കേരളത്തിലെ കുറച്ചു മാധ്യമപ്രവര്‍ത്തകരെ ഭീകരബന്ധത്തിന്റെ പേരില്‍ എന്‍ഐഎ ചോദ്യം ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായിരുന്നു. ചോദ്യം ചെയ്യപ്പെട്ട എല്ലാ മാധ്യമപ്രവര്‍ത്തകരും ഭീകരവാദികള്‍ ആണെന്നോ ഭീകര പ്രവര്‍ത്തകര്‍ക്ക് ഒപ്പം നില്‍ക്കുന്നവരാണെന്നോ പറയാനാവില്ല. പക്ഷേ, ഇവര്‍ക്ക് ഭീകര പ്രസ്ഥാനങ്ങളുമായോ അവരുടെ പ്രവര്‍ത്തകരും നേതാക്കളുമായോ ഉറ്റബന്ധമുണ്ട് എന്നുള്ളത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ചോദ്യം ചെയ്യപ്പെട്ടവര്‍ കൂടാതെ, ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുള്ള മറ്റേതാനും പേര്‍ കൂടി എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
കേരളത്തില്‍ 1990 കള്‍ മുതല്‍ തന്നെ ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പര്‍ സെല്ലുകളും അവയുടെ പ്രവര്‍ത്തനവും സജീവമാണ്. നേരത്തെ അതീവരഹസ്യമായി ആരുമറിയാതെ നടത്തി വന്നിരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൊതുരംഗത്തുപോലും മറനീക്കി പുറത്തുവരുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഇസ്ലാമിക തീവ്രവാദം ശക്തമായി വ്യാപിച്ചിട്ട് 15 വര്‍ഷമായി. നേരത്തെ ഒന്നും രണ്ടുമായി ചിലരൊക്കെ ജിഹാദി-ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും ആസൂത്രിതവും വ്യാപകവുമായ രീതിയില്‍ പത്രപ്രവര്‍ത്തക സമൂഹത്തെ, പത്രപ്രവര്‍ത്തക യൂണിയനെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന രീതിയിലേക്ക് ഇത് മാറിയിരുന്നില്ല. ഇപ്പോള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലും ചില പ്രധാന കേന്ദ്രങ്ങളിലും ജിഹാദി തീവ്രവാദ അനുകൂലികളായ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളുണ്ട്. രാഷ്ട്രവിരുദ്ധമായ വാര്‍ത്തകള്‍ ആസൂത്രിതമായ രീതിയില്‍ ചമച്ചെടുക്കുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇതിന് വന്‍ പ്രചാരം നല്‍കുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ അനുവര്‍ത്തിക്കുന്നത്.
ഭീകര സംഘടനകളുടെ സാമൂഹ്യ മാധ്യമ കൂട്ടായ്മകളില്‍ അജണ്ട നിശ്ചയിക്കപ്പെടുകയും ആ അജണ്ടകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യാ വിരുദ്ധത മാത്രമല്ല, ഹിന്ദുവിരുദ്ധതയും ഇവര്‍ പ്രചരിപ്പിക്കുന്നു. വളരെ നിഷ്പക്ഷരെന്നും നിസ്സംഗരെന്നും തോന്നിപ്പിക്കുന്ന ഇവര്‍ വളരെ വ്യക്തമായ ആസൂത്രണത്തോടെയും പിന്‍ബലത്തോടെയുമാണ് പ്രവര്‍ത്തനം നടത്തുന്നത്. മാധ്യമം, തേജസ്, മീഡിയ വണ്‍ തുടങ്ങിയ മാധ്യമങ്ങളുടെ തീവ്രവാദ അനുകൂല നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തീവ്രവാദ അനുകൂല നിലപാട് അല്പം പോലും മറച്ചുവെക്കാതെയാണ് ഇവരൊക്കെ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. അതേസമയം, സാധാരണക്കാരായ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മുഖംമൂടി എന്ന നിലയില്‍ സി. രാധാകൃഷ്ണനെയും സുകുമാര്‍ അഴീക്കോടിനെയും പോലുള്ള പ്രമുഖരായ സാഹിത്യകാരന്മാരെയും മികച്ച പത്രപ്രവര്‍ത്തകരെയും ഇവര്‍ മുന്നില്‍ നിര്‍ത്തിയിരുന്നു. ഈ മുഖംമൂടികളെ ഉപയോഗിച്ചാണ് പലപ്പോഴും ഒരു മെച്ചപ്പെട്ട പ്രതിച്ഛായ ഇവര്‍ സൃഷ്ടിച്ചിരുന്നത്. ഇസ്ലാമിക പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനും തീവ്രവാദികള്‍ക്ക്, ഭീകര പ്രവര്‍ത്തകര്‍ക്ക്, അനുകൂലമായ രീതിയില്‍ മാധ്യമങ്ങളെ സൃഷ്ടിക്കാനും ഒക്കെ തന്നെ തങ്ങളുടെ സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ഇവര്‍ക്കായി. എണ്ണം കൂടിയതോടെ മുസ്ലിംലീഗ് അനുവര്‍ത്തിച്ചിരുന്ന രീതിയില്‍ വോട്ടുബാങ്ക് രാഷ്ട്രീയം കൂടി പത്രപ്രവര്‍ത്തക യൂണിയനില്‍ കൊണ്ടുവരാനും പ്രസ് ക്ലബ്ബുകളിലും സ്വതന്ത്ര നിഷ്പക്ഷ സംഘടനയായ കെയുഡബ്ല്യു ജെയിലുംസ്വാധീനമുറപ്പാക്കാനും ഇവര്‍ ശ്രമം നടത്തി. ഇവരുടെ ഈ ശ്രമത്തിന് കൂട്ടുനില്‍ക്കുകയോ ഇരയാവുകയോ ചെയ്തത് ദേശാഭിമാനിയും കൈരളി ടി.വിയും ഉള്‍പ്പെട്ട ഇടതുപക്ഷ മാധ്യമപ്രവര്‍ത്തക സംഘമാണ്. ദേശാഭിമാനിയിലും കൈരളി ടി.വിയിലും സിപിഎം ബ്രാഞ്ച് കമ്മിറ്റികള്‍ ഉള്‍പ്പെടെ പാര്‍ട്ടി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍, മീഡിയ വണ്ണിന്റെയും തേജസിന്റെയും മാധ്യമത്തിന്റെയും പിന്‍ബലത്തോടെ പ്രസ് ക്ലബ്ബുകളിലും കെ.യു.ഡബ്ല്യു.ജെയിലും പിടിമുറുക്കി. ഇതിന്റെ പരിണത ഫലമായിട്ടാണ് ദല്‍ഹിയിലെ കെയുഡബ്ല്യുജെയ്ക്ക് ഹത്രാസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനത്തിന് പോയ സിദ്ദിഖ് കാപ്പനെ പിന്തുണയ്‌ക്കേണ്ടി വന്നത്.
മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. ജയില്‍ മോചനത്തിനുശേഷം മീഡിയ വണ്ണിലും റിപ്പോര്‍ട്ടര്‍ ചാനലിലും നല്‍കിയ അഭിമുഖത്തില്‍, തന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം അംഗീകരിച്ചുകൊണ്ടു തന്നെയാണ് കാപ്പന്‍ സംസാരിച്ചത്. തന്നെ ഭീകര പ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പിച്ചതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. ജയിലില്‍ നിന്ന് മോചിതനായപ്പോള്‍ തന്നെ നീതി നടപ്പായി എന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു കാപ്പന്റെ പ്രതികരണം. തീര്‍ച്ചയായും, കാപ്പന്‍ ഹത്രാസില്‍ പോയത് മാധ്യമപ്രവര്‍ത്തനത്തിന് ആയിരുന്നുവെങ്കില്‍ ഏത് ചാനലിന് അല്ലെങ്കില്‍ ഏത് പത്രത്തിനു വേണ്ടി ആയിരുന്നു എന്ന് സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും പത്രപ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും തമ്മിലുള്ള വ്യത്യാസവും അതിന്റെ അതിര്‍വരമ്പും വളരെ വ്യക്തമായി അറിയാം. പത്രപ്രവര്‍ത്തനത്തിനാണ് പോകുന്നതെങ്കില്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് പോകേണ്ടിയിരുന്നത്. കാപ്പന്‍ പോയതോ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കൊപ്പമായിരുന്നു. അവിടുത്തെ സമൂഹത്തില്‍ വിഷവിത്തുകള്‍ വിതയ്ക്കാനാണ് അദ്ദേഹം പോയതെന്ന കാര്യത്തില്‍ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സംശയമില്ല. പക്ഷേ, വോട്ടുബാങ്കിന്റെ സ്വാധീനവും യൂണിയന്‍ പിടിക്കാനുള്ള തത്രപ്പാടുമാണ് കാപ്പനെ പിന്തുണയ്ക്കാനുള്ള കാരണം.
ഏതായാലും കാപ്പന്‍ പിടിയിലായതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാ സംവിധാനവും പ്രവര്‍ത്തനരീതിയും രാജ്യവിരുദ്ധ സംഘടനാതന്ത്രവും പൂര്‍ണമായും പുറത്തുവന്നു. കാപ്പന്‍ ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ജിഹാദികള്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയയിലും ഡല്‍ഹി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും നടത്തിയിരുന്ന ജിഹാദി കലാപങ്ങളും മറ്റും പൂര്‍ണ്ണമായും അന്വേഷണ ഏജന്‍സികളുടെ മുന്നിലെത്തി. കര്‍ഷക സമരത്തിലും സിഎഎ സമരത്തിലും ഒക്കെ ഇവര്‍ നടത്തിയിരുന്ന ദേശവിരുദ്ധ പ്രചാരണങ്ങളും ഡല്‍ഹി കലാപത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കും പണം വന്ന വഴിയും ഒക്കെ തന്നെ ചര്‍ച്ചയായി എന്നു മാത്രമല്ല, അന്വേഷണ വിഷയമാവുകയും ചെയ്തു. ഇസ്ലാമിക ഭീകര സംഘടനകളുടെ മാസപ്പടി വാങ്ങുന്ന പത്രപ്രവര്‍ത്തകരുടെ എണ്ണം, ദേശീയതലത്തില്‍ തന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുണ്ട്. കേരളത്തിലും ഏതാണ്ട് മുപ്പതിന് മുകളില്‍ പത്രപ്രവര്‍ത്തകര്‍ ഭീകര സംഘടനകളുമായി ബന്ധമുള്ളവരും സാമ്പത്തിക സഹായം പറ്റുന്നവരും ആണെന്നാണ് സൂചന. ഐ.എസ് ബന്ധമുള്ള ഗ്രീന്‍ മീഡിയ സിന്‍ഡിക്കേറ്റ് രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് സൂചന. ഇതുകൂടാതെ ഐ.എസ് മീഡിയ സിന്‍ഡിക്കേറ്റ്, ജിഹാദികളുടെ ടെലിഗ്രാം ഗ്രൂപ്പ്, വാട്‌സ്ആപ്പ് കൂട്ടായ്മ തുടങ്ങിയവയിലും അംഗത്വമുള്ള മാധ്യമപ്രവര്‍ത്തകരുണ്ട്.
ഇസ്ലാമിക ജിഹാദി മാധ്യമങ്ങള്‍ക്ക് പുറമേ മുഖ്യധാരാ മാധ്യമങ്ങളിലും ഇവര്‍ ചുവടുറപ്പിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ പ്രശ്‌നം. ചോദ്യം ചെയ്യപ്പെട്ടവരില്‍ ഏഷ്യാനെറ്റ്, മനോരമ, ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ പോലും മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍ എങ്ങനെ നിഷ്പക്ഷവും സ്വതന്ത്രവും ആണെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളില്‍ എത്തിപ്പെട്ടു എന്നത് ഗൗരവമാണ്. ഇടതുപക്ഷ മതനിരപേക്ഷ മാധ്യമപ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ടിരുന്ന ഒരാള്‍ നേതൃസ്ഥാനത്ത് എത്തിയപ്പോഴാണ് മുസ്ലിം പ്രാതിനിധ്യം കുറവ് എന്നപേരില്‍ പല ചാനലുകളിലായി തീവ്രവാദ ഭീകരബന്ധം സംശയിക്കപ്പെടുന്ന ചിലരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ ഏഷ്യാനെറ്റിലേക്ക് കൊണ്ടുവന്നത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ബി ജെപി പ്രവര്‍ത്തകരും ഒക്കെ തന്നെ ഇവരുടെ നോട്ടപ്പുള്ളികളാണ്. മറ്റു രാഷ്ട്രീയപാര്‍ട്ടികളിലെ പ്രമുഖരായ ഹിന്ദു നേതാക്കളെ പോലും ഇവര്‍ ഒളിഞ്ഞും തെളിഞ്ഞും ലക്ഷ്യമിടുന്നു എന്നതാണ് വസ്തുത. ഭീകരപ്രവര്‍ത്തനത്തിനും ഭീകര സംഘടനയുമായുള്ള ബന്ധത്തിനും എന്‍ഐഎ ചോദ്യം ചെയ്തവരോട് ഏതെങ്കിലും തരത്തില്‍ വിശദീകരണം ചോദിക്കാനോ നടപടികള്‍ എടുക്കാനോ പോലും ഇതുവരെയും ഒരു മാനേജ്‌മെന്റും തയ്യാറായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ മദനിയുടെ ചിത്രം സ്റ്റാറ്റസ് ആയി ഇട്ടിരുന്നവര്‍ പോലും മുഖ്യധാരാ മാധ്യമങ്ങളില്‍ തന്ത്രപ്രധാന ബ്യൂറോകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ മാധ്യമപ്രവര്‍ത്തനം രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം ആകുന്നതോടൊപ്പം, മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് കിട്ടുന്ന വാര്‍ത്തകളും വിവരങ്ങളും ഭീകര സംഘടനകള്‍ക്ക് കൈമാറുന്നു എന്ന സൂചനയും ലഭ്യമാണ്. ഇതിന്റെയെല്ലാം വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെയും വാര്‍ത്താവിനിമയ സംവിധാനങ്ങളിലെയും സന്ദേശങ്ങളും മറ്റും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമായും പോലീസ് ഉദ്യോഗസ്ഥന്മാരുമായും ഈ മാധ്യമപ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ബന്ധവും പരിശോധനയിലാണ്. ഇവരില്‍ പലരും പോലീസിലെ ജിഹാദി ഗ്രൂപ്പുകളുമായും മുസ്ലിം സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘടനകളുമായും പുലര്‍ത്തുന്ന ബന്ധവും സ്വാധീനവും അന്വേഷണവിധേയമാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
കേരളത്തിലെ മാധ്യമപ്രവര്‍ത്തന മേഖല ഏതു തരത്തില്‍ മലീമസമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് മാധ്യമപ്രവര്‍ത്തകരെ ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യം. രാഷ്ട്രവിരുദ്ധ ഭീകര സംഘടനാ പ്രവര്‍ത്തകരെ യൂണിയന്റെ കുപ്പായം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിനു പകരം, യൂണിയനില്‍ നിന്ന് പുറത്താക്കാനുള്ള, മാധ്യമപ്രവര്‍ത്തനത്തെ ദേശവിരുദ്ധമാക്കാതിരിക്കാനുള്ള ബാധ്യത പത്രപ്രവര്‍ത്തക യൂണിയനില്ലേ? ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം അടിയന്തരമായിരിക്കുന്നു. ഇല്ലെങ്കില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ രാഷ്ട്രവിരുദ്ധശക്തികളുടെ പിടിയിലാകും എന്നകാര്യത്തില്‍ സംശയമില്ല.