- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 8)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
1893 ഫെബ്രുവരി ആദ്യം അരവിന്ദന്‍ ഭാരതത്തില്‍ തിരിച്ചെത്തി. ഇതേ വര്‍ഷമാണ് സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ പോയി ചിക്കാഗോ മതമഹാസമ്മേളനത്തില്‍ പങ്കെടുത്ത് ലോകശ്രദ്ധയാകര്‍ഷിച്ചത്. ബോംബെയില്‍ കപ്പലിറങ്ങിയപ്പോള്‍ തന്നെ അരവിന്ദന് ആദ്ധ്യാത്മിക അനുഭൂതികള്‍ ഉണ്ടായതായി അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. നേരെ ഗുജറാത്തിലേക്കു പോയ അദ്ദേഹം ബറോഡനാട്ടുരാജാവിന്റെ കീഴില്‍ ഒരു ഉദ്യോഗസ്ഥനായി ചേര്‍ന്നു. ആദ്യം ഓഫീസ് ജോലികളാണ് ചെയ്തതെങ്കിലും പിന്നീട് ബറോഡ കോളേജില്‍ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളുടെ പ്രൊഫസറായി. വൈസ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.
ബറോഡയിലെ അരവിന്ദന്റെ ജീവിതം ഒരു തരത്തില്‍ തയ്യാറെടുപ്പുകളുടെ കാലമായിരുന്നു. ഒരു ഭാരതീയനെന്ന നിലയില്‍, കുട്ടിക്കാലത്ത് തനിക്കു നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള ഒരു ശ്രമമാണ് ആദ്യം നടത്തിയത്. തന്റെ മാതൃഭാഷയായ ബംഗാളിയും സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളും പഠിച്ചു. വേദങ്ങള്‍, ഉപനിഷത്തുകള്‍, മഹാഭാരതം, രാമായണം, കാളിദാസകൃതികള്‍ തുടങ്ങിയവയെല്ലാം ആഴത്തില്‍ പഠിച്ചു. ചില കൃതികള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തു.
ബറോഡയിലെത്തി ആറുമാസത്തിനകം ബോംബെയിലെ ‘ഇന്ദുപ്രകാശ്’ വാരികയില്‍ ”പഴയ വിളക്കുകള്‍ക്കു പകരം പുതിയവ” എന്ന പേരില്‍ അരവിന്ദന്‍ ഒരു ലേഖന പരമ്പര എഴുതാനാരംഭിച്ചു. കോണ്‍ഗ്രസ്സിന്റെ മിതവാദനയത്തെ നഖശിഖാന്തം വിമര്‍ശിക്കുന്ന ഒരു പരമ്പരയായിരുന്നു ഇത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ ഇന്ത്യന്‍ അണ്‍-നാഷണല്‍ കോണ്‍ഗ്രസ് എന്നു വിളിക്കാന്‍ പോലും അദ്ദേഹം തയ്യാറായി. പ്രമേയങ്ങളും നിവേദനങ്ങളുമായി ബ്രിട്ടീഷുകാരുടെ പിന്നാലെ നടക്കുന്ന കോണ്‍ഗ്രസ്സിനെ ഒരു സമരാത്മക സംഘടനയാക്കുന്നതിനുള്ള തുടക്കമായിരുന്നു ഈ ലേഖന പരമ്പര.
പക്ഷെ ഇത് അധികകാലം മുന്നോട്ടുപോയില്ല. ആ ഇരുപത്തൊന്നുകാരന്റെ തൂലികയില്‍ നിന്ന് പ്രൗഢമായ ഇംഗ്ലീഷില്‍, ശക്തമായ ശൈലിയില്‍ വാഗ്‌ധോരണി പ്രവഹിക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ്സിന്റെ വയോധികരായ ‘കസേര’ നേതൃത്വത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. അവര്‍ പത്രാധിപരെ ഭയപ്പെടുത്തി ഈ പരമ്പര തുടര്‍ന്നാല്‍ രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെടുമെന്നു മുന്നറിയിപ്പു നല്‍കി. ഗത്യന്തരമില്ലാതെ കെ.ജി. ദേശ്പാണ്ഡെ എന്ന പത്രാധിപര്‍ അരവിന്ദനോട് അല്പം മയപ്പെടുത്തി എഴുതാന്‍ ആവശ്യപ്പെട്ടെങ്കിലും അരവിന്ദന്‍ വഴങ്ങിയില്ല. അങ്ങനെ അധികം വൈകാതെ ആ പരമ്പര അവസാനിപ്പിച്ചു.
ക്രമേണ അരവിന്ദന്റെ ശ്രദ്ധ വിപ്ലവകാരികളെ സംഘടിപ്പിക്കുന്നതിലേക്കു തിരിഞ്ഞു. അക്കാലത്ത് ഭാരതത്തിലെ വിപ്ലവകാരികള്‍ ഒറ്റപ്പെട്ട വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എല്ലാവരെയും ഏകോപ്പിച്ച് ഒരു തുറന്ന സായുധ യുദ്ധമായിരുന്നു അദ്ദേഹം ലക്ഷ്യമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ജതീന്ദ്ര ബാനര്‍ജി എന്ന ബംഗാളി യുവാവിനെ ആയുധ പരിശീലനം നേടുന്നതിന് ബറോഡ സൈന്യത്തില്‍ പ്രവേശിപ്പിച്ചു. പരിശീലനത്തിനു ശേഷം അയാളെ ബംഗാളിലേക്കയച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കി.
അരവിന്ദന്റെ അനുജന്‍ ബരീന്ദ്രനും വിപ്ലവപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. പശ്ചിമേന്ത്യയിലെ വിപ്ലവ സംഘടനകളുമായി അരവിന്ദന്‍ നേരിട്ട് ബന്ധപ്പെടുകയും അങ്ങനെ വിപ്ലവ സംഘങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയും ചെയ്തു. ബംഗാളില്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ആറു രഹസ്യസങ്കേതങ്ങള്‍ സ്ഥാപിക്കുന്നതിന് അരവിന്ദന്‍ തന്നെ അവിടെ എത്തിയിരുന്നു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഭഗിനി നിവേദിത, പി. മിത്തര്‍, ജതിന്‍ ബാനര്‍ജി, സി.ആര്‍.ദാസ്, സുരേന്ദ്രനാഥ ടാഗൂര്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ സമിതിയെ അരവിന്ദന്‍ നിയോഗിച്ചിരുന്നു. ഗ്രാമങ്ങള്‍തോറും വിപ്ലവ സംഘടനകളുടെ യൂണിറ്റുകള്‍ രൂപീകരിക്കാനും അനേകായിരം യുവാക്കളെ ദേശാഭിമാന പ്രചോദിതരായ വ്യക്തികളായി രൂപപ്പെടുത്താനും വിപ്ലവ പ്രസ്ഥാനത്തിനു കഴിഞ്ഞു.
ദേശസ്‌നേഹികളായ വിപ്ലവകാരികളെ വാര്‍ത്തെടുക്കാന്‍ ഒരു രഹസ്യസങ്കേതം സ്ഥാപിക്കാന്‍ ബരീന്ദ്രന്‍ ആഗ്രഹിച്ചു. അതിനു മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ അരവിന്ദന്‍ തയ്യാറാക്കിയ ലഘുലേഖയാണ് ‘ഭവാനി മന്ദിരം’ എന്ന പേരില്‍ പിന്നീട് പ്രശസ്തമായത്. 1904-05 കാലഘട്ടത്തില്‍ എഴുതപ്പെട്ട ഈ ലഘുലേഖ ജഗന്മാതാവായ ഭാരതദേവിയില്‍ പ്രകാശിക്കുന്ന ദിവ്യശക്തിയെയും പ്രകാശത്തെയും കുറിച്ച് അരവിന്ദനുണ്ടായിരുന്ന ദര്‍ശനത്തിന്റെ വ്യക്തചിത്രമാണ്. സ്വാതന്ത്ര്യാനന്തരം 1956-ല്‍ മാത്രമാണ് ‘ഭവാനി മന്ദിരം’ എന്ന ഈ രഹസ്യരേഖ പ്രസിദ്ധീകരിക്കപ്പെട്ടത്.
1901 ഏപ്രിലില്‍ അരവിന്ദന്‍ ഭൂപാല്‍ ചന്ദ്രബസുവിന്റെ മകളായ മൃണാളിനിയെ വിവാഹം ചെയ്തു. മാതൃകാപരമായ ദാമ്പത്യജീവിതം നയിക്കാനൊന്നും അവര്‍ക്കു കഴിഞ്ഞിരുന്നില്ല. തിരക്കുപിടിച്ച ഒരു പൊതുജീവിതത്തിന്റെ ഉടമയായിരുന്നു അരവിന്ദന്‍. മൃണാളിനിയാകട്ടെ ഒരു സാധാരണ പെണ്‍കുട്ടിയും. അവര്‍ക്കിടയില്‍ ധാരാളം കത്തിടപാടുകള്‍ നടന്നിരുന്നു. അത്തരം ഒരു കത്തിലാണ് അരവിന്ദന്‍ തനിക്ക് മൂന്നു ഭ്രാന്തുകള്‍ ഉള്ളതായി രേഖപ്പെടുത്തിയത്. തന്റെ ബിരുദങ്ങള്‍, പ്രതിഭ, പാണ്ഡിത്യം, ഉന്നതവിദ്യാഭ്യാസം, സ്വത്ത് – ഇതെല്ലാം ഭഗവാന്റേതാണ് എന്ന ഉറച്ച വിശ്വാസമായിരുന്നു ഒന്നാമത്തെ ഭ്രാന്ത്. എന്തുവന്നാലും വേണ്ടില്ല, ദൈവത്തെ മുഖത്തോടുമുഖം കാണണമെന്നതായിരുന്നു രണ്ടാമത്തെ ഭ്രാന്ത്. മൂന്നാമത്തെ ഭ്രാന്ത് ഭാരതമാതാവിനെക്കുറിച്ചുള്ളതാണ്. വിശാലമായ മൈതാനങ്ങളും വയലുകളും പാടങ്ങളും മലകളും നദികളും നിറഞ്ഞ ഒരു ഭൗതികവസ്തുവായിട്ടാണ് മറ്റുള്ളവര്‍ ഈ രാജ്യത്തെ കാണുന്നത്. ഭാരതത്തെ സ്വന്തം അമ്മയായിക്കാണുന്നുവെന്നും ആരാധിക്കുന്നുവെന്നും അരവിന്ദന്‍ എഴുതി. അസുരന്‍ സ്വന്തം മാതാവിന്റെ മാറത്തു കയറിയിരുന്ന് രക്തം വലിച്ചുകുടിക്കുമ്പോള്‍ മകനെന്തു ചെയ്യും? അവന്‍ സൈ്വരമായിരുന്ന് ഭക്ഷണം കഴിക്കുകയും ഭാര്യയുടെയും മക്കളുടെയും കൂടെ സുഖമായി ജീവിക്കുകയും ചെയ്യുമോ?, അതോ, അമ്മയുടെ രക്ഷയ്ക്കു പാഞ്ഞെത്തുമോ എന്നും അരവിന്ദന്‍ ചോദിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ രണാങ്കണത്തിലേക്ക് എടുത്തുചാടാന്‍ അരവിന്ദനെ പ്രേരിപ്പിച്ച ദര്‍ശനം ഈ വാക്കുകളില്‍ വ്യക്തമായി കാണാം.
1905ല്‍ ബ്രിട്ടീഷുകാര്‍ ബംഗാളിനെ രണ്ടായി വിഭജിച്ചു. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമായിരുന്നു ഇതിനു പിന്നില്‍. ദേശീയവാദികളുടെയും വിപ്ലവകാരികളുടെയും പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യം നേടാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനുമുള്ള ആഗ്രഹം ഉണര്‍ന്നുതുടങ്ങിയിരുന്നു. ഈ ശക്തിക്കെതിരെ മുസ്ലീം വേറിടല്‍ മനോഭാവത്തെ വളര്‍ത്തുന്നതിനുള്ള ആസൂത്രിത നീക്കമായിരുന്നു ബ്രിട്ടീഷുകാര്‍ ബംഗാള്‍ വിഭജനത്തിലൂടെ നടത്തിയത്. ബംഗാളിനെ മുസ്ലിം ഭൂരിപക്ഷമുള്ള കിഴക്കന്‍ ബംഗാള്‍, ഹിന്ദുഭൂരിപക്ഷമുള്ള പശ്ചിമ ബംഗാള്‍ എന്നിങ്ങനെയാണ് വിഭജിച്ചത്.
ശക്തമായി പ്രക്ഷോഭത്തിന്റെ ഫലമായി 1911ല്‍ ബംഗാള്‍ വിഭജനം ബ്രിട്ടീഷുകാര്‍ക്ക് റദ്ദാക്കേണ്ടി വന്നെങ്കിലും അത് സൃഷ്ടിച്ച മുറിപ്പാടുകള്‍ സ്ഥിരരൂപം കൈവരിച്ചതാണ് ഇന്നത്തെ ബംഗ്ലാദേശ്. 1906ല്‍ മുസ്ലീം ലീഗ് രൂപം കൊണ്ടത് കിഴക്കന്‍ ബംഗാളിലെ ഡാക്കയില്‍ വെച്ചാണ്. പിന്നീട് നിരവധി സംഘര്‍ഷങ്ങള്‍ക്കു വേദിയായി മാറിയ ഈ പ്രദേശം 1947ല്‍ വിഭജനത്തിലൂടെ പാകിസ്ഥാന്റെ ഭാഗമായി. 1971-ല്‍ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിനുശേഷം ബംഗ്ലാദേശ് എന്ന ഒരു സ്വതന്ത്ര രാഷ്ട്രമായതും ഈ കിഴക്കന്‍ ബംഗാളാണ്. ഭാരതത്തിന്റെ കിഴക്കന്‍ ഭാഗത്ത് പലപ്പോഴും ഭാരതത്തിനു ശല്യമായിത്തീര്‍ന്ന ഒരു രാജ്യത്തെ സൃഷ്ടിച്ചു എന്നതാണ് 1905ലെ ബംഗാള്‍ വിഭജനത്തിന്റെ ആത്യന്തികഫലം.
പക്ഷെ ബംഗാള്‍ വിഭജനത്തെ അക്കാലത്തെ നേതാക്കളും ജനങ്ങളും ഒട്ടും സ്വാഗതം ചെയ്തിരുന്നില്ല. സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും പ്രധാന അദ്ധ്യായങ്ങളിലൊന്നാകത്തക്കവിധം ശക്തമായ ബഹുജനപ്രക്ഷോഭത്തിനാണ് അക്കാലത്തെ ബംഗാള്‍ സാക്ഷ്യംവഹിച്ചത്. ഇതിന്റെ പിന്നിലും മുന്നിലും നിന്ന് തേര്‍തെളിച്ചവരില്‍ പ്രധാനസ്ഥാനമാണ് അരവിന്ദഘോഷിനുള്ളത്.
ബംഗാള്‍ നിലവില്‍വന്ന 1905 ഒക്‌ടോബര്‍ 16ന് ബംഗാള്‍ മുഴുവന്‍ കരിദിനമായി ആചരിച്ചു. അടുപ്പില്‍ തീ പൂട്ടാതെ ജനങ്ങള്‍ കൂട്ടമായി വീടുവിട്ടിറങ്ങി. ഗംഗാനദിയില്‍ സ്‌നാനം ചെയ്ത്, ജാതി മതഭേദമെന്യേ കൈകളില്‍ രാഖി ബന്ധിച്ചുകൊണ്ട് അവര്‍ വിഭജന വിരുദ്ധ സമരത്തിനു തുടക്കം കുറിച്ചു. വ്യവസായ ശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമെല്ലാം ഹിന്ദു-മുസ്ലിം വ്യത്യാസമില്ലാതെ രാഖി ബന്ധനം നടന്നു.
ആയിരക്കണക്കിനു പ്രതിഷേധ റാലികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ അണിനിരന്നു. സമരം ബംഗാളിനു പുറത്തേക്കും വ്യാപിച്ചു. സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ബംഗാള്‍ വിഭജനവിരുദ്ധ സമരത്തിന്റെ ഭാഗമായാണ് വന്ദേമാതരം ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചത്. ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച ഈ ഗാനം സ്വാതന്ത്ര്യസമരത്തിന്റെ അപ്രഖ്യാപിത പടഹ ധ്വനിയായി മാറിയതോടെ ഭയന്ന ബ്രിട്ടീഷുകാര്‍ വന്ദേമാതരം ചൊല്ലുന്നതുതന്നെ നിരോധിച്ചു. ജനങ്ങള്‍ ഈ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറായില്ല. അതോടെ സര്‍ക്കാര്‍ എങ്ങും ക്രൂരമായ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. പതിനായിരക്കണക്കിന് ആളുകളെ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടാനും രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും പ്രേരണ നല്‍കിയ ഗാനമാണ് വന്ദേമാതരം. ഭാരതത്തെ അമ്മയായിക്കണ്ട് വാഴ്ത്തുന്ന ഈ ഗാനം നമ്മുടെ രാഷ്ട്രത്തിന്റെ ദേശീയഗീതമായി മാറി. ബംഗാള്‍വിഭജന വിരുദ്ധ പ്രക്ഷോഭത്തിന്റെ മറ്റൊരു പേരായി രുന്നു വന്ദേമാതര പ്രക്ഷോഭം.
ജനങ്ങളെ സ്വാതന്ത്ര്യസമരരംഗത്ത് സജീവമായി അണിനിരത്താനുള്ള ഒരവസരമായാണ് അരവിന്ദന്‍ ബംഗാള്‍ വിഭജനവിരുദ്ധ പ്രക്ഷോഭത്തെ കണ്ടത്. അതിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം ബംഗാളിലെ വിപ്ലവസംഘടനകള്‍ക്കു നല്‍കി. 1902ല്‍ കോണ്‍ഗ്രസ്സിന്റെ അഹമ്മദാബാദ് സമ്മേളനം കണ്ടപ്പോള്‍ തന്നെ അതിന്റെ തണുപ്പന്‍ രീതികള്‍ അരവിന്ദനു മനസ്സിലായി. അവിടെവെച്ച് ലോകമാന്യതിലകനെ കാണുകയും രണ്ടുപേരും ഭാവിപദ്ധതികളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തു. സ്വദേശി, വിദേശവസ്ത്ര ബഹിഷ്‌ക്കരണം എന്നിവ തിലകന്റെ പ്രധാന പരിപാടികളായിരുന്നു.
1905ല്‍ കാശിയില്‍ വെച്ചു നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലും അരവിന്ദന്‍ പങ്കെടുത്തിരുന്നു. തുറന്ന സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും ദേശീയവാദികളായ നേതാക്കള്‍ക്ക് കൂടിയാലോചന നടത്താന്‍ കഴിയത്തക്കവിധം പൂര്‍ണ്ണസമയവും അദ്ദേഹം അവിടെ ഉണ്ടായിരുന്നു. 1906 ഫെബ്രുവരി മുതല്‍ രണ്ടു മാസത്തേക്ക് കോളേജില്‍ നിന്ന് അവധിയെടുത്ത് അരവിന്ദന്‍ ബംഗാളിലേക്കു പോയി. ജൂണില്‍ കോളേജ് തുറന്നപ്പോള്‍ വീണ്ടും ഒരു വര്‍ഷത്തെ അവധിയെടുത്ത് ബംഗാളില്‍ ആരംഭിച്ച പ്രവര്‍ത്തനം തുടര്‍ന്നു. കോളേജ് അദ്ധ്യാപകനായും കവിയായും എഴുത്തുകാരനായും ജീവിതം നയിച്ച അരവിന്ദഘോഷിനെ ഒരു സജീവ രാഷ്ട്രീയക്കാരനാക്കി മാറ്റിയത് ബംഗാള്‍ വിഭജനവിരുദ്ധ പ്രക്ഷോഭമാണ്.
(തുടരും)
Comments