സ്റ്റാലിന്‍. ഇതിന് ന്യായീകരണമായി സ്റ്റാലിന്‍ കണ്ടുപിടിച്ച വാക്കാണ് ലെനിനിസം. വികസിപ്പിച്ച മാര്‍ക്‌സിസമാണ് ലെനിനിസം എന്നുവരുത്താന്‍ ലെനിനും സ്റ്റാലിനും വല്ലാതെ അധ്വാനിച്ചു. ലെനിനിസത്തിന്റെ ഉദയത്തോടെ ഒറിജിനല്‍ മാര്‍ക്‌സിസം വിളറിവെളുത്ത് ക്ഷയിച്ചുപോയി എന്നതാണ് വാസ്തവം. പ്രത്യയശാസ്ത്രം എന്നത് അധികാരപ്രയോഗത്തിനുള്ള ഉപകരണം മാത്രമായി മാറി. പോളിഷ് തത്വചിന്തകനും ചരിത്രകാരനുമായ ലാസെക് കൊലകോവ്‌സ്‌കി ഇത് കൃത്യമായി ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ്:

”മാര്‍ക്‌സിസം എന്നത് സോവിയറ്റ് സാമ്രാജ്യത്തിന്റെ സ്വയം ന്യായീകരണത്തിനുള്ള സമര്‍ത്ഥമായ ഉപകരണമായിത്തീര്‍ന്നു. ഇതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. സോവിയറ്റ് രാജ്യങ്ങളൊന്നും തന്നെ പ്രത്യയശാസ്ത്രം ഗൗരവത്തിലെടുക്കുന്നില്ല. പടിഞ്ഞാറന്‍ യൂറോപ്പിലെ രാഷ്ട്രീയമായി പ്രായപൂര്‍ത്തിയെത്താത്തവര്‍ക്ക് മാത്രമേ മാര്‍ക്‌സിസത്തിലുള്ള ശരിയായ വിശ്വാസത്തിന്റെ ആവശ്യമുള്ളൂ. പക്ഷേ അവരത് കാര്യമായെടുക്കുന്നുമില്ല എന്നതായിരുന്നു പൊതുവായ മനോഭാവം…. പ്രത്യയശാസ്ത്രം അവര്‍ക്ക് അധികാരത്തിന്റെ രൂപം മാത്രമായിരുന്നു. പ്രത്യയശാസ്ത്രത്തില്‍ വിശ്വാസമില്ലാതിരിക്കുമ്പോള്‍ തന്നെ ഭരണാധികാരികളും ജനങ്ങളും അതില്‍ തറഞ്ഞുനിന്നു.” (165)

റഷ്യയിലെ പരമാധികാരിയായശേഷം നേരത്തെ വാഗ്ദാനം നല്‍കിയതുപ്രകാരം ലെനിന്‍ സോവിയറ്റുകള്‍ക്ക് സ്വയംനിര്‍ണയാധികാരം നല്‍കുകയുണ്ടായില്ലല്ലോ. നേരെമറിച്ച് സ്വതന്ത്ര ജനവിഭാഗങ്ങളെ കീഴടക്കുകയായിരുന്നു. ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ എന്നിങ്ങനെയുള്ള പ്രവിശ്യകളെ ബലംപ്രയോഗിച്ചാണ് കീഴടക്കിയത്. ഇതുപോലെയാണ് ടിബറ്റും സിങ്കിയാങ്ങും മാവോ പിടിച്ചടക്കിയതും. പ്രത്യയശാസ്ത്രത്തിന് ക്രിയാത്മകമായ ഒരു പങ്കും അവകാശപ്പെടാന്‍ കഴിയാത്ത അധിനിവേശങ്ങളായിരുന്നു ഇതെല്ലാം.

മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് സാര്‍വ്വദേശീയത. ഇതിനു വിരുദ്ധമായിരുന്നു ലെനിന്‍ മുന്നോട്ടുവച്ച ഒരു രാജ്യത്തു മാത്രമായി സോഷ്യലിസം (ടീരശമഹശാെ ശി ീില ഇീൗിൃ്യേ) എന്ന ആശയം. ”മുതലാളിത്തത്തിന്റെ അസമമായ വികാസത്തിന്റെ ഫലമായി ഒരൊറ്റ രാജ്യത്തോ ഒരുപാട് രാജ്യങ്ങളിലോ സോഷ്യലിസത്തിന്റെ വിജയം സാധ്യമാണ്.” (166) ലെനിന്റെ ഈ അടവുനയം മാര്‍ക്‌സിസത്തിന്റെ വികാസമായിരുന്നില്ല, നേരെ മറിച്ച് അതിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതായിരുന്നു.

