തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അന്തംവിട്ട് നില്‍ക്കുകയാണ്. ബിഷപ്പിനും മലയോര കര്‍ഷകര്‍ക്കും മേല്‍ വാഗ്ദാന മഴ ആലിപ്പഴം പോലെ വീഴുകയാണ്. ഒരു വശത്ത് ഭരണക്കാരായ ഇടതു സര്‍ക്കാറില്‍ നിന്ന്. മറുവശത്ത് പ്രതിപക്ഷ നേതാവില്‍ നിന്ന്. ഇതിനൊക്കെ കാരണം ബിഷപ്പിന്റെ ഒരു പ്രസംഗമാണ്. റബര്‍ വില വര്‍ദ്ധിപ്പിച്ചാല്‍ മലയോര കര്‍ഷകര്‍ ബി.ജെ.പിക്ക് വോട്ടുചെയ്യും എന്നായിരുന്നു പ്രസംഗം. സാധാരണ ഈ രീതിയില്‍ പ്രസംഗിച്ചവനെ വളഞ്ഞിട്ട് ആക്രമിച്ച് പണിതീര്ക്കലായിരുന്നു ഇടത് – വലത് തന്ത്രം. ഇത് ബിഷപ്പിന്റെ അടുത്ത് നടപ്പില്ലെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് ബോധ്യമായി. ആദ്യം അവര്‍ വിചാരിച്ചു ബിഷപ്പിന് വല്ല നാക്കു പിഴയും പറ്റിയതാണെന്ന്. പിന്നെയും ബിഷപ്പ് തന്റെ വാക്കുകളില്‍ ഉറച്ചു നിന്നുവെന്നു മാത്രമല്ല കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കേ റബറിന്റെ ഇറക്കുമതി തീരുവ സംബന്ധിച്ചും കര്‍ഷക താല്പര്യം സംബന്ധിച്ചും എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നും പറഞ്ഞു. ഇടതന്മാരും വലതന്മാരും ഒന്നും ചെയ്തുതന്നില്ല എന്നും തീര്‍ത്തു പറഞ്ഞു. അതോടെ ഇരുകൂട്ടര്‍ക്കും ഉത്തരംമുട്ടി. ബിഷപ്പിനെ വിമര്‍ശിക്കാന്‍ കത്തോലിക്കാ സഭയില്‍ നിന്ന് കാര്യമായി ആരും രംഗത്തുവന്നതുമില്ല. ഇതോടെ കണ്ണുരുട്ടലും ഭീഷണിയും വിലപ്പോവില്ലെന്നു ഇരുകൂട്ടര്‍ക്കും ബോധ്യമായി. ബിഷപ്പിനെയും മലയോര കര്‍ഷകരെയും മയക്കാനുള്ള തന്ത്രങ്ങളായി പിന്നീട്. മാരീചന് മാനായി മാന്ത്രിക പ്രയോഗങ്ങള്‍ തുടങ്ങി. അതോടെ വറ്റിവരണ്ടു കിടന്ന മലയോരകര്‍ഷകരുടെ സബ്സിഡി എക്കൗണ്ട് രണ്ടു മാസത്തെ സബ്സിഡി കൊണ്ട് നിറയുന്നു. വിജയന് സഖാവിന്റെ മാന്ത്രിക വിദ്യ! പട്ടിണികിടന്ന് കരഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഒരു നിമിഷം കൊണ്ട് എക്കൗണ്ടില്‍ പണമിടുന്നു. ഭരണം കയ്യിലില്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സബ്സിഡി നല്‍കാനാവില്ലല്ലോ. അതിനാലവര്‍ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തെ ചുവപ്പുപരവതാനി വിരിച്ച് ക്ഷണിക്കുകയാണ്. റബ്ബര്‍ കര്‍ഷകരുടെ ക്ഷേമത്തിനായി യു.ഡി.എഫിലേക്ക് വരാനാണ് വി.ഡി.സതീശന്റെ ക്ഷണം. കോട്ടയത്തെ കടപ്ലമറ്റം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ്. സ്വതന്ത്രന് തോല്പിച്ചിരുന്നു. ഇതിന്റെ ബലത്തിലാണ് നിരുപാധിക ക്ഷണം. ഇതെല്ലാം കണ്ട് പാംപ്ലാനിയും അച്ചന്മാരും അതിശയിക്കുകയാണ്. മലയോര കര്‍ഷകര്‍ ബി.ജെ.പിക്കു വോട്ടുചെയ്യുമെന്ന് പ്രസംഗിക്കുമ്പോഴേ ഇത്രയ്ക്ക് ഭൂമി കുലുക്കം. അപ്പോള്‍ പള്ളിക്കാര് ബി.ജെ.പിയെ പിന്തുണച്ചാല്‍ എന്താവും സ്ഥിതി എന്ന് ചിന്തിച്ചു നോക്കൂ.