- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ജാലിയന്‍വാലാബാഗിലെ അഗ്‌നിജ്വാല ( സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 20)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ഭാരതീയരോട് ബ്രിട്ടീഷുകാര്‍ കാണിച്ച ക്രൂരതകളില്‍ ഏറ്റവും വലുതായിരുന്നു 1919 ഏപ്രില്‍ 13 – ന് പഞ്ചാബിലെ അമൃത് സറിനടുത്തുള്ള ജാലിയന്‍വാലാ ബാഗില്‍ നടന്ന കൂട്ടക്കൊല. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരും ഉദ്യാനം സന്ദര്‍ശിക്കാനെത്തിയവരുമായ പതിനായിരത്തിലധികം വരുന്ന ജനങ്ങള്‍ക്കു നേരേ, മൈതാനത്തിലേക്കുള്ള ഇടുങ്ങിയ ഒരേയൊരു വഴി അടച്ച ശേഷം, യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ വെടിവെയ്പില്‍ ആയിരത്തിലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കു പറ്റുകയും ചെയ്തു.
നാടിനെ നടുക്കിയ ഈ സംഭവത്തിനു സാക്ഷിയായിരുന്ന ഒരു പത്തൊമ്പതു വയസ്സുകാരന്‍, എന്നായാലും ഇതിനു താന്‍ ബ്രിട്ടീഷുകാരോട് പകരം ചോദിക്കുമെന്നു പ്രതിജ്ഞ ചെയ്തു. 21 വര്‍ഷങ്ങള്‍ക്കു ശേഷം 1940 മാര്‍ച്ച് 13 – ന് ലണ്ടനിലെ ഒരു യോഗ സ്ഥലത്തു വെച്ച് കൂട്ടക്കൊലയ്ക്കു കാരണക്കാരനായ അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കല്‍ ഒ ഡയറിനെ അവന്‍ വെടിവെച്ചു കൊന്നു. ഭാരതത്തിന്റെ വിപ്ലവ ചരിത്രത്തിലെ സമാനതകളില്ലാത്ത ഈ കൃത്യത്തിലൂടെ ദേശസ്‌നേഹികളുടെ മനസ്സില്‍ അനശ്വരനായിത്തീര്‍ന്ന വിപ്ലവകാരിയാണ് ഉദ്ദംസിംഗ്.
1899 ഡിസംബര്‍ 26 ന് പഞ്ചാബിലെ സാന്‍ ഗ്രൂര്‍ ജില്ലയിലെ സുനാം പട്ടണത്തിലെ ഒരു ദരിദ്രകുടുംബത്തിലാണ് ഉദ്ദംസിംഗ് ജനിച്ചത്. ഷേര്‍ സിംഗ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. അച്ഛന്‍ തഹാല്‍ സിംഗ് തൊട്ടടുത്ത ഗ്രാമമായ ഉപാലില്‍ റെയില്‍വെ ക്രോസിംഗിലെ വാച്ച്മാനായിരുന്നു. ഷേര്‍ സിംഗിന് മുക്താ സിംഗ് എന്ന ഒരു ജ്യേഷ്ഠനു മുണ്ടായിരുന്നു. ഷേര്‍ സിംഗിന് മൂന്നും മുക്താ സിംഗിന് അഞ്ചും പ്രായമുണ്ടായിരുന്നപ്പോള്‍ അവരുടെ അമ്മ നരേന്‍ കൗര്‍ മരിച്ചു. അതിനു ശേഷം അച്ഛന്‍ രണ്ടു മക്കളെയും കൊണ്ട് അമൃത് സറിലേക്കു താമസം മാറ്റി.
രണ്ടു വര്‍ഷം കഴിഞ്ഞ് അച്ഛനും മരണമടഞ്ഞു. തികച്ചും അനാഥരായ അവരെ അമൃത് സറിലെ മുഖ്യ ഖല്‍സാ ദിവാന്‍ നടത്തിയിരുന്ന അനാഥാലയത്തില്‍ ചേര്‍ത്തു. സിക്ക് മതാചാരപ്രകാരം ഷേര്‍ സിംഗിന് ഉദ്ദംസിംഗ് എന്നും മുക്താ സിംഗിന് സാധു സിംഗ് എന്നും പുതിയ പേരുകള്‍ നല്‍കപ്പെട്ടു. ഉദ്ദം എന്ന വാക്കിന്റെ അര്‍ത്ഥം പഞ്ചാബിയില്‍ ‘ പ്രക്ഷോഭം ‘ എന്നാണ്. 1913 ല്‍ ഉദ്ദമിനെ തനിച്ചാക്കിക്കൊണ്ട് മുക്തയും മരിച്ചു.
17-ാമത്തെ വയസ്സില്‍ ഉദ്ദംസിംഗ് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരുകയും ബസ്‌റയിലേക്ക് അയക്കപ്പെടുകയും ചെയ്തു. കുറഞ്ഞ കാലത്തേക്കുള്ള നിയമനമായിരുന്നെങ്കിലും ഇത് അയാളില്‍ യാത്ര ചെയ്യാനുള്ള താല്പര്യം വളര്‍ത്തി. ജീവിതത്തിലുടനീളം ഈ സ്വഭാവം ഉദ്ദമിന്റെ കൂടെ ഉണ്ടായിരുന്നു. ഒരു പക്ഷെ, തന്റെ ജീവിത ലക്ഷ്യം നേടാന്‍ ഉദ്ദമിനെ സഹായിച്ചതും ഈ സ്വഭാവ ഗുണമാകാം.
1918 അവസാനം ഉദ്ദംസിംഗ് അനാഥാലയത്തില്‍ തിരിച്ചെത്തി. 1919 ഏപ്രില്‍ 13 – ന് ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ അയാള്‍ പട്ടണത്തിലുണ്ടായിരുന്നു. വെടിവെപ്പിന്റെ തുടര്‍ച്ചയായ, കാതടപ്പിക്കുന്ന ശബ്ദം കേട്ട ഉദ്ദം ഒന്നും ചിന്തിക്കാതെ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. കൂട്ടക്കൊലയുടെ നടുക്കുന്ന രംഗം അയാളില്‍ വലിയ സ്വാധീനം ചെലുത്തി. എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയായിരുന്നു. എങ്കിലും പെട്ടെന്നു തന്നെ കിട്ടുന്നവരെ ഒരുമിച്ചു കൂട്ടി ജനങ്ങള്‍ക്കു വേണ്ട അവശ്യ സഹായങ്ങള്‍ ചെയ്യാനാരംഭിച്ചു. അത്യന്തം ഭീതിജനകമായ അന്തരീക്ഷമായിരുന്നതിനാല്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനും പരിമിതി ഉണ്ടായിരുന്നു. എങ്കിലും ആവശ്യക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാനും പരിക്കു പറ്റിയ വരെ വാഹനങ്ങളില്‍ കയറ്റി ആശുപത്രിയിലേക്കയക്കാനും ശവശരീരങ്ങള്‍ കൊണ്ടുപോകാനെത്തിയ ബന്ധുക്കളെ സഹായിക്കാനും ആവും വിധം ഉദ്ദം ശ്രമിച്ചു.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രക്തം ചിന്തിയ സംഭവമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിന് ബ്രിട്ടീഷുകാര്‍ രൂപം നല്‍കിയ റൗലത് നിയമത്തില്‍ പ്രതിഷേധിക്കുന്നതിനാണ് ആയിരക്കണക്കിന് ജനങ്ങള്‍ അവിടേക്ക് ഒഴുകിയെത്തിയത്. ചെറുതും വലുതുമായ നിരവധി പ്രക്ഷോഭങ്ങള്‍ അതിനു മുമ്പും നടന്നിരുന്നു. പഞ്ചാബിലെങ്ങും വ്യാപകമായിരുന്ന അഖാഡകള്‍(വ്യായാമ ശാലകള്‍) യുവാക്കള്‍ക്ക് ആവേശവും ഊര്‍ജ്ജവും പകര്‍ന്നിരുന്നു. വിപ്ലവകാരികള്‍ക്ക് ഇവയുമായി സുദൃഢമായ ബന്ധമുണ്ടായിരുന്നു. ഈ അഖാഢകളെ ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടിരുന്നു.ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന ജനറല്‍ മൈക്കേല്‍ ഒ ഡയര്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചു തന്നെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു.
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലക്കു തൊട്ടു മുമ്പ് നടന്ന ചില പ്രക്ഷോഭങ്ങളും സംഘര്‍ഷത്തിനിടയാക്കിയിരുന്നു. വെടിവെപ്പുകളില്‍ ഇരുപത്തഞ്ചോളം നാട്ടുകാരും പത്തോളം വിദേശികളും കൊല്ലപ്പെട്ടിരുന്നു. എന്തും സംഭവിക്കാവുന്ന ഒരു സംഘര്‍ഷാവസ്ഥയാണ് അവിടെ ഉണ്ടായിരുന്നത്. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് ജനങ്ങളെ തളച്ചിടാമെന്ന് അധികൃതര്‍ വിചാരിച്ചു. അതിനു വേണ്ടി ലാഹോറില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ കമ്പനി സൈന്യത്തെ വരുത്തി. ഏപ്രില്‍ 11 – ന് രാത്രി ബ്രിഗേഡിയര്‍ ജനറല്‍ റജിനാള്‍ഡ് ഡയര്‍ ജലന്ധറില്‍ നിന്നെത്തി നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ വിദഗ്ദ്ധനായ അയാള്‍ അമൃത് സറിലും ഇതേ അടവുകള്‍ പുറത്തെടുത്തു. നിരവധി നേതാക്കളെ തടവിലാക്കി. നഗരം മുഴുവന്‍ പട്ടാള ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. ഏപ്രില്‍ 12 – ന് രാവിലെ തന്നെ നഗരത്തിലേക്കുള്ള ജലവിതരണം നിര്‍ത്തി വെക്കുകയും വൈദ്യുതി വിച്‌ഛേദിക്കുകയും ചെയ്തു.
പുതിയ സ്ഥിതി വിശേഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കളാണ് 13 – ന് ഉച്ചയ്ക്കു ശേഷം ജാലിയന്‍വാലാ ബാഗില്‍ യോഗം വിളിച്ചത്. അന്ന് സിക്കുകാര്‍ക്കും മറ്റു ഹിന്ദുക്കള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വൈശാഖി ദിവസമായിരുന്നു. ബ്രിട്ടീഷുകാരുടെ സര്‍വ്വ സന്നാഹങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ജനങ്ങള്‍ മൈതാനത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. പൊതുവായ ഉദ്യാനമായിരുന്നതിനാല്‍ കൈക്കുഞ്ഞുങ്ങളെ എടുത്തവരടക്കം ധാരാളം സന്ദര്‍ശകരും അവിടെ ഉണ്ടായിരുന്നു. ഞായറാഴ്ചയും ആയിരുന്നതിനാല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ നിരവധി പേര്‍ ഉദ്യാനത്തിലേക്കും എത്തിയിരുന്നു. ചുരുങ്ങിയത് പതിനായിരം പേരെങ്കിലും അന്ന് ജാലിയന്‍വാലാ ബാഗില്‍ ഉണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
4 മണിയോടെ ആകാശത്ത് ഒരു വിമാനം വട്ടമിട്ടു പറന്നു. നല്ല സംഖ്യയില്‍ ജനങ്ങള്‍ മൈതാനെത്തിയത് ജനറല്‍ ഡയറിന്റെ കഴുകന്‍ കണ്ണുകള്‍ കണ്ടു. പിന്നെ താമസമുണ്ടായില്ല. മൈതാനത്തിലേക്കള്ള ഏക വഴി അടച്ചു കൊണ്ട് മെഷീന്‍ ഗണ്ണുകള്‍ നിരന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെടിവെക്കാന്‍ പോലീസ് പിക്കറ്റുകള്‍ക്കും ഉത്തരവു നല്‍കി. പിന്നെ അവിടെ നടന്നത് ഒരു നരനായാട്ടാണ്. മെഷീന്‍ ഗെണ്ണുകള്‍ തുരുതുരെ വെടി വെക്കാന്‍ തുടങ്ങി. രക്ഷപ്പെടാന്‍ കഴിയാതെ ജനങ്ങള്‍ തലങ്ങും വിലങ്ങും ഓടി. ആയിരക്കണക്കിന് ആളുകള്‍ വെടി കൊണ്ട് വീണതോടെ ഉദ്യാനം ഒരു യുദ്ധക്കളമായി മാറി. ചിലര്‍ വെടി കൊണ്ട് വീണപ്പോള്‍ മറ്റു ചിലര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഉദ്യാനത്തിലെ തുറന്ന കിണറില്‍ വീണാണ് മരിച്ചത്. പത്തു മിനിട്ട് സമയം കൊണ്ട് ഏകദേശം 1650 റൗണ്ട് വെടി വെച്ചതായി കണക്കാക്കപ്പെട്ടു. നടപടികള്‍ക്ക് ഡയര്‍ തന്നെ നേരിട്ടു നേതൃത്വം നല്‍കി. ഔദ്യോഗിക കണക്കുപ്രകാരം 379 പേരാണ് മരിച്ചതെങ്കിലും 1000 ലധികം പേര്‍ മരിച്ചതായാണ് അനൗദ്യോഗികമായി കണക്കാക്കപ്പെടുന്നത്. നിരവധി കുട്ടികളും മരിച്ചതായാണ് സാക്ഷികള്‍ പറഞ്ഞിട്ടുള്ളത്. അവരില്‍ 7 മാസം മാത്രം പ്രായമുള്ള ഒരു കൈക്കുഞ്ഞും ഉള്‍പ്പെടും. ആയിരങ്ങള്‍ക്കാണു പരിക്കു പറ്റിയത്. അധികൃതര്‍ പരിക്കു പറ്റിയവരെ രക്ഷിക്കാന്‍ സഹായിച്ചില്ല എന്നു മാത്രമല്ല കര്‍ഫ്യൂ പ്രഖ്യാപിച്ച് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി.
രണ്ടു ഡയര്‍മാരാണ് ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലക്ക് കാരണക്കാര്‍. പഞ്ചാബില്‍ സൈനിക നടപടിക്ക് ഉത്തരവിട്ട ലഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കേല്‍ ഒ ഡയറും ഉത്തരവ് ക്രൂരമായി നടപ്പാക്കിയ റജിനാള്‍ഡ് ഡയറും. ബ്രിട്ടീഷുകാരില്‍ ഒരു വിഭാഗം രണ്ടു ഡയര്‍മാരെയെയും ആരാധനയോടെയാണ് കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടര്‍ കമ്മീഷന്‍ റജിനാള്‍ഡ് ഡയറെ കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും ശിക്ഷാ നടപടികള്‍ നിര്‍ദ്ദേശിച്ചില്ല. വിപ്ലവകാരികളെ ഭയന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ അയാളെ ലണ്ടനിലേക്കു തിരിച്ചു വിളിച്ചു. പണക്കിഴിയടക്കം നല്‍കിയാണ് ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ അയാളെ യാത്രയാക്കിയത്. ഇന്ത്യയിലുണ്ടായിരുന്ന മദാമ്മമാര്‍ അയാള്‍ക്കു വേണ്ടി പണം ശേഖരിക്കാന്‍ മുന്നിട്ടിറങ്ങിയത് മാതൃത്വത്തിനു തന്നെ അപമാനമായി. 1927 ല്‍ ബ്രിസ്റ്റോളില്‍ വെച്ച് അയാള്‍ മരിച്ചു. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കേല്‍ ഒ ഡയറെയും ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ലണ്ടനിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം ഉദ്ദംസിംഗ് വെടിവെച്ചു കൊന്നത് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന മൈക്കേല്‍ ഒ ഡയറെയാണ്.
(തുടരും)