- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- തുളസിയിലയിട്ട പാല്‍ക്കഞ്ഞി (വീരഹനുമാന്റെ ജൈത്രയാത്ര 27)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
ശ്രീരാമഭക്തനായ വീരഹനുമാന്‍ ഒരിക്കല്‍ ഒരു തീര്‍ത്ഥാടത്തിനു പുറപ്പെട്ടു. വായുമാര്‍ഗ്ഗേണയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. പുണ്യതീര്‍ത്ഥങ്ങളും ഗിരിശൃംഗങ്ങളും പച്ചപ്പട്ടുപുതച്ച താഴ്‌വാരങ്ങളും പിന്നിട്ട് ആഞ്ജനേയന്‍ വാല്മീകിയുടെ ആശ്രമത്തിനു തൊട്ടു മുകളിലെത്തി. അപ്പോഴാണ് ആശ്രമത്തില്‍ കഴിഞ്ഞുകൂടുന്ന സീതാദേവിയുടെ ദിവ്യരൂപം അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നത്.
‘മാതൃതുല്യയായ സീതാദേവിയെ ഒന്നുനേരില്‍ കണ്ടിട്ടും കൈവണങ്ങിയിട്ടും കാലമെത്രയായി? ഏതായാലും ഇന്ന് ദേവിയെ ഒന്നു കണ്ടിട്ടുതന്നെ കാര്യം!’ -ശ്രീഹനുമാന്‍ മനസ്സില്‍ വിചാരിച്ചു.
ആഞ്ജനേയന്‍ ഒട്ടും താമസിയാതെ താഴോട്ടു പറന്നിറങ്ങി. അപ്പോഴേക്കും നേരം ഉച്ചയോടടുത്തുകഴിഞ്ഞിരുന്നു. ‘ഹൊ! വല്ലാത്ത വിശപ്പുണ്ട്. സീതാമാതാവിന്റെ കയ്യില്‍ നിന്ന് എന്തെങ്കിലും ആഹാരം വാങ്ങിക്കഴിക്കാം’ ഇങ്ങനെ ചിന്തിച്ചുകൊണ്ട് അദ്ദേഹം വാല്മീകിയുടെ ആശ്രമത്തിനകത്തേക്ക് പ്രവേശിച്ചു. അപ്പോഴാണ് വാല്മീകി മഹര്‍ഷിയും സീതാദേവിയും ആശ്രമമുറ്റത്ത് ചുറ്റിക്കറങ്ങുന്ന ശ്രീഹനുമാനെ കണ്ടത്.
”അതാ, സാക്ഷാല്‍ ഹനുമാനാണല്ലൊ നമ്മുടെ മുറ്റത്ത് ചുറ്റിത്തിരിയുന്നത്? വരൂ, എന്താണെന്നന്വേഷിക്കാം” -വാല്മീകി മഹര്‍ഷി സീതാദേവിയേയും വിളിച്ചുകൊണ്ട് ആശ്രമമുറ്റത്തേക്കിറങ്ങി.
സീതാദേവിയേയും വാല്മീകിയേയും കണ്ടതോടെ ഹനുമാന്‍ ഓടിച്ചെന്ന് അവരുടെ കാല്‍പ്പാദങ്ങള്‍ തൊട്ടുവന്ദിച്ചു. ഇരുവരും ഹനുമാനെ അനുഗ്രഹിച്ചു.
”ആഞ്ജനേയാ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് താങ്കള്‍ എന്താണിങ്ങനെ വന്നത്?”
-സീതാദേവി ചോദിച്ചു.
”ഞാനൊരു തീര്‍ത്ഥാടനത്തിനായി ഇറങ്ങിത്തിരിച്ചതാണ്. പെട്ടെന്നാണ് ഈ പുണ്യാശ്രമം എന്റെ
ശ്രദ്ധയില്‍പ്പെട്ടത്. ഏതായാലും ദേവിയെ ഒരുനോക്കു കണ്ടിട്ടുപോകാമല്ലൊ എന്നു കരുതി. കുറേ നാളായില്ലേ നേരില്‍ കണ്ടിട്ട്!”
-ഹനുമാന്‍ അറിയിച്ചു.
”വന്നതുവളരെ നന്നായി. ആഞ്ജനേയന്‍ എന്നും ഞങ്ങളുടെ കുടുംബത്തിന്റെ സഹായിയാണല്ലൊ” -സീതാദേവി ഹനുമാനെ തലോടി. അവര്‍ ഹനുമാനുമായി പല വിശേഷങ്ങളും സംസാരിച്ചു. എല്ലാത്തിനും അദ്ദേഹം വളരെ ഭവ്യതയോടെ മറുപടി പറഞ്ഞു.
ഇതിനിടയില്‍ ഹനുമാന്‍ എന്തോ പ്രത്യേകമായി തന്നോട് പറയാന്‍ ആഗ്രഹിക്കുന്നതായി സീതാദേവിക്കു തോന്നി.
”ആഞ്ജനേയാ, താങ്കള്‍ എന്തോ ഒരു കാര്യം എന്നില്‍ നിന്ന് മറച്ചുവയ്ക്കുന്നുണ്ടല്ലൊ. മടിക്കാതെ പറഞ്ഞോളൂ. താങ്കളുടെ ഏതുകാര്യവും സാധിച്ചുതരാന്‍ ഈ സീത തയ്യാറാണ്” -ദേവി നിര്‍ബ്ബന്ധിച്ചു.
അപ്പോള്‍ ഹനുമാന്‍ ഒരു ചെറുചിരിയോടെ പറഞ്ഞു: ”അമ്മേ, ഈ മകന് വല്ലാതെ വിശക്കുന്നുണ്ട്. അമ്മയുടെ കൈയില്‍ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിച്ചിട്ട് വളരെ നാളുകളായി. അമ്മയുടെ ഈ തൃക്കൈകൊണ്ടുണ്ടാക്കിയ എന്തെങ്കിലും എനിക്കു തിന്നാന്‍ തരണം”.
-ഹനുമാന്റെ ഈ ആഗ്രഹം കേട്ട് സീതാദേവി മാത്രമല്ല; തൊട്ടരികില്‍ നിന്നിരുന്ന വാല്മീകി മഹര്‍ഷിയും പെട്ടെന്ന് പൊട്ടിച്ചിരിച്ചുപോയി!
”ആഞ്ജനേയാ, വിശപ്പുകൊണ്ടും ദാഹംകൊണ്ടും താങ്കള്‍ വല്ലാതെ തളര്‍ന്നിട്ടുണ്ടെന്നു തോന്നുന്നു; അല്ലേ? അല്ലാതെ ഇങ്ങനെ തുറന്നുപറയില്ല. ഏതായാലും വിഷമിക്കേണ്ട; കൈകള്‍ കഴുകി വേഗം ഇരുന്നോളൂ. വിശപ്പ് ഞാന്‍ തീര്‍ത്തുതരാം” -സീതാദേവി അറിയിച്ചു.
താമസിയാതെ ഹനുമാന്‍ കൈകഴുകി ഊട്ടുമുറിയില്‍ വന്നിരുന്നു. സീതാദേവി ഹനുമാന്റെ മുന്നിലായി ഒരു ഇല വിരിച്ച് വിഭവങ്ങള്‍ ഒന്നൊന്നായി കൊണ്ടുവന്ന് വിളമ്പാന്‍ തുടങ്ങി. വിശപ്പുമൂത്തിരുന്ന ഹനുമാന്‍ ഓരോ വിഭവവും എടുത്ത് സ്വദോടെ ഭക്ഷിക്കാനും തുടങ്ങി. പക്ഷേ എന്തൊക്കെ കഴിച്ചിട്ടും എത്രയൊക്കെ കഴിച്ചിട്ടും ഹനുമാന്റെ വിശപ്പ് അടങ്ങിയില്ല.
ആശ്രമത്തിലുണ്ടായിരുന്ന കിഴങ്ങുവര്‍ഗ്ഗങ്ങളും പച്ചക്കറികളും കായ്കനികളുമൊക്കെ പൂര്‍ണ്ണമായി പാകം ചെയ്ത് ഹനുമാന്റെ മുന്നില്‍ വിളമ്പി. പക്ഷേ എന്തുപറയാന്‍! അത്രയൊക്കയായിട്ടും ഹനുമാന്‍ പിന്നെയും വിഭവങ്ങള്‍ക്കായി കാത്തിരുന്നു. അദ്ദേഹത്തിന്റെ ഈ കാത്തിരിപ്പുകണ്ട് സീതാദേവിയും വല്ലാതെ അമ്പരന്നു!
”ഹയ്യയ്യോ! ഇനി എന്തു ചെയ്യാനാണ്? ഈ മഹാവാനരന്റെ വിശപ്പ് എങ്ങനെ ശമിപ്പിക്കും?” -സീതാദേവി തലയില്‍കൈവച്ച് വേവലാതിപ്പെട്ടു.
ഒരു മാര്‍ഗ്ഗവും കാണാതായപ്പോള്‍ സീതാദേവി ഹൃദയംതുറന്ന് തന്റെ പ്രിയതമനായ ശ്രീരാമനെ വിളിച്ച് പ്രാര്‍ത്ഥിച്ചു: ”മഹാ പ്രഭോ! നമ്മുടെ ഉറ്റതോഴനായ ആഞ്ജനേയന്‍ ആശ്രമത്തില്‍ അതിഥിയായി എത്തിയിട്ടുണ്ട്. ഞാന്‍ ഇവിടെയുള്ള സകല വിഭവങ്ങളും വച്ചു വിളമ്പിയിട്ടും അദ്ദേഹത്തിന്റെ വിശപ്പുതീരുന്നില്ല. അങ്ങ് എന്തെങ്കിലും ഒരുവഴി ചൂണ്ടിക്കാണിച്ചുതരണം.”
സീതാദേവിയുടെ പ്രാര്‍ത്ഥന കേള്‍ക്കേണ്ട താമസം ശ്രീരാമചന്ദ്രന്‍ അവരുടെ ഹൃദയ കവാടത്തില്‍ പ്രത്യക്ഷപ്പെട്ടു. ദേവന്‍ പറഞ്ഞു:
”ദേവീ, ആകുലപ്പെടാനൊന്നുമില്ല. ഇപ്പോള്‍ത്തന്നെ ഒരു കലം പാല്‍ക്കഞ്ഞി തയ്യാറാക്കിക്കൊള്ളൂ. വെന്തുവരുമ്പോള്‍ എന്നെ ധ്യാനിച്ചുകൊണ്ട് കഞ്ഞിയ്ക്കകത്ത് ഒരു തുളസിയില നുള്ളിയിടണം. അതിനുശേഷം ആ രുചിയേറിയ പാല്‍ക്കഞ്ഞി ഹനുമാന് വിളമ്പിക്കൊടുത്തോളൂ. അതോടെ ഹനുമാന്റെ വിശപ്പ് പൂര്‍ണ്ണമായും ശമിക്കും” -ശ്രീരാമചന്ദ്രന്‍ പെട്ടെന്നു മാഞ്ഞുപോയി.
ഭഗവാന്റെ അശരീരി വാക്കുകള്‍ അതേപടി സ്വീകരിച്ച് സീതാദേവി അപ്പോള്‍ത്തന്നെ ഒരു കലം പാല്‍ക്കഞ്ഞി വച്ചുണ്ടാക്കി. വെന്തിറങ്ങിയപ്പോള്‍ ശ്രീരാമനെ ധ്യാനിച്ചുകൊണ്ട് ദേവി കഞ്ഞിയിലൊരു തുളസിയില നുള്ളിയിടുകയും ചെയ്തു. തുളസിയിലയിട്ട ആ പാല്‍ക്കഞ്ഞി സീതാദേവി അതീവ സന്തോഷത്തോടെ വീരഹനുമാന് വിളമ്പിക്കൊടുത്തു. ‘ഗ്ലും! ഗ്ലും!’ എന്നു സ്വരമുണ്ടാക്കിക്കൊണ്ട് ഹനുമാന്‍ അതു മുഴുവന്‍ കുടിച്ചു. അതുകുടിച്ചതോടെ ഹനുമാന് എന്തെന്നില്ലാത്ത സന്തോഷവും സംതൃപ്തിയും കൈവന്നു. അദ്ദേഹം പറഞ്ഞു: ”അമ്മേ സീതാദേവീ, തുളസിയിലയിട്ട ഈ പാല്‍ക്കഞ്ഞി കുടിച്ചതോടെ എന്റെ വിശപ്പും ദാഹവുമെല്ലാം പൂര്‍ണ്ണമായും മാറി. കഞ്ഞികുടിച്ചുകൊണ്ടിരുന്നപ്പോള്‍ ശ്രീരാമചന്ദ്രന്‍ വാത്സല്യപൂര്‍വ്വം എന്റെ പുറത്ത് തലോടുന്നതായി എനിക്കനുഭവപ്പെട്ടു. ശ്രീരാമദേവനും സീതാദേവിയും എന്നും എന്റെ രക്ഷകരാണ്. അവരോടുള്ള നന്ദിയും സ്‌നേഹവും കടപ്പാടും ഞാനെന്നും മനസ്സില്‍ സൂക്ഷിക്കും. ഇന്നത്തെ വിഭവസമൃദ്ധമായ ഉച്ചസദ്യയ്ക്കു നന്ദി!” താമസിയാതെ ഹനുമാന്‍ അവിടെനിന്നും എഴുന്നേറ്റു. സീതാദേവിയുടേയും വാല്മീകി മഹര്‍ഷിയുടേയും കാല്‍പ്പാദങ്ങളില്‍ നമിച്ചുകൊണ്ട് അദ്ദേഹം ”ജയ്ശ്രീറാം” -എന്ന മന്ത്രോച്ചാരണത്തോടെ വായുവിലേക്ക് കുതിച്ചുയര്‍ന്നു. പിന്നെ ഏതോ പുണ്യതീര്‍ത്ഥംതേടി അവിടെനിന്ന് യാത്രയായി.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
Comments