Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭാഗവതോല്പത്തിയുടെ ചരിത്ര വഴികള്‍

രാജേഷ് സി പിള്ളരാജേഷ് സി പിള്ള
31 March 2023

വേദങ്ങളെയും സ്മൃതികളേയും പുരാണങ്ങളേയുമാണ് ഹിന്ദു ധര്‍മ്മത്തിന്റെ പ്രമാണഗ്രന്ഥങ്ങളായി അംഗീകരിച്ചിരിക്കുന്നത്. ഇവയില്‍ പ്രധാനമായും പുരാണങ്ങളെയാണ് സാമാന്യജനങ്ങള്‍ ധര്‍മ്മവിഷയത്തില്‍ പ്രമാണമാക്കുന്നത്. വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള പ്രപഞ്ചസത്യങ്ങളെയും ദാര്‍ശനികപരമായ ഉപദേശങ്ങളെയും ധര്‍മ്മസംഹിതകളെയും ലൗകികങ്ങളും ദൈവികങ്ങളുമായ ആഖ്യാനോപാഖ്യാനങ്ങള്‍ വഴി സാധാരണ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ പ്രാപ്യമാവുന്ന ഘടനയില്‍, കഥാഖ്യാന ശൈലിയില്‍ സരസവും ലളിതവുമായ ഭാഷാരീതിയില്‍ വിസ്തരിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥസമൂഹമാണ് പുരാണങ്ങള്‍. ‘പണ്ടുണ്ടായത്’ എന്നാണ് പുരാണം എന്ന ശബ്ദത്തിന്റെ വ്യാകരണ ശാസ്ത്രപ്രകാരമുള്ള അര്‍ത്ഥം. ‘പുരാതന കല്പത്തിലുണ്ടായ സംഭവപരമ്പരകളാണ് പുരാണം’ എന്ന് മത്സ്യപുരാണത്തില്‍ പറയുന്നു (”പുരാതനസ്യ കല്പസ്യ പുരാണാനി വിദുര്‍ബുധഃ” മ.പു. 4.5.63). പ്രാചീന കാലം മുതല്‍ തുടര്‍ന്ന് നിലനില്ക്കുന്നതുകൊണ്ടു പുരാണം എന്നപേര് സിദ്ധിച്ചതായി വായുപുരാണത്തില്‍ കാണുന്നു (യസ്മാദ് പുരാഹ്യനതീദം പുരാണം തേന തത്സ്മൃതം).

Google NewsAdd Kesari Weekly as a preferred source on Google

പുരാണങ്ങളുടെ കര്‍ത്താവിനെയും രചനാകാലഘട്ടത്തെയും സംബന്ധിച്ച് ഗവേഷകരുടെയിടയില്‍ വിഭിന്ന അഭിപ്രായങ്ങളാണുള്ളത്. പ്രാചീന ഋഷിമാരുടെയും രാജാക്കന്മാരുടെയും വംശാനുചരിതജ്ഞാനം പരമ്പരയാ സംരക്ഷിച്ച് വന്നത് സൂതന്മാര്‍ എന്നറിയപ്പെടുന്നവരാണെന്ന് വായുപുരാണത്തിലും പത്മപുരാണത്തിലും പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, ഇക്കാര്യത്തില്‍ സൂതന്മാരുടെ അധികാര്യത അതിപ്രാചീനമാണെന്ന് യജുര്‍വേദ സംഹിതയിലും (കാഠക സംഹിത 15-4, മൈത്രായണി സംഹിത 2-6, തൈത്തരീയ സംഹിത 1 -8 തുടങ്ങിയവ) അഥര്‍വവേദത്തിലുമുള്ള (അഥര്‍വം 3-5-7) പരാമര്‍ശങ്ങള്‍ തെളിയിക്കുന്നു. അതിപ്രാചീനകാലം മുതല്‍ക്കേ സൂതന്മാരാല്‍ പ്രചരിപ്പിച്ചു സംരക്ഷിക്കപ്പെട്ട പുരാവൃത്തങ്ങള്‍ പുരാണങ്ങള്‍ എന്ന പേരില്‍ ക്രമേണ അറിയപ്പെട്ടു.

‘ഋചസ്സാമാനി ഛന്ദാംസി പുരാണം യജൂഷാസഹ
ഉച്ഛിഷ്ടജ്ജജ്ഞിരേ സര്‍വ്വേ ദിവിദേവാ ദിവിശ്രിതഃ’ എന്ന് അഥര്‍വ്വവേദം പതിനൊന്നാം കാണ്ഡം ഏഴാം സൂക്തത്തില്‍ വേദങ്ങളെപ്പോലെതന്നെ പുരാണങ്ങളും സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരനില്‍ നിന്നുതന്നെ ഉണ്ടായതായി വര്‍ണ്ണിച്ചിരിക്കുന്നതില്‍ നിന്ന് വേദങ്ങളും പുരാണങ്ങളും സമകാലികങ്ങളായിരുന്നുവെന്ന് സിദ്ധിക്കുന്നുണ്ട്.

