കേരളത്തിലെ മുസ്ലിംസംഘടനകള്‍ സ്ഥലജലവിഭ്രാന്തിയിലാണ്. കമ്മ്യൂണിസ്റ്റുകാര്‍ ഇസ്ലാമിനെ നശിപ്പിക്കുന്നവരാണ് എന്ന് സമുദായത്തെ പാടിപഠിപ്പിച്ചവര്‍ക്ക് ആകെ ആശയക്കുഴപ്പം. ഇപ്പോള്‍ അവരെക്കാള്‍ വലിയ സമുദായ സ്‌നേഹികളായിരിക്കുന്നു കമ്മ്യൂണിസ്റ്റുകാര്‍. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതായിരുന്നു അവരുടെ കയ്യിലെ ഒരായുധം. സമസ്തയുടെ ജഫ്രി തങ്ങള്‍ മുഖ്യന്‍ വിജയന്‍ സഖാവിനെ കണ്ടുപറഞ്ഞതോടെ മന്ത്രിസഭയുടെ ആ തീരുമാനം റദ്ദാക്കി. ലിംഗസമത്വ യൂണിഫോമായിരുന്നു മറ്റൊരു തുറുപ്പുചീട്ട്. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി അതു വിഴുങ്ങി. കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞയും നിര്‍വീര്യമാക്കി. ഇതോടെ സമസ്തയുടെ മുഷവറയിലെ ബഹാവുദ്ദീന്‍ നഖ്‌വി കൂരിയാടിനും കൂട്ടര്‍ക്കും സംശയം – ഇതു തങ്ങളുടെ സമുദായത്തെ നശിപ്പിക്കാനുള്ള നീക്കമാണോ? അദ്ദേ ഹം ജഫ്രി തങ്ങള്‍ക്കു നേരെ അമ്പയക്കാന്‍ തുടങ്ങി.
വിജയന്‍ സഖാവിന്റെ തന്ത്രങ്ങള്‍ക്കു പിന്നാലെ വരുന്നു സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവിന്റെ പ്രസ്താവന. ലീഗ് വര്‍ഗ്ഗീയമാണെന്ന ഇ.എം.എസ്സിന്റെ പ്രസ്താവന അദ്ദേഹം തിരുത്തി. നിയമസഭയില്‍ ലീഗു ഇടതു അനുകൂല നിലപാടെടുത്തതിനെ പുകഴ്ത്തുകയും ചെ യ്തു. ഇതോടെ ലീഗു അണികളിലും ആശയക്കുഴപ്പമായി. ലീഗിലെ മാര്‍ക്‌സിസ്റ്റു വിരുദ്ധരായ എം.കെ. മുനീര്‍, കെ.എം.ഷാജി വിഭാഗം ഇതില്‍ അപകടം മണക്കാന്‍ തുടങ്ങി. സമുദായത്തിന്റെ ഏതു കാര്യത്തിലും തലയിടുന്ന അരിവാള്‍ സുന്നികളായ കാന്തപുരം ഗ്രൂപ്പ് വായപൂട്ടിയിരിപ്പാണ്. കമ്മ്യൂണിസ്റ്റ് കരടി കെട്ടിപ്പിടിക്കുന്നത് സ്‌നേഹം കൊണ്ടോ വിശപ്പുകൊണ്ടോ എന്ന് അവര്‍ തന്നെ നിശ്ചയിക്കട്ടെ.
Comments