- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- ദത്തോപാന്ത് ഠേംഗ്ഡ്ജി : പ്രേരണയുടെ പ്രതിപുരുഷന്‍
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
*ദത്തോപന്ത് ഠേംഗ്ഡ്ജി ജന്മദിനം*
നവംബര്‍ 10
ആര്‍എസ്എസ് രാജ്യത്തിന് നല്‍കിയ എക്കാലത്തേയും സമാനതകളില്ലാത്ത പ്രഗത്ഭനായ സംഘാടകനാണ് ഠേംഗ്ഡ്ജി. ആദര്‍ശ ജീവിതത്തിന്റെ സൂര്യതേജസായി പരസഹസ്രം പ്രവര്‍ത്തകരുടെ മനസില്‍ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പൊന്‍പ്രഭ വിതറാന്‍ അദ്ദേഹത്തിന് സാധിച്ചു. ആതുല്യ സംഘാടകന്‍, ഉജ്വലനായ വാഗ്മി, ചിന്തകന്‍, ദാര്‍ശനികന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വൈചാരികമേഖലയ്ക്ക് അതുല്യ സംഭാവനകളാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും മാര്‍ഗ്ഗദര്‍ശനംകൊണ്ടും ലഭിച്ചിട്ടുള്ളത്. ഏറ്റെടുത്ത എല്ലാ ചുമതലകളും അര്‍ത്ഥവത്താക്കാനും പൂര്‍ണ്ണത കൈവരിക്കാനും കഴിഞ്ഞു. നിയമ ബിരുദത്തിനുശേഷം 22-ാമത്തെ വയസില്‍ ആര്‍എസ്എസ് പ്രചാരകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. സംഘപ്രവര്‍ത്തനത്തിനുവേണ്ടി കേരളത്തിലേക്കു നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രചാരകന്‍ ഠേംഗ്ഡ്ജി ആയിരുന്നു. കേരളത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ആര്‍എസ്എസിന് ശക്തമായ അടിത്തറപാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഠേംഗ്ഡ്ജിയുടെ നേതൃത്വത്തില്‍ നിരവധി സംഘടനകള്‍ക്ക് രൂപം നല്‍കുകയുണ്ടായി. എബിവിപി, ഭാരതീയ ജനസംഘം തുടങ്ങിയ സംഘടനകള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രമുഖ പങ്ക് വഹിച്ചു. ഭാരതീയ കിസാന്‍ സംഘ്, ഭാരതീയ മസ്ദൂര്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ ഒട്ടനവധി സംഘടനകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
1955ല്‍ ജൂലൈ 23ന് ബിഎംഎസ് രൂപീകരിച്ചതോടെ തൊഴിലാളി മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് ഠേംഗ്ഡിജി ഊന്നല്‍ നല്‍കി. നിരവധി തൊഴിലാളി സംഘടനകള്‍ തൊഴില്‍ രംഗത്ത് നിലനില്‍ക്കുന്ന കാലഘട്ടത്തിലാണ് വേറിട്ട ആശയവും പ്രവര്‍ത്തനശൈലിയുമായി ബിഎംഎസ് ആരംഭിക്കുന്നത്. മറ്റ് തൊഴിലാളി സംഘടനകളുടെ കടുത്ത അവഗണനയേയും അവഹേളനത്തെയും വിമര്‍ശനത്തെയും അതിജീവിച്ചുകൊണ്ട് ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയി. ഠേംഗ്ഡ്ജിയുടെ ജീവിതകാലത്തുതന്നെ രാജ്യത്തെയും ലോകത്തിലെയും ഏറ്റവും വലിയ തൊഴിലാളിസംഘടനയായി മാറാന്‍ ബിഎംഎസിന് കഴിഞ്ഞു. ഠേംഗ്ഡ്ജിയുടെ ശക്തമായ നേതൃത്വവും തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള ആഴത്തിലുള്ള പഠനവും അതു പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗവും കണ്ടെത്തി പ്രവര്‍ത്തനരംഗത്ത് ആവിഷ്‌കരിച്ചതാണ് ബിഎംഎസിനെ ശക്തിപ്പെടുത്തിയത്.
നൂതനമായ ആശയങ്ങള്‍ തൊഴിലാളി മേഖലയില്‍ ആവിഷ്‌കരിച്ചു. വര്‍ഗ്ഗസംഘര്‍ഷമല്ല വര്‍ഗ്ഗസമന്വയമാണ്, മെയ്ദിനമല്ല വിശ്വകര്‍മ്മജയന്തിയാണ് തൊഴിലാളിദിനം, തൊഴിലാളി തൊഴിലുടമ സൗഹൃദം രാജ്യനന്മയ്ക്ക്, സര്‍വ്വരാജ്യതൊഴിലാളികളെ സംഘടിക്കൂ എന്നല്ല തൊഴിലാളികളെ ലോകത്തെ ഒന്നാക്കൂ, രാഷ്ട്രീയ തൊഴിലാളി സംഘടനയല്ല സ്വതന്ത്രതൊഴിലാളി സംഘടന, മാനേജ്‌മെന്റില്‍ തൊഴിലാളി പങ്കാളിത്തം, തൊഴിലാളി ശക്തിയെ രാഷ്ട്ര നന്മയ്ക്ക് തുടങ്ങിയ ആശയങ്ങള്‍ തൊഴിലാളി മേഖലയില്‍ ഇന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. രാജ്യത്തെ മുഖ്യധാരാ തൊഴിലാളി സംഘടനകള്‍ ഇന്ന് പരസ്യമായി സ്വതന്ത്രതൊഴിലാളി സംഘടനകളെന്ന് പ്രഖ്യാപിക്കുകയാണ്. ഇത് ബിഎംഎസ് ആശയത്തിനുള്ള അംഗീകാരമാണ്.ബിഎംഎസിന്റെ ആശയം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതിനുവേണ്ടി 22ല്‍പരം വിദേശരാജ്യങ്ങളില്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകളും തൊഴിലാളി സംഘടനകളും ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ ഠേംഗ്ഡ്ജി പര്യടനം നടത്തിയിട്ടുണ്ട്. അവിടെനിന്നെല്ലാം വന്‍ പിന്തുണയാണ് ബിഎംഎസിന് ലഭിച്ചത്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സമ്മേളനങ്ങളില്‍ ബിഎംഎസ് പ്രധാന ചര്‍ച്ചാവിഷയമാണ്. തൊഴിലാളികളുടെ കൂട്ടായ വിലപേശലിനുവേണ്ടി തൊഴിലാളി സംഘടനകള്‍ ആശയവൈരുദ്ധ്യം മറന്ന് വിശാലമായി ഒന്നിക്കണമെന്ന ഠേംഗ്ഡ്ജിയുടെ ആശയം വര്‍ത്തമാനകാലഘട്ടത്തിലെ തൊഴിലാളിസംഘടനകളുടെ മുഖ്യ അജണ്ടയായി മാറിക്കഴിഞ്ഞിരിക്കുന്നു. തൊഴിലാളി സംഘടനാരംഗത്തുമാത്രമാണ് ഇത്തരമൊരു ശക്തമായ കൂട്ടായ്മ ഉണ്ടായിട്ടുള്ളത്. മറ്റ് തൊഴിലാളി സംഘടനകളുമായി നല്ല സൗഹൃദം സൃഷ്ടിക്കാനും തൊഴിലാളി ഐക്യത്തിനുവേണ്ടി അവരെ ഒരു കുടക്കീഴില്‍ അണിനിരത്താനും ഠേംഗ്ഡ്ജിക്ക് കഴിഞ്ഞു.
രാജ്യത്തും ലോകത്തും സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. ലോകത്തില്‍ റഷ്യ നേതൃത്വം കൊടുക്കുന്ന കമ്യൂണിസ്റ്റ് ചേരിയും അമേരിക്ക നേതൃത്വം കൊടുക്കുന്ന മുതലാളിത്ത ചേരിയും ഒരേപോലെ ലോകത്തിന് സമഗ്രമായ ക്ഷേമവും പുരോഗതിയും ഐശ്വര്യവും പ്രദാനം ചെയ്യാന്‍ കഴിയുകയില്ലെന്ന് 1980കളുടെ ആദ്യത്തില്‍ത്തന്നെ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. അന്നു പലരും ഇതിനെ പുച്ഛിച്ചുതള്ളിയെങ്കിലും പിന്നീടത് യാഥാര്‍ത്ഥ്യവും ചരിത്രസത്യവുമായി മാറി. കമ്യൂണിസം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ് ചരിത്രത്തിലെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടു. ലോകത്താകമാനം സാമ്പത്തിക ഭീകരവാദം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയും മറ്റ് മുതലാളിത്ത രാജ്യങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ആടി ഉലയുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റിലും രാജ്യത്താകമാനവും പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടുവരികയാണ്. ഇത്രയും ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ കണ്ടറിയാനുള്ള ഠേംഗ്ഡിജിയുടെ തിരിച്ചറിവ് അപാരമാണ്. കമ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി മൂന്നാമതൊരു വഴി ഭാരതത്തിന്റെ തത്വശാസ്ത്രമായിരുന്നു. അദ്ദേഹത്തിന്റെ പ്രഗത്ഭ സൃഷ്ടിയായ ‘തേര്‍ഡ് വേ’ എന്ന പുസ്തകത്തില്‍ വളരെ വിശദമായി ഇത് പ്രതിപാദിക്കുന്നുണ്ട്. ലോകത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ പരിശോധിക്കുമ്പോള്‍ അതിവിദൂരങ്ങളായ ഭാവിയില്‍ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മാഗാന്ധിയുടെ വചനത്തോട് പൂര്‍ണ്ണത പുലര്‍ത്തുന്ന ജീവിതമായിരുന്നു ഠേംഗ്ഡ്ജിയുടേത്. ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയുമായി വാക്കും പ്രവര്‍ത്തിയും സംയോജിപ്പിച്ച് ആശയം കര്‍മ്മപഥത്തില്‍ വിജയകരമായി ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക് സമ്പൂര്‍ണ്ണമാതൃകയാണ് ഠേംഗ്ഡ്ജിയുടെ ജീവിതം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവന മാനിച്ച് രാജ്യം പത്മവിഭൂഷന്‍ ബഹുമതി നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയുണ്ടായി.
ഠേംഗ്ഡ്ജിയെ നേരിട്ടുകണ്ടിട്ടുള്ള ഒരു പ്രവര്‍ത്തകനും ജീവിതാവസാനംവരെ അദ്ദേഹത്തെ മറക്കാന്‍ സാധിക്കില്ല. പ്രവര്‍ത്തകരെ സ്വാധീനിക്കാനുള്ള അത്രയും വലിയ ആകര്‍ഷണീയത അദ്ദേഹത്തിനുണ്ടായിരുന്നു. പല പ്രശ്‌നങ്ങളുമായി ഠേംഗ്ഡ്ജിയെ സമീപിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണമായ പരിഹാരം ലഭിച്ചിരുന്നു.
രാജ്യത്തെ ജനാധിപത്യ പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നേതൃത്വം കൊടുത്തിരുന്ന ലോകസംഘര്‍ഷസമിതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോള മൂലധന ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ അതിവിപുലമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് ബഹുരാഷ്ട്രകുത്തകകള്‍, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ബാങ്ക്, ഐഎംഎഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ രാജ്യത്തും ലോകത്തും നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അതിക്രമങ്ങളെയും അരാജകത്വത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ദേശവ്യാപക പ്രക്ഷോഭ പരമ്പരതന്നെ അദ്ദേഹം സൃഷ്ടിക്കുകയും ചെയ്തു. സ്വദേശീ സ്വാശ്രയം, സ്വാഭിമാനം എന്ന മുദ്രാവാക്യം കൂടുതല്‍ ജനകീയമാക്കി. ആറ് പതിറ്റാണ്ട് നീണ്ടുനിന്നിരുന്ന അദ്ദേഹത്തിന്റെ പൊതുജീവിതം ശ്രേഷ്ഠകരവും അനുകരണീയവുമാണ്.
ഠേംഗ്ഡ്ജി നമ്മെ വിട്ടുപിരിഞ്ഞ് പോയെങ്കിലും അദ്ദേഹം ഉയര്‍ത്തിവിട്ട ചിന്തകളുടെ ആത്യന്തികമായ ലക്ഷ്യം പൂര്‍ത്തീകരിക്കുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണ്. രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന സംഘടനാപ്രവര്‍ത്തകരുടെ മനസില്‍ സജീവമായി നിലകൊള്ളുന്ന ഠേംഗ്ഡ്ജിയുടെ ഓര്‍മ്മകള്‍ പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള ആത്മവിശ്വാസമാണ് നല്‍കുന്നത്. ഈ ദൗത്യം നിര്‍വഹിക്കുവാന്‍ ആദര്‍ശധീരരും ത്യാഗസമ്പന്നരുമായ കര്‍മധീരന്‍മാരെ സൃഷ്ടിക്കുവാന്‍ കഴിയണം