ADVERTISEMENT

മേല്‍പ്പറഞ്ഞ വിവരണങ്ങളില്‍ നിന്ന്, പൂര്‍വ്വികരായ വീരപുരുഷന്മാരുടെ അപദാനങ്ങളും പരമ്പരയാകെ മാറിവന്ന പുരാവൃത്തങ്ങളുമുള്‍പ്പെട്ട പുരാണസാഹിത്യം വേദ കാലഘട്ടത്തോടുകൂടി (BCE 3000 – BCE- 1000)- അതിന്റെ ആദിമവും നിയതവുമായ രൂപം കൈക്കൊണ്ടിരിക്കുന്നുവെന്ന് അനുമാനിക്കാം. ഈ പുരാണ സംഹിത കാലക്രമത്തില്‍ പുതിയ ആഖ്യാനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് പതിനെട്ട് മഹാപുരാണങ്ങളായി വികാസം പ്രാപിച്ചു. പുരാണങ്ങളില്‍ ഉള്‍പ്പെട്ട വിവിധ ആശയങ്ങളുടെ പ്രാചീനതയെ അപഗ്രഥിക്കുന്നതിലൂടെ പുരാണങ്ങളുടെ കാലികമായ വികാസഘട്ടങ്ങളെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. വേദ കാലഘട്ടത്തില്‍ നിലനിന്ന ആദിമ പുരാണസംഹിതയില്‍ വംശാനുചരിതങ്ങളും പൂരൂരുവസ് തുടങ്ങിയ രാജാക്കന്മാരുടെ ആഖ്യാനങ്ങളുമായിരുന്നു പ്രധാനമായും പ്രതിപാദിക്കപ്പെട്ടത്. ഗൃഹ്യസൂത്രങ്ങളും ധര്‍മസൂത്രങ്ങളും ചാണക്യന്റെ അര്‍ത്ഥശാസ്ത്രവും സ്മൃതിനിയമങ്ങള്‍ക്കായി പുരാണസാഹിത്യത്തെ പ്രമാണീകരിക്കുന്നതില്‍ നിന്ന് പുരാണസംഹിത BCE അഞ്ചും ആറും നൂറ്റാണ്ടുകളില്‍ ആദ്യമായി വിപുലീകരിക്കപ്പെട്ടതായി നിരീക്ഷിക്കാം. സാംഖ്യദര്‍ശന സ്വാധീനമുള്ള സൃഷ്ടിവിവരണങ്ങളും ഇതേ കാലഘട്ടത്തില്‍ തന്നെ പുരാണങ്ങളില്‍ അന്തര്‍ഭവിച്ചു. പിന്നീട് BCE 600 CE100 കാലഘട്ടത്തിലാകണം പുരാണത്തിന്റെ പഞ്ചലക്ഷണങ്ങള്‍ എന്ന ക്രമീകരണം നിലവില്‍ വന്നതും വായു, മത്സ്യ, വിഷ്ണു പുരാണങ്ങള്‍ പുരാണ സംഹിതയില്‍ നിന്ന് വേര്‍തിരിഞ്ഞു മഹാപുരാണങ്ങളായി രൂപം പ്രാപിച്ചതും. CE ഒന്നാം നൂറ്റാണ്ടിലെ കൃതിയായ അമരകോശത്തിലാണ് പഞ്ചലക്ഷണങ്ങള്‍ ആദ്യമായി പുരാണേതര സാഹിത്യത്തില്‍ പരാമര്‍ശിച്ചു കാണുന്നത്. CE ഒന്നാം നൂറ്റാണ്ടോടു കൂടി ഭക്തിക്ക് കൂടുതല്‍ പ്രാധാന്യം കല്പിക്കപ്പെടുകയും വിവിധ ഉപാസനാ സമ്പ്രദായങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പുരാണങ്ങള്‍ നവീകരിക്കപ്പെടുകയും ചെയ്തു. CE 100 CE 700 കാലഘട്ടത്തില്‍ വിവിധ ഉപാസനാ മൂര്‍ത്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പതിനെട്ട് മഹാപുരാണങ്ങള്‍ നിയത രൂപേണ നിലവില്‍ വന്നു [S.D.Gyani,- Date of the Puranas, New Indian Antiquary Vol Sept. 1942, p. 132].- ഇന്ന് നിലവിലുള്ള മഹാപുരാണങ്ങള്‍ പ്രധാനമായും അഞ്ച് വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത് (മത്സ്യപുരാണം 53.65).

1) സര്‍ഗ്ഗം-പ്രപഞ്ച സൃഷ്ടി; 2) പ്രതിസര്‍ഗ്ഗം-ദ്വിതീയ സൃഷ്ടികള്‍, പ്രധാനമായും, വിലയം പ്രാപിച്ചതിനു ശേഷമുള്ള പുനഃസൃഷ്ടികള്‍. 3) വംശം-ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി. 4) മന്വന്തരം-മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി. 5) വംശാനുചരിതം-രാജകുലങ്ങളുടെ ചരിത്രം എന്നിവയാണ് അഞ്ച് പുരാണ വിഷയങ്ങള്‍ അഥവാ പഞ്ചലക്ഷണങ്ങള്‍.

സൂതന്മാരാല്‍ തലമുറകള്‍ കൈമാറി വന്ന പൗരാണിക ആഖ്യാനങ്ങളെ സംശോധനം ചെയ്ത് നിയതരൂപം നല്‍കിയതാര് എന്നതിനെക്കുറിച്ച് പുരാണങ്ങളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ വിവരണങ്ങള്‍ പ്രകാരം മഹാഭാരതയുദ്ധ കാലഘട്ടത്തിലെ വ്യാസന്‍, പരമ്പരയാ സംരക്ഷിക്കപ്പെട്ട വംശാനുചരിതങ്ങളും ഉപാഖ്യാനങ്ങളും ഗാഥകളും മറ്റും സമാഹരിച്ച് പുരാണസംഹിതയെ സൃഷ്ടിച്ചുവെന്ന് സിദ്ധിക്കുന്നു (വായുപുരാണം 60.21, വിഷ്ണു പുരാണം 3.6.25). പുരാണങ്ങളുടെ പരിഷ്‌കര്‍ത്താവും പ്രവക്താവും പ്രചാരകനും വ്യാസന്‍ ആണെന്നു പുരാണങ്ങള്‍ എല്ലാം സമ്മതിക്കുന്നു. വ്യാസന്‍ എന്നതു ഒരു വ്യക്തിയുടെ പേരല്ല ഒരു ബിരുദസ്ഥാനം ആണ്. ഓരോ കല്പത്തിലും ദ്വാപരയുഗം തോറും വിഷ്ണു വ്യാസനായി അവതരിച്ചു വേദങ്ങളേയും പരിതഃസ്ഥിതിക്കിണങ്ങത്തക്കവണ്ണം പരിഷ്‌കരിച്ച് ജനസാമാന്യത്തിന്റെ നന്മയ്ക്കുവേണ്ടി പ്രചരിപ്പിക്കുന്നുണ്ടെന്നു വിഷ്ണു പുരാണത്തിലും ദേവീ ഭാഗവതത്തിലും വര്‍ണ്ണിച്ചു കാണുന്നു. പരാശരസുതനായ കൃഷ്ണദ്വൈപായന വ്യാസനാണ് ഇന്നത്തെ പുരാണങ്ങള്‍ക്ക് അധിഷ്ഠാനമായ പുരാണ സംഹിത നിര്‍മ്മിച്ചത്. പുരാണപ്രസിദ്ധമായ ആ വ്യാസകൃത സംഹിത കാലക്രമത്തില്‍ നഷ്ടപ്പെടുകയോ മറ്റു പുരാണങ്ങളില്‍ അടങ്ങി സ്വവ്യക്തിത്വം ഇല്ലാതാകുകയോ ചെയ്തതായി ഊഹിക്കപ്പെടുന്നു. വ്യാസന്‍ പുരാണസംഹിത രചിച്ച് തന്റെ ഉത്തമശിഷ്യനായ ലോമഹര്‍ഷണ സൂതനെ പഠിപ്പിച്ചു. വ്യാസന്‍ നിര്‍മ്മിച്ച പുരാണസംഹിതയെ ആശ്രയിച്ച് ലോമഹര്‍ഷണ സൂതനും ഒരു പുരാണസംഹിത നിര്‍മ്മിച്ചു. അതിനെ അവലംബിച്ചു ലോമഹര്‍ഷണ സൂതന്റെ ശിഷ്യന്മാരായ ശാംശപായനും അകൃതവ്രണനും സാവര്‍ണ്ണിയും ഓരോ സംഹിത രചിച്ചിട്ടുണ്ട് (വിഷ്ണു പുരാണം 3.6.17-19, അഗ്‌നിപുരാണം 270.10-13). ഈ പുരാണ സംഹിതകളില്‍ നിന്നാണ് ഇന്ന് പ്രചാരത്തിലുള്ള പതിനെട്ട് മഹാപുരാണങ്ങള്‍ നിലവില്‍ വന്നത്. ഇങ്ങനെ വ്യാസനും തന്റെ ശിഷ്യപ്രശിഷ്യ പരമ്പരയും കൂടി സര്‍വത്ര പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ടുവന്ന പുരാണങ്ങളാണ് ഇന്നു പ്രചുരപ്രചാരത്തിലിരിക്കുന്നത് (ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍). പുരാണങ്ങളില്‍ പ്രതിപാദിക്കപ്പെട്ട വംശാവലികളില്‍ നിന്നും മറ്റു ചരിത്ര വ്യക്തിത്വങ്ങളില്‍ നിന്നും പുരാണങ്ങളുടെ ആപേക്ഷിക കാലപ്പഴക്കം നിശ്ചയിക്കാവുന്നതാണ്. ബ്രഹ്‌മപുരാണം, വായുപുരാണം, ബ്രഹ്‌മാണ്ഡപുരാണം, മത്സ്യപുരാണം എന്നിവ ലോമഹര്‍ഷണ സൂതന്റെ പുരാണസംഹിതയില്‍ നിന്നുത്ഭവിച്ചവയാണെന്ന് കരുതാം. ഇവയ്ക്ക് പിന്നാലെ വിഷ്ണുപുരാണവും, ശേഷം മറ്റുള്ളവയും നിലവില്‍ വന്നുവെന്ന് പുരാണാന്തര്‍ഗത വംശാവലികളില്‍ നിന്ന് ഊഹിക്കാം.

പുരാണപ്രോക്തമായ വംശാവലികളുടെ ചരിത്രപരമായ സാധുത ഇതരഗ്രന്ഥങ്ങള്‍, പുരാവസ്തു ലിഖിതങ്ങള്‍ തുടങ്ങിയ മറ്റു ചരിത്രസ്രോതസുകളില്‍ നിന്ന് നിര്‍ണയിക്കാവുന്നതാണ്. പുരാണങ്ങളില്‍ പറയപ്പെട്ട ഒട്ടു മിക്ക കലിയുഗരാജവംശങ്ങള്‍ക്കും ഇങ്ങനെ ചരിത്ര പ്രാമാണ്യത നിലവിലുണ്ട്. വേദസാരത്തെ സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചലിതമാക്കുകയെന്നതാണ് ഇതിഹാസ പുരാണങ്ങളുടെ കടമയെന്ന് വായുപുരാണത്തിലും പദ്മപുരാണത്തിലും ശിവപുരാണത്തിലും പ്രസ്താവിച്ചു കാണുന്നതില്‍ നിന്ന് പുരാണങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് സംശയത്തിനവകാശമില്ല.

പുരാണങ്ങളുടെ കാലനിര്‍ണ്ണയം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചരിത്രം, സംസ്‌കാരം, ഭാഷ, സാഹിത്യം എന്നിവയിലുള്ള പഠനങ്ങള്‍ക്ക് പൊതുവില്‍ പറയുന്ന പേരാണ് ഇന്‍ഡോളജി. ബ്രിട്ടീഷ് അധിനിവേശകാലത്തെ യൂറോപ്യന്‍ ഗവേഷകരാണ് ഇന്‍ഡോളജിക്ക് നിയതരൂപത്തിലുള്ള ഗവേഷണ മാനങ്ങള്‍ നല്‍കിയത്. പ്രാചീന ഭാരതീയ ഗ്രന്ഥങ്ങള്‍ക്കും മറ്റും ഈ പാശ്ചാത്യ ഇന്‍ഡോളജിസ്റ്റുകള്‍ നടത്തിയ കാലനിര്‍ണ്ണയങ്ങളില്‍ പാശ്ചാത്യ സാമൂഹിക-രാഷ്ട്രീയ താല്പര്യങ്ങളുടെ, വിശിഷ്യാ ക്രിസ്തുമതവിശ്വാസങ്ങളുടെയും കൊളോണിയല്‍ സാമ്രാജ്യത്വ താല്പര്യങ്ങളുടെയും സ്വാധീനം പ്രകടമായി കാണാനാകും. ഇപ്രകാരത്തിലുള്ള സാംസ്‌കാരിക മുന്‍വിധികളാല്‍ നയിക്കപ്പെട്ട ഗവേഷണങ്ങള്‍ ഭാരതീയ ചരിത്ര-സാംസ്‌കാരിക മേഖലയില്‍ ബഹുവിധത്തിലുള്ള വിലോപങ്ങള്‍ക്ക് വഴി വെച്ചു. സൃഷ്ടിയെക്കുറിച്ചുള്ള ക്രൈസ്തവ വിശ്വാസപ്രമാണങ്ങള്‍ക്ക് യോജിക്കാത്തത് കൊണ്ട് പരമ്പരാഗത ചരിത്രങ്ങളില്‍ നിന്ന് സിദ്ധമായിരുന്ന ഭാരതീയ സാഹിത്യങ്ങളുടെ പ്രാചീനത നിരാകരിക്കപ്പെട്ടു എന്നതാണ് ആദ്യമായി വന്നുചേര്‍ന്ന വിപരീതഫലം. മാത്രമല്ല, വൈദിക വിജ്ഞാന സമ്പത്തിന്റെ മൗലികതയെ സംബന്ധിച്ച് പല സന്ദേഹങ്ങളും ഇവര്‍ പ്രചരിപ്പിച്ചു. ഭാരതീയ പുരാണേതിഹാസങ്ങളിലെ ആശയങ്ങള്‍ ക്രിസ്തുമതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും അതിനാല്‍ അവയുടെ രചനാകാലം ക്രിസ്ത്വബ്ദം ആരംഭിച്ചതിനു ശേഷമാണെന്നും ഇവര്‍ സിദ്ധാന്തിച്ചു. പുരാണേതിഹാസങ്ങളുടെ രചന ഏതെങ്കിലും ഒരു ഗ്രന്ഥകാരനാലല്ല നിര്‍വഹിക്കപ്പെട്ടത്, മറിച്ച് പല കാലഘട്ടങ്ങളിലായി നിരവധി ഗ്രന്ഥകര്‍ത്താക്കളുടെ ഉദ്യമഫലമാണവയെന്ന കാഴ്ചപ്പാടാണ് പാശ്ചാത്യ നിരൂപകര്‍ക്കുള്ളത്.

