ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, കാടാമ്പുഴ ഭഗവതി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ സ്റ്റിക്കറുകള്‍ ചില ഭക്തര്‍ വീട്ടില്‍ ഒട്ടിക്കാറുണ്ട്. ഇനി ഇതൊക്കെ പറിച്ചു കളഞ്ഞ് പകരം പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം എന്ന സ്റ്റിക്കര്‍ കേരളത്തിലെ ഓരോ വീട്ടിലും ഒട്ടിക്കേണ്ടിവരും. സംശയമുള്ളവര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയ്ക്കിടെ തൃശ്ശൂരില്‍ വെച്ച് ഇ.പി.ജയരാജന്‍ നടത്തിയ പ്രസംഗം ഒന്ന് കേള്‍ക്കുക. പിണറായി കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ് എന്നാണ് സഖാവ് പറഞ്ഞത്. വിജയന്‍ സഖാവിന് നേരെ കരിങ്കൊടി കാട്ടിയാല്‍ കൈകാര്യം ചെയ്യുമെന്ന പരസ്യ ഭീഷണിയുമുണ്ട്. ഈ രണ്ടു കാര്യവും പാര്‍ട്ടി നടപ്പാക്കാന്‍ തീരുമാനിച്ച കാര്യമാണ്. അതായത് ചെമ്പട എന്ന ഹിരണ്യാക്ഷപ്പട രംഗത്തിറങ്ങി നാരായണായ നമ: എന്നു പറയുന്നവരെ കൈകാര്യം ചെയ്യും. പകരം അവര്‍ വീടുവീടാന്തരം പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം എന്ന സ്റ്റിക്കര്‍ വിതരണം ചെയ്യും.
ഇത്തരമൊരു സ്റ്റിക്കര്‍ വീട്ടിലെ പൂജാമുറിയില്‍ വെച്ചാല്‍ ഉണ്ടാകുന്ന ഗുണം തിരിച്ചറിഞ്ഞയാളാണ് സഖാവ് ഇ.പി. കുറെ കാലം അദ്ദേഹം ഈ സ്റ്റിക്കര്‍ ഒട്ടിച്ച് മൂന്നു നേരം ഇങ്ക്വിലാബിനൊപ്പം ഈ മുദ്രാവാക്യവും മുഷ്ടി ചുരുട്ടി വിളിച്ചു. ഫലമോ? മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ ഇ.പി.യുടെ ഭാര്യയും മകനും മുഖ്യ ഓഹരി ഉടമകളായി. ഇ.എം.എസ്. സ്വത്ത് വിറ്റ് പാര്‍ട്ടി പത്രത്തിന്റെ ഓഹരിക്കാണ് നിക്ഷേപിച്ചത്. അത് പഴയ കാലം. ഇന്ന് കച്ചവട മൂല്യമുളളത് റിസോര്‍ട്ടിനാണെന്ന് സഖാവിന് ബോധം തെളിഞ്ഞത് ഈ സ്റ്റിക്കര്‍ ഒട്ടിച്ചപ്പോഴാണ്. ഭാര്യയ്ക്ക് ജോലി പിരിഞ്ഞു വരുമ്പോള്‍ കിട്ടിയ ലക്ഷങ്ങള്‍ മൊറാഴയിലെ രക്തസാക്ഷി മണ്ണില്‍ റിസോര്‍ട്ടായി മാറി. അതുതന്നെ വലിയ വിപ്ലവം. കണ്ണൂരില്‍ ഈ സ്റ്റിക്കറിന്റെ വിപ്ലവ വീര്യം തിരിച്ചറിഞ്ഞവര്‍ ഏറെയാണ്. എം.വി.ഗോവിന്ദന്‍ ഈ സ്റ്റിക്കറിനോട് അവിശ്വാസം കാട്ടി. ഫലമോ? കളള് മന്ത്രി സ്ഥാനം തെറിച്ചു. വിശ്വാസം തിരിച്ചു പിടിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കസേര സ്വന്തമായി. അദ്ദേഹം മാത്രമല്ല ഭാര്യയും രക്ഷപ്പെട്ടു. പാര്‍ട്ടിക്ക് പണം നല്‍കാന്‍ മടിച്ച പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്യേണ്ടിവന്നു. ഇതുകാരണം പ്രതിസന്ധിയിലായ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷയായ ഗോവിന്ദന്റെ ഭാര്യ ശ്യാമളക്ക് രക്ഷയായതും സ്റ്റിക്കര്‍ തന്നെ. ശ്യാമളക്കെതിരെ പ്രതികരിച്ച 16 പാര്‍ട്ടി സഖാക്കളോട് നാവടക്കാന്‍ പാര്‍ട്ടി പറഞ്ഞു. ഈ സ്റ്റിക്കര്‍ വീട്ടില്‍ ഒട്ടിക്കാന്‍ മടിച്ച സജി ചെറിയാന്റെ നാവില്‍ ഗുളികന്‍ കയറി. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി മന്ത്രി സ്ഥാനം തെറിച്ചു. പശ്ചാത്തപിച്ച് വീട്ടില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതോടെ മന്ത്രി സ്ഥാനം തിരിച്ചു കിട്ടി. വീട്ടില്‍ സ്റ്റിക്കര്‍ പതിച്ച വൈക്കം വിശ്വന്റെ മരുമകന് ബ്രഹ്‌മപുരം മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റിന് അനുമതി കിട്ടി. ഇത്രയൊക്കെ അനുഭവമുണ്ടായിട്ടും മനസ്സിലാകാത്തവരെ നേര്‍ വഴിക്ക് കൊണ്ടുവരാനാണ് പിണറായി കുടുംബം ഈ നാടിന്റെ തന്നെ ഐശ്വര്യമാണെന്ന് സഖാവ് ഇ.പി. പറഞ്ഞത്.