ഒക്‌ടോബര്‍ വിപ്ലവത്തെത്തുടര്‍ന്നും ലെനിന്റെ ഈ സിദ്ധാന്ത പ്രകാരമുള്ള വിപ്ലവം ഒരിടത്തും നടന്നില്ല. യൂറോപ്പില്‍ വിപ്ലവാവേശം തണുക്കാന്‍ തുടങ്ങിയിരുന്നു. ജര്‍മന്‍ കലാപം അടിച്ചമര്‍ത്തപ്പെട്ടു. ഫിന്‍ലാന്റിലെ വിപ്ലവവും തകര്‍ന്നു. പാഠപുസ്തക മാര്‍ക്‌സിസത്തിന്റെ രീതിയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ 1919 ല്‍ ഹംഗറിയിലെ കര്‍ഷകര്‍ അവിടുത്തെ ഭരണകൂടത്തെ തന്നെ പുറന്തള്ളി. ഇറ്റലിയിലെ സോഷ്യലിസ്റ്റ് മുന്നേറ്റം 1920 ആയപ്പോഴേക്കും ജനപിന്തുണയില്ലാതെ കെട്ടടങ്ങി. നിരവധി സോഷ്യലിസ്റ്റുകള്‍ പഴയ സോഷ്യലിസ്റ്റായ ഫാസിസ്റ്റ് മുസ്സോളിനിയുടെ കൂട്ടത്തില്‍ ചേര്‍ന്നു.

ഗോര്‍ക്കിയുടെ കടന്നാക്രമണം
ലെനിന്‍ വികസിപ്പിച്ചെടുത്തു എന്നു പറയപ്പെടുന്ന മാര്‍ക്‌സിസം റഷ്യയിലും റഷ്യയ്ക്കു പുറത്തും പ്രസക്തമാണെന്ന വാദം പ്രചാരവേല മാത്രമായിരുന്നു. ലെനിന്‍ അധികാരമേറ്റെടുത്ത കാലം മുതല്‍ നിരങ്കുശമായ സ്വേച്ഛാധിപത്യമാണ് റഷ്യയില്‍ നടമാടിയത്. പുതിയ സോവിയറ്റ് യൂണിയനെതിരെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുള്‍പ്പെടുന്ന പാശ്ചാത്യ ശക്തികളും വത്തിക്കാനുമൊക്കെ ഒത്തുചേര്‍ന്ന് പ്രതിരോധം സൃഷ്ടിച്ചെങ്കിലും ഇവിടങ്ങളിലെ തൊഴിലാളികളും ബുദ്ധിജീവികളും സൈനികവിഭാഗംപോലും അതിനെ എതിര്‍ത്തു. അവര്‍ സോവിയറ്റ് യൂണിയന് ഐക്യം പ്രഖ്യാപിച്ചു. പക്ഷേ അത് നിലനിര്‍ത്താന്‍ ലെനിനോ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ കഴിഞ്ഞില്ല. ലെനിന്‍ പകവച്ചു പുലര്‍ത്തുകയാണെന്ന് യൂറോപ്പിലെ കമ്യൂണിസ്റ്റുകള്‍ അധികം വൈകാതെ മനസ്സിലാക്കി. ലോക തൊഴിലാളികളില്‍നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നേരിട്ടും പെട്ടെന്നുമുള്ള പിന്തുണ ലഭിച്ചില്ലെന്നും, ഇവരെ ആശ്രയിച്ചാണ് ഞങ്ങള്‍ നയനിര്‍മാണം നടത്തുന്നതെന്നുമൊക്കെ പറഞ്ഞ ലെനിന്‍ നന്ദികേട് കാണിക്കുകയായിരുന്നു.

വിപ്ലവാനന്തര റഷ്യയെക്കുറിച്ച് ബുദ്ധിജീവികള്‍ക്കാണ് ആദ്യം മോഹമുക്തി വന്നത്. ലെനിന്റെ നിര്‍ദ്ദയമായ അടിച്ചമര്‍ത്തല്‍, ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത വ്യക്തിസ്വാതന്ത്ര്യം തുടച്ചുനീക്കല്‍ എന്നിവ അവരെ നിരാശപ്പെടുത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവായിരുന്ന റോസാ ലക്‌സംബര്‍ഗു തന്നെ 1918 ല്‍ ലെനിനെ വിമര്‍ശിച്ചു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കും മാത്രമാണ് സ്വാതന്ത്ര്യമുള്ളത്. ഇത് സ്വാതന്ത്ര്യമല്ല. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കുള്ളതാണ് സ്വാതന്ത്ര്യമെന്ന് റോസ എഴുതി. പിറ്റേവര്‍ഷം തന്നെ അവര്‍ കൊലചെയ്യപ്പെട്ടു. മൃതദേഹം ബെര്‍ലിന്‍ കനാലില്‍ വലിച്ചെറിയപ്പെട്ടു.

സാഹിത്യത്തിലെ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ വക്താവും റഷ്യന്‍ വിപ്ലവപ്രസ്ഥാനത്തെക്കുറിച്ച് അമ്മ എന്ന നോവലെഴുതുകയും, സോവിയറ്റ് യൂണിയന്റെ സാംസ്‌കാരിക പ്രതീകവുമായിരുന്ന മാര്‍ക്‌സിം ഗോര്‍ക്കി തന്റെ ‘നവയ ഷിസിന്‍’ എന്ന പ്രസിദ്ധീകരണത്തിലൂടെ കടുത്ത അമര്‍ഷവും രോഷവും പ്രകടിപ്പിച്ചു. ”ലെനിന്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് തൊഴിലാളി വര്‍ഗത്തിന്റെ രക്തംകൊണ്ടാണെന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെടരുത്. ലെനിന്‍ എന്തും സാധിച്ചുതരുന്ന മാന്ത്രികനൊന്നുമല്ല, വെറും ചതിയനാണ്. തൊഴിലാളി വര്‍ഗത്തിന്റെ ജീവിതത്തോടോ അവരുടെ അഭിമാനത്തോടോ ലെനിന് യാതൊരു അനുതാപവുമില്ല. വെടിയുണ്ടകൊണ്ടും ബയണറ്റുകൊണ്ടും മുഖമടച്ച് പ്രഹരിക്കുന്ന ഉരുക്കുമുഷ്ടികൊണ്ടും കഴിവു തെളിയിക്കാന്‍ ശ്രമിക്കുന്നവരെ അധിക്ഷേപിക്കാന്‍ എനിക്ക് വാക്കുകളില്ല. അധികാരം ആരുടെ കയ്യിലാണെന്നത് എനിക്കൊരു പ്രശ്‌നമല്ല. വിമര്‍ശിക്കാനുള്ള അവകാശം ഞാന്‍ നിലനിര്‍ത്തും. അധികാരം സ്വന്തം കയ്യില്‍ വന്ന ഒരു റഷ്യക്കാരനെക്കുറിച്ച് (ലെനിന്‍) എനിക്ക് സംശയവും നിരാശയുമാണ്. വളരെക്കാലം മുന്‍പല്ല, അയല്‍ക്കാരന്റെ യജമാനനാവാന്‍ അവസരം ലഭിച്ചയുടന്‍ ഒരു അടിമ കടിഞ്ഞാണില്ലാത്ത ചക്രവര്‍ത്തിയായി മാറിയത്. ലെനിനും ട്രോട്ഡ്‌സിക്കും അവരുടെ കൂട്ടാളികള്‍ക്കും അഴുക്കുപിടിച്ച അധികാരത്തിന്റെ വിഷബാധയേറ്റിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തോടും വ്യക്തികളോടും ജനാധിപത്യാവകാശങ്ങളുടെ ആകെത്തുകയോടുമുള്ള ഇക്കൂട്ടരുടെ ലജ്ജാകരമായ സമീപനം ഇതിന് തെളിവാണ്.” (167) റഷ്യയില്‍ സോഷ്യലിസം കൊണ്ടുവരാന്‍ എന്തു കടുംകൈയും ആവാമെന്ന രീതിയാണ് ലെനിന്റേതെന്നും ഗോര്‍ക്കി വിമര്‍ശിച്ചു.

1917 ലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ തൊട്ടുമുന്‍പും പിന്‍പുമായാണ് ലെനിനും കൂട്ടാളികള്‍ക്കുമെതിരെ ഗോര്‍ക്കി ഈ കടന്നാക്രമണം നടത്തുന്നത്. ഇങ്ങനെയൊക്കെയാണ് മാര്‍ക്‌സിസത്തില്‍ ലെനിന്‍ കൊണ്ടുവന്ന വികസനം! മാര്‍ക്‌സിസം-ലെനിനിസം എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ നിരങ്കുശമായ സ്വേച്ഛാധിപത്യത്തെ ഏറ്റവും കഠിനമായ വാക്കുകളുപയോഗിച്ചാണ് ഗോര്‍ക്കി വിവരിക്കുന്നത്: ”ആയിരക്കണക്കിന് ജീവനുകള്‍ ബലി നല്‍കിയും അവസാനിക്കാത്ത രക്തപ്രവാഹങ്ങളിലൂടെയും അവര്‍ (ജനങ്ങള്‍) സ്വന്തം നേതാക്കളുടെ തെറ്റുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വില നല്‍കേണ്ടതുണ്ട്. റഷ്യയുടെ ക്ഷേമത്തിനുവേണ്ടി ദശലക്ഷം വ്യക്തികള്‍ കൊല ചെയ്യപ്പെടാം. അതിലുമേറെ പേരെ കൊലപ്പെടുത്തിയേക്കാം. എന്തുകൊണ്ട് അവര്‍ കൊലചെയ്യപ്പെടണം? റഷ്യയില്‍ വളരെയധികം ജനങ്ങളും എത്ര വേണമെങ്കിലും കൊലയാളികളുമുണ്ട്.” (168) (ഇതുകൊണ്ടൊക്കെയാണ് 1928 ല്‍ സ്റ്റാലിന്‍ തന്റെ പോലീസ് മേധാവിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി മാര്‍ക്‌സിം ഗോര്‍ക്കിക്കും മകനും വിഷം നല്‍കിയത്.)

പാശ്ചാത്യ സോഷ്യലിസ്റ്റുകളുടെ സങ്കുചിത ദേശീയ വാദത്തെ വിമര്‍ശിച്ച ലെനിന്‍ റഷ്യന്‍ തനിമയില്‍ ‘ഒരു രാജ്യത്തു മാത്രമായി സോഷ്യലിസം’ എന്ന നിലപാടെടുത്തതിന്റെ വിരോധാഭാസം ചൂണ്ടിക്കാട്ടാന്‍ ആളുണ്ടായില്ല. സോവിയറ്റ് ഭരണകൂടത്തെ പിന്തുണയ്‌ക്കേണ്ടത് മാര്‍ക്‌സിസത്തിന്റെ സാര്‍വദേശീയ ലക്ഷ്യം നേടാന്‍ ആവശ്യമാണെന്ന് സംഘടിതമായ പ്രചാരവേലയിലൂടെ റഷ്യന്‍ കമ്യൂണിസ്റ്റുകള്‍ സ്ഥാപിച്ചെടുത്തു. ജര്‍മനിയിലെയും ഫ്രാന്‍സിലെയുമൊക്കെ വിപ്ലവത്തിനുവേണ്ടി പോരാടുന്നതിനേക്കാള്‍ റഷ്യയിലെ അധികാരം ഉറപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ലെനിന്‍ വാദിച്ചു. ഇതാണ് പ്രാവര്‍ത്തികമായതും.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ ചരിത്രത്തിലുടനീളം സാമ്രാജ്യത്വ മോഹങ്ങള്‍ പുലര്‍ത്തിയ രാജ്യമാണ് റഷ്യയും. ദേശീയ ചിഹ്നമായ ഇരട്ടത്തലയുള്ള കഴുകന്റെ സന്ദേശം യുദ്ധങ്ങളിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും റഷ്യ മാനവരാശിക്ക് കൈമാറിയിട്ടുണ്ട്. ഈ റഷ്യന്‍ കഴുകന്റെ ഒരുതല കിഴക്കു ദിക്കിലേക്കു നോക്കുമ്പോള്‍ മറ്റേത് പടിഞ്ഞാറിനെ ലക്ഷ്യം വയ്ക്കുന്നു. ലെനിന്‍ മാര്‍ക്‌സിസത്തെ സൈദ്ധാന്തികമായി വികസിപ്പിക്കുകയായിരുന്നു എന്ന് അവകാശപ്പെടുന്നവര്‍ റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത് ശാസ്ത്രീയ മാര്‍ക്‌സിസത്തെ പ്രതിഷ്ഠിക്കുകയല്ല ലെനിന്‍ ചെയ്തതെന്ന യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് കണ്ണടച്ചു. റഷ്യന്‍ സാമ്രാജ്യത്വത്തിനുമേല്‍ വിപ്ലവാത്മക മാര്‍ക്‌സിസത്തെ ‘സൂപ്പര്‍ ഇംപോസ്’ ചെയ്ത ലെനിന്‍, ലോകാധിപത്യത്തിനുവേണ്ടിയുള്ള റഷ്യന്‍ സാമ്രാജ്യത്വമോഹത്തെ പ്രത്യയശാസ്ത്രംകൊണ്ടും അതിന്റെ സംഘടിത രൂപംകൊണ്ടും ആയുധമണിയിക്കുകയായിരുന്നു. മാര്‍ക്‌സിന്റെ ഭാഷയില്‍ സംസാരിച്ചുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യത്തിന് വിടുപണി ചെയ്യിക്കുന്ന പരിപാടിയായിരുന്നു ഇത്. വിപ്ലവത്തിന്റെ മാതൃരാജ്യമായ റഷ്യയുടെ ആവശ്യങ്ങളെ സംരക്ഷിക്കുകയെന്നതാണ് തങ്ങളുടെ സ്വന്തം വിപ്ലവം ലക്ഷ്യംവയ്‌ക്കേണ്ടതെന്ന ചിന്താഗതിയും വ്യവസ്ഥയും നിലവില്‍ വന്നു. ഇതിലെ വൈരുദ്ധ്യത്തെക്കുറിച്ച് മറ്റ് രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകള്‍ ബോധവാന്മാരായിരുന്നെങ്കിലും ഇതൊരു താല്‍ക്കാലിക സാഹചര്യമാണെന്ന് അവര്‍ സമാധാനിച്ചു.

സോവിയറ്റ്‌വല്‍ക്കരണം
ലെനിന്റെ കാലത്ത് സോവിയറ്റ് യൂണിയനില്‍ സംഭവിച്ചതിന്റെ വകഭേദങ്ങളാണ് പില്‍ക്കാലത്ത് പുറത്തേക്ക് വ്യാപിച്ചതും. രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റു ഭരണകൂടങ്ങള്‍ നിലവില്‍ വന്നത് ലെനിന്‍ വികസിപ്പിച്ച മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തിലാണത്രേ. എന്നാല്‍ പ്രത്യയശാസ്ത്രവുമായി അതിന് ബന്ധമൊന്നുമില്ലായിരുന്നു. ‘ജനകീയ ജനാധിപത്യങ്ങള്‍’ എന്നു പേരിട്ടു വിളിച്ച കിഴക്കന്‍ യൂറോപ്പിലെ ഈ ഭരണസമ്പ്രദായത്തിന് തുടക്കംകുറിച്ചത് 1944-45 കാലത്തായിരുന്നു. പോളണ്ട്, റൊമാനിയ, ഹംഗറി, ജര്‍മ്മനിയുടെ സോവിയറ്റ് അധീനപ്രദേശം, ബള്‍ഗേറിയ, ചെക്കോസ്ലോവാക്യ, യുഗോസ്ലോവ്യ, അല്‍ബേനിയ എന്നീ രാജ്യങ്ങളിലാണ് വിവിധഘട്ടങ്ങളിലായി പീപ്പിള്‍സ് ഡമോക്രസികള്‍ സ്ഥാപിതമായത്. സോവിയറ്റ് യൂണിയന്റെ വിദേശനയവും സൈനിക ഇടപെടലുമാണ് ഇതിനിടയാക്കിയത്.

ചെക്കോസ്ലോവാക്യയിലും ബള്‍ഗേറിയയിലും സോവിയറ്റ് സൈന്യം നേരിട്ട് കടന്നുകയറി സ്ഥിതിഗതികള്‍ മാറ്റുകയായിരുന്നു. യുഗോസ്ലാവിയയിലെ ഭരണകൂടത്തിന് സാമ്പത്തികവും സൈനികവുമായ സഹായം നല്‍കിയാണ് വരുതിയിലാക്കിയത്. അല്‍ബേനിയയിലെ യുഗോസ്ലാവ് സ്വാധീനം സോവിയറ്റ് അധിനിവേശത്തിന് തുണയായി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകളും മോസ്‌കോയിലെ അവരുടെ യജമാനന്മാരും തമ്മില്‍ ആശയവിനിമയം നടത്തി ഭരണകൂട രൂപീകരണത്തിന് അനുമതി നേടുകയായിരുന്നു. ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായഭിന്നതയും അനുവദിച്ചിരുന്നില്ല. മോസ്‌കോ പറയുന്നത് അനുസരിക്കണം. തങ്ങളുടെ രാജ്യത്തെ സ്ഥിതിഗതികള്‍ കിഴക്കന്‍ യൂറോപ്പിലെ അഞ്ചാംപത്തികളായ കമ്യൂണിസ്റ്റുകള്‍ സോവിയറ്റ് യൂണിയനെ അറിയിച്ചുകൊണ്ടിരുന്നു. എന്തു നടപടി വേണമെന്ന് മോസ്‌കോ തീരുമാനിക്കും. 1944-45 കാലയളവില്‍ ജനകീയ ജനാധിപത്യങ്ങള്‍ രൂപീകരിച്ചശേഷം അധികാരത്തിന്റെ കുത്തക കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെത്തിക്കുന്നതിനായി പിന്നീടുള്ള മോസ്‌കോയുടെ ശ്രമം. ഘട്ടംഘട്ടമായാണ് ഇത് പൂര്‍ത്തീകരിച്ചത്. ഇതിനായി ഓരോ രാജ്യങ്ങളിലും മോസ്‌കോ അനുവര്‍ത്തിച്ച രീതി വ്യത്യസ്തമായിരുന്നു.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സോവിയറ്റ് അധിനിവേശങ്ങളില്‍ സ്റ്റാലിനിസത്തിന്റെ മുദ്രയുണ്ടായിരുന്നു. രാഷ്ട്രീയ സഖ്യങ്ങള്‍, ബഹുകക്ഷി സംവിധാനം, പാര്‍ലമെന്റ് എന്നിങ്ങനെയുള്ള ജനാധിപത്യ പ്രഹസനങ്ങള്‍ ഈ രാജ്യങ്ങളില്‍ അരങ്ങേറി. ഇതൊന്നും സോവിയറ്റ് യൂണിയനില്‍ ഇല്ലാത്തതായിരുന്നു എന്നോര്‍ക്കുക. അവര്‍ക്കതില്‍ വിശ്വാസവുമില്ലായിരുന്നു. സോവിയറ്റ് വ്യവസ്ഥയ്ക്ക് മാത്രമല്ല സോഷ്യലിസത്തിലേക്ക് നയിക്കാനാവുക, പാര്‍ലമെന്ററി ജനാധിപത്യത്തിനും ബ്രിട്ടനെപ്പോലുള്ള ഭരണഘടനാപരമായ രാജവാഴ്ചയ്ക്കും-സോവിയറ്റ് യൂണിയനില്‍നിന്ന് വ്യത്യസ്തമായി വിപ്ലവകരമായ കോളിളക്കങ്ങളും സൈനിക സ്ഥാപനങ്ങളുമില്ലാതെ-ക്രമേണ സോഷ്യലിസത്തിലേക്ക് നീങ്ങാനാവുമത്രേ. റഷ്യയില്‍ മുതലാളിത്തഘട്ടമില്ലാതെ സോഷ്യലിസത്തിലേക്ക് പ്രവേശിക്കാമെന്നാണ് ലെനിന്‍ സിദ്ധാന്തിച്ചതെങ്കില്‍, തൊഴിലാളിവര്‍ഗ സര്‍വാധിപത്യമില്ലാതെയും സോഷ്യലിസം കൊണ്ടുവരാമെന്നായിരുന്നു കൗശലക്കാരനായ സ്റ്റാലിന്റെ കണ്ടുപിടുത്തം. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മോസ്‌കോ നിര്‍ദ്ദേശിച്ച ‘സോവിയറ്റിതരപാത’യിലൂടെ സോഷ്യലിസത്തിലെത്താന്‍ കഴിയുമെന്നര്‍ത്ഥം.

ഇത് ഒരു മറയായിരുന്നു. കഴിയുന്നത്ര വേഗം കിഴക്കന്‍ യൂറോപ്പ് സോവിയറ്റ് മാതൃക സ്വീകരിക്കണമായിരുന്നു. 1945 ല്‍ ഹംഗറിയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ തന്ത്രം വെളിപ്പെടുകയും ചെയ്തു. ആരൊക്കെയാണ് മത്സരിക്കേണ്ടത്, തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയായിരിക്കണം, സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് ഏതൊക്കെ പാര്‍ട്ടികള്‍ ചേര്‍ന്നായിരിക്കണം എന്നീ കാര്യങ്ങളില്‍ സോവിയറ്റ് അധികൃതര്‍ നേരിട്ട് ഇടപെട്ടു. തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കൃത്രിമങ്ങളും നടത്തി. ഭരണത്തില്‍ കമ്യൂണിസ്റ്റുകളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായിരുന്നു ഇത്. ”വോട്ടു ചെയ്യുന്നവര്‍ ഒന്നും തീരുമാനിക്കുന്നില്ല. വോട്ടെണ്ണുന്നവരാണ് എല്ലാം തീരുമാനിക്കുന്നത്” എന്ന സ്റ്റാലിന്റെ കുപ്രസിദ്ധമായ വാക്കുകളാണ് ഇവിടെ ഓര്‍മവരിക.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സോവിയറ്റ് യൂണിയന്‍ പ്രതിഷ്ഠിച്ച ഭരണകൂടങ്ങള്‍ക്ക് സൈദ്ധാന്തിക അടിത്തറയോ ജനങ്ങളുടെ അംഗീകാരമോ ഇല്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. 1953, 1956, 1968, 1980-1981 വര്‍ഷങ്ങളില്‍ സോവിയറ്റ് ചേരിയിലെ രാജ്യങ്ങളില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടു. ഒന്നോ അതിലധികമോ രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്കും സോവിയറ്റ് യൂണിയനിലേക്കു തന്നെയും വ്യാപിക്കുമെന്ന് സോവിയറ്റ് നേതാക്കള്‍ ഭയന്നു. അതുതന്നെ സംഭവിച്ചു. 1956 ല്‍ പോളണ്ടിലുണ്ടായ പ്രക്ഷോഭം ഹംഗറിയിലേക്കും പിന്നീട് ചെക്കോസ്ലോവാക്യയിലേക്കും റൊമാനിയിലേക്കും, അവസാനം സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉക്രൈനിലേക്കും വ്യാപിച്ചു. 1968 ല്‍ ഉയര്‍ന്നുവന്ന ‘പ്രാഗ് വസന്തം’ എന്ന പ്രക്ഷോഭം സോവിയറ്റ് റിപ്പബ്ലിക്കുകളിലും അലകളുയര്‍ത്തി. ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ പോളണ്ടില്‍ സോളിഡാരിറ്റി നേതൃത്വം നല്‍കിയ ജനകീയ മുന്നേറ്റം പല കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പടിഞ്ഞാറന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലും കലക്കങ്ങളുണ്ടാക്കി. 1940-1980 കാലയളവില്‍ മോസ്‌കോ കയറ്റുമതി ചെയ്ത ‘സൈനിക കമ്യൂണിസ’ത്തിന്റെ തിരിച്ചടിയായിരുന്നു ഇത്; ലെനിന്റെയും സ്റ്റാലിന്റെയും വികസിത മാര്‍ക്‌സിസത്തിന് സംഭവിച്ച വിപര്യയവും.
(തുടരും)

അടിക്കുറിപ്പുകള്‍:-

164. Marxist Theory and the October Revolution, Prabhat Patnaik
165. End Of A ‘Scientific’ Utopia, S.V. Seshagiri Rao
166. Foundations of Leninism: Interview with American Labour delegation
167. End Of A ‘Scientific’ Utopia, S.V. Seshagiri Rao
168. Ibid

Tags: മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies