Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ദൈവം തെയ്യമാകുമ്പോള്‍ ഹിന്ദുവല്ലാതാകുന്നതെങ്ങനെ…?

യു.പി. സന്തോഷ്യു.പി. സന്തോഷ്
11 November 2022

തുളുഭാഷയില്‍ സത്യ എന്ന വാക്ക് ദൈവത്തിന്റെ പര്യായപദമാണ്. തുളുത്തെയ്യങ്ങളുടെ ഉരിയാട്ടില്‍ തുളുനാട് സത്യദേശമാണ്. ‘സത്യൊദ മണ്ണ് ഉംദു’ എന്ന് തുളുത്തെയ്യം പറയുന്നതിന്റെ അര്‍ത്ഥം ‘ഇത് സത്യത്തിന്റെ മണ്ണ്’ എന്നാണ്. തുളുമണ്ണിന്റെ, തൗളവ സംസ്‌കാരത്തിന്റെ, ഈ സ്വത്വമാണ് കാന്താര എന്ന കന്നഡ സിനിമ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. സംവിധായകനും പ്രധാനനടനുമായ ഋഷഭ് ഷെട്ടി ആ ശ്രമത്തില്‍ വിജയിച്ചു എന്നാണ് ആ സിനിമയ്ക്ക് ലഭിച്ച പ്രേക്ഷകാംഗീകാരം തെളിയിക്കുന്നത്. സിനിമ പുറത്തിറങ്ങി ഒരു മാസം പിന്നിട്ടിട്ടും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കെട്ടടങ്ങിയിട്ടില്ല. ഈ ലേഖനം കാന്താര സിനിമയെ കുറിച്ചല്ല. ആ സിനിമയില്‍ തൗളവര്‍ ദെയ്യോ അഥവാ ഭൂതക്കോല എന്നും തുളുനാടിന് തൊട്ടുകിടക്കുന്ന മലയാളദേശത്തുള്ളവര്‍ തെയ്യം എന്നും വിളിക്കുന്ന അനുഷ്ഠാനത്തെ കുറിച്ചാണ് പറയാനുള്ളത്. തെയ്യത്തെ കുറിച്ച് നേരത്തെ തന്നെ ഒരു വലിയവിഭാഗം സംസ്‌കാരപഠിതാക്കളും ഇടതുപക്ഷ എഴുത്തുകാരും ഗവേഷകരും നടത്തിപ്പോരുന്ന ചില നിരീക്ഷണങ്ങളെ വിശകലനം ചെയ്യുകയാണിവിടെ. മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളെ പരോക്ഷമായെങ്കിലും കാന്താര എന്ന സിനിമ ഖണ്ഡിക്കുന്നുണ്ട് എന്നതുകൊണ്ടാണ് ഈ സിനിമ അതിനൊരു നിമിത്തമായത്. തെയ്യം ഹിന്ദുമതത്തിന്റെ ഭാഗമല്ല എന്നതാണ് മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. തെയ്യം എന്തുകൊണ്ട് ഹിന്ദുത്വത്തിന്റെ ഭാഗമല്ല എന്ന വാദത്തിന് കാതലായ തെളിവുകളൊന്നും ഇവര്‍ക്ക് നിരത്താനില്ല. കാവുകളിലെ ആരാധനാസമ്പ്രദായങ്ങള്‍ക്ക് ഹിന്ദുക്ഷേത്രങ്ങളിലെ സമ്പ്രദായങ്ങളുമായുള്ള വ്യത്യാസം, ചില ദേവതാസങ്കല്‍പ ഭേദങ്ങള്‍, കാര്‍മ്മികത്വത്തില്‍ ബ്രാഹ്‌മണര്‍ ഇല്ല തുടങ്ങിയ കാര്യങ്ങളാണ് വാദത്തിനായി ഉപയോഗിക്കാറുള്ളത്. ഒരു വിഷയവും കൃത്യമായും സത്യസന്ധമായും പഠിക്കാതെ തങ്ങളുടെ രാഷ്ട്രീയനിലപാടിനൊപ്പം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന കേരളത്തിലെ സാംസ്‌കാരികരാഷ്ട്രീയ പ്രവര്‍ത്തകരാണ് ഇത്തരം വാദമുഖങ്ങളുമായി രംഗത്തെത്താറുള്ളത്. തെയ്യം മതാത്മകമോ ആദ്ധ്യാത്മിക പ്രാധാന്യമുള്ളതോ അല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത ഇവര്‍ക്ക് കാണാം. തെയ്യത്തെ കുറിച്ച് നടന്നിട്ടുള്ള പഠനഗവേഷണങ്ങളില്‍ ഭൂരിഭാഗവും തെയ്യം സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന പ്രധാന ധര്‍മ്മം എന്താണോ അതിനെ അവഗണിച്ചുകൊണ്ടുള്ളതായത് അതുകൊണ്ടാണ്. സഹസ്രാബ്ദങ്ങളിലൂടെ ജനജീവിതത്തില്‍ രൂഢമൂലമായ ആസ്തിക്യബോധമാണ് തെയ്യത്തെയും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെയും നിലനിര്‍ത്തുന്നതെന്ന സത്യം മനഃപൂര്‍വ്വം മറച്ചുവെക്കപ്പെട്ടു. പകരം തെയ്യവുമായി ബന്ധപ്പെട്ട ഭൗതികവും സൗന്ദര്യശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ഘടകങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ മാത്രം നടന്നു. ഇത്തരം പഠനങ്ങള്‍ തെയ്യമെന്ന അനുഷ്ഠാനത്തെ അക്കാദമിക തലത്തിലും സാംസ്‌കാരികരംഗത്തും ശ്രദ്ധിക്കപ്പെടുന്ന ഒന്നാക്കിത്തീര്‍ത്തെങ്കിലും തെയ്യത്തെ കുറിച്ച് അറിയാനാഗ്രഹിക്കുന്ന തെയ്യപരിസരത്തിന് പുറത്തുള്ള ഒരാള്‍ക്ക് തെയ്യത്തിന്റെ പൊരുളെന്തെന്ന് മനസ്സിലാക്കാനുള്ള അവസരം നിഷേധിക്കലായിരുന്നു അത്. അതേസമയം, തെയ്യം പോലുള്ള അനുഷ്ഠാനങ്ങളെയും ജനസംസ്‌കൃതിയെയും കുറിച്ച് ഗൗരവപൂര്‍വ്വം പഠിക്കുന്ന ചില ഗവേഷകരുടെ ഈ വിഷയത്തിലുള്ള നിരീക്ഷണങ്ങള്‍ മുഖവിലക്കെടുക്കാവുന്നതുമാണ്. ഹിന്ദുത്വത്തില്‍ തന്നെ സവിശേഷമായ ഒരു മതബോധത്തെയാണ് തെയ്യം പ്രതിനിധാനം ചെയ്യുന്നതെന്ന വാദം ഇത്തരത്തിലുള്ളതാണ്. മതം എന്ന സങ്കല്‍പത്തില്‍ നിന്ന് വേറിട്ട ഒരു പരികല്‍പനയാണ് തെയ്യത്തിന്റേത്. അത് പലപ്പോഴും മന്ത്രവാദസംസ്‌കാരത്തിന്റെ ഭാഗമാണ്. മതം സമര്‍പ്പണ (ദേവതക്ക്) സ്വഭാവത്തോടുകൂടിയതാണെങ്കില്‍, മന്ത്രവാദം വരുതിയില്‍ വെക്കുന്ന (ദേവതയെ) സ്വഭാവത്തോടുകൂടിയതാണ്.

Google NewsAdd Kesari Weekly as a preferred source on Google

തെയ്യം എന്ന വാക്കിന്റെ പദനിഷ്പത്തി അന്വേഷിക്കുമ്പോള്‍ തന്നെ തെയ്യം ഹിന്ദുത്വത്തിന്റെ ഭാഗമല്ല എന്ന വാദത്തിന്റെ മുനിയൊടിയും. ദൈവം എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണ് തെയ്യം എന്ന വാക്ക്. ദൈവം എന്ന വാക്കിന് ദിവ്യമായത്, ദിവത്തെ സംബന്ധിച്ചത് (ദിവം= ദേവലോകം, സ്വര്‍ഗം), അലൗകികം, അതീന്ദ്രിയം എന്നൊക്കെയാണര്‍ത്ഥം. അലൗകികവും അതീന്ദ്രിയവും ദിവ്യവുമൊക്കെയായ ഒരു പരികല്‍പ്പനയാണ് തെയ്യം എന്നും ആ വാക്ക് ഹിന്ദുത്വത്തിന്റെ ആധാരശിലയായ സംസ്‌കൃതഭാഷയിലൂടെ ഉരുവംകൊണ്ടതാണെന്നും വരുമ്പോള്‍ എങ്ങനെയാണ് തെയ്യം ഹിന്ദുവിന്റേതല്ലാതാകുന്നത്?

എന്താണ് ഹിന്ദുമതം എന്നും എന്താണ് തെയ്യമെന്നും തിരിച്ചറിഞ്ഞിട്ടില്ലാത്ത, അല്ലെങ്കില്‍ അറിഞ്ഞിട്ടും അജ്ഞത നടിക്കുന്ന ഒരുകൂട്ടം രാഷ്ട്രീയപരാന്നഭോജികളുടെ പാഴ്‌വേല മാത്രമാണ് തെയ്യത്തെ ഹിന്ദുത്വത്തില്‍ നിന്ന് അകറ്റാനുള്ള ശ്രമം. ഹിന്ദു എന്ന വാക്ക് ഒരു മതത്തെ കുറിക്കുന്നതായിരുന്നില്ലെന്നും അത് ഒരു ജനതയെയും അവരുടെ രാഷ്ട്രജീവിതത്തെയും കുറിക്കുന്ന വാക്കായിരുന്നു എന്നും അറിയാത്തവരല്ല ഇടതുപക്ഷക്കാര്‍. 2013 ഏപ്രില്‍ 17ലെ ചിന്ത വാരിക പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിലെ വരികള്‍ ഇതാണ്:

ADVERTISEMENT

”ഹിന്ദുമതത്തിലെ ‘ഹിന്ദു’ എന്ന പദം സംസ്‌കൃതത്തിലെ ‘സിന്ധു’ എന്നതിന് സമാനമായ പേര്‍ഷ്യന്‍ പദമാണ്. ഇന്‍ഡസ് എന്നത് സിന്ധുവിന്റെ ഇംഗ്‌ളീഷ് പദമാണ്. സിന്ധു ഒഴുകുന്ന പ്രദേശത്ത് ജീവിക്കുന്നവരാണ് ഇന്ത്യക്കാര്‍. പഴയ പേര്‍ഷ്യന്‍ ക്യൂണിഫോം ലിപി ഉപയോഗിച്ചിരുന്ന കാലംമുതല്‍, അതായത് ഡാരിയസ് ഒന്നാമന്റെ കാലം മുതല്‍ ബിസി 517 മുതല്‍, ഈ വാക്കിന് ഈ അര്‍ത്ഥമുണ്ട്. ഏതാണ്ട് ആയിരത്തിലേറെ വര്‍ഷമായി ഇന്ത്യക്കാരെയാകെ വിളിക്കുന്നതിന് ഹിന്ദു എന്ന പദമാണ് ഉയോഗപ്പെടുത്തിയിരുന്നത്. എഡി 712 മുതല്‍ മുസ്‌ളീങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കുകയും സിന്ധു നദീതടത്തില്‍ താമസിക്കാനാരംഭിക്കുകയും താഴ്ന്ന ജാതികളില്‍പ്പെട്ട ഇന്ത്യക്കാരെ മതം മാറ്റി മുസ്‌ളീങ്ങളാക്കി മാറ്റാനാരംഭിക്കുകയും ചെയ്തതോടെയാണ് ഹിന്ദുക്കളെയും മുസ്‌ളീങ്ങളെയും വേര്‍തിരിച്ചു കാണാനാരംഭിച്ചത്. പേര്‍ഷ്യന്‍ പണ്ഡിതന്മാര്‍ക്ക് ഹിന്ദുവെന്ന് വിളിക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്കിടയിലുള്ള വ്യത്യസ്ത മതക്കാരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ കീഴടക്കിയ യൂറോപ്യന്മാര്‍ക്ക് ഈ വ്യത്യാസം അറിയില്ലായിരുന്നു. അവര്‍ മുസ്‌ളീങ്ങളല്ലാത്തവരെ മുഴുവന്‍ ഹിന്ദുക്കളായാണ് കണ്ടത്. മുസ്‌ളീങ്ങളും ജൂതന്മാരും ബുദ്ധജൈന മതക്കാരും ക്രിസ്ത്യാനികളുമൊഴികെ മറ്റെല്ലാവരും ഹിന്ദുക്കളാണെന്നാണ് അവര്‍ ധരിച്ചത്. അതിനനുസരിച്ചാണ് അവര്‍ ഹിന്ദു എന്ന പദം പ്രയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ അത് മൗലികമായ ഒരു തെറ്റിദ്ധാരണയുടെ ഫലമായിരുന്നു. ഹിന്ദു എന്ന ഈ വിളിപ്പേരില്‍നിന്നാണ് പിന്നീട് ‘ഹിന്ദുമതം’ രൂപംകൊള്ളുന്നത് (ലേഖനം: ഹിന്ദു ഐക്യവേദിയുടെ ഹിന്ദുത്വ അജണ്ട- കെ.എ. വേണുഗോപാലന്‍).

ഹിന്ദു എന്ന വാക്കിന്റെയും ആ വാക്ക് എങ്ങനെ ഒരു മതത്തിന്റെ പേരായി മാറി എന്നും ഇതില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും ഹിന്ദുമതം എന്ന മതം രൂപപ്പെട്ടിരുന്നില്ല. എന്നാല്‍ മേല്‍ ഉദ്ധരണിയില്‍ പറഞ്ഞതുപോലെ ആയിരത്തിലേറെ വര്‍ഷങ്ങളായി ഈ രാജ്യത്തിലെ ജനസാമാന്യം അറിയപ്പെട്ടിരുന്നത് ഹിന്ദുക്കള്‍ എന്നായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് കണക്കെടുത്തപ്പോഴാണത്രെ (ബ്രിട്ടീഷ് ഭരണകാലത്തെ സെന്‍സസില്‍ ജാതിയും മതവും കൂടി രേഖപ്പെടുത്തിയിരുന്നു) ക്രിസ്ത്യന്‍, മുസ്‌ളീം, ജൂത മതങ്ങളില്‍ പെട്ടവരൊഴിച്ചുള്ളവരെ ഒന്നാകെ ചേര്‍ത്ത് ഹിന്ദുമതം എന്ന ഗണത്തില്‍ പെടുത്തിയത്.

വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. ഈ നാട്ടിലെ ഒരോ കൊച്ചുകൊച്ചു സമൂഹങ്ങള്‍ക്കും അവരുടേതായ തനത് സംസ്‌കാരവും ഭാഷയും വേഷവുമൊക്കെയുണ്ട്. വൈവിധ്യങ്ങളെയെല്ലാം കോര്‍ത്തിണക്കുന്ന സാംസ്‌കാരികഘടകങ്ങളാണ് ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തെ ഒന്നിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ വലിയ പഠനമൊന്നും നടത്തേണ്ടതില്ല. ഇന്ത്യയിലെ വിവിധ ജനപദങ്ങളിലൂടെ വ്യത്യസ്തജനതകള്‍ക്കിടയിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി. ജാതിമേലാളരെന്നും കീഴാളരെന്നുമൊക്കെ വേര്‍തിരിച്ചുനിര്‍ത്തപ്പെട്ട സമൂഹങ്ങള്‍ക്കിടയില്‍ ഒരുപോലെ ഇഴചേര്‍ന്നു നില്‍ക്കുന്ന സാംസ്‌കാരികവും ആത്മീയവുമായ ഘടകങ്ങള്‍ നൂറുനൂറു കണക്കിന് കാണാം. കലാവതരണത്തില്‍, അനുഷ്ഠാനങ്ങളില്‍, പുരാവൃത്തങ്ങളില്‍, ആഖ്യാനങ്ങളില്‍ എല്ലാം ഈ ഏകത സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നു. വൈദികവും താന്ത്രികവുമായ ആരാധനാരീതികള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നതിന്റെ തെളിവുകള്‍ ധാരാളം കാണാം. താന്ത്രികമായ ആചാരങ്ങളില്‍ തന്നെയുള്ള വൈവിധ്യങ്ങളുടെ ഭാഗമാണ് തെയ്യവും ഭൂതക്കോലവുമൊക്കെ. ദശമഹാവിദ്യകളില്‍ പലതും പല പേരുകളില്‍ തെയ്യമായി വടക്കന്‍കേരളത്തിലെ കാവുമുറ്റങ്ങളില്‍ ആടിവരുന്നു. കേരളത്തിലെ വിവിധ സമുദായങ്ങളില്‍ പെട്ട വീടുകളില്‍ പ്രാചീനകാലം തൊട്ട് നടന്നുവന്നിരുന്ന വച്ചാരാധന (മച്ചിലടിയന്തിരം) തൊട്ട് കാവുകളില്‍ ആവിഷ്‌കരിച്ച തെയ്യാട്ടം വരെ കാളിയുടെ വിവിധ സങ്കല്‍പങ്ങള്‍ പല പേരുകളില്‍ പല വേഷങ്ങളില്‍ പല ഭാവങ്ങളില്‍ കെട്ടിയാടുന്നു. കാന്താര സിനിമയില്‍ നാം കണ്ട പഞ്ചുരുളി തന്നെ ദക്ഷിണ കാനറയില്‍ നിന്ന് കേരളത്തിലെ പയ്യന്നൂരിലെത്തുമ്പോള്‍ രൂപം മാറുന്നു, വേഷം മാറുന്നു, വാചാലുകളും തോറ്റവും മാറുന്നു. എന്നാല്‍ രണ്ടിടത്തെയും പഞ്ചുരുളികളെ ഒന്നിപ്പിക്കുന്ന ഘടകങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും.

ഈ ഏകതാസങ്കല്‍പം ബോധ്യമാകണമെങ്കില്‍ തെയ്യമെന്ന ലോകോത്തര അനുഷ്ഠാനരൂപത്തെ അറിയണം.

എന്താണ് തെയ്യം?
തെയ്യം പൂര്‍ണമായും പ്രകൃത്യാനുകൂലമായ ഒരു അനുഷ്ഠാനമാണ്. തെയ്യത്തിലെ അമ്മദൈവം ഭൂവനമാതാവാണ്. മനുഷ്യരുടെ മാത്രം അമ്മയല്ല, എല്ലാ ജീവജാലങ്ങളുടെയും അമ്മ എന്നര്‍ത്ഥം. തെയ്യാരാധനയുടെ അടിസ്ഥാനം ശാക്തേയാനുഷ്ഠാനത്തിലധിഷ്ഠിതമായ മാതൃദേവതാരാധനയാണ്. ഭൂമിയെയും പ്രകൃതിയെയും അമ്മയായി സങ്കല്പിക്കുന്ന സാംസ്‌കാരിക ബോധം ഭാരതത്തിലുള്‍പ്പെടെ ലോകത്തിലെ പല സമൂഹങ്ങളിലുമുണ്ട്. ശക്തി എന്നു വിളിക്കപ്പെടുന്ന സ്ത്രീത്വം തന്നെയാണ് ഇവിടെ പ്രകൃതി. ശാക്തേയാനുഷ്ഠാനം എന്ന നിലയില്‍ ശക്തിയുടെ (ദേവിയുടെ) സാന്നിധ്യം എല്ലാ തെയ്യാവതരണങ്ങളിലുമുണ്ട്. അമ്മദൈവങ്ങള്‍ മാത്രമല്ല, വീരാരാധനയുടെ ഭാഗമായുള്ള അനേകം പുരുഷദൈവങ്ങളും തെയ്യാട്ട രംഗത്തുണ്ട്. എന്നാല്‍ ഇത്തരം പുരുഷദൈവങ്ങളുടെ അവതരണത്തിലും ശക്തിയുടെ (ദേവിയുടെ) സാന്നിധ്യം സജീവമായി കാണാം. അതുകൊണ്ടു തന്നെ വടക്കേന്‍ഭാഗം (കുരുതി) പോലുള്ള ശാക്തേയാനുഷ്ഠാനങ്ങള്‍ അത്തരം തെയ്യങ്ങള്‍ക്കും ഉപേക്ഷിച്ചുകൂടാത്തതാകുന്നു.

ഏറ്റവും നല്ലൊരു ഉദാഹരണമാണ് കതിവന്നൂര്‍ വീരന്‍ തെയ്യം. മന്ദപ്പന്‍ എന്ന മനുഷ്യന്‍ കുടകില്‍ ചെന്ന് ചെമ്മരത്തി എന്ന സ്ത്രീയെ ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും അവരുടെ ജീവിതത്തില്‍ പിന്നീട് താളപ്പിഴകളുണ്ടാവുകയും ഒടുവില്‍ കുടകരുമായുള്ള യുദ്ധത്തില്‍ മന്ദപ്പന്‍ വധിക്കപ്പെട്ടപ്പോള്‍ മന്ദപ്പന്റെ ചിതയില് ചാടി ആത്മാഹുതി ചെയ്തുകൊണ്ട് ഭര്‍ത്താവിനോടുള്ള ആത്മാര്‍ത്ഥമായ പ്രണയം ചെമ്മരത്തി തെളിയിക്കുകയും ചെയ്യുന്നതാണ് കതിവന്നൂര്‍ വീരന്‍ തെയ്യത്തിന്റെ പുരാവൃത്തം. മന്ദപ്പന്‍ മരണശേഷം കതിവന്നൂര്‍ വീരന് തെയ്യമായിത്തീരുമ്പോള്‍ ചെമ്മരത്തിക്കും ദൈവികത്വം കൈവരുന്നുണ്ട്. ചെമ്മരത്തിക്ക് കെട്ടിക്കോലമില്ലെങ്കിലും ചെമ്മരത്തി ആ തെയ്യാട്ടത്തിലെ സജീവസാന്നിധ്യമാണ്. അവിടെ ചെമ്മരത്തിയെ സങ്കല്പിച്ചുകൊണ്ട് വടക്കേന്‍ഭാഗവുമുണ്ട്. അങ്ങനെ പുരുഷത്തെയ്യങ്ങളുടെയും അനുഷ്ഠാനതലത്തില്‍ ശാക്തേയവിധികള്‍ നിലനിര്‍ത്തുന്നു എന്നതാണ് തെയ്യാട്ടത്തിന്റെ സവിശേഷത. പ്രകൃതിയുടെ സവിശേഷസ്വഭാവങ്ങളെല്ലാം സ്ത്രീകളിലുമുണ്ട് എന്നതു പോലെ സ്ത്രീത്വത്തിലൂന്നിയ ആരാധനാസമ്പ്രദായത്തില്‍ സങ്കല്പിക്കപ്പെടുന്ന ശക്തിയിലുമുണ്ട്. അവള്‍ രക്ഷകയായും സൗമ്യയായും പേടിപ്പെടുത്തുന്നവളായുമൊക്കെ നമുക്ക് മുന്നിലെത്തുന്നു.

തറവാടുകളിലെ ദൈവികസ്ഥാനങ്ങളില്‍ നിന്നാവണം കേരളത്തിലെ വ്യവസ്ഥാപിതമായ ദേവതാരാധനയുടെ തുടക്കം. മച്ചിലും പടിഞ്ഞാറ്റയിലും സങ്കല്‍പിക്കപ്പെടുന്ന ദൈവികചൈതന്യത്തെ (കാളീ സാന്നിധ്യത്തെ) ശാക്തേയ വിധിപ്രകാരം ആരാധിക്കുന്ന സമ്പ്രദായം നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ നിലനിന്നിരുന്നു. നിത്യവും വിളക്കുകത്തിക്കുകയും വര്‍ഷത്തിലൊരിക്കല്‍ മച്ചിലടിയന്തിരം എന്ന ശാക്തേയപൂജ നടത്തുകയും ചെയ്യുന്ന രീതി മലബാറില്‍ എല്ലായിടത്തുമുള്ള ബ്രാഹ്‌മണേതര ഹിന്ദുകുടുംബങ്ങളിലുമുണ്ടായിരുന്നു. തെയ്യാട്ടക്കാവുകളില്‍ കളിയാട്ട സമയത്ത് നടക്കുന്ന വടക്കേന്‍ഭാഗം എന്ന ശാക്തേയാനുഷ്ഠാനം തറവാടുകളില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പതിവുമുണ്ട്. ദേവീപ്രീതിക്കായി കോഴിയെ കുരുതികൊടുക്കുന്ന അനുഷ്ഠാനമാണിത്. കാവിന്റെ (തറവാടിന്റെ) വടക്കുഭാഗത്തു വച്ചാണ് ഇത് നടത്തുക. ഓട്ടുരുളിയില്‍ മഞ്ഞളും നൂറും കലക്കി ചുവപ്പിച്ച രക്തത്തെ സൂചിപ്പിക്കുന്ന വെള്ളം ഇരുകൈകള്‍കൊണ്ടും ദേവിയെ സങ്കല്‍പിച്ച് തൂവുകയും (തര്‍പ്പണം) അതോടൊപ്പം കോഴിയെ വെട്ടുകയും ചെയ്യുന്നതാണ് ഈ അനുഷ്ഠാനം.

പരാശക്തിയുടെ അംശശക്തികളായ യോഗിനിമാരെയാണ് കേരളത്തിലെ ശാക്തേയാനുഷ്ഠാനങ്ങളില്‍ ആരാധിക്കുന്നത് എന്നുവേണം അനുമാനിക്കാന്‍. അമ്മദൈവങ്ങളുടെ പുരാവൃത്തങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയോരോന്നും ശിവപുത്രിയായ കാളിയുടെ വിവിധ രൂപങ്ങളാണെന്ന് കാണാന്‍ സാധിക്കുന്നു. ഈ കാളീസേവ യഥാര്‍ത്ഥത്തില്‍ യോഗിനീസേവയാണ്. പരാശക്തിയെ പരിസേവിക്കുന്ന അസംഖ്യം യോഗിനിമാരുണ്ട്. പ്രകൃതികലകളെ കൈകാര്യം ചെയ്യുന്ന ഈ യോഗിനിമാരുടെ പ്രതിരൂപങ്ങളാണ് തെയ്യാട്ടരംഗത്ത് കാണുന്ന നിരവധി അമ്മദൈവങ്ങള്‍. യോഗിനിമാര്‍ക്കുള്ളതാണ് കുരുതിതര്‍പ്പണം. ഗുരുതിപൂജയില്‍ 64 ഖണ്ഡങ്ങളിലേക്കായാണ് തര്‍പ്പണം ചെയ്യുന്നത്. ഇവിടെ പൂജിക്കുന്നത് യോഗിനിമാരെയാണ്. 64 കോടി യോഗിനിമാരാണ് ലളിതാപരമേശ്വരിയെ പരിസേവിക്കുന്നത് (ചതുഷഷ്ടികോടിയോഗിനീ പരിസേവിത- ലളിതാസഹസ്രനാമം). ഈ 64 കോടി യോഗിനികളെ പ്രതിനിധീകരിച്ചാണ് വടക്കേന്‍ഭാഗം ചടങ്ങിലെ 64 കളങ്ങള്‍ എന്നു കരുതേണ്ടിയിരിക്കുന്നു.

കേരളത്തിലെ ബ്രാഹ്‌മണേതരമായ എല്ലാ ജാതിസമൂഹത്തിലും വടക്കേന്‍ഭാഗമോ അതിന് സമാനമായ ശാക്തേയാനുഷ്ഠാനമോ കാലങ്ങളായി നിലനിന്നിരുന്നു എന്നതിന് തെളിവുണ്ട്. കുടുംബത്തിന്റെ ആരൂഢമായ തറവാട്ടില്‍ കുലപരദേവതാ സ്ഥാനങ്ങള്‍ ഉണ്ടായിരിക്കും. എല്ലാ ജാതിയില്‍ പെട്ടവരുടെയും തറവാടുകളില്‍ ഇത്തരം സ്ഥാനങ്ങള്‍ കാണാം. ചില തറവാടുകളില്‍ പ്രത്യേകസ്ഥാനങ്ങള്‍ തെയ്യാട്ടത്തിനായി നീക്കി വച്ചിട്ടുണ്ടാകും.

തറവാട്ടുസ്ഥാനങ്ങളിലെ ദേവതാരാധനയുടെ ബാഹ്യാവിഷ്‌കാരമായി പില്‍കാലത്ത് രൂപം കൊണ്ടതായിരിക്കണം തെയ്യാട്ടം. കഴകങ്ങളായിരുന്നു ഇതിന്റെ കേന്ദ്രബിന്ദു. ഘടകം എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണ് കഴകം എന്ന വാദം ചില പണ്ഡിതന്മാര്‍ ഉന്നയിക്കുന്നു.

തെയ്യക്കാവുമായി ബന്ധപ്പെട്ട തറക്കൂട്ടത്തിനാണ് കഴകം എന്നു പറയുന്നത്. ഇത് ഭരണസിരാകേന്ദ്രവും ആരാധനാ കേന്ദ്രവുമാണ്. ബ്രാഹ്‌മണര്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന അവരോധഗ്രാമങ്ങളായ കഴകവുമായി ഇതിന് ബന്ധമില്ല.

വടക്കേമലബാറിലെ കഴകങ്ങള്‍ വിവിധ ജാതികളുടെ നേതൃത്വത്തിലാണ്. കുറേ തറവാടുകള്‍ ചേര്‍ന്ന് തറയും കുറേ തറകള്‍ ചേര്‍ന്ന് കഴകം അഥവാ തറക്കൂട്ടവും ഉണ്ടാകുന്നു. കൂടുതല്‍ തറക്കൂട്ടങ്ങള്‍ ചേര്‍ന്നുള്ള പെരുങ്കഴകവും ഉണ്ട്. പ്രത്യേകിച്ചു ജനസംഖ്യയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന തീയ്യസമുദായത്തിനാണ് പെരുങ്കഴകങ്ങളുള്ളത്. കാസര്‍കോട് ജില്ലയിലെ പാലക്കുന്ന്, രാമവില്യം, കണ്ണൂര്‍ ജില്ലയിലെ കുറുവന്തട്ട, അണ്ടല്ലൂര്‍ എന്നിവ പെരുങ്കഴകങ്ങളാണ്. 32 കാരണവന്മാരും 72 കുടിപതികളും സ്ഥാനികരായുള്ളതാണ് അണ്ടല്ലൂര്‍ പെരുങ്കഴകം. ഈ കഴകങ്ങള്‍ രൂപകൊണ്ടത് ഒരുപക്ഷെ അവരോധഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായ കഴകങ്ങളെ അനുകരിച്ചായിരിക്കാം.

കഴകങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ശാക്തേയാരാധനയുടെ തുടര്‍ച്ചയായിട്ടാവാം തെയ്യങ്ങളുടെ ആവിഷ്‌കാരമുണ്ടായത്. താനം, തറ, പള്ളിയറ, കോട്ടം, മുണ്ട്യ, കാവ് തുടങ്ങിയ ആരാധനാസങ്കേതങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഭരണപരമായ മറ്റ് വ്യവഹാരങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്തുവന്നത് കഴകങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ഇന്നും ഓരോ കാവിന്റെയും ആരൂഢസ്ഥാനമായി കണക്കാക്കുന്നത് കഴകപ്പുരകളെയാണ്. മിക്കവാറും കാവിന്റെ ഊരാളന്മാരുടെ തറവാടുമായി ബന്ധപ്പെട്ടതായിരിക്കും കഴകപ്പുര. ഓരോ കാവിലും ആരാധിക്കപ്പെടുന്ന ദേവതകളുടെ പ്രഭവസ്ഥാനം ആ കാവുമായി ബന്ധപ്പെട്ട കഴകപ്പുരയാണെന്ന് തെളിയിക്കുന്ന അനുഷ്ഠാനങ്ങള്‍ തെയ്യവുമായി ബന്ധപ്പെട്ട് കാണാം. ഉദാഹരണത്തിന്, ശ്രീകുറുമ്പ ഭഗവതിയുടെ കുളിച്ചെഴുന്നെള്ളത്ത് കഴകപ്പുരയില്‍ നിന്നാണ് ആരംഭിക്കുന്നത്. കാവിലെ ദേവതയെ പ്രതിഷ്ഠിച്ച ഗുരുവിന്റെ (ആ കഴകത്തിലെ പൂര്‍വ്വസൂരിയായ ഒരു കാരണവരായിരിക്കും ഈ ഗുരു) സ്ഥാനവും കഴകപ്പുരയിലാണ്. ഗുരുവിന് കാവില്‍ പ്രത്യേകസ്ഥാനമുണ്ടെങ്കിലും കഴകപ്പുരയിലെ ഗുരുവിന്റെ പീഠസങ്കല്‍പത്തിനാണ് പ്രാധാന്യം. കാവിലെ പള്ളിയറയില്‍ കാണുന്ന പ്രതിഷ്ഠയ്ക്ക് പുറമെ കഴകപ്പുരയിലും ദേവതയുടെ സ്ഥാനം പവിത്രമായി കാത്തുസൂക്ഷിച്ചിട്ടുള്ളതായി കാണാം. തറവാട്ടിലെ മച്ചിലമ്മ തന്നെയാണ് കഴകപ്പുരയിലെ ദേവത. മിക്കയിടത്തും ദേവതയെ പ്രതിനിധീകരിച്ച് അവിടെ പീഠമോ യന്ത്രമോ ഉണ്ടാകും. ഗുരുവിന്റെ സ്ഥാനത്ത് പീഠത്തിന് പുറമെ പലയിടത്തും ചൂരല്‍, രുദ്രാക്ഷമാല എന്നിവയും കാണാറുണ്ട്. ഇവ മന്ത്രവാദവുമായി ബന്ധപ്പെട്ടതാകയാല്‍ ആരാധനക്ക് തുടക്കം കുറിച്ച പൂര്‍വ്വികനായ കാരണവര്‍ മന്ത്രവിദ്യാപാരംഗതനായിരുന്നു എന്നുവേണം കരുതാന്‍.

പണ്ടുകാലത്ത് വടക്കെ മലബാറിലെ എല്ലാ തറവാടുകളിലും കുലദേവതാ സ്ഥാനങ്ങള്‍ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാന്‍ വിഷമമില്ല. പിന്നീട് തറവാടുകളോട് ചേര്‍ന്ന് തെയ്യാട്ടസ്ഥാനങ്ങള്‍ സ്ഥാപിച്ചതാകാം. ചില തറവാടുകള്‍ ശിഥിലമായതിനെ തുടര്‍ന്ന് അവിടെ നടത്തിവന്നിരുന്ന ആരാധന മുടങ്ങുകയും അതിന്റെ ഫലമായി ഉണ്ടായ അനിഷ്ടങ്ങള്‍ പ്രശ്‌നചിന്തയിലൂടെ തിരിച്ചറിഞ്ഞ ശേഷം ആരാധന പുനരാരംഭിക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയുണ്ട്. അത്തരം ചില തറവാടുകളിലെ ആരാധനാ സ്ഥാനങ്ങളില്‍ തറവാടിന് പുറത്തുള്ള നാട്ടുകാരായ വിശ്വാസികളുടെ സഹകരണത്തോടെ ആരാധന തുടര്‍ന്ന് നടത്തിവരുന്നതായും കാണാം.

ഇതില്‍ നിന്ന് മനസ്സിലാകുന്നത് ദേവതാരാധനക്ക് ഏറെ പ്രാധാന്യം നല്‍കിയവരാണ് വടക്കെ മലബാറിലെ ജനസമൂഹം എന്നാണ്. വ്യത്യസ്ത കഴകങ്ങള്‍ക്ക് (തറവാടുകള്‍ക്ക്) കുലദൈവ സങ്കല്‍പത്തില്‍ ഒരു ദേവതയെ കല്‍പിച്ചുകാണാറുണ്ട്. മിക്കയിടത്തും അത് ധര്‍മ്മദൈവം എന്ന പേരിലുള്ള തെയ്യമാണ്. ധര്‍മ്മം എന്നത് കുലധര്‍മ്മമാണ്. ധര്‍മ്മം അനുസരിച്ച് ജീവിക്കാനുള്ള ആഹ്വാനമാണ് ഓരോ തെയ്യത്തിന്റെയും ഉരിയാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. തറവാട്ടിലെ പൂര്‍വ്വിക കാരണവര്‍ സങ്കല്‍പിച്ച് കുടിയിരുത്തിയ ദേവതയെ പരിപാലിക്കുക എതാണ് കുലധര്‍മ്മം.

കഴകങ്ങള്‍ രൂപംകൊള്ളുന്നതിന് മുമ്പ് സമാനമായ ഒരു വിഭജനസംവിധാനം കേരളത്തിനുണ്ടായിരുന്നു എന്നും അതിന് അടുക്ക്‌നാട് എന്നാണ് പേരെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. 160 കാതം വിസ്തീര്‍ണമുള്ള അടുക്കുനാടിനെ വടതല എന്നും തെന്‍തല എന്നും രണ്ടായി വിഭജിക്കുന്നു. ഓരോ പാതിയിലും ഒമ്പത് നാടുകള്‍, നാടൊന്നില്‍ നാല് ചേരികള്‍, ചേരിയൊന്നില്‍ നാല് കോട്ടകള്‍, കോട്ടയൊന്നില്‍ നാല് തറകള്‍, തറയൊന്നില്‍ നൂറ് തറവാടുകള്‍ എന്നിങ്ങനെയായിരുന്നു വിഭജനക്രമം. നാട്, ചേരി, കോട്ട, തറ എന്നീ സംജ്ഞകളോടു കൂടിയ സ്ഥലപ്പേരുകള്‍ ഇന്നും നിലനിന്നു വരുന്നുണ്ടെന്നതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഓരോ ദേശവിഭാഗത്തിന്റെയും തലവന്മാരെ അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കുന്ന തികച്ചും ജനാധിപത്യരീതിയിലുള്ള ഒരു സംവിധാനം ഈ അടുക്കുനാട് കാലഘട്ടത്തില്‍ നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു.

കഴകങ്ങളെ പോലെ തന്നെ തെയ്യാരാധനയുടെ മൂലസ്ഥാനമായിരുന്നു കളരികള്‍. ചേരരാജ്യത്തില്‍ 108 കളരികള്‍ ഉണ്ടായിരുന്നതായി കേരളോത്പത്തിയില്‍ പറയുന്നു. കളരികള്‍ ആയോധനാഭ്യാസ കേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. അവിടങ്ങളില്‍ കളരിദൈവങ്ങളെ ഉപാസിച്ചിരുന്നു. ഇത് ശാക്തേയോപാസന തന്നെയാണ്. ഇന്നും കളരികളില്‍ ശാക്തേയോപാസനയുടെ ഭാഗമായുള്ള ആരാധനകള്‍ നിലനില്‍ക്കുന്നുണ്ട്. കളരിക്കുള്ളില്‍ സ്ഥാപിക്കുന്ന പൂത്തറ ശക്തേയോപാസനയുടെ ഭാഗമായുള്ള യന്ത്രവിധാനം തന്നെയാണ്.

വടക്കേമലബാറിലെ നാനാജാതിക്കാരായ ജനങ്ങള്‍ എക്കാലത്തുമെന്ന പോലെ ഇന്നും തെയ്യത്തെ നെഞ്ചോടുചേര്‍ക്കുന്നുണ്ട്. മുമ്പത്തേക്കാള്‍ പ്രതാപത്തോടെയും ആര്‍ഭാടത്തോടെയുമാണ് ഓരോ കളിയാട്ടവും പെരുങ്കളിയാട്ടവും നടന്നുവരുന്നത്. എങ്കിലും തെയ്യാട്ടവുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി ഉയര്‍ന്നുവരുന്ന ചര്‍ച്ചകളെ ശരിയായ ദിശയിലേക്ക് നയിക്കാനും കൂട്ടായ്മകളുടെ വിശ്വാസമാര്‍ജിക്കാനും സാധിച്ചിട്ടില്ലെന്നത് ഒരു വസ്തുതയാണ്.

തെയ്യം അതിന്റെ അനുഷ്ഠാന ഇടമായ കാവുകളില്‍ നിന്നും പുറത്തേക്ക് കടക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് ഒരുഭാഗത്ത്. ഒപ്പം തന്നെ തെയ്യങ്ങള്‍ കാവുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതും ചര്‍ച്ചയാകുന്നു. തെയ്യത്തെ അതിന്റെ അനുഷ്ഠാനപരിസരത്ത് നിന്ന് അടര്‍ത്തിമാറ്റി സ്റ്റേജുകളിലും ഘോഷയാത്രകളിലും കെട്ടുകാഴ്ചയായി അവതരിപ്പിക്കുന്നതിലൂടെ സാമൂഹ്യമായും വിശ്വാസപരമായും സൗന്ദര്യശാസ്ത്രപരമായും ഉണ്ടാകുന്ന അവമതിപ്പാണ് ആദ്യത്തെ പ്രശ്‌നം. തെയ്യാട്ടസംസ്‌കൃതിയുടെ സവിശേഷമായ ആചാരക്രമങ്ങളെ അവഗണിച്ചുകൊണ്ട് കാവുകളില്‍ വൈദികാചാരങ്ങള്‍ കടത്തിവിടുന്നതിലൂടെ തെയ്യം അന്യവല്‍ക്കരിക്കപ്പെടുന്നതാണ് രണ്ടാമത് ചൂണ്ടിക്കാട്ടിയ പ്രശ്‌നം. തെയ്യാട്ടവുമായി ബന്ധപ്പെട്ട് ഇവിടെയുള്ള ഹൈന്ദവസമൂഹത്തിലെ വ്യത്യസ്ത ജാതിക്കൂട്ടായ്മകള്‍ക്ക് ഇന്നും ശക്തമായ ഇടപെടലുകളുണ്ടെന്നതിനാല്‍ അവര്‍ക്കിടയില്‍ മേല്‍പറഞ്ഞ രണ്ടു പ്രശ്‌നങ്ങളെ കുറിച്ചും സക്രിയമായ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്.

ഉത്സവപ്പറമ്പില്‍ നാടകം, കഥാപ്രസംഗം തുടങ്ങിയ കലാപാരിപാടികള്‍ക്ക് ട്രൂപ്പുകളെ ബുക്ക് ചെയ്യുന്നതുപോലെ തെയ്യം കെട്ടിയാടുന്നതിനും ട്രൂപ്പുകളെ ഏല്‍പ്പിക്കുന്ന അവസ്ഥ ഇന്ന് കണ്ണൂര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ കണ്ടുവരുന്നു. തെയ്യം കല മാത്രമല്ലെന്നും വിശ്വാസവും അനുഷ്ഠാനവുമൊക്കെയാണെന്നും തെയ്യങ്ങളുടെ തട്ടകമായ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജനസാമാന്യത്തിന് നന്നായി അറിയാം. ‘ചെറുജന്മാവകാശം’ എന്ന സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഇവിടെ തെയ്യം കെട്ടിയാടുന്നതിന് പരമ്പരാഗതമായ ഒരു സമ്പ്രദായമുണ്ടെന്നും അറിയാം. എന്നാല്‍ ആ വ്യവസ്ഥയ്ക്കുള്ളില്‍ കഴിയുന്ന കനലാടി വിഭാഗങ്ങള്‍ക്ക് (കോലധാരികള്‍) പോലും ഇത്തരം വ്യതിചലനങ്ങളെ ചോദ്യം ചെയ്യാനാവാത്ത അവസ്ഥയാണിന്നുള്ളത്.

തെയ്യത്തിന്റെ വേഷം കെട്ടി മറ്റ് നാടുകളില്‍ പോയി സ്റ്റേജ് പരിപാടിയിലോ ഘോഷയാത്രയിലോ അരങ്ങേറ്റുന്ന കോലങ്ങള്‍ തെയ്യത്തെ അറിയാത്ത ഒരു സമൂഹത്തിന്റെ മനസ്സില്‍ തെയ്യത്തെ കുറിച്ച് തെറ്റായതും വികലവുമായ ഒരു ധാരണയുണ്ടാക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. അനന്യസാധാരണമായ ഒരു അനുഷ്ഠാനമെന്ന നിലയിലും കലാനിര്‍വ്വഹണമെന്ന നിലയിലും ലോകത്തെല്ലായിടത്തുമുള്ളവര്‍ തെയ്യത്തെ അറിയേണ്ടതുണ്ട്. അതിനുള്ള വഴി തെയ്യത്തിന്റെ നാട്ടിലെത്തി കളിയാട്ടങ്ങള്‍ നേരിട്ട് കാണുക എന്നതാണ്. ഇനി പുറത്തുകൊണ്ടുപോയി അവതരിപ്പിക്കുകയാണെങ്കില്‍ തന്നെ കെട്ടുകാഴ്ചയെന്നതിലുപരി തെയ്യമായി തന്നെ അവതരിപ്പിക്കേണ്ടതുണ്ട്. അതിന് പൂര്‍ണമായ അനുഷ്ഠാനങ്ങള്‍ ആവശ്യമാണ്. എല്ലാ തെയ്യങ്ങളും പൂര്‍ണമായ അനുഷ്ഠാനത്തോടെ കാവുകള്‍ക്ക് പുറത്ത് അവതരിപ്പിക്കാനാവില്ല. എന്നാല്‍ നേര്‍ച്ചത്തെയ്യങ്ങളായി നടത്തിവരുന്ന തെയ്യങ്ങള്‍ – കതിവനൂര്‍ വീരന്‍, പൊട്ടന്‍ തെയ്യം, മാക്കപ്പോതി, വിഷ്ണുമൂര്‍ത്തി, മുത്തപ്പന്‍ വെള്ളാട്ടം തുടങ്ങിയവ അനുഷ്ഠാനപൂര്‍വ്വം എവിടെ വേണമെങ്കിലും കെട്ടിയാടാമെന്നതാണ് തെയ്യാട്ടത്തിന്റെ സാമ്പ്രദായിക രീതി. അതേസമയം, താനങ്ങളിലും (സ്ഥാനം) കാവുകളിലും പള്ളിയറകളിലും കെട്ടിയാടിവരുന്ന മുച്ചിലോട്ട് ഭഗവതി, വേട്ടക്കരുമകന്‍, തായിപ്പരദേവത, തിരുവപ്പന തുടങ്ങിയ തെയ്യങ്ങള്‍ ഇങ്ങനെ കാവുകള്‍ക്ക് പുറത്ത് കെട്ടിയാടാനാവില്ല. ഇത്തരം സ്ഥാനങ്ങളിലെയും തറവാടുകളിലെയുമൊക്കെ കെട്ടിയാട്ടവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ വൈപുല്യമാണ് ഇതിന് പ്രധാനകാരണം. തെയ്യക്കാര്‍ക്കും കര്‍മ്മികള്‍ക്കും പുറമെ വ്യത്യസ്തമായ കര്‍ത്തവ്യങ്ങളനുഷ്ഠിക്കാനുള്ളവരുടെ കൂട്ടായ്മയുടെ പങ്കാളിത്തം കൂടി അനിവാര്യമാണ് ഇത്തരം ഇടങ്ങളില്‍.

കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലുമൊക്കെ സ്റ്റേജ് പരിപാടിയായി തെയ്യമവതരിപ്പിക്കുകയും തെയ്യക്കോലങ്ങള്‍ ഘോഷയാത്രകളില്‍ പങ്കെടുക്കുകയും ചെയ്തു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഈ പ്രവണതയോടുള്ള എതിര്‍പ്പിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഈയിടെയായി പുറത്തു പോയി തെയ്യം കെട്ടിയാടിയ കോലധാരികളെ കാവധികാരികള്‍ കാവിലെ കെട്ടിയാട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്തിയ സംഭവം ചിലയിടങ്ങളിലുണ്ടായി. കലാപ്രകടനമെന്ന പേരില്‍ വിശ്വാസത്തെയും കലയെയും ഒരുപോലെ അവഹേളിക്കുന്ന ഈ കെട്ടുകാഴ്ചകള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തിയാര്‍ജിച്ചു വരുകയാണിപ്പോള്‍.

ഈ ഉണര്‍വ്വിന്റെ ഭാഗം തന്നെയാവണം കാന്താര പോലുള്ള സിനിമകള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്. ഹിന്ദുത്വത്തില്‍ നിന്ന് തെയ്യത്തെ അടര്‍ത്തിമാറ്റാം എന്ന ചിലരുടെ മോഹം അസ്ഥാനത്താണ്. എല്ലാതരം ആസ്വാദകരെയും തൃപ്തിപ്പെടുത്താനുള്ള ചേരുവകളെല്ലാമുള്ളതാണ് ആ സിനിമ എന്നത് മാത്രമല്ല അതിന്റെ സ്വീകാര്യത. കോലത്തുനാടെന്ന വടക്കേമലബാറും തുളുനാടെന്ന ദക്ഷിണകാനറയും നെഞ്ചോട് ചേര്‍ക്കുന്ന തെയ്യമെന്ന അനുഷ്ഠാനത്തിലൂടെ ലോകത്തെവിടെയുമുള്ള ജനജീവിതത്തിന്റെ ഭാഗമായ വിശ്വാസങ്ങളെയും മണ്ണുമായി ആ വിശ്വാസങ്ങള്‍ക്കുള്ള ജൈവബന്ധത്തെയും ഹൃദയത്തിലെത്തിക്കാന്‍ കഴിവുള്ള ഒരു സിനിമ എന്ന നിലയിലും കൂടിയാണ്.

Tags: തെയ്യം
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies