- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ടി.ആര്‍.വെങ്കടരാമശാസ്ത്രിയുടെ ഐതിഹാസിക പ്രസ്താവന (ആദ്യത്തെ അഗ്നിപരീക്ഷ 49)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സര്‍ക്കാറും സംഘവുമായി മദ്ധ്യസ്ഥത വഹിച്ചിരുന്ന മിതവാദി നേതാവായ വെങ്കടരാമശാസ്ത്രി തയ്യാറാക്കിയ ഐതിഹാസിക പ്രസ്താവന 1949 ജൂലൈ 13 ന് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. സംഘ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവും അതേദിവസം തന്നെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.
”കഴിഞ്ഞ രണ്ടുമാസങ്ങളായി നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് എനിക്കു ധാരാളം കത്തുകള്‍ വന്നുകൊണ്ടിരിക്കുന്നു. അതിലെല്ലാംതന്നെ ഞാന്‍ സംഘവും സര്‍ക്കാറുമായി നടത്തിയ മദ്ധ്യസ്ഥത സംബന്ധിച്ച വിവരങ്ങളെല്ലാം പരസ്യമാക്കണം എന്നാവശ്യപ്പെട്ടിരിക്കുന്നു. സംഘത്തിന്റെ നിരോധനം നീക്കാനായി നടത്തിയ കാര്യം എന്തായി, നടത്തിയ ചര്‍ച്ചയുടെ ഫലമെന്തായി എന്നീ കാര്യങ്ങള്‍ അതില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ ഒരു പ്രസ്താവനയും നടത്താന്‍ തയ്യാറായില്ല. എന്റെ വാക്കുകള്‍കൊണ്ട് സ്ഥിതി കൂടുതല്‍ മോശമായിപ്പോകരുത് എന്ന ഭയം മനസ്സിലുണ്ടായിരുന്നതാണ് അതിന് കാരണം. എന്നാല്‍ ഇപ്പോള്‍ പ്രസ്താവന നല്‍കേണ്ട സമയം സമാഗതമായി എന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ അത് ചെയ്യുന്നത് അനുചിതമാണെന്നും എനിക്ക് തോന്നുന്നില്ല.
വാസ്തവത്തില്‍, സംഘത്തിന്റെ ഭരണഘടന തയ്യാറാക്കിക്കൊടുത്തതോടെ ഫലത്തില്‍ എന്റെ ജോലി ഇക്കാര്യത്തില്‍ അവസാനിച്ചു. ഞാന്‍ സിവാനി ജയിലില്‍പോയി രണ്ടുപ്രാവശ്യം ശ്രീ ഗോള്‍വല്‍ക്കറെ കണ്ടു. രണ്ടാംപ്രാവശ്യം ഞാന്‍ തയ്യാറാക്കിയ ഭരണഘടനയുടെ കരടുപ്രതി വായിച്ച് ഗോള്‍വല്‍ക്കര്‍ അതിന് അംഗീകാരംനല്‍കി. ഭാരതസര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനുമുമ്പ് അത് നല്ലപോലെ ടൈപ്പ് ചെയ്യേണ്ടതാവശ്യമായിരുന്നു. അതുകൊണ്ട് സമയം നഷ്ടപ്പെടരുത് എന്ന് ഉദ്ദേശിച്ച്, ഭാരതസര്‍ക്കാരിന് സംഘത്തിന്റെ ഭരണഘടന ഏല്‍പ്പിക്കാന്‍ എന്നെ അധികാരപ്പെടുത്തിയിരിക്കുന്ന കത്ത് ഗോള്‍വല്‍ക്കര്‍ സ്വന്തം കൈകൊണ്ടെഴുതിത്തന്നു. അതനുസരിച്ച് ഞാന്‍ ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ടു പ്രതികള്‍ ടൈപ്പ് ചെയ്യിച്ച് ഗോള്‍വല്‍ക്കറുടെ കത്തുസഹിതം സര്‍ക്കാരിന് അയച്ചുകൊടുത്തു. അതോടൊപ്പം എന്റേതായ ഒരു കത്തും ഞാന്‍ അയച്ചിരുന്നു. എന്നാല്‍ ഭരണഘടന ഈ രീതിയില്‍ അയച്ചതിനെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ ഗോള്‍വല്‍ക്കറുടേയും സര്‍ക്കാരിന്റെയും ഇടയില്‍ ഞാന്‍ മദ്ധ്യസ്ഥത വഹിക്കുന്നു എന്ന തെറ്റിദ്ധാരണയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ ഗോള്‍വല്‍ക്കര്‍ നേരിട്ടുതന്നെ സര്‍ക്കാരിന് ഭരണഘടന സമര്‍പ്പിക്കേണ്ടതാണെന്നും പറഞ്ഞ് ഞാനയച്ച ഭരണഘടന സര്‍ക്കാര്‍ നിരസിച്ചു. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ മുഖേന ഭരണഘടനയുടെ പ്രതികള്‍ സര്‍ക്കാരിന് അയയ്ക്കണം എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ശ്രീ ഗോള്‍വല്‍ക്കര്‍ സര്‍ക്കാറുമായി നേരിട്ട് എഴുത്തുകുത്തുകള്‍ നടത്തണമെന്ന നിലപാ ടായിരുന്നു സര്‍ക്കാറിന്റേത്. ഞാന്‍ ഇതുസംബന്ധിച്ച് ശ്രീ ഗോള്‍വല്‍ക്കര്‍ക്ക് നേരിട്ട് ജയിലിലേയ്ക്ക് കത്തയച്ചാല്‍ അത് അദ്ദേഹത്തിന് കിട്ടുമോ? അഥവാ കിട്ടിയാല്‍ തന്നെ അത് യഥാസമയം ആയിരിക്കുമോ? എന്നിവയെ സംബന്ധിച്ചെല്ലാം മനസ്സില്‍ ആശങ്കയുണ്ടായി. അതിനാല്‍ ഭരണഘടനയുടെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രണ്ട് പ്രതികളും എന്റെ കത്തും ചേര്‍ത്ത് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ മുഖേന ഗോള്‍വല്‍ക്കര്‍ക്ക് അയച്ചുകൊടുത്തു. ഗോള്‍വല്‍ക്കര്‍ക്ക് ഞാന്‍ അയച്ച കത്തില്‍ ഏത് രീതിയിലാണ് അദ്ദേഹം സര്‍ക്കാരിന് കത്തയക്കേണ്ടത് എന്നെഴുതിയിരുന്നു. കാരണം ഈ കാര്യത്തില്‍ ഗോള്‍വല്‍ക്കര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ആവശ്യമാണെന്ന് എനിക്ക് തോന്നി. അതോടൊപ്പം മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കും ഒരു കത്തയച്ചിരുന്നു. ഗോള്‍വല്‍ക്കര്‍ക്ക് ഞാനെഴുതിയ കത്ത് താങ്കളും വായിക്കണമെന്നും അത് ഗോള്‍വല്‍ക്കര്‍ക്ക് എത്തിക്കണമെന്ന് തോന്നുന്നെങ്കില്‍ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കണം അഥവാ അത് അനുചിതമാണെങ്കില്‍ എന്റെ കത്തുമായി വരുന്ന ഈ വ്യക്തിയെ ജയിലില്‍ ചെന്ന് ഗോള്‍വല്‍ക്കറെ കണ്ട് കത്ത് കൊടുക്കുവാന്‍ അനുവദിക്കണമെന്നും അതില്‍ എഴുതിയിരുന്നു. മാര്‍ച്ച് 27 നാണ് കത്തും മറ്റു സാമഗ്രികളും ഞാനയച്ചത്. ഇത് മാര്‍ച്ച് 30 ന് ജയിലിലെത്തി. ഇതോടുകൂടി ഈ കാര്യങ്ങളുമായുള്ള എന്റെ ബന്ധം അവസാനിച്ചു.
എന്റെ കത്ത് കിട്ടിയശേഷം ഗോള്‍വല്‍ക്കര്‍ ഏപ്രില്‍ 11 ന് എനിക്കൊരു മറുപടിയെഴുതി. ആ കത്ത് സെന്‍സറിങ്ങ് കഴിഞ്ഞ് ജയില്‍ സൂപ്രണ്ടിന്റെ കയ്യിലെത്തി. അവിടെനിന്ന് പച്മഢിയിലയച്ചു. മെയ് 3 വരെ അത് അവിടെത്തന്നെ കിടന്നു. അവിടെനിന്ന് മെയ് 3 ന് അയച്ച കത്ത് മെയ് 5 ന് എനിക്ക് കിട്ടി. ഏപ്രില്‍ 11 ന് അയച്ച കത്തുകിട്ടിയത് മെയ് 5 നായിരുന്നു. ആ കത്തില്‍ ഗോള്‍വല്‍ക്കര്‍ എഴുതിയിരു ന്നത്:- ”താങ്കള്‍ മാര്‍ച്ച് 27 നെഴുതിയ കത്ത് എനിക്ക് ഏപ്രില്‍ 1 ന്കിട്ടി. അതനുസരിച്ച് ഭരണഘടനയുടെ പ്രതികളും മറ്റും ഏപ്രില്‍ 11 നുതന്നെ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തു” എന്നായിരുന്നു. ഈ തീയതികള്‍ എന്റെ കണ്ണുതുറപ്പിച്ചു. സര്‍ക്കാരിന്റെ ചിന്ത എന്താണെന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു. ഈ പരിതഃസ്ഥിതിയില്‍ ഞാന്‍ ഈ ഇടപാടുകളില്‍നിന്ന് മാറിനില്‍ക്കാന്‍ എടുത്ത തീരുമാനം ഉചിതമാണെന്നുതോന്നി.
ഒന്നാമത്, സര്‍സംഘചാലകനെ തിരഞ്ഞെടുക്കുകയെന്ന പ്രക്രിയയ്ക്ക് പകരം മുന്‍സര്‍സംഘചാലക് പിന്‍ഗാമിയെ നിയോഗിക്കുന്ന സംഘത്തിലെ രീതി ജനാധിപത്യപരമല്ല, മറിച്ച് ഫാസിസ്റ്റ് ശൈലിയാണ് എന്നതായിരുന്നു സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരു ബിന്ദു. സംഘത്തില്‍ ഈ നിയോഗം കാര്യകാരിമണ്ഡലുമായി ആലോചിച്ചാണ് നടത്തുന്നത് എന്നതാണ് ഇതിനെ സംബന്ധിച്ച് മനസ്സിലാക്കേണ്ട കാര്യം. രണ്ടാമത്തെ കാര്യം, ഈ സംഘടനയുടെ സ്വരൂപവും ചരിത്രവും മനസ്സിലാക്കുന്നതില്‍ സംഭവിച്ച തെറ്റാണ്. എന്റെ മനസ്സില്‍ ആ തരത്തിലുള്ള സംശയം ഒട്ടും തന്നെ ഉണ്ടായില്ല. ഒരു ഭരണകൂടമോ രാജ്യഭരണമോ ഫാസിസ്റ്റ് സ്വഭാവമുള്ളതാകാം. എന്നാല്‍ ഒരു സ്വതന്ത്രസംഘടനയെ ഫാസിസ്റ്റ് എന്നു മുദ്രകുത്താന്‍ സാദ്ധ്യമല്ല. ഒരു വ്യക്തിക്ക് ആ സംഘടനയില്‍ ചേരാന്‍ ഒരു സമ്മര്‍ദ്ദവുമില്ല. അംഗമല്ലാതാകുന്നതിനും ഒരു തടസ്സവുമില്ല. എപ്പോള്‍ വേണമെങ്കിലും അംഗത്വം രാജിവെച്ച് പുറത്തുപോകാം. ഇത്തരത്തിലുള്ള സംഘടനയെ ഫാസിസ്റ്റ് എന്ന് കുറ്റപ്പെടുത്തുന്നത് അതിനെ നിയമവിരുദ്ധമാക്കി പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രമാണ്. തങ്ങളുടെ പ്രമുഖനെ തിരഞ്ഞെടുക്കാത്തതായി ഒട്ടനവധി സ്ഥാപനങ്ങള്‍ നാട്ടിലുണ്ട്. മുന്‍ഗാമികളായ പ്രമുഖ വ്യക്തികള്‍തന്നെ തങ്ങളുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കുകയോ അഥവാ പ്രമുഖ വ്യക്തിയുടെ സഹപ്രവര്‍ത്തകരെയോ അനുയായികളെ യോ നിയോഗിക്കുന്നതായ സമ്പ്രദായവുമുണ്ട്. ആദ്ധ്യാത്മികരംഗത്ത് സാമാന്യജനങ്ങള്‍ ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് ഒരിക്കലും നടക്കാറില്ല. അഥവാ അത്തരം തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയാല്‍ പ്രധാന വ്യക്തിയുടെ എതിരാളിയായി മത്സരിക്കുന്ന വ്യക്തി സ്ഥിരം പരാജയപ്പെടും എന്ന കയ്‌പേറിയ അനുഭവമായിരിക്കും ഫലം. എല്ലാതരത്തിലും ആ സംഘടനയുടെ അനുയായികള്‍ക്കു പുറമേയുള്ളവരില്‍നിന്ന് സംഘടനയെ തങ്ങളുടേതായി കാത്തുസൂക്ഷിക്കേണ്ടിവരും.
മൂന്നാമത്തെ കാര്യം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും സംഘത്തില്‍ പ്രവേശനം നല്‍കുന്നുവെന്നതാണ്. ഇതുസംബന്ധിച്ച പ്രധാന കാര്യം പ്രായപൂര്‍ത്തിയാകാത്തവരെ സംഘത്തില്‍ അംഗങ്ങളായി കണക്കാക്കുന്നില്ല. അവര്‍ക്കാവശ്യമുള്ള പ്രാഥമികപരിശീലനം കൊടുക്കാനും അവരില്‍ അനുശാസനം വളര്‍ത്താനും മാത്രമാണ് പ്രവേശനം നല്‍കിയിട്ടുള്ളത്. അതിനുശേഷം, പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം അംഗങ്ങളാകാം. ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ഇതുസംബന്ധിച്ച് സംഘത്തിലെ ബാല-കിശോരന്മാരുടെ രക്ഷിതാക്കള്‍ എതിര്‍ക്കുകയാണെങ്കില്‍ ആ കുട്ടികള്‍ക്ക് ശാഖയില്‍ പ്രവേശനം കൊടുക്കരുതെന്ന ഒരു വകുപ്പുകൂടി ചേര്‍ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റനേകം സംഘടനകളില്‍ ബാലന്മാര്‍ക്ക് പ്രവേശനം നല്‍കുന്നതായും അതിലൊന്നിലും ഇല്ലാത്ത ഒരു വ്യവസ്ഥ സംഘത്തിന്റെ ഭരണഘടനയില്‍ വെയ്ക്കുന്നത് ദോഷകരമാകുമെന്നും അവര്‍ വിശദീകരിച്ചു. ഇത് സര്‍ക്കാരിന്റെ നിയമത്തിന് ഒരിക്കലും എതിരല്ലെന്നതിനാല്‍ ഈ വ്യവസ്ഥ അനാവശ്യമായതാണ്.
ഇത് സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയില്‍നിന്നും സര്‍ക്കാരിന്റെ ഈ കാര്യത്തിലുള്ള എതിര്‍പ്പിന് മറുപടിയായി ശ്രീ. ഗോള്‍വല്‍ക്കര്‍ ഇതേ മറുപടിയാണ് കൊടുത്തതെന്നാണറിഞ്ഞത്. ഇതുപോലെ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളുടെ ഭരണ ഘടനകളിലൊന്നും ഇല്ലാത്ത ഒരു വ്യവസ്ഥ സംഘത്തിന് മാത്രം എന്തുകൊണ്ട് നിര്‍ബന്ധമാക്കുന്നു?
ഞാന്‍ ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ഈ വാദം തികച്ചും ന്യായപൂര്‍ണ്ണമാണെന്ന് എനിക്ക് ബോദ്ധ്യമായി. സംഘം ഇത്രയും കാലമായി പ്രവര്‍ത്തിക്കുന്നു. രക്ഷിതാക്കളുടെ താത്പര്യത്തിനു വിരുദ്ധമായി ബാലന്മാരെ സംഘത്തില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിച്ച ഒരു പരാതിയും ഒരിടത്തും ഉണ്ടായിട്ടില്ല.
നാലാമതായി, പത്രങ്ങളില്‍ വന്ന വാര്‍ത്തയനുസരിച്ച് സംഘം ഭരണഘടനയ്ക്കും ദേശീയപതാകയ്ക്കും ആദരവ് നല്‍കുന്നുണ്ടെന്നും ഗോള്‍വല്‍ക്കര്‍ അത് അംഗീകരിച്ചിട്ടുണ്ടെന്നുമാണ്.
അഞ്ചാമതായി, ഗോള്‍വല്‍ക്കറുടെ കത്തിലെ സ്വരം സര്‍ക്കാറില്‍ അതൃപ്തിയും കോപവുമുണ്ടാക്കി എന്നറിയാന്‍ കഴിഞ്ഞു. ഇതിനെക്കുറിച്ച് എന്റെ ഉറച്ച അഭിപ്രായം ശ്രീ ഗോള്‍വല്‍ക്കര്‍ കാര്യങ്ങള്‍ തുറന്നുപറയുന്ന ഒരു വ്യക്തിയാണ് (He is a blunt man), സര്‍ക്കാറുമായി കത്തിടപാടുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുമായി അദ്ദേഹം അത്രയധികം ബന്ധപ്പെട്ടിട്ടില്ല. പ്രീതിപ്പെടുത്തുന്നതിനായി വളച്ചുകെട്ടിയുള്ള ഭാഷ പ്രയോഗിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല.
നിരോധനം നീക്കിയില്ലെങ്കിലും എല്ലാവരെയും വിട്ടയച്ചിരുന്നെങ്കില്‍ ഗോള്‍വല്‍ക്കര്‍ക്ക് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭിക്കുമായിരുന്നു. എല്ലാ തരത്തിലും ഒറ്റപ്പെട്ടതു കാരണം അദ്ദേഹത്തിന് ആരുമായും ചര്‍ച്ച ചെയ്യാനോ ആരില്‍നിന്നെങ്കിലും മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുവാനോ സാധിച്ചില്ല. അക്കാരണത്താല്‍ അദ്ദേഹത്തിന് സ്വന്തം കത്തിടപാടുകളില്‍ മേല്‍പ്പറഞ്ഞ പദപ്രയോഗങ്ങളില്‍ ആവശ്യമായത്രയും ശ്രദ്ധ കൊടുക്കാന്‍ സാധിച്ചിരിക്കയില്ല.
എങ്ങും ഒരു തെറ്റും ഉണ്ടാകരുതെന്നുദ്ദേശിച്ച് എന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് എഴുതിയത് എന്ന് എനിക്കെഴുതിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ കത്തില്‍ അദ്ദേഹം തുടര്‍ന്ന് എഴുതിയിരുന്നു:- ”സര്‍ക്കാറുമായുള്ള കത്തിടപാടുകളിലെ ഔപചാരികതയുടെ കാര്യത്തില്‍ ഞാന്‍ തികച്ചും അനഭിജ്ഞനാണ്. അതുകൊണ്ട് താങ്കള്‍ നേരിട്ടുവരണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഞാന്‍ അങ്ങയെ ഇതിനകംതന്നെ ഇത്രയും വിഷമിപ്പിച്ചു. സാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ അങ്ങയെക്കാണാനായി അവിടെ ഓടിയെത്തുമായിരുന്നു. അതായിരുന്നു ഗുണകരവും.” അതുകൊണ്ടുതന്നെയായിരുന്നു ഭാരതസര്‍ക്കാറുമായി എഴുത്തുകുത്ത് നടത്തുമ്പോള്‍ എന്തെഴുതണമെന്ന് ഞാന്‍ അദ്ദേഹത്തിനെഴുതിയത്. അദ്ദേഹത്തിന്റെ കത്തിലെ സ്വരം സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ലെന്ന് ഞാന്‍ ഊഹിക്കുന്നു.
