- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ധീര വിപ്ലവകാരിയായ ഉദ്ദംസിംഗ് (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 21)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ജാലിയന്‍വാലാ ബാഗില്‍ ഇത്ര വലിയ ക്രൂരത നടത്തിയിട്ടും ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശവ്യാപകമായി ജനരോഷം ആളിക്കത്താത്തത് ഉദ്ദംസിംഗിനെ അത്ഭുതപ്പെടുത്തി. രവീന്ദ്രനാഥ ടാഗോര്‍ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് തനിക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയ സര്‍ സ്ഥാനം ഉപേക്ഷിച്ചിരുന്നു. എന്നാല്‍, പഞ്ചാബിലടക്കം ചില മുതിര്‍ന്ന നേതാക്കള്‍ കൂട്ടക്കൊലയ്ക്കു ശേഷവും ബ്രിട്ടീഷുകാരുടെ സ്തുതിപാഠകരായി തുടര്‍ന്നു. ഉറക്കമില്ലാത്ത രാവുകളില്‍ രാജ്യത്തെ സ്ഥിതിയെ കുറിച്ച് ഉദ്ദംസിംഗ് തല പുകഞ്ഞാലോചിച്ചു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അയാള്‍ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി. അവിടത്തെ തീര്‍ത്ഥക്കുളത്തില്‍ മുങ്ങിയ ശേഷം, ഒരു കുടന്ന ജലം കൈയിലെടുത്ത് മനസ്സില്‍ ഒരു ഉറച്ച പ്രതിജ്ഞയെടുത്തു. ‘എന്തുവന്നാലും ഈ കൂട്ടക്കൊലയ്ക്ക് ഞാന്‍ പ്രതികാരം ചെയ്യും.’ തന്റെ പ്രതിജ്ഞ നിറവേറ്റാന്‍ ഉദ്ദംസിംഗിന്, ഉള്ളില്‍ അണയാത്ത പ്രതികാര ജ്വാലയുമായി നീണ്ട രണ്ടു ദശാബ്ദങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്.
തുടര്‍ന്നുള്ള ഏതാനും മാസങ്ങള്‍ ഉദ്ദംസിംഗ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ലാലാ ലജ്പത് റായിയുടെ സ്വാധീനത്തിലായിരുന്നു. ഇക്കാലത്ത് അദ്ദേഹം പൊതുയോഗങ്ങളില്‍ പങ്കെടുത്ത് നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും ദേശീയ സാഹിത്യങ്ങള്‍ ആവേശപൂര്‍വ്വം വായിക്കുകയും ചെയ്തുവന്നു. ഇതേ സമയത്തു തന്നെ ലാഹോറിലെ നാഷനല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന, തന്റെ വീര പുരുഷനായിരുന്ന ഭഗത് സിംഗിനെ പരിചയപ്പെടാനും ഉദ്ദംസിംഗിനു കഴിഞ്ഞു.
അനാഥാലയം വിട്ടിരുന്നതിനാല്‍ സ്വന്തമായി ജോലി ചെയ്ത് പണം ഉണ്ടാക്കുക എന്നതായിരുന്നു ഈ ഘട്ടത്തില്‍ ഉദ്ദം സിംഗിന്റെ ഒരു ലക്ഷ്യം. കാര്‍പ്പന്ററിയില്‍ പരിശീലനം നേടിയിരുന്നതുകൊണ്ട് ആഫ്രിക്കയിലെ ഉഗാണ്ട റെയില്‍വേ വര്‍ക്ക് ഷോപ്പില്‍ ജോലി ലഭിക്കുകയും അവിടേക്ക് പോവുകയും ചെയ്തു. രണ്ടു വര്‍ഷം അവിടെ ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ട് മെക്‌സിക്കോ, അമേരിക്ക, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യാന്‍ തുടങ്ങി. 1924 ല്‍ കാലിഫോര്‍ണിയയില്‍ ചെന്നപ്പോള്‍ ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗദര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ പരിചയപ്പെടുകയും വിപ്ലവകാരിയായിരുന്ന മഹേന്ദ്ര പ്രതാപിന്റെ ഒരു തീപ്പൊരി പ്രസംഗം കേള്‍ക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.
വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ജോലി ചെയ്ത ശേഷം ഉദ്ദംസിംഗ് 1927 ജൂലായില്‍ ഭാരതത്തിലേക്കു മടങ്ങി. അമൃത്‌സറില്‍ എത്തിയപ്പോള്‍ തന്നെ പോലീസ് അയാളെ ഒരു ഗദര്‍ പ്രവര്‍ത്തകനായി നോട്ടമിട്ടു. അതേ വര്‍ഷം ആഗസ്റ്റ് അവസാനം രണ്ട് റിവോള്‍വറുകളും ഒരു ഓട്ടോമാറ്റിക് പിസ്റ്റളും കൈവശം വെച്ചതിന് പോലീസ് ഉദ്ദമിനെ അറസ്റ്റു ചെയ്തു. അമേരിക്കയില്‍ നിന്ന് വാങ്ങിയ ആ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് ഗണ്‍ ലൈസന്‍സ് എടുത്തിരുന്നില്ല. ഷേര്‍ സിംഗ് എന്ന പേരില്‍ അഞ്ചു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായി. ഭഗത് സിംഗിന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് വധശിക്ഷയും നടന്ന സമയത്ത് ഉദ്ദംസിംഗ് ജയിലില്‍ തന്നെയായിരുന്നു. തന്റെ പ്രതിജ്ഞ ഒന്നുകൂടി ഉറപ്പിക്കാന്‍ ഈ സംഭവം ഉദ്ദം സിംഗിനെ പ്രേരിപ്പിച്ചു.
ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ട ശേഷം 1933 മാര്‍ച്ചില്‍ ഉദ്ദം സിംഗ് എന്ന പേരില്‍ അദ്ദേഹം ഒരു പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. ഷേര്‍ സിംഗ് എന്ന പേരില്‍ ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടിരുന്നതുകൊണ്ട് ഉദ്ദം സിംഗിനെ തിരിച്ചറിയാതിരുന്ന ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ട് അവദിക്കുകയും അദ്ദേഹം യൂറോപ്പിലേക്ക് കടക്കുകയും ചെയ്തു. വിവിധ ജോലികള്‍ ചെയ്തും വിവിധ രാജ്യങ്ങളില്‍ ചുറ്റി സഞ്ചരിച്ചും 1939 ന്റെ മദ്ധ്യകാലത്ത് ഉദ്ദം ലണ്ടനിലെത്തി, അവിടത്തെ ഒരു ഗുരുദ്വാരയില്‍ അഭയം തേടി.
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ റജിനാള്‍ഡ് ഡയറെ വധിക്കാനാണ് ഉദ്ദം സിംഗ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ അപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു. അതോടെ ഉന്നം അക്കാലത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കേല്‍ ഒ ഡയറിലേക്കു മാറ്റി. ഡയര്‍ താമസിക്കുന്ന വീട് കണ്ടുപിടിച്ചെങ്കിലും ഭാരതീയരെ കൂട്ടക്കൊല നടത്താന്‍ കാരണക്കാരനായ ആളെ പൊതുജന മദ്ധ്യത്തില്‍ വെച്ച് പരസ്യമായി ശിക്ഷിക്കാനാണ് ഉദ്ദം സിംഗ് തീരുമാനിച്ചത്.
അങ്ങനെ ആ ദിവസം പിറന്നുവീണു. 1940 മാര്‍ച്ച് 13. അന്ന് റോയല്‍ സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റി, കാക്സ്റ്റണ്‍ഹാളില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതേ ഹാളിലാണ്, മൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പ്, കഴ്‌സണ്‍വാലിയെ വധിച്ച മദന്‍ലാല്‍ ധിംഗ്രയെ ന്യായീകരിക്കാന്‍ സാവര്‍ക്കര്‍ എണീറ്റു നിന്ന് ഗര്‍ജ്ജിച്ചത്. ഡയറെ കൂടാതെ ഇന്ത്യാ സെക്രട്ടറി ലോര്‍ഡ്‌സെറ്റ് ലാന്റും ഈ യോഗത്തില്‍ പങ്കെടുക്കുന്നു എന്ന വിവരം ഒരു ബോണസായി ഉദ്ദം സിംഗ് കണ്ടു.
കൃത്യം മൂന്നു മണിക്ക് യോഗ നടപടികള്‍ ആരംഭിച്ചു. ഏതാണ്ട് 400 പേര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതോടെ ഹാള്‍ തിങ്ങി നിറഞ്ഞു. നീല ക്കോട്ടും ടൈയുമൊക്കെ ധരിച്ച് ഒരു ബാങ്കറുടെ വേഷത്തില്‍ മുന്‍നിരയിലിരുന്ന ഉദ്ദംസിംഗിനെ ആരും സംശയിച്ചില്ല. ലോര്‍ഡ് സെറ്റ് ലാന്റ് അദ്ധ്യക്ഷനെന്ന നിലയില്‍ പരിപാടി നിയന്ത്രിച്ചു. സര്‍ പെര്‍സി സൈക്ക് അഫ്ഗാനിസ്ഥാനെ കുറിച്ച് 45 മിനിട്ട് പ്രസംഗിച്ചു. തുടര്‍ന്ന് സര്‍ മൈക്കേല്‍ ഒ ഡയറിന്റെ പ്രസംഗമായിരുന്നു. ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ യുദ്ധകാര്യങ്ങളില്‍ ബ്രിട്ടനെ പിന്തുണക്കുന്നതിനെ കുറിച്ചായിരുന്നു അയാളുടെ പ്രസംഗം. പരിപാടി ഏതാണ്ട് കഴിയാറായി എന്നു മനസ്സിലാക്കിയ ഉദ്ദം സിംഗ് വേദിയിലേക്ക് ചെന്ന് പോക്കറ്റില്‍ നിന്ന് റിവോള്‍വറെടുത്ത് ഒന്നിനു പിറകെ മറ്റൊന്നായി ആറു വെടിയുണ്ടകള്‍ തൊടുത്തു വിട്ടു. ആദ്യത്തെ രണ്ടെണ്ണം ഡയറിന് ഹൃദയത്തില്‍ തന്നെ കിട്ടി. അയാള്‍ തല്‍ക്ഷണം പിടഞ്ഞുമരിച്ചു. അങ്ങനെ ജാലിയന്‍വാലാ ബാഗില്‍ ആയിരക്കണക്കിനു ഭാരതീയരെ വെടിവെക്കാന്‍ അനുവദിച്ച അയാള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കൃത്യമായി ലഭിച്ചു. അടുത്ത രണ്ടു വെടി സെറ്റ് ലാന്റിനെ ഉന്നമാക്കി വെച്ചെങ്കിലും കസേരയില്‍ നിന്ന് മറിഞ്ഞു വീണതു കൊണ്ട് അയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചാമത്തെ വെടി സര്‍ ലൂയിസ് ഡയിനിന്റെ തോളിലൂടെയും ആറാമത്തെ വെടി ലോര്‍ഡ് ലാമിങ്ടന്റെ വലതു കൈയിലൂടെയും കടന്നുപോയി.
അതോടെ ഉദ്ദംസിംഗിന്റെ റിവോള്‍വറില്‍ നിറച്ചിരുന്ന വെടിയുണ്ടകള്‍ തീര്‍ന്നു. പോക്കറ്റില്‍ കൂടുതല്‍ വെടിയുണ്ടകള്‍ കരുതിയിരുന്നുവെങ്കിലും അവ നിറയ്ക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. മുന്‍നിരയിലുണ്ടായിരുന്നവര്‍ അയാളെ പിടികൂടി പോലീസിനെ ഏല്പിച്ചു. പോലീസ് പിന്നീട് ഫോട്ടോ എടുത്തപ്പോള്‍ പുഞ്ചിരിച്ചു കൊണ്ടാണ് ഉദ്ദംസിംഗ് നിന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലക്ക് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു ആ മുഖത്ത്. സ്‌കോട്ട്‌ലാന്റ് യാര്‍ഡിലെ അന്വേഷണോദ്യോഗസ്ഥര്‍ പേര് ചോദിച്ചപ്പോള്‍ ‘രാം മുഹമ്മദ് സിംഗ് ആസാദ്’ എന്ന വിചിത്രമായ പേരാണ് ഉദ്ദംസിംഗ് പറഞ്ഞത്. ഭാരതത്തില്‍ പാകിസ്ഥാന്‍ വാദം ശക്തമായിക്കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ ഇങ്ങനെയൊരു പേര് പറഞ്ഞതിന് സവിശേഷമായ പ്രാധാന്യം ഉണ്ടായിരുന്നു.
പോക്കറ്റില്‍ വെടിയുണ്ടകളോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പ്രസ്താവനയില്‍ ഉദ്ദംസിംഗ് ഇങ്ങനെ പറഞ്ഞു: ‘എന്റെ പട്ടിണിക്കോലങ്ങളായ നാട്ടുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പപ്പാസുകള്‍ക്ക് കീഴെ ഞെരിഞ്ഞമരുന്നത് ഞാന്‍ കാണുകയായിരുന്നു. ഇത്തരത്തില്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തിയതില്‍ എനിക്ക് അശേഷം ഖേദമില്ല. ഇനി എന്നെ നിങ്ങള്‍ എങ്ങനെ ശിക്ഷിച്ചാലും അതു തടവു ശിക്ഷയായാലും വധശിക്ഷയായാലും എനിക്കു കൂസലില്ല. എനിക്കു മരണത്തെ അശേഷം ഭയമില്ല. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു മരിക്കുന്നതാണ് ധീരത’.
വിചാരണയ്ക്കു ശേഷം 1940 ജൂലായ് 30 ന്, മദന്‍ലാല്‍ ലാല്‍ ധിംഗ്രയെ തൂക്കിക്കൊന്ന അതേ കഴുമരത്തില്‍ ഉദ്ദംസിംഗിനെയും തൂക്കിലേറ്റി. അങ്ങനെ അമൃത്‌സറില്‍ നിന്നുള്ള രണ്ടു ഭാരത പുത്രന്മാര്‍ സ്വതന്ത്ര ഭാരതം എന്ന ലക്ഷ്യം നേടാന്‍ വേണ്ടി തലമുറകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥാനത്ത് വെച്ച് ജീവിതം ബലിയര്‍പ്പിച്ചു. ഉദ്ദം സിംഗിന്റെ ചിതാഭസ്മം 1974 ജൂലായില്‍ ഭാരതത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ വീരോചിതമായ വരവേല്പാണ് ജനങ്ങള്‍ നല്‍കിയത്. ആ ചിതാഭസ്മ കലശംഅമൃത്‌സറിലെ ജാലിയന്‍ വാലാ ബാഗ് മ്യൂസിയത്തില്‍ തലമുറകള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഇന്നും കുടികൊള്ളുന്നു.
(തുടരും)