ഗവര്‍ണര്‍മാര്‍ക്കെതിരെ ഒരു കെട്ടുപരാതിയുമായി സി.പി.എം. നേതാവ് സീതാറാം യച്ചൂരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ മുഖം കാണിച്ചുവത്രെ. ഗവര്‍ണര്‍മാരെ മുന്‍നിര്‍ത്തി ബി.ജെ.പി. രാഷ്ട്രീയക്കരുനീക്കം നടത്തുന്നു എന്നാണ് മുഖ്യ പരാതി. അതില്‍ മുഖ്യകുറ്റവാളി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തന്നെ. നിവേദകസംഘം എത്തിയപ്പോള്‍ രാഷ്ട്രപതി ഒരു കത്തുവായിക്കുകയായിരുന്നു. വായിച്ചു തീര്‍ന്ന കത്ത് യച്ചൂരിയുടെ കയ്യില്‍ കൊടുത്ത് ഇതൊന്ന് വായിച്ചശേഷം മറുപടി തരൂ എന്നു രാഷ്ട്രപതി ആവശ്യപ്പെട്ടത്രെ. യച്ചൂരി എല്ലാവരും കേള്‍ക്കേ കത്ത് ഉറക്കെ വായിച്ചു. കേരള മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയപ്പോള്‍ ഭരണത്തലവനായ തന്നെ അറിയിച്ചില്ല എന്ന കേരള ഗവര്‍ണറുടെ പരാതിയാണ് ആ കത്തിലുള്ളത്. ഇതു ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണ്. പോകുമ്പോള്‍ വിവരം പറയണമെന്നു മാത്രമല്ല, വന്നാലും യാത്രയുടെ ഫലമെന്താണെന്നു അറിയിക്കണം. അതും ഉണ്ടായില്ല. പത്തുദിവസം മുഖ്യമന്ത്രി സംസ്ഥാനംവിട്ടു നിന്നപ്പോള്‍ ആര്‍ക്കാണ് ചുമതല എന്നും അറിയിച്ചില്ല. അതുകൊണ്ടു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സത്യഗ്രഹമിരുന്ന ദയാബായിയുടെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ആരോട് പറയണമെന്ന് നിശ്ചയമില്ലാതായി. സംസ്ഥാനത്ത് നാഥനില്ലാത്ത സ്ഥിതി.
കത്തു വായിച്ചതോടെ യച്ചൂരിയുടെ നാവിറങ്ങിപ്പോയി. കൂടെ വന്നവരെ പിന്നെ മഷിയിട്ടുനോക്കിയിട്ടും കണ്ടില്ല. കത്ത് മറുപടിയ്ക്കായി മുഖ്യമന്ത്രിയെ ഏല്പിക്കാമെന്നു പറഞ്ഞ് യച്ചൂരി സ്ഥലം വിട്ടു എന്നാണ് കേള്‍വി. ഗവര്‍ണര്‍ വിഷയത്തില്‍ ദല്‍ഹിയില്‍ പ്രതിപക്ഷത്തിനായി സി.പി.എം ഒരു സെമിനാര്‍ നടത്തുന്നുണ്ടത്രെ. സെമിനാറിന്റെ ചെലവ് വിജയന് സഖാവില്‍ നിന്ന് യച്ചൂരിയ്ക്ക് കിട്ടുമോ എന്നറിയില്ല.