ആറാമതായി, ഈ വിഷയം പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാകയാല്‍ അതിനെ സംബന്ധിച്ചും ചില കാര്യങ്ങള്‍ എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സംഭവഗതികളിലെല്ലാം പൗരസ്വാതന്ത്ര്യ പ്രശ്‌നവും ഉള്‍പ്പെടുന്നുണ്ട് എന്ന നിഗമനത്തിലാണ് താഴെ വിവരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേരുക. ഒന്നാമത്തേത് സംഘം ഇരുപതുവര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്നു. ഇതിനുമുമ്പുണ്ടായിരുന്ന സര്‍ക്കാറിന്റെ സമയത്തും സംഘം സജീവമായി പരസ്യമായിത്തന്നെ പ്രവര്‍ത്തിച്ചിരുന്നു. പൊതുരംഗത്തുള്ള ജനങ്ങളോടൊപ്പം സര്‍ക്കാരുദ്യോഗസ്ഥന്മാരും സംഘത്തിലും അതിന്റെ കാര്യപരിപാടികളിലും പങ്കെടുത്തിരുന്നു. നമ്മുടെ സര്‍ക്കാരിനും ഗാന്ധിജിയുടെ വധത്തിനുമുമ്പ് സംഘത്തിനെതിരെ എന്തെങ്കിലും നടപടി എടുക്കാനുള്ള ഉദ്ദേശ്യം ഉള്ളതായി കണ്ടില്ല. ഈ കൊലപാതകത്തില്‍ സംഘത്തിന് പങ്കുണ്ടെന്നും ഇനിയും ചില വ്യക്തികള്‍കൂടി ആസൂത്രണമനുസരിച്ച് കൊല്ലപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നുമുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികളുണ്ടായത്. എന്നാല്‍ ഇന്ന് ആ സംശയം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷവും കുപ്രസിദ്ധമായ ബംഗാള്‍ റഗുലേഷന്റെ വകുപ്പനുസരിച്ച് ഗോള്‍വല്‍ക്കറെ തടവിലാക്കിയിരിക്കുന്നത് അദ്ദേഹം ഡല്‍ഹി വിട്ടു നാഗപ്പൂരിലേയ്ക്ക് തിരിച്ചുപോകാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ്. ഭാരത ഭരണഘടനയില്‍ ഒരിടത്തും സ്ഥാനം ഉണ്ടാകാന്‍ പാടില്ലാത്ത കരിനിയമമാണത് എന്നാണെന്റെ അഭിപ്രായം. സംഘത്തിന്റെ കാര്യകര്‍ത്താക്കളില്‍ തടവുകാരാക്കപ്പെട്ടവരില്‍, ഹേബിയസ് കോര്‍പ്പസ് മുഖേന കോടതിയെ സമീപിച്ചവരെല്ലാം വിട്ടയയ്ക്കപ്പെട്ടിരിക്കുന്നു. പല കാരണങ്ങളാലും സംഘത്തിനെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ കോടതി ശരിയല്ലെന്നു വിധിച്ചിരിക്കുന്നു. അതിനാല്‍ സംഘത്തിന്റെ മേലുള്ള നിരോധനവും ആയിരക്കണക്കിനുപേരെ തടവില്‍ വെച്ചിരിക്കുന്നതും പൗരസ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണമാണെന്നാണ് എന്റെ അഭിപ്രായം. സംഘത്തിന്റെ നിരോധനം നീക്കി പഴയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സംഘത്തെ അനുവദിച്ചാല്‍ അത് സര്‍ക്കാറിനോ നാടിന്റെ സുരക്ഷയ്‌ക്കോ ഒരുവിധത്തി ലുള്ള ഭീഷണിയും സൃഷ്ടിക്കുകയില്ല.
മറ്റൊരു വിമര്‍ശനവും പത്രങ്ങളില്‍ നിന്ന് ഞാന്‍ വായിച്ചു. സംഘത്തിന്റെ ഭരണഘടന കുറ്റമറ്റതാണെങ്കിലും സംഘനേതാക്കന്മാര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കാന്‍ സാധ്യമല്ലെന്നതാണത്. ഇത് ഒരു വിചിത്രവാദമാണ്. ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ അവരുടെ സംഘടനയുടെ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുകയില്ല എന്ന മുന്‍വിധിയോടെ അതിനെ നിരോധിക്കുകയെന്നത് അന്യായപൂര്‍ണ്ണമായ നടപടിയാണ്. അത്തരമൊരു സന്ദര്‍ഭമുണ്ടായാല്‍ ശക്തിമത്തായ ഒരു ഭരണകൂടമുണ്ടെങ്കില്‍ നടപടി എടുക്കാവുന്നതാണല്ലോ.
സംഘപ്രവര്‍ത്തകര്‍ സംസാരത്തില്‍ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നുണ്ടെങ്കിലും മാനസികമായി അവര്‍ വര്‍ഗ്ഗീയവാദികളാണ് എന്നതാണ് സംഘത്തിനെതിരായ മറ്റൊരു ആരോപണം. സംഘത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നില്ല എന്നതാണ് ഇതിന് പറയുന്ന കാരണം. അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കാത്ത നിലയിലാണ് സംഘത്തിന്റെ ലക്ഷ്യം, സ്വരൂപം, സ്വഭാവം എന്നിവ എന്നതാണ് ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ട കാര്യം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം എല്ലാ സമ്പ്രദായങ്ങളില്‍പ്പെട്ടവരും ജാതി, വര്‍ഗ്ഗം എന്നിവയില്‍പ്പെട്ടവരുമായ എല്ലാവര്‍ക്കും യാതൊരു ഭേദഭാവവുമില്ലാതെ സംഘത്തില്‍ പങ്കാളികളാകാന്‍ സാധിക്കും. ക്രമേണ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഈ സംഘടനയുടെ പ്രകൃതത്തിലും മാറ്റം സംഭവിക്കാം.
ഏഴാമതായി, സംഘം രാഷ്ട്രീയേതര സംഘടന എന്നവകാശപ്പെടുന്നുണ്ടെങ്കിലും ഒറ്റ രാത്രി കൊണ്ടുതന്നെ സംഘത്തിന് രാജനൈതിക സംഘടനയായി മാറാന്‍ സാധിച്ചേക്കും എന്നൊരാക്ഷേപവും കൂടിയുണ്ട്. ഇതും വിചിത്രമായ വാദമാണ്. അവര്‍ സ്വന്തം സംഘടന രാജനൈതിക സംഘടനയാക്കാന്‍ നിശ്ചയിച്ചാല്‍ അതില്‍ എന്താണ് തെറ്റ്? എന്നാല്‍, അത്തരത്തിലൊരു തെറ്റായ കാര്യം സംഘം ഒരിക്കലും ചെയ്യില്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കാരണം, സംഘം രാജനൈതിക പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുകയോ, രാജനൈതിക സംഘടനയായിത്തീരുകയോ ചെയ്താല്‍ സംഘടന തകര്‍ന്നുപോകുമെന്ന് സംഘപ്രവര്‍ത്തകര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് ഏതെങ്കിലും രാജനൈതിക സംഘടനയുമായി അവര്‍ സംബന്ധമുണ്ടാക്കാതിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംഘത്തിന്റെ അധികംപേരും കോണ്‍ഗ്രസിനാണ് വോട്ടുചെയ്തത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതുകാരണം, സംഘത്തിന്റെ ശക്തി തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിച്ചില്ല എന്ന പരാതി ഹിന്ദുമഹാസഭക്കാര്‍ക്കുണ്ടായി. സര്‍ക്കാറിപ്പോള്‍ കൈക്കൊള്ളുന്ന നടപടികളുടെ ഫലമായി ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ സംഘത്തിലെ ആളുകള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് പറയാന്‍ വിഷമമാണ്.
സര്‍ക്കാര്‍ സംഘത്തിനുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം എത്രയുംവേഗം നീക്കാനുള്ള വഴി കണ്ടെത്തി പഴയ പോലെ പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ പ്രസ്താവന അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംഘത്തിന്റെ മേലുള്ള നിരോധനം നീട്ടിക്കൊണ്ടുപോകുന്നതും അതിന്റെ പ്രമുഖ അംഗങ്ങളെ തടവിലാക്കിയിരിക്കുന്നതും ന്യായോചിതമല്ല, ബുദ്ധിപരമല്ല, ഗുണകരവുമല്ല.
(തുടരും)