Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പുരുഷപ്രമാണം :പ്രാചീന കാലദേശഗണനാശാസ്ത്രം

ഡോ. മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ഡോ. മേലത്ത് ചന്ദ്രശേഖരന്‍ നായര്‍
25 October 2019

സനാതനധര്‍മ്മത്തിന്റെ പ്രോജ്ജ്വലമായ ഘടകം ആദ്ധ്യാത്മികവിദ്യയാണ്. ആദ്ധ്യാത്മികതയിലധിഷ്ഠിതമായ വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്ത് ദര്‍ശ്ശനങ്ങള്‍ എന്നിവയ്ക്ക് ഭാരതീയ ഋഷിവര്യന്മാര്‍ രചിച്ച വ്യാഖ്യാനങ്ങള്‍ ലോകോത്തരകൃതികളായി ഇന്നും നിലകൊള്ളുന്നു. അജ്ഞാനംകൊണ്ട് തന്റെ സ്വരൂപം തന്നെ മറഞ്ഞിരിക്കുന്ന മനുഷ്യര്‍ക്ക് ജ്ഞാനം നേടി സ്വസ്വരൂപത്തെ തിരിച്ചറിയുവാനുള്ള വിദ്യകളാണല്ലോ ആദ്ധ്യാത്മികതയിലെ പ്രതിപാദ്യവിഷയം. ഇത് ജ്ഞാന, ഭക്തി, കര്‍മ്മ, യോഗമാര്‍ഗ്ഗങ്ങളിലൂടെ ജീവിതത്തെ സമീപിച്ചുകൊണ്ട് പ്രാപ്തമാക്കുവാന്‍ ഭാരതം ലോകത്തെ ഉപദേശിച്ചു. എന്നാല്‍ ആദ്ധ്യാത്മികതയില്‍ മാത്രമല്ല ഭൗതികമേഖലയിലും ഭാരതത്തിന്റെ യശസ്സ് അത്യുജ്ജ്വമായി തന്നെ ഇന്നും നിലനില്‍ക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ജ്യോതിഷം, ജ്യോതിശ്ശാസ്ത്രം, ആയുര്‍വേദം, രസതന്ത്രം, ഗണിതം, ചിത്രകല, ശില്പകല, നാട്യശാസ്ത്രം, ലോഹവിദ്യ, കൊത്തുപണി, വൈമാനികശാസ്ത്രം, വാസ്തുശാസ്ത്രം തുടങ്ങി ഒട്ടനവധി ശാസ്ത്രശാഖകളില്‍ ഭാരതം ഇന്നും ലോകത്തിന് മാതൃകയായിതന്നെ നിലകൊള്ളുന്നു. പക്ഷേ ഈ ഭൗതികശാസ്ത്രശാഖകളെല്ലാം തന്നെ ആദ്ധ്യാത്മകവിദ്യയിലേക്കുള്ള സോപാനമാണെന്നുള്ള വസ്തുത നാം ഒരിക്കലും വിസ്മരിക്കുത്. അപരാവിദ്യ എന്നറിയപ്പെടുന്ന ഈ ഭൗതികജ്ഞാനത്തില്‍ കൂടി പരാവിദ്യ എന്ന ആദ്ധ്യാത്മിക ജ്ഞാനത്തിലേക്ക് അഥവാ ആത്മജ്ഞാനത്തിലേക്ക് ആരോഹണം ചെയ്യുവാന്‍ ലോകത്തെ ഉപദേശിക്കുകയും, സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്ത ശാസ്ത്രജ്ഞന്മാരാണ് നമ്മുടെ ഋഷിവര്യന്മാര്‍.

ഓരോ വസ്തുവിലും നീലീനമായിരിക്കുന്ന ആ പ്രപഞ്ചശക്തിയെ ആ വസ്തുവില്‍ നിന്ന് പ്രകാശിക്കുന്ന മഹിമയായി വര്‍ണ്ണിക്കുകയും അങ്ങിനെ വ്യഷ്ടിയില്‍ നിന്ന് സമഷ്ടിയിലേക്ക് ആ ദിവ്യശക്തിയെ വ്യാപിപ്പിച്ചു വര്‍ണ്ണിക്കുകയും ചെയ്താല്‍ സ്വശരീരത്തില്‍ തന്നെ ആ പരമാത്മാവിനെ ദര്‍ശ്ശിക്കുവാന്‍ സാധിക്കുമെന്ന് നമ്മുടെ പൂര്‍വ്വികഗുരുക്കന്‍മാര്‍ മനസ്സിലാക്കിയിരുന്നു. അതാണ് ”അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം” എന്ന് മേല്പത്തൂര്‍ നാരായണഭട്ടതിരി പാടിയത്. അത്‌കൊണ്ട് തന്നെ ഭൗതികമായ എല്ലാ ജ്ഞാനങ്ങളും ആ ആത്മസ്വരൂപത്തെ ആധാരമാക്കി രചിക്കപ്പെട്ടു. അതിലൊന്നാണ് പുരോഗമനശാസത്രവിശാരദരെന്ന് അവകാശപ്പെടുന്ന പലരും അശാസ്ത്രീയമെന്ന രീതിയില്‍ പുറംതള്ളിയ വൈദികശാസ്ത്രകലവറയിലെ ‘പുരുഷപ്രമാണം’ (ഉത്തമശരീരിയായ പുരുഷന്റെ അളവ്) എന്ന ദേശകാലഗണനാരീതി. സകലനിര്‍മ്മിതികള്‍ക്കും, ദൂരനിര്‍ണ്ണയത്തിനും, സമയനിര്‍ണ്ണയത്തിനും ഈ അളവുകോലായിരുന്നു പ്രാചീനകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇതിന്റെ സൂക്ഷ്മതയിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഈ ദേശകാലഗണനാരീതി തികച്ചും ശാസ്ത്രീയമായിരുന്നു എന്ന് നമുക്ക് കാണാന്‍ സാധിക്കും.

ADVERTISEMENT

വൈദിക ഋഷിമാര്‍ മനുഷ്യശരീരത്തെ ബ്രഹ്മാണ്ഡത്തിന്റെ തനിപ്പകര്‍പ്പായിട്ടാണ് സങ്കല്പനം ചെയ്തിരിക്കുന്നത്. ഓരോ പരമാണുവിലും ബ്രഹ്മാണ്ഡത്തിന്റെ തനിപ്പകര്‍പ്പ് ലീനമാണെന്ന് അവര്‍ കണ്ടു. ഈ തത്ത്വസംഹിതയെ സമഷ്ടിവല്‍ക്കരിക്കുന്നതിനായി മനുഷ്യാലയങ്ങളും ദേവാലയങ്ങളും മനുഷ്യശരീരത്തിന്റെയും പ്രപഞ്ചപുരുഷന്റെയും മാതൃകയില്‍ ചിട്ടപ്പെടുത്തുകയും ചെയ്തു. ക്ഷേത്രവും ഗൃഹവും ബ്രഹ്മാണ്ഡത്തിന്റെയും പിണ്ഡാണ്ഡത്തിന്റെയും തനിപ്പകര്‍പ്പായി വിഭാവനം ചെയ്യുന്ന വിചിത്രമായ കാഴ്ചപ്പാടോടുകൂടിയ ചിത്രീകരണം ഭാരതീയ വാസ്തുശാസ്ത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

ക്ഷേത്രത്തില്‍ ചൈതന്യത്തോടുകൂടി വിലസുന്ന ദേവന്റെ സ്ഥൂലദേഹമാണ് ഗര്‍ഭഗൃഹം (ശ്രീകോവില്‍). ഇത് തലയായും, പുറത്ത് മറ്റ് ആറ് അനുബന്ധ അവയവങ്ങളില്‍ ആദ്യത്തേതായ അകത്തെ പ്രദക്ഷിണവഴി (അകത്തെ ബലിവട്ടം) മുഖമായും, നമസ്‌ക്കാരമണ്ഡപം കഴുത്തായും, നാലമ്പലം കൈകളായും, പുറത്തെ പ്രദക്ഷിണവഴി വയറായും, ചുറ്റുമതില്‍ കാല്‍മുട്ടുകളും കണങ്കാലുകളുമായും, ഗോപുരം പാദങ്ങളായും, ചിട്ടപ്പെടുത്തിയിരിക്കുന്നു. അതായത് ഒരു മനുഷ്യന്‍ കൈകാലുകള്‍ മുമ്പോട്ടുനീട്ടി മലര്‍ന്നു കിടക്കുന്ന രീതിയിലാണ് ക്ഷേത്രനിര്‍മ്മാണം.

പ്രാചീനകാലങ്ങളില്‍ വാസ്തുശാസ്ത്രവിധിപ്രകാരം നിര്‍മ്മാണം നടത്തിയ ഗൃഹങ്ങളെല്ലാം തന്നെ ഒരു മനുഷ്യശരീരത്തിന്റെ ഘടനയോട് ബന്ധപ്പെടുത്തിയതായും കാണാം. ഗൃഹത്തിന്റെ കീഴറ്റം മുതല്‍ മേല്‍ക്കൂര വരെ ഓരോ ഭാഗവും മനുഷ്യശരീരത്തിലെ പാദം മുതല്‍ തലവരെയുള്ള ഭാഗങ്ങളായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ഇവ പാദുകം, അധിഷ്ഠാനം, കാലുയരം, ഉത്തരം, തുലാന്‍, മോന്തായവും മേല്‍ക്കൂരയും. ഇതില്‍ പാദുകം പാദവും, അധിഷ്ഠാനം അരയും, കാലുയരം ഉടലും, ഉത്തരം ഭുജവും, മോന്തായവും മേല്‍ക്കുരയും ഗൃഹമാകുന്ന പുരുഷന്റെ തലയുമായിട്ടാണ് കണക്കാക്കിവരുന്നത്. ഇവയ്ക്ക് അനുബന്ധമായി ധാരാളം അലങ്കാര അവയവങ്ങളും കാണാം. അതായത് ഒരു മനുഷ്യന്‍ നിവര്‍ന്നുനില്‍ക്കുന്ന രൂപത്തിലാണ് പ്രാചീനവാസ്തുശാസ്ത്രവിധിപ്രകാരം നിര്‍മ്മാണം നടത്തിയിരിക്കുന്ന ഗൃഹത്തിന്റെ ഘടന. ഈ നിര്‍മ്മാണങ്ങളുടെ അളവുകളത്രയും കൈവിരലംഗുലം എന്ന പ്രമാണമനുസരിച്ചാണെന്നത് മറ്റൊരു വസ്തുത.

ഇങ്ങനെ ഒരു ക്ഷേത്ര-ഗൃഹവിന്യാസരീതി ബ്രഹ്മാണ്ഡത്തെയും പിണ്ഡാണ്ഡത്തെയും (മനുഷ്യശരീരം) കുറിച്ചുള്ള മൗലികമായ വിജ്ഞാനമുണര്‍ത്തുകയും, ബ്രഹ്മാണ്ഡത്തിന്റെ ഹ്രസ്വരൂപമാണ് മനുഷ്യശരീരം എന്ന താത്ത്വിക ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു. അതായത് ബ്രഹ്മാണ്ഡത്തിലിരിക്കുന്നതത്രയും വ്യഷ്ടിയില്‍ മനുഷ്യശരീരത്തിലും നിലകൊള്ളുന്നുവെന്ന് സാരം. ”ജോപിണ്ഡി തേജ് ബ്രഹ്മാണ്ഡി” (ശരീരത്തിന്റെ ഓരോ ഭാഗവും പ്രപഞ്ചഘടനയുടെ പ്രതിബിംബമാണ്) എന്ന് ഉപനിഷത്ത് .അതുകൊണ്ട് ബ്രഹ്മാണ്ഡത്തിലെ ഊര്‍ജ്ജസ്പന്ദനത്തിന്റെ പ്രതിഫലനം തന്നെയാണ് മനുഷ്യശരീരത്തിലും ജീവന്റെ തുടിപ്പായി അനുഭവപ്പെടുന്നത്. ജീവന്റെ ഈ തുടിപ്പിനെ സ്വായത്തമാക്കിയാല്‍ ബ്രഹ്മാണ്ഡത്തിലെ ആ ഊര്‍ജ്ജസ്പന്ദനത്തെ പ്രാപിക്കുവാന്‍ നിഷ്പ്രയാസം സാധിക്കും. അതിനുള്ള വ്യഗ്രതയാണ് ജീവിതം.

അതുപോലെ പഞ്ചഭൂത നിര്‍മ്മിതമായ ബ്രഹ്മാണ്ഡത്തിന്റെ പ്രകൃതത്തിലും ഘടനയിലും സംഭവിക്കുന്ന മാറ്റം മനുഷ്യശരീരത്തെയും സ്വാധിനിക്കുന്നു. ‘ഈ ലോകം സപ്തവിഭാഗത്തോടു കൂടിയതാണ്. ഓരോ കോശത്തിലും ഓരോ ലോകവിഭാഗം വിന്യസ്തമായിരിക്കുന്നു. അതുകൊണ്ട് മനുഷ്യശരീരം ലഘുബ്രഹ്മാണ്ഡമെന്ന് പറയപ്പെടുന്നു’ എന്ന് നാലപ്പാട് നാരായണമേനോന്‍ വിചിന്തനം ചെയ്യുമ്പോള്‍, താവോഓഫ് ഫിസിക്‌സ് എന്ന വിശ്വപ്രസിദ്ധഗ്രന്ഥത്തിന്റെ കര്‍ത്താവ് ഫ്രിജോഫ് കാപ്രയുടെ താത്ത്വികദര്‍ശ്ശനം ‘പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തങ്ങളില്‍ ഒന്ന് ഹിന്ദു കാല്‍പനിക കഥയിലെ ദിവ്യനൃത്തമായ ലീലയാണ്. ഇതില്‍ ബ്രഹ്മന്‍ സ്വയം പ്രപഞ്ചമായി പരിണമിക്കുന്നു. ലീല എന്നാല്‍ താളാത്മകമായ ചലനമാണ്. ഇത് അന്തമില്ലാത്ത പരിവൃത്തിയാണ്. ഒന്ന് തന്നെ അനേകമായും അനേകത തിരിച്ച് ഏകത്വത്തില്‍ ലീനമാകുകയും ചെയ്യുന്ന അവസ്ഥ എന്നാണ്.

ഭാരതീയദര്‍ശ്ശനമനുസരിച്ച് ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സമ്മേളനമാണ്. ആകാശമാകുന്ന അഞ്ചാമത്തെ ഭൂതമാണ് ശരീരത്തിനകത്തും പുറത്തുമായികുടികൊള്ളുന്നത്. അപ്പോള്‍ മറ്റ് നാല് ഭൂതങ്ങളുടെ സമ്മിശ്രണമായ മനുഷ്യശരീരം സമര്‍ത്ഥമായി ആകാശഭൂതത്തില്‍ ക്രമീകരിക്കപ്പെട്ട നിലയിലാണ് വര്‍ത്തിക്കുന്നത്. അതായത് ”തസ്മൈ സ ഹോവാചാകാശോ ഹ വാ ഏഷ ദേവോ വായുരഗ്നിരാപഃ പൃഥിവീ” എന്ന് ഉപനിഷത്ത്. മറ്റൊരു ആശയം സൃഷ്ടിയുടെ ഏറ്റവും ഉത്തമവും പൂര്‍ണ്ണവുമായ ആവിഷ്‌ക്കാരമാണ് ഭൂമിയില്‍ മനുഷ്യന്‍. ”പുരുഷേതു ഏവ ആവിസ്താരാം ആത്മ” എന്ന് ഐതരേയാരണ്യകം.

അതുകൊണ്ട് പഞ്ചഭൂതനിര്‍മ്മിതവും, പൂര്‍ണ്ണവുമായ പ്രപഞ്ചത്തേയും, പ്രപഞ്ചവസ്തുക്കളെയും ഗണനം ചെയ്യാന്‍ പഞ്ചഭൂതനിര്‍മ്മിതവും, പൂര്‍ണ്ണവും, ഉത്തമവും, ലഘുബ്രഹ്മാണ്ഡവുമായ മനുഷ്യശരീരം തന്നെയാണ് കൃത്യമായ അളവുകോല്‍. ഈ നിഗമനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ആദ്ധ്യാത്മികഗണിതസമവാക്യമാണ്

”പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണാമാദായ പൂര്‍ണ്ണമേവാവശിഷ്യതേ.”

ചുരുക്കിപ്പറഞ്ഞാല്‍, ബ്രഹ്മാണ്ഡത്തിലെ വസ്തുക്കളെ സന്തുലനം ചെയ്യുവാന്‍ ബ്രഹ്മാണ്ഡത്തിന്റെ തനിയാവര്‍ത്തനമായ മനുഷ്യാവയവങ്ങളെക്കാള്‍ കൃത്യമായ മറ്റൊരു ഗണനസിദ്ധാന്തം ഇല്ലതന്നെ. ഈ കാലദേശഗണനാ പ്രക്രിയയെയാണ് വൈദികശാസ്ത്രം ”പുരുഷപ്രമാണം” (ഉത്തമശരീരിയായ പുരുഷന്റെ അളവ്) എന്ന് നാമകരണം ചെയ്തിരിക്കുന്നത്. പക്ഷെ പുരുഷപ്രമാണം എന്ന ഈ അളവിനുള്ള മാനദണ്ഡവും ബ്രഹ്മാണ്ഡത്തിന്റെയും പിണ്ഡാണ്ഡത്തിന്റെയും തനിയാവര്‍ത്തനമായ പരമാണുവാണ്. അങ്ങിനെ പരമാണുവിനെ മാനദണ്ഡമാക്കി വ്യവസ്ഥാപിതമായ രീതിയില്‍ ഒരു ഉത്തമ പുരുഷന്റെ ആകെ നീളവും അവയവങ്ങളുടെ കൃത്യമായ അളവും അവന്റെ ആത്മസ്വരൂപത്തിന്റെ മാനമായ പെരുവിരലിന്റെ ആദ്യമടക്കുകൊണ്ട് ഗണനം ചെയ്യപ്പെട്ടു. (ഇത് മദ്ധ്യവിരലിന്റെ നടുവലുപ്പമെന്നും, ചൂണ്ടുവിരലും മദ്ധ്യവിരലും പരസ്പരം കൂട്ടിയോജിപ്പിച്ചാല്‍ കിട്ടുന്ന വീതിയാണെന്നും പക്ഷാന്തരങ്ങളുണ്ട്.) ‘അംഗുഷ്ഠമാത്രഃ പുരുഷോ ജ്യോതിരിവാധൂമകഃ’ എന്ന് ഉപനിഷത്ത്. അതായത് ഒരു വ്യക്തിയില്‍ കുടികൊളളുന്ന ആത്മചൈതന്യമായ പുരുഷന്‍ സ്വന്തം കൈവിരല്‍ കൊണ്ട് ഒരംഗുലമായിരിക്കും.

സാരാവലി എന്ന ഗ്രന്ഥപ്രകാരം പരമാണുവില്‍നിന്ന് രേണുവും രേണുകൊണ്ട് രേഖയും, രേഖകൊണ്ട് ലീക്ഷയും, ലീക്ഷകൊണ്ട് തിലവും (എള്ള്) കണക്കാക്കുന്നു. യവം അഥവാ എള്ള് എട്ട് കൂടിയത് ഒരു മാത്രാംഗുലമാകുമ്പോള്‍ 12 അംഗുലത്തിന് ഒരു വിതസ്തി എന്നും വിതസ്തി രണ്ട് കൂടിയത് അതായത് 24 അംഗുലം ഒരു കോലായും കണക്കാക്കുന്നു. ഇത് കരം, കിഷ്‌കു, അരന്തി, ഭുജം, ദോസ്സു, മുഷ്ടി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇതുതന്നെ കാലദേശവര്‍ഗ്ഗവസ്തുഭേദമനുസരിച്ച് 24 അംഗുലം മുതല്‍ 31 അംഗുലംവരെ ഓരോ അംഗുലം കൂടി പ്രജാപത്യം, ധനുര്‍മുഷ്ടി, ധനുര്‍ഗ്രഹം, പ്രാച്യം, വൈദേഹം, വൈപുല്യം, പ്രകീര്‍ണ്ണം എന്നീ നാമങ്ങളില്‍ പ്രശസ്തമാണ്.

നാട്യാചാര്യന്‍ ഭരതമുനിയുടെ മതപ്രകാരം ഈ ഗണനതത്ത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഭാരതീയരുടെ ആദ്യശില്പിയായ വിശ്വകര്‍മ്മാവാണ്. അദ്ദേഹം ദീര്‍ഘമാനശാസ്ത്രത്തെ വിഭാവനം ചെയ്തിരിക്കുന്നത് അണു, രജസ്സ്, വാലം, ലിക്ഷ, യുക, യവം, അംഗുലം, ഹസ്തം, ദണ്ഡം എന്നിങ്ങനെയാണ്. കാണുന്നതില്‍ വെച്ച് ഏറ്റവും ചെറുത് അണു. അണുക്കള്‍ എട്ട് ചേര്‍ന്നത് ഒരു രജസ്സ്. എട്ട് രജസ്സ് ഒരു വാലം, എട്ട് വാലം ഒരു ലിക്ഷ, എട്ട് ലിക്ഷ ഒരു .യുക, എട്ട് യുക ഒരു യവം, എട്ട് യവം ഒരംഗുലം. ഇരുപത്തിനാല് അംഗുലം ഒരു ഹസ്തം (ആശാരിക്കോല്‍), നാല് കോല്‍ ഒരു ദണ്ഡം.

സംഘകാല കാവ്യമായ ചിലപ്പതികാരം ദീര്‍ഘമാനഹസ്തത്തിന്റെ (ആശാരിക്കോല്‍) നിര്‍മ്മിതിയെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. അതായത്, മലയം മുതലായ ദിവ്യങ്ങളായ പര്‍വ്വതങ്ങളുടെ താഴ്‌വരകളില്‍ നീണ്ടു വളര്‍ന്ന മുളയില്‍ കമ്പോടുകമ്പ് ഒരു ചാണായി (വലിച്ചുനീട്ടിയ അവസ്ഥയില്‍ കൈയിലെ തള്ളവിരലിന്റെ അറ്റം മുതല്‍ ചൂണ്ടുവിരലിന്റെ അറ്റം വരെയുള്ള അകലമാണ് ഒരു ചാണ്‍) വളര്‍ന്ന ഒന്നു കൊണ്ട് ശാസ്‌ത്രോക്തമായ രീതിയില്‍ അരങ്ങുണ്ടാക്കുന്നതിന് അളക്കുകോല്‍ ഒരു ഉത്തമപുരുഷന്റെ കൈപ്പെരുവിരല്‍ ഇരുപത്തിനാലുകൊണ്ട് അളവില്‍ മുറിച്ചുണ്ടാക്കണം. കൂടാതെ ഒരു മനുഷ്യന്റെ ആകെനീളം സ്വന്തം കൈവിരലംഗുലം കൊണ്ട് 96 ആയിരിക്കുമെന്ന് പറയുമ്പോഴും അതില്‍ 47മ്മ അംഗുലം മുകളിലും 47മ്മ അംഗുലം താഴെയും. മദ്ധ്യത്തില്‍ ഒരംഗുലം മൂലാധാരചക്രം എന്നു കൂടി രേഖപ്പെടുത്തിക്കാണുന്നു. യോഗശാസ്ത്രപ്രകാരം മൂലാധാരചക്രത്തിന്റെ സ്ഥാനം പുരുഷശരീരത്തില്‍ ഗുദലിംഗമദ്ധ്യമാണ്. ഈ മൂലാധാരചക്രത്തിലാണ് ജ്ഞാനശക്തിയായ കുണ്ഡലിനി സര്‍പ്പിളമായി ഉറങ്ങിക്കിടക്കുന്നത്. ഈ ശക്തിയെ ഉണര്‍ത്തി സുഷുമ്‌നാനാഡിവഴി ആധാരചക്രങ്ങളെ ഭേദിച്ച് ആരോഹണം ചെയ്ത് സഹസ്രാരപത്മത്തില്‍ പ്രവേശിപ്പിച്ചാല്‍ മനുഷ്യന് അനന്തമായ ആ ജ്ഞാനപ്രാപ്തി ലഭിക്കുമെന്ന് വൈദികശാസ്ത്രം ഉദ്‌ഘോഷിക്കുന്നു.

പ്രാചീന കേരളത്തിലെ ഗൃഹങ്ങളും, ദേവാലയങ്ങളും, കളരികളും, യാഗശാലകളും പുരുഷപ്രമാണം എന്ന ഗണനസിദ്ധാന്തമനുസരിച്ച് യജമാനന്റെ കാലില്‍ എട്ടംഗുലം ഒരു പാദം അഥവാ അടി എന്ന കണക്ക് പ്രകാരം അളന്ന് തിട്ടപ്പെടുത്തിയതായി കാണാം. അതുപോലെ കളരികളും വീടുകളും ഒരു ഉത്തമ പുരുഷന്റെ ആകെ നീളമായ 96 അംഗുലം ഉയരമാണെന്നതും മറ്റൊരു പ്രത്യേകതയാണ്.

കൗടില്ല്യന്‍ തന്റെ അര്‍ത്ഥശാസ്ത്രഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് പരമാണുക്കള്‍, അതായത് തേര്‍ചക്രത്തില്‍ നിന്ന് വേനല്‍ക്കാലത്ത് ചിതറുന്ന സൂക്ഷ്മമായ പൊടി, എട്ട് കൂടിയത് ലിക്ഷ, എട്ട് ലിക്ഷ ഒരു യുകാമധ്യം, എട്ട് യുകാമധ്യം ഒരു യവമദ്ധ്യം, എട്ട് യവമദ്ധ്യം ഒരംഗുലം അഥവാ മദ്ധ്യവലുപ്പമുള്ള പുരുഷന്റെ മധ്യാംഗുലിയുടെ നടുവലുപ്പം. നാലംഗുലം ഒരു ധനുര്‍ഗ്രഹം, എട്ടംഗുലം ഒരു ധനുര്‍മുഷ്ടി, പന്ത്രണ്ടംഗുലം കൂടിയത് വിതസ്തി. അതുതന്നെ ഛായാപൗരുഷവും. അഥവാ ശങ്കുപ്രമാണം. സ്വന്തം നിഴല്‍ തന്നില്‍ തന്നെ ഒതുങ്ങുന്ന വലുപ്പമാണ് ഛായാപൗരുഷം. ഇങ്ങിനെ പന്ത്രണ്ടംഗുലം നീളവും, ചുവട്ടില്‍ രണ്ടംഗുലവും അഗ്രത്തില്‍ ഒരംഗുലവും തുല്യവൃത്തവും, താമരമൊട്ടിന്റെ അഗ്രംപോലെ അതിസൂക്ഷ്മമായ അഗ്രത്തോടുകൂടിയതും ഉറപ്പും, ഘനവും ഉള്ള മരം കൊണ്ടുണ്ടാക്കിയതുമായ ഒരു കുറ്റി അഥവാ ശങ്കു, ഇതുകൊണ്ടാണ് പ്രചീന കാലങ്ങളില്‍ വാസ്തുനിര്‍മ്മാണത്തിന് ദിശതിരിക്കുന്ന പ്രക്രിയ നടത്തിയിരുന്നത്. ഇത് ശങ്കുപ്രമാണം എന്ന പേരില്‍ അറിയപ്പെടുന്നു. രണ്ട് വിതസ്തി ഒരു അരന്തി അതായത് ആശാരിക്കോല്‍.

കാലഗണന
കൗടില്യന്റെ കാലഗണനരീതിയില്‍ ഏറ്റവും ചെറുത് അല്പകാലം- അതായത് ഇലകള്‍ ഒന്നിന്‌മേലെ ഒന്നായി അടുക്കിവെച്ച് ഒരു സൂചികൊണ്ട് കുത്തിയാല്‍ മുകളിലത്തെ ഇല കിഴിഞ്ഞ് സൂചിയുടെ അഗ്രം അതിന്റെ തൊട്ടടുത്ത ഇലയില്‍ തൊടുന്നതിന് വേണ്ടിവരുന്ന സമയമാണ് ‘അല്പകാലം.’ മുപ്പത് അല്പകാലം ഒരു ത്രുടി. രണ്ട് ത്രുടി ഒരു ലവം, രണ്ട് ലവം ഒരു നിമിഷം, അഞ്ച് നിമിഷം ഒരു കാഷ്ഠ, മുപ്പത് കാഷ്ഠ ഒരു കല, നാല്പത് കല ഒരു നാളിക, രണ്ട് നാളിക ഒരു മുഹൂര്‍ത്തം, പതിനഞ്ച് മുഹൂര്‍ത്തം ഒരു പകല്‍. രാത്രിയും അങ്ങിനെ തന്നെ.

ഛായ 8 പുരുഷമാനം (8ഃ12 തൊണ്ണൂറ്റാറ് അംഗുലം) ആയിരിക്കുമ്പോള്‍ പകലിന്റെ പതിനെട്ടിലൊരംശം കഴിഞ്ഞിരിക്കും. ആറ് പുരുഷമാനം (6ഃ12 എഴുപത്തിരണ്ട് അംഗുലം) നിഴലായിരിക്കുമ്പോള്‍ പതിനാലിലൊരംശം കഴിയും. നാല് പുരുഷമാനം നിഴലാകുമ്പോള്‍ (4ഃ12 നാല്പത്തിയെട്ടംഗുലം) പകലിന്റെ ആറിലൊരംശം കഴിയും. നിഴല്‍ ഒരു പുരുഷമാനം ആകുമ്പോള്‍ (പന്ത്രണ്ടംഗുലം) നാലിലൊരുഭാഗം കഴിയും, നിഴല്‍ നാലംഗുലമാകുമ്പോള്‍ എട്ടില്‍ മൂന്ന് ഭാഗം കഴിയും. നിഴല്‍ നാലംഗുലമാകുമ്പോള്‍ എട്ടില്‍ മൂന്ന് ഭാഗം കഴിയും. നിഴല്‍ ഇല്ലാതാകുമ്പോള്‍ മധ്യാഹ്നമായിരിക്കും. ഈ രീതിയില്‍ തന്നെയാണ് മധ്യാഹ്നത്തിന് ശേഷമുള്ള പകലും.

ആര്യഭടന്‍ കാലത്തെ മനുഷ്യന്റെ അക്ഷരോച്ചാരണവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഗണിച്ചുകാണുന്നു. അതായത് മധ്യവ്യര്‍ത്തിയില്‍ ഉച്ചരിക്കുന്ന ഒരു വ്യക്തി 60 ദീര്‍ഘാക്ഷരങ്ങള്‍ ഉച്ചരിക്കുവാന്‍ വേണ്ട സമയം ഒരു നക്ഷത്രവിനാഴിക. 10 ദീര്‍ഘാക്ഷരം കൂടിയത് ഒരു പ്രാണകാലം. അതായത് ഒരു വ്യക്തി ഒരു തവണ ശ്വാസം എടുത്ത് പുറത്തുവിടാന്‍ എടുക്കുന്നസമയം. ആറ് പ്രാണകാലം- ആറ് തവണ. ശ്വാസോച്ഛ്വാസം നടത്താന്‍ എടുക്കുന്ന സമയം ഒരു വിനാഴിക, നക്ഷത്രമണ്ഡലം ഒന്ന് തിരിയാന്‍ വേണ്ട സമയം ഒരു നക്ഷത്രദിവസം. ഒരു നാഴിക = 24 മിനിറ്റ്. ഒരു വിനാഴിക = 24 സെക്കന്റ്. രണ്ട് നാഴിക ചേര്‍ന്നത് ഒരു മുഹൂര്‍ത്തം.

ജൈനസിദ്ധാന്തപ്രകാരം ഒരു ശ്വാസോച്ഛ്വസം ഒരു പ്രാണം. 7 പ്രാണം ഒരു സ്‌തോകം, 7 സ്‌തോകം ഒരു ലവം, 77 ലവം ഒരു മുഹൂര്‍ത്തം. 30 മുഹൂര്‍ത്തം ഒരു അഹോരാത്രം, 15 അഹോരാത്രം ഒരു പക്ഷം, 2 പക്ഷം ഒരു മാസം, 2 മാസം ഒരു ഋതു, 3 ഋതു ഒരു അയനം, 2 അയനം ഒരു സംവല്‍സരം, 5 സംവത്സരം ഒരു യുഗം, 84 ലക്ഷം യുഗം ഒരു പൂര്‍വാംഗം.

താരാലംബകം/
നക്ഷത്ര ദൂരമാപകയന്ത്രം.
ജലത്തില്‍ വെച്ച് ചക്രവാളത്തിലെ സൂര്യന്റെയോ നക്ഷത്രങ്ങളുടെയോ സ്ഥാനം നിര്‍ണയിക്കുന്നതിനുള്ള യന്ത്രം. 14-ാം നൂറ്റാണ്ടിനു മുമ്പ് ഭാരതീയര്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ജനീവയിലെ മ്യൂസിയത്തിലാണ് ഇതുള്ളത്.

അടിയളവ് വാക്യം
ഘടികാരങ്ങള്‍ നിലവിലില്ലാത്ത കാലത്ത് കേരളത്തില്‍ സമയനിര്‍ണ്ണയത്തിന് ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ് അടിയളവുവാക്യം. മനുഷ്യന്റെ നിഴല്‍ അളന്നു തിട്ടപ്പെടുത്തി സമയം കണക്കാക്കുന്ന ഒരു രീതിയായിരുന്നു ഇത്. സമതലമായ പ്രദേശത്ത് ഒരാള്‍ നിവര്‍ന്നു നില്‍ക്കുന്നു. ആ വ്യക്തിയുടെ നിഴലിന്റെ അഗ്രം മറ്റൊരാള്‍ നോക്കി അവിടെ ഒരു അടയാളം വെയ്ക്കണം. നില്‍ക്കുന്ന വ്യക്തിയുടെ കാലടിയുടെ മദ്ധ്യത്തില്‍ നിന്ന് അളവ് തുടങ്ങണം. ഓരോ മാസവും രാവിലെയും ഉച്ചകഴിഞ്ഞും നിഴലിന്റെ നീളം എത്രയാണെന്നും അപ്പോള്‍ സമയം എത്രയാണെന്നും നിര്‍ണ്ണയിച്ച് ഒരു പട്ടിക തയ്യാറാക്കുന്നു. ഓരോ മാസവും സൂര്യന്‍ സ്ഥാനം മാറി സഞ്ചരിക്കുന്നതിനാല്‍ നിഴലും മാറിമാറിവരും. ഉച്ചയ്ക്ക് ശേഷമുള്ള സമയം സൂര്യന്‍ അസ്തമിക്കുവാന്‍ ഇനി എത്ര സമയം ഉണ്ട് എന്ന രീതിയിലാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിലെ പൂജയുമായും ഇതിനെ ബന്ധപ്പെടുത്തിക്കാണുന്നു. ക്ഷേത്രത്തിലെ നാഴികക്കുടത്തിന്റെ നിഴല്‍ ക്ഷേത്രത്തില്‍ നിന്ന് 12 അടി നീളത്തിലാകുമ്പോഴാണ് പന്തീരടിപ്പൂജ. ഇത് രാവിലെ ഏകദേശം 9 മണിക്കടുത്ത്‌വരും. കാലടിയുടെ നീളമാണ് ഇവിടെ അളവിന്നായി ഉപയോഗിക്കുന്നത്.

ഇങ്ങിനെ കാലദേശഗണനയില്‍പോലും നമ്മുടെ പൂര്‍വ്വീകര്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള നിഗൂഢമായ താദാത്മ്യം അതായത് ബ്രഹ്മാണ്ഡപിണ്ഡാണ്ഡങ്ങളുടെ ഐക്യം നിരൂപണം ചെയ്ത സത്വരഗവേഷണത്തിന്റെ പരിണിതഫലമാണ് പുരുഷപ്രമാണമെന്ന അംഗുലിമാനവ്യവസ്ഥ. പരിണാമ ശ്രേണിയുടെ ഉന്നതിയിലെത്തിയ മനുഷ്യരില്‍ ഈ അവശിഷ്ട ഈശ്വരീയശക്തി അഥവാ ജീവാത്മാവ് പരിപക്വത പ്രാപിച്ച് മൂലസ്വരൂപത്തില്‍ ലീനമാകുവാനുള്ള ഒരു പ്രയത്‌നത്തിന്റെ പ്രാരംഭനടപടിയായി തന്നെ ഇതിനെയും കാണാവുന്നതാണ്.

Tags: പുരുഷപ്രമാണംകാലദേശ ഗണനാശാസ്ത്രംവാസ്തു
Share2TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies