1. അശ്രദ്ധ
നിര്‍ദ്ദേവത്വം വരം മേ തരണ, മിതു പറ-
ഞ്ഞീടുവാന്‍ വേണ്ടതാകും
ജിഹ്വാസ്വാധീനമില്ലാത്തവനുവരുതിയാ-
കില്ല മറ്റിന്ദ്രിയങ്ങള്‍.
വിദ്യാവിത്താര്‍ജ്ജനത്താലൊരുവനു വിനയം
നഷ്ടമായെങ്കി, ലീമ-
ട്ടദ്ധ്വാനത്തിന്‍ ഫലപ്രാപ്തിയിലപകടമു-
ണ്ടാകുമശ്രദ്ധമൂലം!
2. കൃതാര്‍ത്ഥന്‍
കൊട്ടിപ്പാടിസ്തുതിച്ചാലകമലിയുമൊരാള്‍
ദേവനാ,യന്നപാനം
മുട്ടാതെക്കാത്തിടാനുണ്ടവനിയി, ലിതുവന്‍ ഭാഗ്യമാണെന്നതൊപ്പം
ഒട്ടെങ്ങാന്‍ ഹേതുവില്ലാതലിവു പരനിലു-
ണ്ടായ്, പ്രവര്‍ത്തിക്കുവാനായ്
മുട്ടുമ്പോള്‍ ദൈവ സഞ്ചോദിത സുകൃത മതെ-
ന്നോര്‍ത്ത മര്‍ത്ത്യന്‍ കൃതാര്‍ത്ഥന്‍!
3. പ്രജ്ഞാനഘനരൂപിണി
അന്നം താന്‍ ബ്രഹ്‌മമെന്നെന്നുയിരിനൊരുടല്‍ നീ-
യേകിയപ്പോള്‍ നിനച്ചേന്‍;
പിന്നെപ്പഞ്ചാമൃതം പോലുലകിനെ നുകരു-
മ്പോ, ളതേ ബ്രഹ്‌മമെന്നും;
സന്യസ്തന്‍, ഭിന്നമാകും വഴികളഖിലവും
നിന്നിലെത്തീടുവാനാ-
ണെന്നും ഞാന്‍ കണ്ടറിഞ്ഞേ, നറിവല, കരുണാം-
ഭോധി നീ യെന്നുമമ്മേ!
4. മാതൃഭൂ, ഭാഷകള്‍
ശേഷിയ്ക്കും വാസനാസഞ്ചയമനുഗുണക-
ര്‍മ്മങ്ങള്‍ ചെയ്തീടുവാനാ-
യാശിയ്‌ക്കെ, ദ്ദേഹമൊന്നേകിയ കനിവിനെ നാം
*മാതൃനാമ്‌നാ നമിച്ചൂ
പോഷിയ്ക്കാനന്നമേകും ധരയിതിനു, വിചാ-
രത്തെ വാഗ്രൂപമാക്കും
ഭാഷയ്ക്കും മാതൃദേവാത്മകതയരുളുമി-
ന്നാടുനന്നാകുമെന്നും!
* മാതാവ് – മാനിയ്ക്കപ്പെടുന്നവള്‍
5. കാലഭേദം
താതന്‍ തൈപത്തു സമ്പത്തുടയവരുടെമ,-
ട്ടന്നു മുണ്ടും മുറുക്കി-
ക്കാപത്താപത്തുകാലം വരുകിലിവനുകി-
ട്ടീടുവാന്‍ നട്ടതോര്‍ത്തു
ആപത്തി, ത്തേങ്ങ കാര്‍ഷെഡ്ഡിനുമുകളൊരു നാള്‍
വീഴുകില്‍, ത്തെങ്ങുകേറാ-
നാളെക്കിട്ടാതെയാമെന്നൊരു നിനവില്‍ മുറി-
ക്കാര്‍ക്കു വന്‍കൂലി നല്‍കെ!
Comments