- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- കദളീവനത്തില്‍ ഒരു പോരാട്ടം (വീരഹനുമാന്റെ ജൈത്രയാത്ര 28)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
വീരഹനുമാന്റെ ജീവിതം ഓരോ ദിവസവും സംഭവബഹുലമായിരുന്നു. നന്മയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് ആ മഹദ് ജീവിതം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. സത്യത്തിനും നീതിക്കും ധര്‍മ്മസംസ്ഥാപനത്തിനുംവേണ്ടി ഏതു ദുഷ്ട ശക്തിയോടും പോരാടാന്‍ ആഞ്ജനേയന്റെ മനസ്സ് എപ്പോഴും സജ്ജമായിരുന്നു.
ഹനുമാന്‍ തന്റെ പിന്നീടുള്ള ജീവിതം സുഖപ്രദമാക്കാനായി എത്തിച്ചേര്‍ന്നത് കദളീവനം എന്നുപേരുള്ള അതിസുന്ദരമായ ഒരു പൂന്തോട്ടത്തിലായിരുന്നു. സുഗന്ധവാഹികളായ സൗഗന്ധികപുഷ്പങ്ങളും മനംമയക്കുന്ന കാദംബരിപ്പൂക്കളും സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള വാഴപ്പഴങ്ങളും തിങ്ങിനിറഞ്ഞ സ്വര്‍ഗ്ഗതുല്യമായ ഒരു പ്രദേശമായിരുന്നു അത്.
കദളീവനത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരനും മേല്‍നോട്ടക്കാരനും ഹനുമാന്‍ തന്നെയായിരുന്നു.
ഒരുദിവസം രാവിലെ പഴയകാര്യങ്ങളെല്ലാം ഓര്‍മ്മിച്ചുകൊണ്ട് ഹനുമാന്‍ കദളീവനത്തിന്റെ കവാടത്തിലുള്ള ഒരു പൂമരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു. തന്റെ ജീവിതത്തിലുണ്ടായ പഴയകാല സംഭവങ്ങളില്‍ പലതും ഒരു തിരശ്ശീലയെന്നപോലെ അപ്പോള്‍ ഹനുമാന്റെ മനസ്സിലൂടെ കടന്നുപോയി.
ലങ്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ സുരസ എന്ന ഭീകര സര്‍പ്പം തന്നെ വിഴുങ്ങാന്‍ വന്നത്; അതിനുശേഷം സിംഹിക എന്നുപേരുള്ള ഒരു ദുഷ്ടരാക്ഷസിയുമായി കടുത്ത പോരാട്ടം നടത്തിയത്; ലങ്കയുടെ പ്രവേശന കവാടത്തില്‍ വച്ച് ലങ്കാലക്ഷ്മിയുമായി ഗദായുദ്ധത്തിലേര്‍പ്പെട്ടത്; രാക്ഷസക്കൊട്ടാരത്തില്‍ വച്ചുള്ള തീക്കളിയ്ക്കിടയില്‍ രാവണന്റെ പത്തു മീശകളും ഒപ്പം കത്തിച്ചുകളഞ്ഞത്; മേഘനാദന്റെ ഒളിയമ്പേറ്റു നിലംപതിച്ച ലക്ഷ്മണനെ രക്ഷിക്കാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നത്; പാതാളരാക്ഷസന്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി ശ്രീരാമനെ രക്ഷിച്ചത്; നാരദമഹര്‍ഷിയുടെ അഹങ്കാരത്തിനു കടിഞ്ഞാണിട്ടത്; ബാലിയുടെ ബലിഷ്ഠമായ കരങ്ങളില്‍ നിന്ന് സുഗ്രീവനെ മോചിപ്പിച്ചത്; എന്നിങ്ങനെ ഒത്തിരി ഒത്തിരി മഹാസംഭവങ്ങള്‍ വായുപുത്രന്റെ മനസ്സില്‍ തെളിയുകയും മായുകയും ചെയ്തു.
ശ്രീരാമനും സീതയ്ക്കും ലക്ഷ്മണനും വേണ്ടി ചെയ്ത മഹാത്യാഗങ്ങളോര്‍ത്ത് ഹനുമാന്‍ പുളകംകൊണ്ടു. രാമാവതാരം പൂര്‍ണ്ണമായി ദര്‍ശിക്കാന്‍ കഴിഞ്ഞ തന്റെ ജീവിതം സഫലമായി എന്ന് ഹനുമാന് തോന്നി.
താനൊരു ചിരഞ്ജീവിയാണെന്ന കാര്യവും ഹനുമാനെ ഏറെ സന്തോഷിപ്പിച്ചു. ചിരഞ്ജീവികള്‍ക്ക് മരണമില്ല. ലോകത്തില്‍ ഏഴുപേരെ മാത്രമാണ് ദേവഗണങ്ങള്‍ ചിരഞ്ജീവികളായി അംഗീകരിച്ചിട്ടുള്ളത്. അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപാചാര്യന്‍, പരശുരാമന്‍ എന്നിവരാണത്. അക്കൂട്ടത്തില്‍ ഒരുവനാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ഹനുമാന്‍ ഓര്‍ത്തു.
ഇങ്ങനെ നല്ലകാര്യങ്ങള്‍ മാത്രം ചിന്തിച്ചുകിടക്കുന്നതിനിടയിലാണ് പച്ചിലപ്പടര്‍പ്പുകളും വള്ളിക്കൂട്ടങ്ങളും തിങ്ങിനിറഞ്ഞ കാട്ടുപാതയിലൂടെ ഗദാധാരിയായ ഏതോ ഒരാള്‍ കടന്നുവരുന്നത് ഹനുമാന്‍ കണ്ടത്. യാതൊരു അനുവാദവും കൂടാതെ കടന്നുവരുന്ന അയാളെ കദളീവനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ഹനുമാന്‍ മനസ്സാ തീരുമാനിച്ചു. ഹനുമാന്‍ അപ്പോള്‍ത്തന്നെ കദളീവനത്തിന്റെ കവാടത്തില്‍ ചെന്ന് തടിവെട്ടിയിട്ടതുപോലെ വിലങ്ങനെ കിടന്നു.
പക്ഷേ എന്തുപറയാന്‍! കദളീവനത്തിലേക്ക് കടക്കാനെത്തിയത് നിസ്സാരനായ ഒരാളായിരുന്നില്ല. പഞ്ചപാണ്ഡവന്മാരില്‍ ഏറ്റവും വലിയ ശക്തിമാനെന്നു പേരുകേട്ട സാക്ഷാല്‍ ഭീമസേനനായിരുന്നു അത്.
കദളീവനത്തിന്റെ പ്രവേശനകവാടത്തില്‍ ജരാനരകള്‍ ബാധിച്ച ഒരു വയസ്സന്‍ കുരങ്ങന്‍ തടസ്സമുണ്ടാക്കിക്കൊണ്ടു കിടക്കുന്നത് ഭീമസേനന് തീരെ ഇഷ്ടമായില്ല.
”എണീറ്റുമാറെടാ കള്ളക്കുരങ്ങാ” -ഭീമസേനന്‍ അഹങ്കാരത്തോടെ ഗദ ഉയര്‍ത്തിക്കാണിച്ചു. കുരങ്ങച്ചന്‍ മെല്ലെയൊന്ന് തലനിവര്‍ത്തി നോക്കി. എന്നിട്ടു പറഞ്ഞു:
”തീരെ പ്രായം ചെന്ന ഒരു പാവമാണു ഞാന്‍. എനിക്കു തീരെ വയ്യാ; ശക്തനായ അങ്ങ് എന്റെ വാലൊന്നു പൊക്കിമാറ്റിയിട്ട് വേഗം അകത്തേക്കു കടന്നോളൂ.”
അതുകേട്ട് ഭീമസേനന്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. ”ഞാന്‍ വാല്‍ തട്ടിമാറ്റുമ്പോള്‍ തെറിച്ചുപോകാതെ നോക്കണം”
-അയാള്‍ മുന്നറിയിപ്പു നല്‍കി.
”ഓഹോ! അത്രയ്ക്കു കേമനാണോ?” -കുരങ്ങച്ചന്‍ ചോദിച്ചു.
”അതെയതെ; എന്താ സംശയം? ഇതാ കണ്ടോളൂ” -ഭീമസേനന്‍ കുരങ്ങന്റെ വാല്‍ പൊക്കി മാറ്റാന്‍ ശ്രമം തുടങ്ങി. പക്ഷേ അഭ്യാസങ്ങള്‍ പലതും പയറ്റിയിട്ടും കുരങ്ങന്റെ വാല്‍ അനങ്ങിയില്ല. ഒടുവില്‍ തന്റെ സ്വന്തം ആയുധമായ ഗദകൊണ്ടുള്ള പരിശ്രമവും നടത്തിനോക്കി. അതും നിഷ്ഫലം!
അതോടെ ഭീമന് വാശിയായി. അയാള്‍ തന്റെ കയ്യിലുള്ള സകല അടവുകളും പ്രയോഗിച്ച് കുരങ്ങന്റെ വാല്‍ നീക്കാന്‍ നോക്കി. പക്ഷേ എന്തുകാര്യം? വാലിന്റെ അറ്റം ഒന്നു ചലിപ്പിക്കാന്‍പോലും ഭീമന് കഴിഞ്ഞില്ല. അയാള്‍ വിയര്‍ത്തുകുളിച്ച് കിതച്ചുകൊണ്ട് തൊട്ടടുത്തുകിടന്നിരുന്ന ഒരു കരിമ്പാറയില്‍ കയറി
ഇരിപ്പായി.
തന്റെ മുന്നില്‍ കിടക്കുന്നത് വെറുമൊരു കാട്ടുകുരങ്ങനല്ലെന്നും ഏതോ ദിവ്യശക്തിയുള്ള വാനരനാണെന്നും ഭീമസേനന്‍ അനുമാനിച്ചു.
”ക്ഷമിക്കണം; അങ്ങയുടെ വാലൊന്ന് പൊക്കാന്‍പോലും എനിക്കു കഴിയുന്നില്ലല്ലൊ. ശക്തിമാനായ അങ്ങ് ആരാണെന്ന് വെളിപ്പെടുത്തിയാലും”
-ഭീമസേനന്‍ അപേക്ഷിച്ചു.
പെട്ടെന്ന് കുരങ്ങച്ചന്‍ ആകാശംമുട്ടെ വളര്‍ന്നു. ആകാരം പര്‍വ്വതസമാനമായി. അപ്പോഴാണ് അത് സാക്ഷാല്‍ ഹനുമാനാണെന്ന് ഭീമസേനനു മനസ്സിലായത്. ഹനുമാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ”ഭീമാ, നിന്റെ ജ്യേഷ്ഠസഹോദരനായ ഹനുമാനാണ് ഞാന്‍. നമ്മള്‍ രണ്ടുപേരും വായുഭഗവാന്റെ പുത്രന്മാരാണ്. നിന്റെ അഹങ്കാരം ഇല്ലാതാക്കാനാണ് ഞാനെന്റെ വാല്‍ പൊക്കിമാറ്റാന്‍ പറഞ്ഞത്.”
”ജ്യേഷ്ഠാ, എന്നോട് ക്ഷമിക്കണം; ആളറിയാതെ ഞാന്‍ ചെയ്തുപോയതാണ്. ഒരേ പിതാവിന്റെ മക്കളായ നമ്മള്‍ക്ക് വളരെ വൈകിയാണെങ്കിലും തമ്മില്‍ കണ്ടുമുട്ടാനും ശക്തിപരീക്ഷണം നടത്താനും ഭാഗ്യമുണ്ടായല്ലൊ. ഇതോടെ നമ്മുടെ വഴക്കും വക്കാണവും പൊങ്ങച്ചവുമെല്ലാം എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു!” -ഭീമസേനന്‍ അടക്കാനാവാത്ത സന്തോഷത്തോടെ തന്റെ സഹോദരനെ കെട്ടിപ്പുണര്‍ന്നു.
”ജ്യേഷ്ഠനും അനുജനും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തില്‍ ജ്യേഷ്ഠന്‍ തന്നെ വിജയിച്ചു”
-ഹനുമാന്‍ സഹോദരനെ നോക്കി ചിരിച്ചു.
”സഹോദരാ, സഹധര്‍മ്മിണി പാഞ്ചാലിയുടെ താല്പര്യപ്രകാരം സൗഗന്ധികപ്പൂക്കള്‍ തേടിയാണ് ഞാന്‍ ഇവിടേയ്ക്കു വന്നത്. അതു ലഭ്യമാക്കാന്‍ ജ്യേഷ്ഠന്‍ എന്നെ സഹായിക്കണം”
-ഭീമസേനന്‍ അപേക്ഷിച്ചു.
”ശരി; വേഗം അകത്തേക്കു കടന്നോളൂ. കുറച്ചുകൂടി നടന്ന് ഉള്‍വനത്തിലേക്കു ചെല്ലുമ്പോള്‍ അവിടെ സൗഗന്ധികപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നതുകാണാം. അതിനുമുന്നിലായി രണ്ട് രാക്ഷസന്മാര്‍ കാവലുണ്ടാകും. അവരെ നിനക്ക് നിഷ്പ്രയാസം തോല്പിക്കാന്‍ കഴിയും. പിന്നെ അകത്തുകടന്ന് വേണ്ടുവോളം പൂക്കള്‍ പറിച്ചെടുത്തോളൂ” -ഹനുമാന്‍ നിര്‍ദ്ദേശിച്ചു. ഭീമസേനന്‍ ഉടനെ പൂക്കള്‍ പറിക്കാന്‍ പുറപ്പെട്ടു.
അധികം വൈകാതെ തന്നെ ഭീമസേനന്‍ തന്റെ കൈക്കുടന്ന നിറയെ സൗഗന്ധികപ്പൂക്കളുമായി തിരിച്ചുവന്നു.
”മിടുക്കന്‍; മിടുമിടുക്കന്‍! പൂക്കളുമായി പെട്ടെന്നുതന്നെ വന്നെത്തിയല്ലൊ”-ഹനുമാന്‍ അനുജനെ അഭിനന്ദിച്ചു.
”ജ്യേഷ്ഠാ, ഞാന്‍ വേഗം ഈ പൂക്കള്‍ കൊണ്ടുപോയി പാഞ്ചാലിയെ സന്തോഷിപ്പിക്കട്ടെ! അനുഗ്രഹിച്ചാലും”
-ഭീമസേനന്‍ അഭ്യര്‍ത്ഥിച്ചു.
ഹനുമാന്‍ അടക്കാനാവാത്ത സന്തോഷത്തോടെ ഭീമസേനനെ അനുഗ്രഹിച്ചു. ഹനുമാന്‍ പറഞ്ഞു: ”വൃദ്ധനായ ഈ പാവം വാനരന്‍ എന്നും ഇവിടെത്തന്നെയുണ്ടാകും. എനിക്കു മരണമില്ല; ഞാന്‍ ചിരഞ്ജീവിയാണ്. അനുജന് ജ്യേഷ്ഠനെ കാണണമെന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ ഈ കദളീവനത്തിലേയ്ക്ക് വരാം. നിനക്കു നന്മവരട്ടെ!” -വീരഹനുമാന്‍ കൈകളുയര്‍ത്തി സ്വന്തം സഹോദരനെ അനുഗ്രഹിച്ചു.
സൗഗന്ധികപ്പൂക്കളുമായി നടന്നകലുന്ന ഭീമസേനനെ ഹനുമാന്‍ കണ്ണെടുക്കാതെ നോക്കിനിന്നു. അപ്പോള്‍ ആ വൃദ്ധവാനരന്റെ കണ്ണില്‍ നിന്ന് സന്തോഷാശ്രുക്കള്‍ അടര്‍ന്നുവീഴുന്നത് കാണാമായിരുന്നു.
(അവസാനിച്ചു)