ആനുകാലികമായി, മനുഷ്യമനസ്സുകളെ ഭീതിയുടേയും ഉത്കണ്ഠയുടേയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ് മയക്കുമരുന്ന് അഥവാ ലഹരിയുടെ ഉപയോഗം. ചെറുപ്പക്കാരും കുഞ്ഞുങ്ങളും ഉള്‍പ്പെടെ എല്ലാ പ്രായത്തില്‍പ്പെട്ടവരും സ്ത്രീ പുരുഷ ഭേദമെന്യേ മയക്കുമരുന്നിന്റെ വലയില്‍പ്പെട്ടു പോകുന്നതായി നാം കണ്ടു വരുന്നു. നമ്മുടെ പല കോളേജ് ക്യാമ്പസുകളും സ്‌കൂളുകളും ഈ ഭീകരതയുടെ നിഴലിലാണ്. കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു, തങ്ങളുടെ മക്കള്‍ മയക്കുമരുന്നിന്റെ പിടിയില്‍ പെടുകയില്ല എന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പിക്കാനാവാത്ത ഒരവസ്ഥയിലേക്ക് സമൂഹം മാറിക്കഴിഞ്ഞു. 2020-2021 കാലങ്ങളില്‍ ഉണ്ടായിരുന്നതിന്റെ ഏകദേശം മൂന്നിരട്ടിയിലധികം മയക്കുമരുന്ന് കേസുകളാണ് 2022-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്, എത്രയധികം വ്യക്തികള്‍, കുടുംബങ്ങള്‍, അത് സൃഷ്ടിച്ച ദുരന്തങ്ങള്‍ ഇവയെല്ലാം നമ്മുടെ ചിന്തകള്‍ക്ക് അതീതമാണ്.
ഐക്യരാഷ്ട്ര സംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു. ലഹരിയെന്ന വന്‍വിപത്തിനെതിരെ സമൂഹ ത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണിത്. എന്നാല്‍ ഇത് എത്രത്തോളം ഫലവത്തായി എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. യുവാക്കളും കൗമാരപ്രായക്കാരും കുട്ടികളും ഉള്‍പ്പെടെ സ്ത്രീ-പുരുഷ ഭേദമെന്യേ എത്രയോ പേര്‍ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ലഹരി വലയില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകള്‍ ആണ് നാം ദിവസവും കാണുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനായി തുടങ്ങുന്ന ഇവയുടെ ഉപയോഗം അവസാനം അവരെ മയക്കുമരുന്നിന് അടിമയാക്കി തീര്‍ക്കുന്നു. പുകയില, മദ്യം, കഞ്ചാവ്, കറുപ്പ്, മോര്‍ഫീന്‍, പെത്തഡീന്‍, എം.ഡി. എം.എ, സിഗററ്റ് ഇവയെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഈ ലഹരിവസ്തുക്കള്‍ ആദ്യം സൗജന്യമായി നല്‍കുകയും പിന്നീട് ഇതിനുള്ള സാമ്പത്തിക സമാഹരണത്തിനായി ഇരയാക്കപ്പെടുന്നവര്‍ മോശമായ ജീവിതപാതകള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇതിലൂടെ കുടുംബബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുന്നു, രക്തബന്ധം പോലും മറന്നുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, കൊലപാതകങ്ങള്‍, ആത്മഹത്യ, ശാരീരിക മാനസിക പീഡനങ്ങള്‍ എന്നിവയിലേക്ക് വ്യക്തികളേയും കുടുംബത്തേയും ഇത് കൊണ്ടെത്തിക്കുന്നു.
കുറ്റകൃത്യത്തില്‍, കൊലപാതകങ്ങളില്‍, മറ്റു ഹീനകൃത്യങ്ങളില്‍പ്പെടുമ്പോള്‍ മാത്രമാണ് ഇരകളെപ്പറ്റിയും ഇവ വിതരണം ചെയ്യുന്നവരെപ്പറ്റിയും നാം ശ്രദ്ധിക്കാറുള്ളൂ. രാജ്യത്തിന്റെ ശ്രേയസ്സ്, സംസ്‌കാരം, ഭദ്രത എന്നിവ നശിപ്പിക്കാനായി മന:പൂര്‍വ്വം ലഹരിമാഫിയകള്‍ ശ്രമിക്കുന്നോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. കാലാന്തരത്തില്‍, ലഹരി ഉപയോഗിക്കാന്‍ കൂട്ടുനിന്നവരോ നല്‍കിയവരോ ആരുമില്ലാതെ ലഹരിയില്‍ മാത്രം മുഴുകി ഏകാന്തമായി ജീവിതം തുടരുന്നവര്‍ എത്ര പേര്‍! അര്‍ബുദം, ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക രോഗങ്ങള്‍ ഇവയെല്ലാം ഇതിന്റെ പാര്‍ശ്വഫലങ്ങളായി വരുന്നു. ലഹരിയുടെ ഉപയോഗം ക്ഷണികമായ ആനന്ദവും ദൂരവ്യാപകമായ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. ബുദ്ധി, ഓര്‍മ്മ, ആത്മനിയന്ത്രണം ഇവ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു.
