കേരളത്തിലെ കുട്ടികള്‍ ഭരണഘടനാ മൂല്യങ്ങള്‍ പഠിക്കാത്തതുകൊണ്ടാണ് വഴിതെറ്റിപ്പോകുന്നത് എന്ന് ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസവകുപ്പിനു കലശലായ സംശയം. അതുകൊണ്ട് എസ്.സി.ഇ.ആര്.ടി സ്കൂള്‍ കുട്ടികളെ ഭരണഘടനപഠിപ്പിക്കാന് പോകുകയാണ്. ഇതിനായി സ്കൂളുകളില്‍ ലീഗല്‍ ക്ലബ്ബും രൂപീകരിക്കാം. പരിശീലനപരിപാടി ഇതാ ആരംഭിച്ചു കഴിഞ്ഞു. എന്തൊരു കരുതല്‍, എന്തൊരു സ്പീഡ്? ഭരണഘടനാമൂല്യങ്ങള്‍ പഠിപ്പിക്കാനുള്ള ലീഗല്‍ ക്ലബ്ബിന്റെ ചുമതല വിദ്യാഭ്യാസമന്ത്രിയും സാംസ്കാരിക മന്ത്രിയും കൂടി ഏറ്റെടുത്തു ഫലപ്രാപ്തിയിലെത്തിക്കും എന്ന് നമുക്ക് ഉറപ്പിക്കാം. കാരണം അവരുടെയത്ര യോഗ്യതയുള്ള ആരുണ്ട് കേരളത്തില്‍? എസ്.എഫ്.ഐ നേതാവായിരിക്കെ കലാലയങ്ങളില്‍ ഭരണഘടനാമൂല്യം കയ്യൂക്കിലൂടെ നടപ്പാക്കിയ ആളാണ് ശിവന്‍കുട്ടി. നിയമസഭയ്ക്കകത്ത് അദ്ദേഹം ഭരണഘടനാമൂല്യങ്ങള്‍ പ്രായോഗികമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് കോള്മയിരണിയാത്ത മലയാളികള്‍ ഉണ്ടാവില്ല.
ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ക്ലാസെടുക്കാനും പാഠം തയ്യാറാക്കാനും സജിചെറിയാനോളം യോഗ്യരായ ഭരണഘടനാ വിദഗ്ദ്ധര്‍ ഈ ഭൂമിമലയാളത്തില് തന്നെ ഉണ്ടാവില്ല. ജൂലായ് 3ന്റെ അദ്ദേഹത്തിന്റെ മല്ലപ്പള്ളി പ്രസംഗം അതിന്റെ മാഗ്നാകര്ട്ടയാണ്. അതിലെ ഓരോ വാക്യവും ഓരോ പാഠമാക്കാം. ജനങ്ങളെ കൊള്ളയടിക്കാനുള്ള ഏറ്റവും മനോഹരമായ ഭരണഘടന എന്നത് ആദ്യത്തെ പാഠം. മതേരത്വവും ജനാധിപത്യവും കുന്തവും കൊടച്ചക്രവുമാണെന്നത് രണ്ടാമത്തെ പാഠം. ഇംഗ്ലീഷുകാരന് പറഞ്ഞുകൊടുത്ത്, ഇന്ത്യക്കാരന് എഴുതിയെടുത്ത ഭരണഘടന എന്നത് മൂന്നാമത്തെ പാഠം. ഇങ്ങനെ സജി ചെറിയാന് സുവിശേഷങ്ങള്‍ ഒന്നൊന്നായി കുട്ടികളെ പഠിപ്പിക്കണം. ഇതിനൊക്കെ അടിസ്ഥാനമായി രാഷ്ട്രത്തിനും ദേശീയതയ്ക്കും ഭരണഘടനയ്ക്കും എതിരെ ഇ.എം.എസ് എഴുതിയതു കൂടി പഠിപ്പിക്കണം.