സമസ്ത ഓഫീസില്‍ നിന്ന് കത്തീബുകള്‍ക്കയച്ച കത്ത് ചോര്‍ന്നെങ്കിലും കാബൂളിലെ താലിബാന്‍ ആസ്ഥാനത്തുനിന്നും സമസ്തയ്ക്ക് അയച്ച കത്ത് ആരും പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തില്ല എന്ന സമാധാനത്തിലാണ് സമസ്ത നേതാക്കള്‍ എന്നാണ് കേള്‍ക്കുന്നത്. ആരാധന അള്ളാഹുവിനോട് മാത്രമേ പാടുള്ളൂ എന്ന ശരീയത്ത് ചട്ടം ലംഘിച്ച് മുസ്ലിം ചെറുപ്പക്കാര്‍ ഫുട്‌ബോള്‍ താരങ്ങളുടെ വലിയ കട്ടൗട്ടുകള്‍ സ്ഥാപിച്ച് ആരാധന കാണിക്കുന്നു എന്നതാണ് കത്തീബുകള്‍ക്കുള്ള കത്തിലെ ഗുരുതര ആരോപണം. മലപ്പുറത്തെ മദ്രസ പരിപാടിയില്‍ സമസ്തയുടെ എം.ടി. അബ്ദുള്ള മുസലിയാര്‍ നടത്തിയ ഒരു പ്രകടനമാണ് താലിബാന്‍ നേതാക്കള്‍ക്കിടയില്‍ വൈറലായത്. പത്താംക്ലാസ്സുകാരിയെ സ്റ്റേജിലേക്ക് വിളിച്ചയാളെ ശാസിക്കുന്ന മുസലിയാര്‍ ശരീയത്ത് നിയമം അറിയില്ലേ നിന്നെ ഞാന്‍ കാണിച്ചുതരാം എന്ന് ചൂടായി പറഞ്ഞത് അവര്‍ക്ക് ആവേശമായി. സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോയ ഒരു മലയാളി വിദ്വാനാണ് ഇത് പരിഭാഷപ്പെടുത്തിക്കൊടുത്തതെന്നും കേള്‍ക്കുന്നു. സ്ത്രീകളെ സ്റ്റേജില്‍ കയറ്റാത്തതാണ് സമസ്തയുടെ നൂറ് വര്‍ഷത്തെ ചരിത്രം. കര്‍ണ്ണാടകയിലെ പുത്തൂരില്‍ സമസ്തയുടെ സെമിനാറില്‍ സ്ത്രീകളെ കര്‍ട്ടനിട്ട് മറച്ചിരുന്നു എന്ന കാര്യത്തിലും നേതാക്കള്‍ അഭിമാനിക്കുന്നു. കത്തീബുകള്‍ക്കുള്ള കത്തിന്റെ വാര്‍ത്ത പുറത്തുവന്നപ്പോഴാണ് ഈ മൊയ്‌ല്യാന്മാരുടെ ഉപദേശം കിട്ടണമെന്ന് താലിബാന്‍ കത്തയച്ചത്.
സമസ്ത എന്തുമറുപടി നല്‍കി എന്നൊന്നുമറിയില്ലെങ്കിലും താലിബാന് വേണ്ടത്ര ആവേശം കിട്ടി എന്നാണ് അവരുടെ നടപടികള്‍ കാണിക്കുന്നത്. പെണ്‍കുട്ടികളുടെ സര്‍വ്വകലാശാല പഠനം തന്നെ താലിബാന്‍ വിലക്കി. ഹിജാബിനുവേണ്ടി കോടതി കയറുന്നവര്‍ക്കൊപ്പമാണ് സമസ്ത. അതു ഭരണം കിട്ടിയ ഉടനെതന്നെ താലിബാന്‍ നടപ്പാക്കി. ലിംഗസമത്വം ശരീയത്ത് വിരുദ്ധമാണെന്നതിനാല്‍ ഇടതുസര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന ലിംഗസമത്വ യൂനിഫോമും കുടുംബശ്രീയുടെ ലിംഗസമത്വപ്രതിജ്ഞയും അവരെക്കൊണ്ടു തന്നെ വിഴുങ്ങിപ്പിച്ചു സമസ്ത. താലിബാന്‍ ഒന്നുകൂടി കനപ്പിച്ച് സ്ത്രീകള്‍ വീടിനു പുറത്തിറങ്ങണ്ട എന്നു ഫത്വയിറക്കി. ഫുട്‌ബോള്‍ താരാരാധനക്കെതിരെ രണ്ടുകൂട്ടരും ഒരേ നിലപാടെടുത്തു. മതേതര ഭരണഘടനയെ കയ്യാലപ്പുറത്ത് വെച്ച് കേരള സര്‍ക്കാരിനെക്കൊണ്ട് ശരീയത്ത് നിയമം നടപ്പാക്കിക്കുന്ന സമസ്ത മൊയ്‌ല്യാരില്‍ നിന്നു താലിബാന്‍ ആവേശം കൊള്ളുന്നതില്‍ അതിശയിക്കാനില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ പ്രതിഷേധമുയരുന്നു. ഇവിടെ സാംസ്‌കാരിക നായകന്മാരും ഇടതു-വലതു മുന്നണി നേതാക്കളും സമസ്തക്കു മുമ്പില്‍ വായ മൂടി ഓച്ചാനിച്ചു നില്‍ക്കുന്നു!
Comments