ചോരക്കണ്ണുകള്‍, ചുരുങ്ങിയ കൃഷ്ണമണികള്‍ ഇവ ലഹരിയുടെ അമിത ഉപയോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. വിളര്‍ച്ച, ഉറക്കക്കുറവ്, ഭക്ഷണ രീതിയിലെ മാറ്റം, വ്യക്തിശുചിത്വമില്ലായ്മ, കൂട്ടുകെട്ടിലെ മാറ്റങ്ങള്‍, ഒറ്റപ്പെടാനുള്ള സ്വഭാവമാറ്റം, ആത്മവിശ്വാസക്കുറവ്, വിഷാദം, മടി, ദേഷ്യം, അനാവശ്യമായ വാദപ്രതിവാദങ്ങള്‍, മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇവയൊക്കെ ലഹരിയുടെ അമിത ഉപയോഗത്തിന്റെ ദുരന്തഫലങ്ങളായി നമുക്ക് കാണാന്‍ സാധിക്കും.
അമിതമായ പുകവലി ലഹരിയുടെ മറ്റൊരു മുഖമാണ്. പുരുഷന്മാരില്‍ ഇത് ഹൃദയ സംബന്ധമായതും ശ്വാസകോശ സംബന്ധമായതുമായ മാരകമായ അസുഖങ്ങളിലേക്ക് നയിക്കുന്നു. സ്ത്രീകളില്‍ പുകവലി സ്വന്തം ആരോഗ്യം ഇല്ലാതാക്കുന്നതിനോടൊപ്പം ഗര്‍ഭിണികളില്‍ കുഞ്ഞുങ്ങളുടെ ജീവനെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു. മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ ഭാരക്കുറവ്, ഗര്‍ഭം അലസിപ്പോവല്‍, ആദ്യത്തെ ആറുമാസം കുഞ്ഞുങ്ങളില്‍ ശ്വസനസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി വിവിധ തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മദ്യം ഉപയോഗിക്കുന്ന സ്ത്രീകളില്‍ അത് ചെറിയ തോതില്‍ മുലപ്പാല്‍ വഴി കുഞ്ഞുങ്ങളിലേക്ക് എത്തുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം കുഞ്ഞുങ്ങളില്‍ കണ്ടുവരുന്നു, അവരുടെ വളര്‍ച്ച കുറയുന്നു. ഭക്ഷണം, ഉറക്കം, കാഴ്ച, കേള്‍വി ഇവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഗര്‍ഭിണികള്‍ യാതൊരു കാരണവശാലും പുകവലിയോ മദ്യപാനമോ അരുത്.
യുവ സമൂഹം ലഹരിക്ക് അടിമപ്പെടുന്നത് കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിനും സമൂഹത്തിന്റെ സാംസ്‌കാരിക അധ:പതനത്തിനും രാഷ്ട്ര ശിഥിലീകരണത്തിനും സര്‍വ്വോപരി സര്‍വ്വനാശത്തിനും കാരണമാവുന്നു. കുട്ടിക്കാലത്തു തന്നെ മാതാപിതാക്കളില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും നേര്‍വഴിക്ക് നടക്കാനുള്ള ലഹരി വ്യക്തികള്‍ക്ക് ലഭിക്കണം. ദേശഭക്തി, നാമജപ ലഹരി, വേദ ലഹരി, സത്സംഗ ലഹരി, സേവാ ലഹരി, അനുഷ്ഠാന ലഹരി, ആദ്ധ്യാത്മികത തുടങ്ങിയവ ലഹരിയായി മാറിക്കഴിഞ്ഞാല്‍ മറ്റു ഹീനമായ പ്രവൃത്തികളിലേക്ക് വഴുതി വീഴില്ല. ലഹരി വി മുക്ത ജീവിതം കുടുംബ ബന്ധങ്ങളുടെ ദൃഢത, അതിലൂടെ ലഭ്യമാകുന്ന സ്‌നേഹം, ആദരവ്, ബഹുമാനം, മര്യാദ എന്നിവ പ്രദാനം ചെയ്യുകയും മനുഷ്യനെ നന്മയിലേക്ക് നയിക്കുകയും ചെയ്യും.
(ആരോഗ്യ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
Comments