- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- അര്‍ജ്ജുനനുമായി ഒരു പന്തയം (വീരഹനുമാന്റെ ജൈത്രയാത്ര 26)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
വില്ലാളിവീരനായ അര്‍ജ്ജുനകുമാരന്‍ ഒരിക്കല്‍ രാമേശ്വരത്തെത്തി. ലങ്കയിലേക്കു കടക്കാനായി ശ്രീരാമനും വാനരന്മാരും ചേര്‍ന്ന് കടലിന്റെ നടുവിലൂടെ നിര്‍മ്മിച്ച ചിറ കാണുക എന്നതായിരുന്നു അര്‍ജ്ജുനന്റെ വരവിന്റെ പ്രധാന ഉദ്ദേശ്യം.
ശ്രീരാമന്‍ നിര്‍മ്മിച്ച ക്ഷേത്രവും അതിനകത്തെ ശിവലിംഗപ്രതിഷ്ഠയുമെല്ലാം കണ്ടശേഷം അര്‍ജ്ജുനന്‍ ചിറയുടെ സമീപത്തെത്തി.
അവിടെ അപ്പോള്‍ ഏതാനും മുനിമാര്‍ കൊച്ചുകൊച്ചു പര്‍ണ്ണശാലകള്‍ കെട്ടി താമസിക്കുന്നുണ്ടായിരുന്നു. അര്‍ജ്ജുനനെ കണ്ടതോടെ മുനിമാരെല്ലാം പര്‍ണ്ണശാലകളില്‍ നിന്നിറങ്ങി കുമാരന്റെ അരികിലെത്തി.
മുനിമാര്‍ ഓരോരുത്തരും ആ ചിറയുടെ നിര്‍മ്മാണത്തെക്കുറിച്ചും അതിനുവേണ്ടി ഹനുമാന്റെ നേതൃത്വത്തില്‍ വാനരന്മാര്‍ നടത്തിയ വലിയ മുന്നേറ്റത്തെക്കുറിച്ചുമെല്ലാം അര്‍ജ്ജുനനോട് സംസാരിച്ചു. പക്ഷേ മുനിമാരുടെ ആ സംസാരവും വാനരന്മാരെ പ്രകീര്‍ത്തിക്കുന്ന വീരവാദങ്ങളുമൊന്നും അര്‍ജ്ജുനന് തീരെ ഇഷ്ടമായില്ല. കുമാരന്‍ ചോദിച്ചു: ”ശ്രീരാമന്‍ വലിയ ബുദ്ധിമാനും വില്ലാളിയുമല്ലേ? അദ്ദേഹം എന്തിനാണ് ഈ കുരങ്ങന്മാരുടെ സഹായം തേടിപ്പോയത്. അദ്ദേഹത്തിന് അമ്പുകള്‍ കൊണ്ട് നല്ലൊരു ചിറകെട്ടാമായിരുന്നല്ലൊ”.
”അമ്പുകള്‍കൊണ്ടുള്ള ചിറയോ? അങ്ങനെ ഒരു ചിറയാണ് കെട്ടിയിരുന്നെങ്കില്‍ ആ ചിറ കുരങ്ങന്മാര്‍ കേറുമ്പോള്‍ത്തന്നെ തകര്‍ന്നു പോയേനെ” -മുനിമാര്‍ അഭിപ്രായപ്പെട്ടു.
അര്‍ജ്ജുനകുമാരന്റേയും മുനിമാരുടേയും ഈ വാഗ്‌വാദം കേട്ടുകൊണ്ട് ഒരു കുട്ടിക്കുരങ്ങന്‍ എങ്ങുനിന്നോ അവിടെ വന്നെത്തി. കുരങ്ങന്‍ പറഞ്ഞു: ”കല്ലും മണ്ണും മലയുമെല്ലാം ചുമന്നുകൊണ്ടുവന്നാണ് ഞങ്ങള്‍ വളരെ ശക്തമായ രീതിയില്‍ ഈ ചിറ നിര്‍മ്മിച്ചത്. അതുകൊണ്ടാണ് എല്ലാവര്‍ക്കും നിഷ്പ്രയാസം ലങ്കയിലെത്താന്‍ കഴിഞ്ഞത്. അമ്പുകൊണ്ടുള്ള ചിറയായിരുന്നെങ്കില്‍ അത് അപ്പോഴേ തകര്‍ന്നേനെ”.
കുട്ടിക്കുരങ്ങന്റെ ഈ വാദം അര്‍ജ്ജുനനെ വല്ലാതെ ചൊടിപ്പിച്ചു. ”ഓഹോ, അങ്ങനെയെങ്കില്‍ ഞാനിപ്പോള്‍ ഇവിടെ അമ്പുകൊണ്ടുള്ള ഒരു കടല്‍ച്ചിറ കെട്ടുകയാണ്. ഏതുവാനരനാണ് അത് തകര്‍ക്കാന്‍ കഴിയുന്നതെന്ന് ഒന്നു കാണട്ടെ?” -അര്‍ജ്ജുനന്‍ വെല്ലുവിളിച്ചു.
”ശരി; എങ്കില്‍ കുമാരന്‍ അമ്പുകൊണ്ടുള്ള ഒരു ചിറ വേഗം കെട്ടിക്കോളൂ. ഞാനും എന്റെ വാനരസുഹൃത്തുക്കളും ചേര്‍ന്ന് നിഷ്പ്രയാസം അതു തകര്‍ത്തു കാണിച്ചുതരാം” -കുട്ടിക്കുരങ്ങന്‍ വെല്ലുവിളി സ്വീകരിച്ചു.
അവന്‍ തന്റെ കൂട്ടുകാരായ ഏതാനും വാനരന്മാരെക്കൂടി അവിടേയ്ക്കു വിളിച്ചുകൊണ്ടുവന്നു.
ഇതിനിടയില്‍ അര്‍ജ്ജുനന്‍ തന്റെ ശേഖരത്തിലുള്ള മുഴുവന്‍ അമ്പുകളും ഉപയോഗിച്ച് അതിശക്തമായ ഒരു ചിറയുടെ പണി പൂര്‍ത്തിയാക്കി.
”ഇതാ, എന്റെ അമ്പുചിറ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചുണയുണ്ടെങ്കില്‍ ഇതൊന്ന് ഒടിച്ചുകാണിക്കൂ”. -അര്‍ജ്ജുനന്‍ കുരങ്ങന്മാരുടെ നേരെ നോക്കി.
”ശരി; ഞങ്ങള്‍ ഒടിക്കും; തീര്‍ച്ചയായും ഒടിക്കും”. കുട്ടിക്കുരങ്ങന്റെ നേതൃത്വത്തിലുള്ള കുരങ്ങന്‍പട അര്‍ജ്ജുനനുമായി പന്തയം വച്ചു.
”ഇതാ, ഞങ്ങള്‍ ചിറയിലേക്ക് പ്രവേശിക്കുകയാണ് കണ്ടോളൂ”. -കുരങ്ങന്‍പട അര്‍ജ്ജുനന്റെ അമ്പുപാലത്തിലേക്ക് ചാടിക്കയറി.
കഷ്ടമേകഷ്ടം! കുരങ്ങന്മാര്‍ പാഞ്ഞുകയറിയതോടെ അര്‍ജ്ജുനന്റെ ശരപ്പാലം തകര്‍ന്ന് കടലില്‍ താണുപോയി.
അതിനുശേഷം അര്‍ജ്ജുനന്‍ തന്റെ ഏറ്റവും ബലമേറിയ കൂരമ്പുകള്‍ ഉപയോഗിച്ച് രണ്ട് ചിറകള്‍കൂടി പണിഞ്ഞുനോക്കി. പക്ഷേ ഒരു ഫലവുമുണ്ടായില്ല. പന്തയത്തില്‍ തോല്‍വി സമ്മതിച്ച അര്‍ജ്ജുനന്‍ അപ്പോള്‍ത്തന്നെ തീയില്‍ ചാടി മരിക്കാന്‍ ഒരുങ്ങി.
ഈ സമയത്ത് കടല്‍ത്തീരത്ത് ഒരു ബ്രാഹ്‌മണ ബാലന്‍ മുങ്ങിക്കുളിച്ച് രസിക്കുന്നുണ്ടായിരുന്നു. കുരങ്ങന്മാരും അര്‍ജ്ജുനനും തമ്മിലുള്ള ഈ തര്‍ക്കങ്ങളും പന്തയം വയ്പുമെല്ലാം ആ ബാലന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവരുടെ തര്‍ക്കം തീക്കളിയിലേക്കു നീങ്ങുകയാണെന്നു മനസ്സിലാക്കിയ ആ ബ്രാഹ്‌മണബാലന്‍ കരയിലേക്കു കയറി. അവന്‍ വേഗം അര്‍ജ്ജുനന്റേയും വാനരന്മാരുടേയും നടുവില്‍ വന്നുനിന്നു. എല്ലാവരേയും മാറി മാറി നോക്കിയിട്ട് ബാലന്‍ പറഞ്ഞു: ”ഇതുവരെ നടന്ന നിങ്ങളുടെ ചിറകെട്ടലും പന്തയവുമെല്ലാം ഞാന്‍ ശ്രദ്ധിച്ചു. പക്ഷേ പന്തയത്തിന് ഒരു മധ്യസ്ഥന്‍ ഉണ്ടായിരുന്നില്ലല്ലൊ. അതുകൊണ്ട് ഇനി എന്റെ മധ്യസ്ഥതയിലാവട്ടെ നിങ്ങളുടെ പന്തയം. ഒരിക്കല്‍കൂടി അര്‍ജ്ജുനന്‍ ശരങ്ങള്‍കൊണ്ട് ചിറകെട്ടട്ടെ. അതിനുശേഷം വാനരന്മാര്‍ ചിറ തകര്‍ക്കട്ടെ. പിന്നീടുള്ള കാര്യങ്ങള്‍ ഞാന്‍ നിശ്ചയിക്കാം”.
അര്‍ജ്ജുനനും വാനരന്മാരും അതു സമ്മതിച്ചു. താമസിയാതെ അര്‍ജ്ജുനന്‍ തന്റെ കയ്യിലുള്ള അമ്പുകളുപയോഗിച്ച് അതിശക്തമായ ഒരു ചിറകെട്ടി.
”ശരി; ഇനി വാനരന്മാര്‍ അതു തകര്‍ത്തോളൂ” -മധ്യസ്ഥന്‍ പറഞ്ഞു.
പക്ഷേ എത്ര ശ്രമിച്ചിട്ടും വാനരന്മാര്‍ക്ക് അമ്പുചിറ തകര്‍ക്കാന്‍ കഴിഞ്ഞില്ല. പന്തയത്തില്‍ അര്‍ജ്ജുനന്‍ ജയിച്ചതായി ബ്രാഹ്‌മണബാലന്‍ പ്രഖ്യാപിച്ചു. അതോടെ അര്‍ജ്ജുനന്‍ മരണത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു.
ആ ബ്രാഹ്‌മണബാലന്‍ ആരാണെന്ന് അര്‍ജ്ജുനനും അവിടെ ഉണ്ടായിരുന്ന മുനിമാരും അന്വേഷിച്ചു. അപ്പോഴാണ് അര്‍ജ്ജുനനെ മരണത്തീയില്‍ നിന്ന് രക്ഷിക്കാന്‍ വന്നത് സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാനാണെന്ന രഹസ്യം അവര്‍ക്ക് മനസ്സിലായത്. വാനരപ്പടയുടെ പ്രതിനിധിയായി അവിടെ എത്തിയ ആ കുട്ടിക്കുരങ്ങന്‍ മറ്റാരുമായിരുന്നില്ല; അത് വീരഹനുമാന്‍ തന്നെയായിരുന്നു.
ഇതു മനസ്സിലാക്കിയ അര്‍ജ്ജുനന്‍ ഹനുമാന്റെ ശക്തിയേയും ബുദ്ധിയേയും അംഗീകരിച്ചു. അന്നുമുതല്‍ വീരഹനുമാനെ അര്‍ജ്ജുനന്‍ തന്റെ കൊടിയടയാളമായി സ്വീകരിച്ചു.
(തുടരും)