- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ഗാന്ധിയുഗത്തിലെ വിപ്ലവസംഘങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 22)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വര്‍ഷമായിരുന്നു 1920. 1885 ല്‍ തുടങ്ങിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടക്കം മുതല്‍ മിതവാദത്തിന്റെ പാതയിലൂടെയാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. 1905 ലെ ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭത്തോടെയാണ് കോണ്‍ഗ്രസ് ഒരു സമരാത്മക സംഘടനയായി മാറിയത്. ബാലഗംഗാധര തിലകന്‍, ലാലാ ലജ്പത് റായ്, ബിപിന്‍ ചന്ദ്രപാല്‍, അരവിന്ദഘോഷ് തുടങ്ങിയ നേതാക്കള്‍ ഈ പരിവര്‍ത്തനത്തിന് നേതൃത്വം വഹിച്ചു. സ്വദേശി, ദേശീയ വിദ്യാഭ്യാസം തുടങ്ങിയ ആശയങ്ങളും അവയുടെ പ്രയോഗവല്‍ക്കരണവും ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണ്.
1920 ല്‍ തിലകന്‍ അന്തരിച്ചതോടെ കോണ്‍ഗ്രസ്സില്‍ ഗാന്ധി യുഗത്തിനു തുടക്കം കുറിച്ചു. പിന്നീട് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ ഗാന്ധിജിയെ ചുറ്റിപ്പറ്റിയാണ് കോണ്‍ഗ്രസ് രാഷ്ടീയം മുന്നോട്ടു പോയത്. തിലകന്റേയും മറ്റും നയങ്ങളില്‍ നിന്നു വ്യത്യസ്തമായി അഹിംസയില്‍ അധിഷ്ഠിതമായ ഒരു പുതിയ നയത്തിന് ഗാന്ധിജി രൂപം കൊടുത്തു. ഏതു രീതിയിലായാലും എത്രയും വേഗം ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം പിടിച്ചു വാങ്ങണമെന്നു കരുതിയിരുന്ന വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം ഈ നയം ആ പല്‍ക്കരവും അപ്രായോഗികവുമായിരുന്നു. ‘ശഠനോട് ശാഠ്യം’ എന്നതായിരുന്നു അവരുടെ നയം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉള്ളില്‍ നിന്നു പോലും അവര്‍ക്ക് പിന്തുണ ലഭിച്ചിരുന്നു.
‘1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം’ എന്ന ഗ്രന്ഥത്തില്‍ വീരസാവര്‍ക്കര്‍ എഴുതിയ ഈ വരികളാണ് വിപ്ലവകാരികളുടെ മുന്നില്‍ പ്രചോദനമായി ഉണ്ടായിരുന്നത്. ”വിപ്ലവം നിശ്ചിത നിയമങ്ങളുടെ നിയന്ത്രണത്തിലല്ല നടക്കുന്നത്. അവ ഘടികാരങ്ങളെപ്പോലെ കൃത്യമായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളല്ല. അവ അവയുടെ തനതായ വഴിക്കു പോകുന്നു. ഒരു പൊതുതത്വം കൊണ്ടു മാത്രമേ അവയെ നിയന്ത്രിക്കാന്‍ കഴിയൂ. ചെറിയ ചെറിയ നിയമങ്ങളെയൊക്കെ അവ തട്ടിത്തെറിപ്പിക്കും. മുന്നോട്ട് എന്ന ഒറ്റ മുദ്രാവാക്യം മാത്രമേ വിപ്ലവത്തിനുള്ളൂ. പലവിധത്തിലുള്ള വിചാരിക്കാത്ത പുതിയ പരിതസ്ഥിതികള്‍ വന്നെന്നിരിക്കും. എന്നാല്‍ നില്‍ക്കരുത്. അവയെ കീഴടക്കി മുന്നോട്ടു തള്ളിക്കയറണം.”
1920-1922 കാലഘട്ടത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭം രണ്ടു കാരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഖിലാഫത്ത് പ്രക്ഷോഭത്തില്‍ അണിചേര്‍ന്നുകൊണ്ട് മുസ്ലീങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടല്‍ പിഴച്ചുവെന്നു മാത്രമല്ല മലബാറിലെ ക്രൂരമായ മാപ്പിള ലഹളയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ ഉണ്ടായി. മലബാറില്‍ മാത്രം 2266 പേര്‍ കൊല്ലപ്പെട്ടു. കൂട്ട മതമാറ്റം നടന്നു. അനേകം പേര്‍ മാനഭംഗത്തിനിരയായി. ഹിന്ദു – മുസ്ലീം ഐക്യത്തിനു പകരം ഹിന്ദു-മുസ്ലീം അകല്‍ച്ച വര്‍ദ്ധിക്കുകയാണ് ചെയ്തത്.
ഖിലാഫത്തുമായുള്ള കോണ്‍ഗ്രസ്സിന്റെ ചങ്ങാത്തം പരാജയപ്പെട്ട ശേഷം ‘ഒരു വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്യം’ എന്ന ലക്ഷ്യവുമായി വീണ്ടും ആരംഭിച്ച നിസ്സഹകരണ പ്രക്ഷോഭത്തില്‍ ജനങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു വരികയായിരുന്നു. 1922 ഫെബ്രുവരി 5 -ന് ഉത്തരപ്രദേശിലെ ചൗരിചൗരയില്‍ പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷനു തീയിട്ട് 22 പോലീസുകാരെ ചുട്ടു കൊന്ന സംഭവമുണ്ടായി. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം അനുസരിച്ചു കൊണ്ട് സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കു നേരെ പോലീസ് വെടിവെക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍, ദേശവ്യാപകമായി കരുത്താര്‍ജ്ജിച്ചു വന്നിരുന്ന നിസ്സഹകരണ പ്രക്ഷോഭം നിര്‍ത്തി വെക്കാന്‍ ഗാന്ധിജിയുടെ ഉപദേശ പ്രകാരം കോണ്‍ഗ്രസ് തീരുമാനിച്ചത് സ്വാതന്ത്ര്യ സമരത്തിനേറ്റ കനത്ത തിരിച്ചടിയായി.
നിസ്സഹകരണപ്രസ്ഥാനത്തില്‍ വിപ്ലവകാരികളും സഹകരിച്ചിരുന്നു. പക്ഷെ ഓര്‍ക്കാപ്പുറത്ത് പ്രക്ഷോഭം പിന്‍വലിച്ചത് അവരെ നിരാശരാക്കി. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇത് അവരെ പ്രേരിപ്പിച്ചു. വിപ്ലവ സംഘടനകളായ ബംഗാളിലെ അനുശീലന്‍ സമിതിയും മഹാരാഷ്ട്രയിലെ അഭിനവ ഭാരതുമെല്ലാം അവയുടെ പങ്ക് നിര്‍വ്വഹിച്ച് തിരശ്ശീലയ്ക്കു പിന്നിലേക്ക് മറയാന്‍ തുടങ്ങിയിരുന്നു. ഒരു കാലത്ത് വിപ്ലവകാരികള്‍ക്ക് വലിയ പ്രേരണ നല്‍കിയിരുന്ന സാവര്‍ക്കറെ പോലുള്ളവര്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നരകയാതന അനുഭവിക്കുകയായിരുന്നു. എങ്കിലും വിപ്ലവകാരികളെ സൃഷ്ടിക്കുന്ന ഭാരതീയ പാരമ്പര്യം അസ്തമിച്ചിട്ടില്ല എന്നു തെളിയിച്ചു കൊണ്ട് ഒരു പിടി വിപ്ലവകാരികള്‍ ബ്രിട്ടീഷ് സിംഹാസനത്തെ വെല്ലുവിളിക്കാന്‍ ഈ ഘട്ടത്തിലും മുന്നോട്ടു വന്നു. അവരില്‍ പ്രഥമ ഗണനീയനായിരുന്നു സചീന്ദ്രനാഥ് സന്യാല്‍. പിന്നീട് പ്രശസ്തരായ ചന്ദ്രശേഖര്‍ ആസാദ്, ജതീന്ദ്രനാഥ് ദാസ്, ഭഗത് സിംഗ് തുടങ്ങിയ മികച്ച വിപ്ലവകാരികളെ സൃഷ്ടിച്ചതും വിപ്ലവകാരികളെ ആധുനിക രീതിയിലുള്ള ഒരു സംഘടനയ്ക്കു കീഴില്‍ അണിനിരത്തിയതും സന്യാലാണ്.
ബംഗാള്‍ സ്വദേശികളായ ഹരിനാഥ് സന്യാലിന്റെയും ഖെരോദ് വാസിനീ ദേവിയുടെയും മകനായി 1890 ഏപ്രില്‍ 3 – ന് കാശിയിലാണ് സചീന്ദ്രനാഥ് സന്യാല്‍ ജനിച്ചത്. കുട്ടിക്കാലത്തു തന്നെ അദ്ദേഹം വിപ്ലവപ്രസ്ഥാനത്തില്‍ ആകൃഷ്ടനായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ നടന്ന വിപ്ലവ പ്രവര്‍ത്തനങ്ങള്‍ സന്യാലില്‍ വലിയ സ്വാധീനം ചെലുത്തി. അനുശീലന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടന്നിരുന്നു. ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി ബ്രിട്ടീഷുകാര്‍ക്ക് ബംഗാള്‍ വിഭജനം റദ്ദാക്കേണ്ടി വന്നു. മാത്രമല്ല വിപ്ലവകാരികളെ ഭയന്ന അവര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റുകയും ചെയ്തു.
വലിയ ആഘോഷത്തോടു കൂടിയാണ് ഈ തലസ്ഥാനമാറ്റം നടന്നത്. ബ്രിട്ടന്റെ രാജാവ് ജോര്‍ജ് അഞ്ചാമന്‍ പങ്കെടുത്ത ദില്ലി ദര്‍ബാറില്‍ വെച്ചാണ് വൈസ്രോയി ഹര്‍ഡിംഗെയുടെ സാന്നിദ്ധ്യത്തില്‍ തലസ്ഥാനമാറ്റം നടന്നത്. വിപ്ലവകാരികളെ ഭയന്ന് ഒളിച്ചോടിയവര്‍ക്ക് ഉചിതമായ സ്വീകരണം നല്‍കാന്‍ അവരും തീരുമാനിച്ചു. 1912 ഡിസംബര്‍ 23ന് വൈസ്രോയിയെയും ഭാര്യയെയും ആനപ്പുറത്തിരുത്തി നടത്തിയ ഘോഷയാത്ര ചെങ്കോട്ടക്കു സമീപത്തെത്തിയപ്പോള്‍ വിപ്ലവകാരിയായ അമരേന്ദര്‍ ചാറ്റര്‍ജിയുടെ ശിഷ്യന്‍ ബസന്തകുമാര്‍ വിശ്വാസ് വൈസ്രോയിക്കു നേരെ ഒരു ബോംബ് എറിഞ്ഞു. ലക്ഷ്യം തെറ്റി അത് വൈസ്രോയിയുടെ ഭാര്യയുടെ മേല്‍ വീഴുകയും അവര്‍ മരിക്കുകയും ചെയ്തു. വൈസ്രോയി പരിക്കുകളോടെ രക്ഷപ്പെട്ടു. ബോംബ് നിര്‍മ്മിച്ചത് മണീന്ദ്രനാഥ നായക് എന്ന വിപ്ലവകാരിയായിരുന്നു. ഈ സംഭവം ആസൂത്രണം ചെയ്തതിനു പിന്നില്‍ സചീന്ദ്രനാഥ് സന്യാലും മറ്റൊരു പ്രമുഖ വിപ്ലവകാരിയായ രാഷ് ബിഹാരി ബോസുമായിരുന്നു എന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ബോസ് സാഹസികമായി ജപ്പാനിലേക്ക് രക്ഷപ്പെട്ടതോടെ ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായി സന്യാല്‍ മാത്രമാണ് അവശേഷിച്ചത്. അദ്ദേഹത്തെ പോലീസ് പിടികൂടുകയും കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലേക്ക് അയക്കുകയും ചെയ്തു. വീര സാവര്‍ക്കറെ പോലെ സെല്ലുലാര്‍ ജയിലില്‍ തനിക്കുണ്ടായ ക്രൂരമായ അനുഭവങ്ങള്‍ അദ്ദേഹം ‘ബന്ദി ജീവന്‍’ എന്ന പേരില്‍ എഴുതിയ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം പൊതുമാപ്പു നല്‍കി തടവുകാരെ വിട്ടയച്ച കൂട്ടത്തില്‍ 1920 ഫെബ്രുവരി 20 – ന് സന്യാലിനെയും വീട്ടയച്ചു. നാട്ടിലെത്തിയ അദ്ദേഹം കണ്ടത് സ്വന്തം വീടും സ്ഥലവുമെല്ലാം ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയതാണ്. ചില ബന്ധുക്കളുടെ വീട്ടില്‍ താമസിച്ചു കൊണ്ട് സന്യാല്‍ വീണ്ടും വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കോണ്‍ഗ്രസ്സിന്റെ നിസ്സഹകരണ പ്രക്ഷോഭം പരാജയപ്പെട്ട ശേഷം, എത്രയും വേഗം സ്വാതന്ത്ര്യം നേടുന്നതിന് വിപ്ലവകാരികളുടെ ഒരു സംഘടന ആവശ്യമാണെന്നു സന്യാലിനു തോന്നി. അദ്ദേഹവും മറ്റു പ്രമുഖ വിപ്ലവകാരികളായ രാം പ്രസാദ് ബിസ്മിലും യോഗേശ് ചന്ദ്ര ചാറ്റര്‍ജിയും ചേര്‍ന്ന് 1924 ഒക്ടോബറില്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന പേരില്‍ ഒരു പുതിയ സംഘടന ആരംഭിച്ചു രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിക്കിട
ന്നിരുന്ന വിപ്ലവ സംഘടനകളെയും യൂണിറ്റുകളെയും ഏകോപിപ്പിക്കുകയായിരുന്നു പുതിയ സംഘടനയുടെ ദൗത്യം. ‘റവല്യൂഷനറി’ എന്ന ശീര്‍ഷകത്തില്‍ സന്യാല്‍ സംഘടനയുടെ ഒരു മാനിഫെസ്റ്റോ തയ്യാറാക്കുകയും അത് പ്രമുഖ നഗരങ്ങളിലെല്ലാം വ്യാപകമായി വിതരണം ചെയ്യുകയുമുണ്ടായി.
രാമപ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ നടന്ന കാകോരി തീവണ്ടി കവര്‍ച്ചയെ തുടര്‍ന്ന് സന്യാല്‍ വീണ്ടും അറസ്റ്റിലായി. ഒരിക്കല്‍ കൂടി അദ്ദേഹത്തെ ആന്‍ഡമാനിലേക്കു നാടു കടത്തി. അങ്ങനെ രണ്ടു പ്രാവശ്യം ആന്‍ഡമാനിലേക്കു നാടുകടത്തപ്പെട്ട ഒരേയൊരു വിപ്ലവകാരി എന്ന സ്ഥാനം സന്യാലിനു സ്വന്തമായി. ക്ഷയരോഗം ബാധിച്ച സന്യാലിനെ 1937 ല്‍ നാട്ടിലേക്കു കൊണ്ടുവന്ന് ഗോരഖ്പൂര്‍ ജയിലിലാക്കി. ജീവിതം മുഴുവന്‍ സ്വാതന്ത്ര്യസമരത്തിനു വേണ്ടി നീക്കിവെച്ച മഹാനായ ആ വിപ്ലവകാരി 1942 ഫെബ്രുവരി 7ന് ഭൗതിക ജീവിതത്തോട് വിട പറഞ്ഞു.
ഭാരതത്തെ അടക്കിഭരിച്ച ബ്രിട്ടീഷുകാരുടെ പ്രതിച്ഛായക്ക് കനത്ത മങ്ങലേല്പിച്ച സംഭവമായിരുന്നു 1925 ആഗസ്റ്റ് 9 ന് ഉത്തര പ്രദേശിലെ കാകോരിയില്‍ തീവണ്ടി തടഞ്ഞിട്ടു നടന്ന കവര്‍ച്ച. ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്‌നോവിലേക്ക് പോവുകയായിരുന്ന ട്രയിന്‍ ചങ്ങല വലിച്ചു തടഞ്ഞു നിര്‍ത്തി, യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം സര്‍ക്കാര്‍ ട്രഷറിയിലേക്കുള്ള പണം കവര്‍ന്നെടുത്തത് അധികൃതരെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ നിലവില്‍ വന്ന ശേഷം നടന്ന ഈ സംഭവത്തില്‍ ഒട്ടനവധി വിപ്ലവകാരികള്‍ പങ്കാളികളായിരുന്നുവെങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ബുദ്ധികേന്ദ്രം രാം പ്രസാദ് ബിസ്മില്‍ എന്ന എക്കാലത്തെയും സമര്‍ത്ഥനായ വിപ്ലവകാരിയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്പതോളം വിപ്ലവകാരികളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ചന്ദ്രശേഖര്‍ ആസാദിനെ ഒരു തരത്തിലും പിടിക്കാന്‍ കഴിഞ്ഞില്ല.ഒന്നര വര്‍ഷത്തെ വിചാരണയ്ക്കു ശേഷം ബിസ് മിലിനെയും രാജേന്ദ്രനാഥ ലാഹിരി, റോഷന്‍ സിങ്ങ്, അഷ്ഫാഖ് ഉള്ള എന്നിവരെയും തൂക്കിക്കൊല്ലുകയായിരുന്നു. കൊലക്കയറിനെ സമീപിക്കുമ്പോഴും പതറാതെ തന്റെ ലക്ഷ്യത്തെ കുറിച്ച് ഓര്‍മ്മിച്ച വ്യക്തിയാണ് ബിസ്മില്‍.
‘ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പതനം ഞാന്‍ ആഹിക്കുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം മരണം വരിച്ചത്.
1897 ജൂണ്‍ 11 – ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലാണ് രാം പ്രസാദ് ബിസ്മില്‍ ജനിച്ചത്. അച്ഛന്‍ മുരളീധര്‍ ജില്ലാ കോടതിയില്‍ ജീവനക്കാരനായിരുന്നു. മൂല്‍മതി എന്നായിരുന്നു അമ്മയുടെ പേര്. മകന് നല്ല സംസ്‌കാരവും വിദ്യാഭ്യാസവും നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ബിസ്മില്‍ നേടി. ആര്യസമാജവുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ചെറിയ പ്രായത്തില്‍ തന്നെ സ്വാമി ദയാനന്ദ സരസ്വതി രചിച്ച ‘സത്യാര്‍ത്ഥപ്രകാശ്’ വായിക്കാന്‍ അവസരം ലഭിച്ചു.
യോഗ, ബ്രഹ്‌മചര്യം, വായന തുടങ്ങിയവ കുട്ടിക്കാലത്തു തന്നെ രാം പ്രസാദിന്റെ ശീലമായി മാറി. വ്യായാമത്തിന് ജീവിതത്തില്‍ സുപ്രധാന സ്ഥാനം നല്‍കി. വിപ്ലവകാരിയായ ഭായി പരമാനന്ദിനെ ബ്രിട്ടീഷുകാര്‍ വധശിക്ഷക്കു വിധിച്ചിരുന്നു. അദ്ദേഹം രചിച്ച ഒരു പുസ്തകം ബിസ്മി ലിനെ വളരെയധികം സ്വാധീനിക്കുകയും പരമാനന്ദിന്റെ ആരാധകനാക്കി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ വധശിക്ഷയെ കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞപ്പോള്‍ ബിസ്മില്‍ രോഷാകുലനായി, ഇതിന് ബ്രിട്ടീഷുകാരോട് പകരം വീട്ടുമെന്ന് പ്രതിജ്ഞ ചെയ്തു.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ബിസ്മില്‍, പണ്ഡിറ്റ് ജണ്ഡാലാല്‍ ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ സംഘത്തില്‍ ചേര്‍ന്നു. ജണ്ഡാലാലിന്റെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷുകാരെ രോഷം കൊള്ളിക്കുകയും അവര്‍ അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജണ്ഡാലിനെ മോചിപ്പിക്കുന്നതിനുള്ള ഒരു ദൗത്യത്തിന് പത്തൊമ്പതു വയസ്സു മാത്രമുള്ള ബിസ്മില്‍ രൂപം നല്‍കി. 15 അംഗങ്ങളോടു കൂടിയ ഒരു സംഘം രൂപീകരിക്കുകയും ചില വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കോളേജു പഠന കാലത്താണ് ബിസ്മിലിന് അഷ്ഫാക് ഉള്ളാ എന്ന വിശ്വസ്തനായ സഹപ്രവര്‍ത്തകനെ ലഭിക്കുന്നത്.
1922 ല്‍ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിന്‍വലിച്ചശേഷം വിപ്ലവപ്രസ്ഥാനം ശക്തിപ്പെട്ടു. അംഗസംഖ്യ വര്‍ദ്ധിച്ചു. ജനങ്ങളുടെ പിന്തുണയും കൂടി. ഈ ഘട്ടത്തിലാണ് സചീന്ദ്ര നാഥ സന്യാലുമായി ചേര്‍ന്ന് രാം പ്രസാദ് ബിസ്മില്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്ക് അസോസിയേഷന്‍ രൂപീകരിക്കുന്നതും സന്യാല്‍ തയ്യാറാക്കിയ ക്രാന്തികാരി എന്ന മാനിഫെസ്റ്റോ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതും . വിപ്ലവകാരികളുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ ഭയചകിതരായി. വിപ്ലവ സംഘടനയുടെ ശക്തി വര്‍ദ്ധിച്ചെങ്കിലും തോക്കുകളും ബോംബുകളും വാങ്ങുന്നതിന് പണം കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.
ഒരിക്കല്‍ ബിസ്മില്‍ ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്‌നോവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഒരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു പണസഞ്ചിയുമായി ഗാര്‍ഡിന്റെ ബോഗിയിലേക്ക് പോകുന്നതു കണ്ടു. കൂടുതല്‍ നിരീക്ഷിക്കാനായി അദ്ദേഹം ഗാര്‍ഡിന്റെ ബോഗിയുടെ തൊട്ടടുത്ത ബോഗിയില്‍ ചെന്നിരുന്നു. ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും ഇതാവര്‍ത്തിച്ചു. പണസഞ്ചികള്‍ ഒരു ഇരുമ്പുപെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു. സുരക്ഷാ സംവിധാനമൊന്നും ഉണ്ടായിരുന്നില്ല. ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും ഉണ്ടാകുമെന്ന് ബിസ്മില്‍ കണക്കുകൂട്ടി. ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന നികുതിപ്പണം സര്‍ക്കാര്‍ ഖജനാവിലേക്ക് കുന്നുകൂട്ടുന്ന കാഴ്ച നേരില്‍ കണ്ട ബിസ്മില്‍ രോഷാകുലനായി. എങ്ങനെയെങ്കിലും ഈ പണം കൊള്ളയടിക്കണമെന്ന് തീരുമാനിച്ചു. ലഖ് നോവില്‍ വണ്ടി ഇറങ്ങിയ ഉടനെ ബിസ്മില്‍ റയില്‍വേ ടൈംടേബിള്‍ നോക്കി ട്രയിനിന്റെ നമ്പറും സമയവുമെല്ലാം എഴുതിയെടുത്തു.
കുറച്ചു ദിവസം കഴിഞ്ഞു ചേര്‍ന്ന കാശി, കാണ്‍പൂര്‍, ലഖ്‌നോ, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിപ്ലവകാരികളുടെ സംയുക്ത യോഗത്തില്‍ ബിസ്മില്‍ തന്റെ ആശയം അവതരിപ്പിച്ചു.’ സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കി പിഴിഞ്ഞെടുക്കുന്ന പണം കൊള്ളയടിക്കുകയാണെങ്കില്‍ അത് അവര്‍ക്ക് നല്ലൊരു താക്കീതാവും. മാത്രമല്ല തോക്കുകളും ബോംബുകളും വാങ്ങാനുള്ള പണം അതിലൂടെ സ്വരൂപിക്കുകയും ചെയ്യാം.’ പദ്ധതി വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും അത് ഏറ്റെടുക്കാന്‍ വിപ്ലവകാരികള്‍ തീരുമാനിച്ചു. ട്രയിന്‍ ലഖ്‌നോവില്‍ എത്തുന്നതിന് 20 കി.മീറ്റര്‍ മുമ്പുള്ള കകോരി സ്റ്റേഷനില്‍ തടഞ്ഞിടാനും പണം കൊള്ളയടിക്കാനും തീരുമാനിച്ചു. അതിനു വേണ്ടി സമര്‍ത്ഥരായ 10 പേരുള്ള ഒരു സംഘത്തിനു രൂപം നല്‍കി.
1925 ആഗസ്റ്റ് 9ന് അവര്‍ ഒന്നിച്ച് കകോരി എത്തുന്നതിനു മുമ്പുള്ള ഒരു സ്റ്റേഷനില്‍ വെച്ച് ട്രയിനില്‍ കയറി. ട്രയിന്‍ കകോരി വിട്ട ഉടനെ ചങ്ങല വലിച്ചു നിര്‍ത്തിച്ചു. വിപ്ലവകാരികള്‍ ആകാശത്തേക്കു വെടിവെക്കുകയും ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ആവശ്യമില്ലാതെ ആരെയും വെടിവെക്കരുതെന്ന് ബിസ്മില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിച്ച ഒരു യാത്രക്കാരന് വെടിയേറ്റു. അയാള്‍ പിന്നീട് മരിക്കുകയും ചെയ്തു. ഗാര്‍ഡിനെ തടഞ്ഞുവെച്ച വിപ്ലവകാരികള്‍ ട്രഷറി ബോക്‌സില്‍ നിക്ഷേപിച്ച പണം മുഴുവന്‍ മൂന്നു സഞ്ചികളില്‍ നിറച്ച് അവയുമായി രക്ഷപ്പെട്ടു.
കാകോരിയിലെ തീവണ്ടി കവര്‍ച്ച സര്‍ക്കാരിനെ ഞെട്ടിച്ചു. പ്രതികള്‍ക്കു വേണ്ടി വ്യാപകമായ അന്വേഷണം നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. രാജത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്പതോളം പേരെ അറസ്റ്റു ചെയ്ത്, ചോദ്യം ചെയ്തു. റായ് ബറേലിയില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട ബനരാശി ലാലിനെ ചോദ്യം ചെയ്തപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അയാള്‍ എല്ലാം വെളിപ്പെടുത്തുകയും അങ്ങനെ സംഭവത്തിന്റെ ചുരുളഴിയുകയും ചെയ്തു. ചന്ദ്രശേഖര്‍ ആസാദ് ഒഴികെ എല്ലാവരും താമസിയാതെ പിടിയിലായി. ഒരു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം രാം പ്രസാദ് ബിസ്മില്‍, രോഷന്‍ സിംഗ്, അഷ്ഫാഖുള്ള ഖാന്‍, രാജേന്ദ്ര ലാഹിരി എന്നിവരെ വധശിക്ഷക്കു വിധിച്ചു. സചീന്ദ്ര നാഥ സന്യാല്‍, ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി, സചീന്ദ്രനാഥ് ബക്ഷി, ഗോവിന്ദ ചരണ്‍ കര്‍, മുകുന്ദ് ലാല്‍ എന്നിവരെ ആന്‍ഡമാനിലേക്ക് നാടു കടത്താനും മറ്റു പ്രതികളെ വ്യത്യസ്ത കാലയളവുകളില്‍ കഠിന തടവിനും ശിക്ഷിച്ചു.
1927 ഡിസംബര്‍ 19. ബിസ്മിലിനെ ഗോരഖ്പൂര്‍ ജയിലില്‍ വെച്ച് തൂക്കിക്കൊല്ലാന്‍ പോവുകയാണ്. രാവിലെ നേരത്തെ ഉണര്‍ന്ന അദ്ദേഹം കുളിച്ചു , പ്രാര്‍ത്ഥിച്ചു. കൊലമരത്തിനടുത്തേക്ക് കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ ‘ വന്ദേ മാതരം ‘ എന്നും ‘ഭാരത് മാതാ കീ ജയ് ‘ എന്നും ഉദ്‌ഘോഷം മുഴക്കി. അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ‘ ഞാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പതനവും ഭാരതത്തിന്റെ സ്വാതന്ത്ര്യവും സ്വപ്‌നം കാണുന്നു’ എന്നു മാത്രം പറഞ്ഞു. ശാന്തനായി കൊലമരത്തേക്കു സമീപിക്കുകയും പ്രാര്‍ത്ഥനയോടെ മരണം വരിക്കുകയും ചെയ്തു. ദേശസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായി രാം പ്രസാദ് ബിസ് മിലിനെ ഭാരതീയര്‍ ഇന്നും ഓര്‍മ്മിക്കുന്നു.
(തുടരും)