ഭാഗവതപുരാണം
ഭാഗവതപുരാണം അനേകം ഹിന്ദുക്കളുടെ നിത്യ പാരായണത്തിന്റെ ഭാഗമായ ഒരു ആധ്യാത്മിക ഗ്രന്ഥവും ഭക്തിയുടെ ഉറവിടവുമാണ്. ഭാഗവതപുരാണത്തിന് നിലവിലുള്ള കയ്യെഴുത്തുപ്രതികളുടെയും വ്യാഖ്യാന കൃതികളുടെയും വിവര്‍ത്തനങ്ങളുടെയും ബാഹുല്യം അതിന് സിദ്ധിച്ചിട്ടുള്ള ജനപ്രീതിയെയും യശസ്സിനെയും വെളിവാക്കുന്നു. യൂറോപ്പില്‍ ഇദംപ്രഥമമായി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട പുരാണമെന്ന പ്രത്യേകതയും ഭാഗവതത്തിനുണ്ട്.

ഭഗവാന്‍ വേദവ്യാസന്‍ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തില്‍ തന്നെ പറഞ്ഞിരിയ്ക്കുന്നത്. വേദവ്യാസന്‍ ഭാഗവതം മകനായ ശുകബ്രഹ്‌മര്‍ഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്‌മര്‍ഷി പരീക്ഷിത്ത് മഹാരാജാവിന് അതു പറഞ്ഞു കൊടുക്കുകയും ചെയ്തു. ശുകബ്രഹ്‌മ മഹര്‍ഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോള്‍ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേള്‍ക്കുകയുണ്ടായി.

കാലങ്ങള്‍ക്ക് ശേഷം ശൗനകാദി മുനിമാര്‍ നൈമിശാരണ്യത്തില്‍ ആരംഭിച്ച യജ്ഞത്തില്‍ യദൃശ്ചയാ സൂതന്‍ എത്തിച്ചേര്‍ന്നു. ശുകമഹര്‍ഷിയില്‍ നിന്ന് നേരിട്ട് തത്ത്വഗ്രഹണം സാധ്യമായ സൂതനോട് ശൗനകാദി മുനിമാര്‍ അപേക്ഷിച്ചതിന്റെ ഫലമായി സൂതന്‍ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിയ്ക്കുന്നത്.

ശ്രീമദ് ഭാഗവതത്തിന്റെ രചനാകാലനിര്‍ണ്ണയം പൗരസ്ത്യ ഗവേഷണ രംഗത്തെ അതിസങ്കീര്‍ണ വിഷയങ്ങളിലൊന്നാണ്. അനിശ്ചിതമായി തുടരുന്ന ഈ വിതര്‍ക്കവിഷയം വിഭിന്നങ്ങളായ ഏതാനും സിദ്ധാന്തങ്ങളുടെ രൂപത്തില്‍ പരിണമിച്ചിട്ടുണ്ട്. ഭാഗവതത്തിന്റെ രചനാകാലത്തെ സംബന്ധിച്ച് പതിമൂന്നാം നൂറ്റാണ്ട്, പത്താം നൂറ്റാണ്ട്, ആറാം നൂറ്റാണ്ട്, മൂന്നാം നൂറ്റാണ്ട്, ആഇഋ 900, ആഇഋ 1200 എന്നിങ്ങനെ പ്രധാന പക്ഷങ്ങളാണ് ഗവേഷകരുടെയിടയിലുള്ളത്. എച്ച്.എച്ച്‌വില്‍സണ്‍, കോള്‍ബ്രൂക്, മക്‌ഡോണേല്‍ തുടങ്ങിയ ഒരു കൂട്ടം പാശ്ചാത്യ ഇന്‍ഡോളജിസ്റ്റുകള്‍ പതിമൂന്നാം ശതാബ്ദത്തിലാണ് ഭാഗവതം രചിക്കപ്പെട്ടതെന്ന പക്ഷക്കാരായിരുന്നു. മറ്റൊരു പ്രശസ്ത ഇന്‍ഡോളജിസ്റ്റായ വിന്റര്‍നിട്‌സ് ഭാഗവത രചനകാലം പത്താം നൂറ്റാണ്ടിലാകാമെന്ന് സിദ്ധാന്തിച്ചു. ഇപ്രകാരം പ്രസക്തമായ ചില ഭാഗവത കാലഗണനാ നിരൂപണങ്ങളുടെ സാംഗത്യം ഒന്നൊന്നായി പരിശോധിക്കാം.

പതിമൂന്നാം ശതാബ്ദം
പതിനെട്ടാം നൂറ്റാണ്ടിലെ പാശ്ചാത്യ ഗവേഷകരായ വില്‍സണ്‍ (H.H. Wilson), കോള്‍ബ്രൂക് (Colebrooke) എന്നിവര്‍ പതിമൂന്നാം ശതാബ്ദം ഭാഗവത രചനാകാലമായി കണക്കാക്കിയതാണ് ‘ഭാഗവതകാലനിര്‍ണയത്തില്‍ ആദ്യം പരാമര്‍ശിക്കേണ്ടത്. അവര്‍ക്ക് സമകാലീനമായി നിലവിലിരുന്ന ചില ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളുടെ അഭിപ്രായ പ്രകടനങ്ങളുടെ സ്വാധീനത്താലും വൈഷ്ണവ ആത്മീയാചാര്യനായിരുന്ന രാമാനുജാചാര്യരുടെ കൃതികളില്‍ ഭാഗവതത്തെ പരാമര്‍ശിച്ചു കാണുന്നില്ല എന്ന ധാരണയിലുമാണ് ഭാഗവതത്തെ പതിമൂന്നാം നൂറ്റാണ്ടില്‍ രൂപം കൊണ്ട കൃതിയായി ഇവര്‍ കല്പിച്ചത്.

ഭാഗവതകാരനായ ബോപദേവന്‍
പതിമൂന്നാം നൂറ്റാണ്ടിലെ കവിയായിരുന്ന ബോപദേവന്റെ കൃതിയാണ് ഭാഗവതമെന്ന കാഴ്ചപ്പാട് 1800 കളിലെ തീവ്ര നവോത്ഥാനവാദികളുടെയിടയില്‍ ഒരു പുതുമോടിയായിരുന്നു. പ്രസ്തുതവാദത്തെ പ്രശസ്ത ഇന്‍ഡോളജിസ്റ്റായ വിന്റര്‍നിട്‌സ് സംക്ഷേപിക്കുന്നതിങ്ങനെയാണ് – ‘ഭാഗവതത്തെ അവലംബിച്ചെഴുതിയ ‘മുക്തഫല’ എന്ന ഗ്രന്ഥത്തിന്റെയും ‘ഹരിലീല’ എന്ന പേരില്‍ ഭാഗവതത്തിനുള്ള അനുക്രമണികയുടെയും കര്‍ത്താവ് ബോപദേവനാണ് എന്ന വസ്തുതയില്‍ മാത്രമൂന്നിയതാണ് ഈ കല്പന’ [Winternitz M, 1927.AHistoryof Indian Literature, New York].

പതിമൂന്നാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ ദേവഗിരി ഭരിച്ചിരുന്ന സേവുന (യാദവ) രാജവംശത്തിലെ രാജാക്കന്മാരായിരുന്ന മഹാദേവന്റെയും പിന്‍ഗാമി രാമചന്ദ്രന്റെയും സഭയിലെ മന്ത്രിയായിരുന്നു ഹേമാദ്രി. ഹേമാദ്രിയുടെ അനുഗ്രഹാശിസ്സുകളോടു കൂടി വിഖ്യാതനായ പണ്ഡിതനും കവിയുമായിരുന്നു ബോപദേവന്‍. പത്ത് വ്യാകരണ ഗ്രന്ഥങ്ങള്‍, ഒന്‍പത് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍, മൂന്ന് സാഹിത്യ കൃതികള്‍, ഒരു ജ്യോതിശാസ്ത്രകൃതി, ഭാഗവതപുരാണ സംബന്ധിയായ മൂന്ന് കൃതികള്‍ എന്നിങ്ങനെ ബോപദേവന്റെ പ്രതിഭ വിവിധ വിജ്ഞാനമണ്ഡലങ്ങളില്‍ വ്യാപരിച്ചിരുന്നു. മുഗ്ദ്ധബോധ എന്ന വ്യാകരണ ഗ്രന്ഥവും, മുക്താഫല, ഹരിലീല, പരമഹംസപ്രിയ എന്നീ ഭാഗവതവിഷയകമായ കൃതികളുമാണ് ഇവയില്‍ വച്ച് ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചവ. പന്ത്രണ്ട് സ്‌കന്ധങ്ങളുടെയും വിഷയസംഗ്രഹത്തിനു പുറമെ സ്‌കന്ധമോരോന്നിലെയും അധ്യായസംഗ്രഹവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഭാഗവതപുരാണത്തിനു ബോപദേവന്‍ നിര്‍മിച്ച അനുക്രമണികയാണ് ഹരിലീല. ശ്രീധരാചാര്യന്റെ (പതിനാലാം നൂറ്റാണ്ട്) ഭാഗവത വ്യാഖ്യാനമായ ഭാവാര്‍ത്ഥദീപികയ്ക്കും മുമ്പേ രചിക്കപ്പെട്ടതെന്ന നിലയില്‍ ഭാഗവത സമ്പ്രദായത്തിലെ പ്രാരംഭ കൃതികളിലൊന്നാണിത്.

ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതി മുഖ്യ പ്രചാരകനായിരുന്ന ഭാഗവതകാരനായ ബോപദേവനെന്ന സിദ്ധാന്തത്തിലെ വാദമുഖങ്ങളുടെ സാംഗത്യം ഇനി പരിശോധിക്കാം
സ്വാമി ദയാനന്ദ സരസ്വതി സത്യാര്‍ത്ഥപ്രകാശത്തില്‍ പറയുന്നു: ‘ബോപദേവനെന്നയാളാണ് ഭാഗവതം എഴുതിയത്. ഇദ്ദേഹത്തിന്റെ സഹോദരനാണ് ഗീതഗോവിന്ദകാരനായ ജയദേവന്‍. ശ്രീമദ്ഭാഗവതപുരാണം ഞാന്‍ രചിച്ചതാണെന്ന് ബോപദേവനെഴുതിയ ‘ഹിമാദ്രി’ എന്ന ഗ്രന്ഥത്തില്‍ കാണാം.
ഈ ലേഖനത്തിന്റെ മുന്നു താളുകള്‍ എന്റെ പക്കലുണ്ടായിരുന്നതില്‍ ഒന്ന് നഷ്ടപ്പെട്ടുപോയി. അതിലെ ശ്ലോകങ്ങളില്‍ ഉണ്ടായിരുന്ന ആശയം രണ്ടു ശ്ലോകങ്ങളാക്കി എഴുതുന്നു. കൂടുതലറിയാന്‍ ആഗ്രഹമുള്ളവര്‍ ഹിമാദ്രി എന്ന ഗ്രന്ഥത്തില്‍ നോക്കുക.

1. ഹിമാദ്രേഃ സചിവസ്യാര്‍ഥേ സൂചനാക്രിയതേ/ധുനാ സ്‌കന്ധാ/ധ്യായ കഥാനാം ച യത് പ്രമാണം സമാസതഃ
2. ശ്രീമദ്ഭാഗവതം നാമ പുരാണം ച മയേരിതം വിദുഷാ ബോബദേവേന ശ്രീകൃഷ്ണസ്യ യശോന്വിതം.

അതായത് രാജസചിവനായ ഹിമാദ്രി ബോപദേവ പണ്ഡിതനോട് ഇങ്ങനെ പറഞ്ഞു:- ‘എനിക്ക് നിങ്ങളുണ്ടാക്കിയ ഭാഗവതം മുഴുവനും കേള്‍ക്കാന്‍ സമയമില്ല. അതിനാല്‍ സംക്ഷിപ്ത സൂചനാശ്ലോകങ്ങളാക്കി എഴുതുക. അതില്‍ നിന്ന് ഭാഗവതത്തിന്റെ ചുരുക്കം എനിക്കു മനസ്സിലാക്കാന്‍ കഴിയണം.’ ഇപ്രകാരം പന്ത്രണ്ടു സ്‌കന്ധങ്ങളുടെയും സംക്ഷിപ്തം ബോബദേവന് നിര്‍മിച്ച് ഹിമാദ്രി മന്ത്രിക്കു കൊടുത്തു. വിസ്തരിച്ചറിയാനാഗ്രഹമുള്ളവര്‍ ഹിമാദ്രി എന്ന ഗ്രന്ഥം നോക്കുക’.
(സത്യാര്‍ത്ഥപ്രകാശം (മലയാളം) പേജ് 260-261)

തന്റെ കൈയിലുണ്ടായിരുന്നതും നഷ്ടപ്പെട്ടു പോയതുമായ ലിഖിതത്തിലെ ശ്ലോകങ്ങളില്‍ ഉണ്ടായിരുന്ന ആശയം രണ്ടു ശ്ലോകങ്ങളാക്കി സ്വാമി എഴുതിയതാണ് മേല്‍ക്കൊടുത്തവ – അവ മൂലശ്ലോകങ്ങളല്ല എന്നര്‍ത്ഥം. കൂടുതലറിയാന്‍ ആഗ്രഹമുള്ളവര്‍ ഹിമാദ്രി എന്ന ഗ്രന്ഥത്തില്‍ നോക്കുവാനും ആവശ്യപ്പെടുന്നുണ്ട്. കൂടുതലറിയാന്‍ ഹിമാദ്രിയെ ആശ്രയിക്കേണ്ടിയിരിക്കുന്നതിനാല്‍ ആ ദിശയില്‍ അല്പം സഞ്ചരിക്കാം.

ഇവിടെ ‘ഹിമാദ്രി’ എന്ന പേരില്‍ സ്വാമി പറഞ്ഞിരിക്കുന്ന കൃതി വാസ്തവത്തില്‍ ബോപദേവന്‍ ഭാഗവതത്തിന് രചിച്ച അനുക്രമണികയായ ‘ഹരിലീല’യാണ്, ഹിമാദ്രിയെന്ന നാമത്തില്‍ ബോപദേവന്റേതായ കൃതിയൊന്നും പ്രസിദ്ധമല്ല. ശ്രീമദ്ഭാഗവതപുരാണം താന്‍ രചിച്ചതാണെന്ന് ബോപദേവനെഴൂതിയ ‘ഹിമാദ്രി’ എന്ന ഗ്രന്ഥത്തില്‍കാണാമെന്ന് സ്വാമി പറയുന്നുണ്ടെങ്കിലും അതിന് നല്‍കുന്ന പ്രമാണശ്ലോകമാട്ടെ തന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ട ലിഖിതങ്ങളിലെ ശ്ലോകങ്ങളില്‍ ഉണ്ടായിരുന്ന ആശയം രണ്ടു ശ്ലോകങ്ങളാക്കി സ്വാമി തന്നെ എഴുതിയതാണ്.

ബോപദേവകൃതിയായ ഹരിലീലയുടെ സൂക്ഷ്മമായ പരിശോധനയില്‍ നിന്നും പ്രാചീനമായ ഭാഗവതപുരാണത്തെ അവലംബിച്ചാണ് ഹരിലീല രചിക്കപ്പെട്ടതെന്നും ബോപദേവനാണ് ഭാഗവതകൃത്ത് എന്ന കല്പനയെ നിരാകരിക്കുന്നതുമായ വ്യക്തമായ പ്രസ്താവനകള്‍ കണ്ടെത്താനാകും.

”ശ്രീമദ്ഭാഗവത സ്‌കന്ധാ/ധ്യായാര്‍ത്ഥാദി നിരൂപ്യതേ
വിദുഷാ ബോപദേവേന മന്ത്രി ഹേമാദ്രി തുഷ്ടയേ
ആനന്ദസ്യ ഹരേലീലാ വക്താ ഭാഗവതാഗമം
സ്‌കന്ധൈ ദ്വാദശാഭി: ശാഖാ: പ്രതന്വന്ദ്രിജസേവിതാ:” (ഹരിലീല ശ്ലോകം : 1)
‘ഹേമാദ്രി മന്ത്രിയുടെ പ്രീതിക്കായി ശ്രീമദ് ഭാഗവതത്തിന്റെ സ്‌കന്ധാധ്യായങ്ങളെയും അര്‍ത്ഥങ്ങളെയും ബോപദേവന്‍ നിരൂപണം ചെയ്യുന്നു’ എന്നാണ് ഇതിന്റെ സാരം. ശ്രീമദ് ഭാഗവതത്തെ ‘ഭാഗവതാഗമ’മെന്ന് എടുത്ത് പറഞ്ഞിരിക്ക കൊണ്ട് പ്രാചീനമായ പുരാണത്തിനാണ് താന്‍ അനുക്രമണികയുണ്ടാക്കുന്നത് എന്ന് ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നു.
ഹരിലീലയുടെ ഉപസംഹാരശ്ലോകം ഇങ്ങനെയാണ്:
‘ഇതീതം ദ്വാദശാസ്‌കന്ധം പുരാണം ബ്രഹ്‌മസംമിതം
ഇതി ഭാഗവതസ്യാനുക്രമണി രമണീകൃതാ
വിദുഷാ ബോപദേവന ഭിഷക്കേശവ സൂനുനാ’

(‘ഇങ്ങനെ ബ്രഹ്‌മസമ്മതമായതും പന്ത്രണ്ട് സ്‌കന്ധങ്ങളുള്ളതുമായ ഭാഗവത പുരാണത്തിന് കേശവന്റെ പുത്രനായ ബോപദേവന്‍ രചിച്ച അനുക്രമണികയാണിത് ഹരിലീല).’
മുമ്പേ പ്രചാരത്തിലുള്ള ഭാഗവത പുരാണത്തിനു രചിച്ച അനുക്രമണികയാണ് ഹരിലീലയെന്ന് ഈ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണ്. താനാണ് ഭാഗവതകൃത്ത് എന്ന് ഹരിലീലയില്‍ ബോപദേവന്‍ അവകാശപ്പെടുന്നില്ല.

(തുടരും)

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies