കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുകയും ലൗജിഹാദും ഡ്രഗ് ജിഹാദും അടക്കമുള്ള സംഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തത് ഒരുവിഭാഗം ക്രിസ്ത്യാനികള്‍ക്കും ക്രിസ്തീയ സംഘടനാ പ്രവര്‍ത്തകര്‍ക്കും ചില സഭകള്‍ക്കുമെങ്കിലും തലയില്‍ വെളിച്ചം വീശാന്‍ കാരണമായിരുന്നു. ലൗജിഹാദിന്റെ ചതിക്കുഴിയില്‍പ്പെട്ട ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം ക്രിസ്ത്യന്‍ പെണ്‍കുട്ടികളും ചതിയില്‍പ്പെട്ട് വഴിയാധാരമാവുകയും ജീവിതം ചവിട്ടിയരക്കപ്പെടുകയും ചെയ്തപ്പോള്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന ആഹ്വാനവുമായി ഹൈന്ദവ സംഘടനകള്‍ക്കൊപ്പം കൂടാന്‍ തയ്യാറായത് വിവേകത്തിന്റെ വെളിച്ചത്തിലേക്കുള്ള വഴിയായിരുന്നു. ഭാരതത്തോടൊപ്പം ഭാരതത്തിന്റെ ആത്മാവിനെ വെട്ടിക്കീറിയിട്ടാണെങ്കിലും സൃഷ്ടിച്ച പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇസ്ലാമിക ഭൂരിപക്ഷം നേടിയ പഴയ ക്രൈസ്തവ രാജ്യങ്ങളിലും ആരാധന നടത്താനോ പള്ളിയില്‍ പോകാനോ സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കാനോ കഴിയാത്ത സാഹചര്യം ക്രൈസ്തവസഭകള്‍ മറക്കരുത്. ഹാഗിയ സോഫിയ എന്ന പുരാതന ക്രൈസ്തവ പള്ളി ഇസ്ലാമിക ഭീകരരും ഭരണകൂടവും ഒന്നിച്ചുചേര്‍ന്ന് മുസ്ലീം ആരാധനാലയമാക്കി മാറ്റിയതിനെ അനുകൂലിക്കാന്‍ കേരളത്തില്‍ പോലും ആളുണ്ടായി എന്ന കാര്യം മറക്കരുത്.
കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലുടനീളം ക്രൈസ്തവസഭകള്‍, പ്രത്യേകിച്ച് പെന്തക്കോസ്തുകാര്‍ നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങളും അതിനുവേണ്ടി അവര്‍ നടത്തുന്ന ജുഗുപ്‌സാവഹമായ ഹൈന്ദവ നിന്ദയും കാണാതിരിക്കാനാവില്ല. ഒരു പ്രമുഖ ഇംഗ്ലീഷ് വാരിക നടത്തിയ അന്വേഷണത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ്ഗ മേഖലയില്‍ ഇവര്‍ നടത്തിയ തന്ത്രം തുറന്നുകാട്ടിയിരുന്നു. ശക്തിയുള്ള ദൈവം വെള്ളത്തില്‍ പൊങ്ങിക്കിടക്കുമെന്ന് പറഞ്ഞ് മരത്തിന്റെ കുരിശും ലോഹത്തിന്റെ ഹിന്ദുദേവ പ്രതിമയും വെള്ളത്തിലിടുമ്പോള്‍ മരത്തിന്റെ കുരിശ് പൊങ്ങിക്കിടക്കുന്നത് കാട്ടി പാവപ്പെട്ടവരെ പറ്റിച്ച് മതപരിവര്‍ത്തനം നടത്തുന്നത് ഈ ഇംഗ്ലീഷ് വാരിക തുറന്നുകാട്ടിയിരുന്നു. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തിലും എത്തിയത് ഈ പെന്തക്കോസ്തുകാര്‍ നടത്തിയ ഹീനമായ ആക്രമണങ്ങളും മതപരിവര്‍ത്തന ശ്രമങ്ങളും തന്നെയായിരുന്നു. ഗ്രഹാം സ്റ്റെയിന്‍സിനെതിരെ തിരിച്ചടിയുണ്ടായപ്പോള്‍ അതിനെ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ലക്ഷ്മണാനന്ദ സരസ്വതിയുടെ കാര്യം മുഖ്യധാരാ മാധ്യമങ്ങളടക്കം കാര്യമായ പ്രാധാന്യം നല്‍കാതെ മൂടിവെയ്ക്കുകയും ചെയ്തു. മതപരിവര്‍ത്തനം അത്ര ഗുരുതരമായ പ്രശ്‌നമാണോ എന്ന് ഒരുപക്ഷെ, ചോദിച്ചേക്കാം. നരേന്ദ്രമോദി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പുവരെ ക്രൈസ്തവ ഭൂരിപക്ഷമായി മാറിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വന്നിരുന്നവര്‍ ‘ഞാന്‍ ഇന്ത്യയിലേക്ക് പോകുന്നു’ എന്നുപറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. വിഘടനവാദത്തിന്റെ വേരറുക്കുകയും കള്ളപ്പണത്തിന്റെയും എന്‍.ജി.ഒ.കളുടെ മറവിലുള്ള മതപരിവര്‍ത്തന ശ്രമങ്ങളുടെ പഴുതടയ്ക്കുകയും ചെയ്തപ്പോഴാണ് ഈ സംസ്ഥാനങ്ങളില്‍ ആഭ്യന്തര കലാപവും വിഘടനവാദ ശ്രമങ്ങളും അവസാനിച്ചതെന്ന കാര്യം മറക്കരുത്. 1990കളില്‍ ക്രൈസ്തവ സംഘടനകളുമായി അന്നത്തെ ആര്‍എസ് എസ് സര്‍സംഘചാലക് കെ.എസ്. സുദര്‍ശന്‍ജിയുടെ നേതൃത്വത്തില്‍ അഭിപ്രായ സമന്വയത്തിനായി ഒരു ചര്‍ച്ച നടത്തിയിരുന്നു. റിട്ട. ജസ്റ്റിസ് കെ. ടി. തോമസ് മുന്‍കൈയെടുത്ത് ജോസഫ് പുലിക്കുന്നേലിന്റെ ഓശാന മൗണ്ടിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കുശേഷം ചര്‍ച്ചയുടെ ഫലം ക്രോഡീകരിച്ച ജസ്റ്റിസ് കെ.ടി. തോമസ് മതപരിവര്‍ത്തനമാണ് ഭാരതത്തില്‍ ക്രൈസ്തവസഭകളും ഹിന്ദു സംഘടനാ പ്രവര്‍ത്തകരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്കു കാരണമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. തുടര്‍ ചര്‍ച്ചകള്‍ പിന്നീട് ഉണ്ടായില്ലെങ്കില്‍ പോലും മതപരിവര്‍ത്തനവും അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങളും ഭാരതത്തിലുണ്ടാക്കുന്ന സംഘര്‍ഷ സാഹചര്യം പല സഭകള്‍ക്കും മനസ്സിലാവുകയും ചെയ്തു.
ഇന്ന് ഹിന്ദുത്വത്തിന്റെ അടിസ്ഥാനപരമായ ആരാധനാ രീതികള്‍ മുതല്‍ അനുഷ്ഠാനങ്ങള്‍ വരെ നിന്ദ്യമായ രീതിയില്‍ അനുകരിക്കാനും അതൊക്കെ തങ്ങളുടേതാണെന്ന് വരുത്താനും നടത്തുന്ന ശ്രമങ്ങള്‍ കാണാതെ പോകരുത്. തമിഴ്‌നാട്ടില്‍ സാധാരണ ഹിന്ദുവിന്റെ വികാരമായ മുരുകന്‍, മുരുകേശു ആണെന്നു വരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ മുതല്‍ ഭഗവാന്‍ കൃഷ്ണന്‍, യേശുവാണെന്ന തരത്തില്‍ നടത്തുന്ന പ്രചാരണം, കന്യാകുമാരിയല്ല, കന്യകാമേരിയാണ് തുടങ്ങി ഒരു സാധാരണക്കാരനും പൊറുക്കാന്‍ പറ്റാത്ത രീതിയിലേക്ക് ഇത് മാറുന്നുണ്ട്. തെരുവുകള്‍ തോറും ഹിന്ദു ദൈവങ്ങളെ നിന്ദിച്ചും അപമാനിച്ചും നടത്തുന്ന പ്രചാരണത്തിനെതിരെ അതത് നാടുകളിലെ വീട്ടമ്മമാരും നാട്ടുകാരും പരസ്യമായി രംഗത്തുവരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം. വിഴിഞ്ഞം തുറമുഖം വന്നാല്‍ നാട്ടില്‍ വികസനം വരുമെന്ന് പറഞ്ഞ് അതിനുവേണ്ടി ബിഷപ്പ് ഹൗസില്‍ പ്രത്യേക ഓഫീസ് പ്രവര്‍ത്തിപ്പിച്ച ലത്തീന്‍ കത്തോലിക്കാ സഭക്ക് എപ്പോഴാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായി നിലപാട് സ്വീകരിക്കാന്‍ തോന്നിയത്? ഇത് ഒറ്റപ്പെട്ട സംഭവമാണോ? ഇതിന്റെ പിന്നിലെ അന്താരാഷ്ട്രബന്ധം എന്താണ്? എന്തുകൊണ്ടാണ് ദുബായ് സര്‍ക്കാര്‍ ഈ സമരത്തിന് പരസ്യപിന്തുണ നല്‍കുകയും പരസ്യമായി ധനസഹായം ചെയ്യുകയും ചെയ്തത്? കേരളത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ ഒരു ക്രൈസ്തവസഭ നടത്തുന്ന സമരത്തിന് ദുബായ് സര്‍ക്കാര്‍ പരസ്യമായി സാമ്പത്തിക സഹായം ചെയ്യുന്നത് ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു വിദേശരാജ്യത്തിന്റെ പരസ്യമായ ഇടപെടല്‍ അല്ലേ? ഭാരതീയ പൗരന്മാര്‍ എന്ന നിലയില്‍ ലത്തീന്‍ സഭക്കോ മറ്റ് ഏതു സഭക്കോ ഏതു പദ്ധതിക്കും എതിരെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം നടത്താനുള്ള അവകാശമുണ്ട്. ജനാധിപത്യത്തിന്റെ മാതൃഭൂമിയായ ഭാരതത്തില്‍ അഭിപ്രായവ്യത്യാസത്തിനുള്ള അവകാശം ഭരണഘടനാപരമാണ്. ഭരണഘടന ഉണ്ടാകുന്നതിന് മുമ്പുതന്നെ അഭിപ്രായവ്യത്യാസം വരുന്നവര്‍ക്ക് അത് പരസ്യമായി പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശവും അധികാരവും പൗരാണിക കാലം മുതല്‍ തന്നെ നിലവിലുണ്ടായിരുന്നു.
രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ ശ്രീരാമ-ഭരത സംവാദത്തില്‍, കാട്ടില്‍ തന്നെ കാണാന്‍ എത്തുന്ന ഭരതനോട് ഓരോരോ വിഭാഗങ്ങളുടെയും ക്ഷേമത്തെക്കുറിച്ച് ആരാഞ്ഞ ശ്രീരാമന്‍, നാസ്തികതയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ചാര്‍വാകന്മാര്‍ക്ക് എങ്ങനെയുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തടസ്സമില്ലല്ലോ എന്നും ചോദിക്കുന്ന ആ ഭാഗമാണ് ഭാരതത്തിലെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഏറ്റവും ഉജ്ജ്വലമായ പ്രതീകം. അതുകൊണ്ട് ഭാരതത്തെ ആരും മതസൗഹാര്‍ദ്ദത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കേണ്ട കാര്യമില്ല. പക്ഷെ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കത്തോലിക്കാ സഭയുടെ നിലപാട്, അല്ലെങ്കില്‍ നിലപാടിലെ മലക്കം മറിച്ചില്‍ സാധാരണക്കാരില്‍ പോലും വിശ്വാസരാഹിത്യം ഉണ്ടാക്കിയിരിക്കുന്നു. ആന്റണി രാജുവിന്റെ സഹോദരനും സമരസമിതി നേതാവുമായ വിജയന്റെ ഭാര്യയുടെ പേരില്‍ പുറത്തുനിന്ന് എത്തിയ കോടികളുടെ സാമ്പത്തിക സഹായവും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. വിഴിഞ്ഞം സമരത്തെ ഒരൊറ്റപ്പെട്ട സംഭവമായി കാണാനാവില്ല.
കൂടംകുളം ആണവനിലയത്തിനെതിരെ ഇതേരീതിയില്‍ തന്നെ നടന്ന സമരം അന്നും ഇതേപോലെ വിവാദമായതാണ്. മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഉദയകുമാര്‍ അടക്കമുള്ള സമര നേതാക്കളുടെ ക്രൈസ്തവസഭാ ബന്ധം അന്ന് വിവാദമായിരുന്നു. കൂടംകുളം സമരത്തിനെതിരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ നിലപാടാണ് ആണവനിലയം ആരംഭിക്കാനും ഇന്ന് ദക്ഷിണ ഭാരതത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനും ഇടയാക്കിയത്. കൂടംകുളം സമരവും തൂത്തുക്കുടിയിലെ വേദാന്ത കമ്പനിക്കെതിരെ നടന്ന സമരവും ഒക്കെ ഭാരതത്തിന്റെ വികസനത്തിനും സമഗ്രമായ പുരോഗതിക്കും എതിരായ നീക്കങ്ങള്‍ ആണെന്നത് തള്ളിക്കളയാനാവില്ല. വേദാന്ത കമ്പനി പൂട്ടിയതുകൊണ്ട് ഇന്ന് ആയിരക്കണക്കിന് കോടി രൂപയുടെ ചെമ്പ് വിദേശരാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നു എന്ന സാഹചര്യം നമുക്ക് വിസ്മരിക്കാനാവില്ല. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ചൂണ്ടിക്കാട്ടിയ ഒരുകാര്യം കൂടി ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നു. നര്‍മ്മദ സരോവര്‍ പദ്ധതിക്കെതിരെ മേധാപട്കറുടെ നേതൃത്വത്തില്‍ നടത്തിയ സമരം ഇതേ രീതിയില്‍ ഭാരതത്തിന്റെ വികസനത്തിനെതിരായിരുന്നു എന്നകാര്യം തെളിവുകള്‍ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. നര്‍മദാ സരോവര്‍ അണക്കെട്ടിന്റെ ഉയരം ഏതാനും അടി കൂട്ടിയപ്പോള്‍ വര്‍ഷങ്ങളായി കുടിവെള്ളപ്രശ്‌നം നിലനിന്നിരുന്ന നിരവധി ജില്ലകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, കൃഷിക്കായി നിരവധി പുതിയ കനാലുകള്‍ തുറന്നു. വൈദ്യുതി പ്രതിസന്ധിയിലും കുടിവെള്ള പ്രതിസന്ധിയിലും ഉഴലുകയായിരുന്ന ഗുജറാത്തിനെ പൂര്‍ണമായി മാറ്റിയെടുക്കാന്‍ കഴിഞ്ഞു. മേധാപട്കറുടെ സമരത്തിന് പിന്നിലും എന്‍.ജി.ഒ വിദേശ സംഘടനകളും ഉണ്ടെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നതാണ്. രാഷ്ട്രതാല്‍പര്യത്തെ വിദേശ ശക്തികള്‍ എങ്ങനെയാണ് തുരങ്കം വെക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ് വേദാന്തയും കൂടംകുളം നര്‍മ്മദാ സരോവര്‍ അടക്കമുള്ള പദ്ധതികളില്‍ കണ്ടത്. അതേ സമരം തന്നെയാണ് ഇപ്പോള്‍ വിഴിഞ്ഞത്തും അരങ്ങേറുന്നത്.
അതേസമയം സൈലന്റ്‌വാലി, പാത്രക്കടവ്, അതിരപ്പിള്ളി അടക്കമുള്ള പദ്ധതികള്‍ തുടങ്ങുന്നതിനെതിരെ ഉയര്‍ത്തിയ എതിര്‍പ്പില്‍ കാതലുണ്ടായിരുന്നു. അതിരപ്പിള്ളി വന്നാല്‍ ആനത്താരകള്‍ ഇല്ലാതാവുകയും സ്വാഭാവിക വനങ്ങള്‍ ഇല്ലാതാവുകയും വിനാശകരമായ പരിസ്ഥിതി നാശം ഉണ്ടാവുകയും ചെയ്യും എന്ന ആക്ഷേപത്തിന് അടിസ്ഥാനമുണ്ടായിരുന്നു. മാത്രമല്ല, പദ്ധതിക്കെതിരെ നിലപാടെടുത്തവര്‍ ആദ്യം മുതല്‍ അവസാനം വരെ ഒരേ നിലപാടില്‍ തന്നെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. തുറമുഖത്തിനെതിരായ അന്താരാഷ്ട്ര ഗൂഢാലോചന നേരത്തെ തന്നെ മാധ്യമങ്ങളുടെയും മറ്റും ശ്രദ്ധയില്‍ വന്നതാണ്. അതുകൊണ്ടുതന്നെ പള്ളിക്കാരുടെ സമരത്തെ പിന്തുണയ്ക്കുന്നവരെ കുറിച്ച്, സമരത്തില്‍ ഇടപെടുന്ന മത ഭീകര വര്‍ഗീയ ശക്തികളെക്കുറിച്ച് അന്വേഷണം വേണ്ടതുമാണ്. ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തുറമുഖത്തിന് സംരക്ഷണം ഒരുക്കാനും സമരക്കാര്‍ക്കെതിരെ നിലപാട് എടുക്കാനും മടിക്കുന്ന പിണറായി വിജയന്റെ ഇരട്ടത്താപ്പ് കൂടുതല്‍ വ്യക്തമാവുകയാണ്. ശബരിമല ആചാര സംരക്ഷണത്തിനായി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സമയം ചോദിച്ച ഹൈന്ദവ സംഘടനകളെ നിഷ്‌കരുണം തള്ളി ആചാരലംഘനത്തിന് മനീതികളെയും അവിശ്വാസികളെയും അഭിസാരികകളെയും കൊണ്ടുവന്ന പിണറായി വിജയനും അദ്ദേഹത്തിന്റെ കീഴിലെ പോലീസും വിഴിഞ്ഞത്ത് പാതിരിമാരുടെ മുന്നില്‍ ഏറ്റുമുട്ടി തല പൊട്ടി കിടക്കുന്ന ദയനീയ ചിത്രം കലിയുഗ വരദനായ അയ്യപ്പന്റെ കടം വീട്ടലാണ് എന്നകാര്യം ഹിന്ദു സംഘടനകള്‍ അടിവരയിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. യൂറോപ്പിലും ആസ്‌ട്രേലിയയിലും അമേരിക്കയിലുമൊക്കെ ക്രൈസ്തവ മതവിശ്വാസികള്‍ കുറയുകയും ക്രിസ്തീയ മതപ്രചാരണത്തിനുവേണ്ടി ലോകം കീഴടക്കാന്‍ പോയ ബ്രിട്ടനില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാവുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലെ പള്ളിക്കാരും ക്രൈസ്തവ സഭകളും മറക്കരുത്. ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും പള്ളികള്‍ വിശ്വാസികളില്ലാതെ വിറ്റുപോവുകയും ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും നൃത്തശാലകള്‍ക്കുമായി വില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഹൈന്ദവ നിന്ദ നടത്തുന്ന പെന്തക്കോസ്തുകാര്‍ തിരിച്ചറിയണം. കേരളത്തില്‍ നിന്ന് പോയിട്ടുള്ള 12,000 അച്ചന്മാരും 20,000 കന്യാസ്ത്രീകളുമാണ് ഇന്ന് ലോകം മുഴുവന്‍ സഭകളെ നിലനിര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ ഭാരതത്തിലെ മതപരിവര്‍ത്തനം മാത്രമല്ല, സ്വതന്ത്രവും സുഖകരവുമായും ആരാധന നടത്താനും എന്തു ചെയ്യാനും അവകാശവുമുള്ള ഈ നാടിനെതിരെ വിദേശ ശക്തികളുടെ ചരടുവലിക്കൊത്ത് സമരം നടത്തുന്നവര്‍ സ്വയം ആത്മപരിശോധനയ്ക്ക് തയ്യാറാവുകയും വേണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിലെ ഒരു സമുദായത്തിനും സംഘടനക്കും ഇല്ലാത്ത അവകാശങ്ങളാണ് ഇപ്പോള്‍ ലത്തീന്‍ സഭ കയ്യാളാന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ അറബിക്കടലിന്റെ ചില ഭാഗങ്ങള്‍ തങ്ങളുടെ കുടുംബസ്വത്താണെന്നാണ് ചില ലത്തീന്‍ പാതിരിമാര്‍ പ്രചരിപ്പിക്കുന്നത്. അവിടെ ഞായറാഴ്ച വള്ളമിറക്കാന്‍ പാടില്ല, ചില പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ ഒഴികെയുള്ളവര്‍ മീന്‍ പിടിക്കാന്‍ പാടില്ല തുടങ്ങി ചില അപ്രഖ്യാപിത അടിയന്തരാവസ്ഥകള്‍ ചില പള്ളിക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നിയമവ്യവസ്ഥയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണ്. ഇത് മുളയിലെ നുള്ളിയേ മതിയാകൂ. ഇതിന് കീഴടങ്ങുന്നത് ഏതു സര്‍ക്കാര്‍ ആയാലും വോട്ടുബാങ്കിന്റെ പേരിലാണ് എന്നകാര്യം വ്യക്തമാണ്. ശബരിമലയുടെയും വിഴിഞ്ഞത്തിന്റെയും കാര്യത്തില്‍ പിണറായി പ്രകടിപ്പിച്ച ഇരട്ടത്താപ്പും പോലീസിന്റെ ഗതികേടും ഒക്കെ തന്നെ കേരളത്തിലെ പൊതുസമൂഹത്തിന് മനസ്സിലാകുന്നുണ്ട്. വോട്ടുബാങ്കില്ലാത്ത ഒരു വിഭാഗമേ ഇന്ന് കേരളത്തിലുള്ളൂ. അത് കേരളത്തിലെ ഹിന്ദുക്കളാണ്. ഇനിയെങ്കിലും ജാതി സംഘടനകളുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിഘടിച്ചു നില്‍ക്കുന്ന ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മാറിയില്ലെങ്കില്‍ കേരളത്തില്‍ ഹിന്ദു ഇല്ലാതാകും.