Saturday, January 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ക്ഷേത്രപ്രവേശനത്തിലൂടെ സാമൂഹ്യസമരസതയിലേക്ക്‌

ഇ.എസ്.ബിജു

Print Edition: 4 November 2022

നവംബര്‍-12 ക്ഷേത്രപ്രവേശന വിളംബരദിനം

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ തിരുമനസ്സ് 1936 നവംബര്‍ 12-ാം തീയതി (1112 തുലാം 27-ാം തീയതി) സുപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചു. തിരുവിതാംകൂറില്‍ അവര്‍ണ്ണ സമുദായക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചുകിട്ടാന്‍ വേണ്ടി ഏറെക്കാലമായി നടന്നുകൊണ്ടിരുന്ന സമരത്തിന്റെ പൂര്‍ണ്ണവിജയമായിരുന്നു പ്രസ്തുത വിളംബരം. ഭാരതത്തില്‍ ഇദംപ്രഥമമായി ഉണ്ടായ ഈ വിളംബരം അവിസ്മരണീയമായ ഒരു ചരിത്ര പ്രമാണമാണ്. ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ തിരുമനസ്സ് അദ്ദേഹത്തിന്റെ 24-ാം പിറന്നാള്‍ ദിനത്തിലാണ് സുപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. ഈ വിളംബരത്തിലൂടെ ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാരുടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ പിന്നാക്കസമൂഹത്തിലുള്ളവര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്ന ആദ്യത്തെ നാട്ടുരാജ്യമായി തിരുവിതാംകൂര്‍ മാറി.

ജന്മനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും നമ്മുടെ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരുവിധ നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ല എന്നവസാനിക്കുന്നതായിരുന്നു വിളംബരം. തിരുവിതാംകൂറിലും പിന്നീട് കേരളമൊട്ടാകെയും സാമൂഹ്യ മുന്നേറ്റത്തിന് കാരണമായിത്തീര്‍ന്ന അതിപ്രധാനമായ ഒരു നാഴികക്കല്ലായി മാറി ക്ഷേത്രപ്രവേശന വിളംബരം.

വലിയൊരു ജനസമൂഹത്തിന് മുന്‍പില്‍ ക്ഷേത്രഗോപുരങ്ങളും ആനവാതിലുകളും തുറക്കപ്പെടുന്നതിലൂടെ നൂറ്റാണ്ടുകളായി അനുഭവിച്ചുവന്നിരുന്ന അടിച്ചമര്‍ത്തലുകളുടെയും അവഗണനകളുടെയും അവഹേളനങ്ങളുടെയും ചങ്ങലകളാണ് മുറിഞ്ഞുവീണത്.

കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളില്‍ ഒന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിന്റെ ഭാഗമായാണ്.

അന്നുവരെ ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന അയിത്തം, അസ്പൃശ്യത തുടങ്ങിയ അനാചാരങ്ങള്‍ക്കും ഒരുപരിധിവരെ അറുതിവരുത്താന്‍ വിളംബരം ഉപകരിച്ചു. പട്ടികജാതി, വനവാസി, പിന്നാക്ക ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് മാത്രമല്ല, പൊതുവഴികളിലും, അമ്പലവഴികളിലും കൂടി സഞ്ചരിക്കാനും അനുവാദമുണ്ടായിരുന്നില്ല. ഇവരെ തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവര്‍ എന്ന് പ്രഖ്യാപിച്ച് അടി അളന്ന് നീക്കി നിര്‍ത്തിയിരുന്ന സാഹചര്യമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. ഈ അനീതിക്ക് പരിഹാരമുണ്ടാക്കാനാണ് നവോത്ഥാന നായകരും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും ശ്രമിച്ചത്.

അയിത്തവും അസ്പൃശ്യതയും മതാചാരത്തിന്റെ ഭാഗമായി കണ്ടിരുന്നതിനാല്‍, സാമൂഹ്യനീതി നിഷേധം തങ്ങളുടെ വിധിയാണെന്നും ധരിച്ച് ജീവിച്ചിരുന്നവരായിരുന്നു പിന്നാക്ക സമൂഹം. യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടും, നീതിനിഷേധവും, ദുരാചാരങ്ങളും, അസ്പൃശ്യതയും, അയിത്തവും സാമൂഹ്യവിപത്തുകളാണ് എന്ന് തിരിച്ചറിഞ്ഞവരുമായ സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളാണ് സാമൂഹ്യ തിന്മകള്‍ക്കെതിരെ രംഗത്ത് വന്നത്. ഇവരോടൊപ്പം മുന്നാക്ക, പിന്നാക്ക വ്യത്യാസമില്ലാതെ ജനസമൂഹം അണിനിരന്നു.

ക്ഷേത്രങ്ങളും, പൊതുവഴികളും എല്ലാവര്‍ക്കുമായി തുറന്നുനല്‍കുന്നതില്‍ യാഥാസ്ഥിതിക സമൂഹത്തില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനെയെല്ലാം അതിജീവിക്കാന്‍ സാമൂഹ്യപരിഷക്കര്‍ത്താക്കള്‍ക്ക് കഴിഞ്ഞു എന്നതാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണഭൂതമായി സംഭവിച്ച പ്രധാന കാര്യം.

1936 ലെ വിളംബരം അതുകൊണ്ടുതന്നെ അന്ന് നിലനിന്നിരുന്ന സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരെയുള്ള പരിഷ്‌ക്കരണത്തിന് നാന്ദി കുറിച്ചു.

പിന്നാക്ക ജനസമൂഹങ്ങളുടെ അവശതയ്ക്ക് പരിഹാരം കാണാനുള്ള ശ്രമം തിരുവിതാംകൂറില്‍ 19-ാം നൂറ്റാണ്ടിന്റെ ആരംഭദശകത്തില്‍ തന്നെ തുടക്കം കുറിച്ചിരുന്നു. 18, 19 നൂറ്റാണ്ടുകളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ രൂക്ഷമായ ഉച്ചനീചത്വവും, സാമൂഹ്യതിന്മകളും ഭാരതമൊട്ടാകെയും വ്യാപിച്ചിരുന്നു. കേരളത്തിലെ സ്ഥിതി മറ്റെവിടെത്തേക്കാളും അധ:പതിക്കുകയും ചെയ്തിരുന്നു. ഇത് നേരില്‍കണ്ടാണ് 1897 ല്‍ കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍, മദ്രാസികള്‍ ഭ്രാന്തന്മാരാണ്, അവര്‍ വസിക്കുന്ന സ്ഥാനം ഭ്രാന്താലയവുമാണ് എന്ന് പ്രസ്താവിക്കേണ്ടിവന്നത്.

ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കള്‍, താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളോട് കാണിച്ചിരുന്ന ക്രൂരമായ അനീതിയാണ് വിവേകാനന്ദനെ അത്തരം ഒരു പദപ്രയോഗത്തിന് പ്രേരിപ്പിച്ചത്. അദ്ദേഹം പറഞ്ഞു മലയാള നാട്ടില്‍ ഞാന്‍ കണ്ടതിനേക്കാള്‍ ആക്ഷേപാര്‍ഹമായി മറ്റെന്തെങ്കിലും ഉണ്ടോ? ഉയര്‍ന്ന ഹിന്ദു നടക്കുന്ന വഴിയില്‍ക്കൂടി താഴ്ന്ന ഹിന്ദുവിന് നടന്നുകൂടാ. എന്നാല്‍ അതേ ആള്‍ പോയി ക്രിസ്ത്യന്‍ പേരോ, മുസ്ലീം പേരോ സ്വീകരിച്ചാല്‍ അയാളെ വീടിനകത്ത് കയറ്റി സല്‍ക്കരിക്കാം, എല്ലാവിധ മാന്യതയും നല്‍കാം. ഇതില്‍നിന്ന് എന്തുനിഗമനത്തിലാണ് നിങ്ങള്‍ എത്തിച്ചേരുന്നത്. മലയാളനാട് ഭ്രാന്താലയമാണെന്നും മലയാളികള്‍ ഭ്രാന്തന്മാരും ആണെന്നല്ലേ? അവര്‍ ഈ തെറ്റ് തിരുത്തുകയും, ശരിയായി പെരുമാറാന്‍ പഠിക്കുകയും ചെയ്യുന്നതുവരെ മറ്റ് പ്രദേശങ്ങളില്‍ ഉള്ളവര്‍ അവരോട് അവജ്ഞയോടും അപഹാസത്തോടും മാത്രമേ പെരുമാറാവൂ.

കോപവും വേദനയും നിറഞ്ഞു നില്‍ക്കുന്ന സ്വാമിജിയുടെ ഈ വാക്കുകള്‍ ഒട്ടും അസ്ഥാനത്തല്ലായിരുന്നു എന്ന് കേരളത്തിലെ അന്നത്തെ സാമൂഹ്യ വ്യവസ്ഥ പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിയില്‍പെട്ടവരോട് കാട്ടിയിരുന്ന അനീതി മാത്രമായിരുന്നില്ല കേരളത്തെ ഭ്രാന്താലയമാക്കിയത്. മുന്നാക്ക പിന്നാക്ക സമൂഹങ്ങള്‍ അവയില്‍പെട്ട ജാതികളും ഉപജാതികളും എല്ലാം അടിമുടി ഒരുപോലെ ദുഷിച്ചിരുന്നു. ജാതി ശ്രേണിയില്‍ ഏറ്റവും മുകളില്‍ നമ്പൂതിരിമാരും, താഴോട്ട് യഥാക്രമം നായര്‍, ഈഴവ, പുലയര്‍, മറ്റധകൃതജാതികള്‍ എന്നിവരുമായിരുന്നു ഹിന്ദുസമൂഹത്തിന്റെ മറ്റ് ഘടകങ്ങള്‍. ഓരോ ജാതിക്കാരും അവരേക്കാള്‍ ഉയര്‍ന്ന ജാതിക്കാരുടെ ചവിട്ടേറ്റ് വിലപിക്കുകയും, അതേസമയം അവരേക്കാള്‍ താഴ്ന്ന ജാതിക്കാരെ അത്രതന്നെ ക്രൂരമായി ചവിട്ടി നിലവിളിപ്പിക്കുകയും ചെയ്തിരുന്നു. അടിമകള്‍, മറ്റടിമകളെ അടിച്ചമര്‍ത്തി മേന്മനടിക്കുന്ന വിചിത്രവും വികൃതവുമായ കാഴ്ചയായിരുന്നു അന്ന് കാണാന്‍ കഴിഞ്ഞിരുന്നത്.

നമ്പൂതിരി മുതല്‍ നായാടി വരെയുള്ള നിരവധി ജാതികളും ഉപജാതികളും അടങ്ങുന്ന ഹൈന്ദവ സമൂഹം നൂറ്റാണ്ടുകളായി നിലനിന്നുപോന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് വരിഞ്ഞുകെട്ടപ്പെട്ടിരുന്നു. ഈ സ്ഥിതി തുടരുമ്പോഴും ഓരോ കൂട്ടരും മറുകൂട്ടരെ ചവിട്ടിത്താഴ്ത്തുന്നതില്‍ അഭിമാനം പൂണ്ടിരുന്നു. ഹിന്ദുക്കളുടെ ഈ തൊഴുത്തില്‍കുത്തിനെ മതപരിവര്‍ത്തനശക്തികള്‍ മുതലെടുത്ത് മകരക്കൊയ്ത്ത് നടത്തി. അയിത്തം നിമിത്തം വന്ന വലിയൊരാപത്ത് മതപരിവര്‍ത്തനം ആയിരുന്നു. അയിത്തം മൂലം വഴിനടക്കാന്‍ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഹിന്ദുസമൂഹത്തിലെ അനേക ലക്ഷം സാധുവിഭാഗജനതയെ ബ്രിട്ടീഷ് ഭരണത്തിന്റെയും, ഹിന്ദുരാജാക്കന്മാരുടെ പ്രോത്സാഹനത്തിന്റെയും സഹായത്തോടു കൂടി മതപരിവര്‍ത്തനം ചെയ്തു. (എഡി 1836) കൊല്ലവര്‍ഷം 1011 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം പുലയ, പറയ സമൂഹങ്ങള്‍ ഈഴവരുടേതില്‍നിന്നും ജനസംഖ്യയില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. കൊച്ചി ഭാഗത്തെ പട്ടിക വിഭാഗം ജനങ്ങള്‍ ക്രിസ്തുമതത്തിലേക്കും, മലബാര്‍ ഭാഗത്തെ ജനങ്ങള്‍ മുസ്ലീം വിഭാഗത്തിലേക്കും മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇത്തരം മതപരിവര്‍ത്തനങ്ങളും സാമൂഹ്യതിന്മകളും ക്ഷേത്രപ്രവേശന വിളംബരത്തിന് പ്രേരണയായിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ക്ഷേത്രപ്രവേശന പ്രക്ഷോഭവും, തുടര്‍ന്ന് നടന്ന ഹൈന്ദവ കൂട്ടായ്മകളും, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചത്.

ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, അയ്യാവൈകുണ്ഠ സ്വാമികള്‍, തൈക്കാട് അയ്യാവ്‌സ്വാമി, ശുഭാനന്ദഗുരുദേവന്‍, ഡോ. പല്‍പ്പു, മഹാകവി കുമാരനാശാന്‍, സി.വി കുഞ്ഞിരാമന്‍, ടി.കെ മാധവന്‍, അയ്യങ്കാളി, കാവാരിക്കുളം കണ്ഠന്‍ കുമാരന്‍, കെ. കേളപ്പന്‍, എ.കെ. ഗോപാലന്‍, ടി.എസ്. തിരുമുമ്പ്, മന്നത്തുപത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള തുടങ്ങിയവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും, രാഷ്ട്രീയ സാമൂഹ്യ ഇടപെടലുകളിലൂടെയും, ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. സാമൂഹ്യമുന്നേറ്റങ്ങളില്‍ നീതി നിഷേധിക്കപ്പെട്ടവരെ പങ്കാളികളാക്കി അയ്യങ്കാളിയും, ടി.കെ. മാധവനും അടക്കമുള്ള ജനകീയ നേതാക്കള്‍ പൊതുസഭകളില്‍ പിന്നാക്കജനസമൂഹങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി സാമൂഹ്യജീര്‍ണതകള്‍ക്ക് പരിഹാരം തേടി.

പിന്നാക്കക്കാരായ അവശജനസമൂഹവും, അവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച മുന്നാക്കസമൂഹത്തിലും, പിന്നാക്കസമൂഹങ്ങളിലും പെട്ട അധികാര സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ജനസ്‌നേഹികളും നടത്തിയ ഐതിഹാസികമായ നിരവധി പ്രക്ഷോഭങ്ങളുടെ പരിണത ഫലമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം എന്നത് ചരിത്രത്തെ നേര്‍ദിശയില്‍ നോക്കി കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.

ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെ ആരംഭ കാലഘട്ടമായിരുന്നു 1920 മുതല്‍ അങ്ങോട്ടുള്ള കാലം. 1920 മെയ് 13-ാം തീയതി ചേര്‍ന്ന എസ്.എന്‍.ഡി.പി. യോഗത്തിന്റെ പതിനേഴാം വാര്‍ഷിക സമ്മേളനത്തിലാണ് സര്‍ക്കാര്‍ വകയായുള്ള എല്ലാ പൊതുക്ഷേത്രങ്ങളിലും ജാതിഭേദം കൂടാതെ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ഹൈക്കോര്‍ട്ട് ജഡ്ജിയായിരുന്ന സി. രാമന്‍തമ്പി ഈ ആവശ്യത്തെ പിന്താങ്ങിക്കൊണ്ട് ശക്തമായ ഒരു പ്രസംഗം നടത്തി. ഇതേ കാലത്ത് തന്നെ 46 ഹിന്ദുക്കളായ പ്രജാസഭാമെമ്പര്‍മാര്‍ എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും ഹിന്ദുക്കളായ എല്ലാ വര്‍ഗ്ഗക്കാര്‍ക്കും പ്രവേശിച്ച് ആരാധന നടത്തുന്നതിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു മെമ്മോറിയല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.

വെക്കത്തമ്പലത്തിനടുത്ത് ചുറ്റുപാടുമുള്ള നിരത്തുകളില്‍ ഈഴവരാദി പിന്നാക്കക്കാര്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള സമരമാണ് ആദ്യമായി ആരംഭിച്ചത്. എസ്.എന്‍.ഡി.പി. നേതാവും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വക്താവുമായിരുന്ന ടി.കെ.മാധവന്‍ കാക്കിനാഡാ കോണ്‍ഗ്രസ്സില്‍ വച്ച് മഹാത്മാഗാന്ധിജിയെ കണ്ട് സംസാരിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടും കോണ്‍ഗ്രസ്സിന്റെ പിന്തുണയോടും കൂടി 1924 മാര്‍ച്ച് 30 നാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്.

ടി.കെ.മാധവന്‍, സി.വി.കുഞ്ഞിരാമന്‍, ആലുംമൂട്ടില്‍ ചാന്നാന്‍ തുടങ്ങിയ ഈഴവ നേതാക്കള്‍ക്ക് പുറമെ മന്നത്ത് പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, കെ.പി.കേശവമേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ.കേളപ്പന്‍, എ.കെ. പിള്ള, കെ.ആര്‍.കൃഷ്ണസ്വാമിഅയ്യര്‍ തുടങ്ങിയ മുന്നാക്കസമൂഹത്തില്‍പ്പെട്ട നേതാക്കളും ഈ സംരംഭത്തില്‍ സജീവമായി സഹകരിച്ചു. ആദ്യദിവസം സത്യഗ്രഹം നടത്തിയത് ബാഹുലേയന്‍ കുഞ്ഞാപ്പി, ഗോവിന്ദപണിക്കര്‍ എന്നിവരായിരുന്നു. ഈഴവ- പുലയ – നായര്‍ സമൂഹത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍. നൂറ്റാണ്ടുകളായി അറ്റുപോയിരുന്നതും, ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും ചേര്‍ന്ന് പുനരുജ്ജീവിപ്പിച്ചതുമായ മുന്നാക്ക പിന്നാക്ക സമൂഹ സൗഹൃദത്തിന്റെ സുവര്‍ണ ദൃശ്യമായിരുന്നു വൈക്കം സത്യഗ്രഹത്തില്‍ തുടര്‍ന്ന് പ്രകടമായത്. അതോടൊപ്പം അജയ്യമായ അഖിലേന്ത്യാ ആവേശവും നാടെങ്ങും അലയടിച്ചു.

രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സഹായങ്ങളും പിന്തുണയും ഏറിവന്നു. സംസ്ഥാനത്തെ പല പ്രദേശങ്ങളില്‍നിന്നും സത്യഗ്രഹം കാണുവാനായി ആബാലവൃദ്ധം ജനങ്ങള്‍ വൈക്കത്തേക്കൊഴുകി. കാശിയില്‍ കൂടിയ അഖിലേന്ത്യാ ഹിന്ദുസഭ സഞ്ചാരസ്വാതന്ത്ര്യം മാത്രമല്ല ക്ഷേത്രപ്രവേശനവും അനുവദിക്കണമെന്ന നിശ്ചയത്തെ മഹാരാജാവിനെ അറിയിച്ചു. സ്വാമി ശ്രദ്ധാനന്ദന്‍ വൈക്കത്തെത്തി അകാലി ഗുരുദ്വാര പ്രബന്ധക് കമ്മറ്റി നിയോഗിച്ച സംഘം സത്യഗ്രഹികള്‍ക്കെല്ലാം ഭക്ഷണം പാകം ചെയ്തു കൊടുക്കാനുള്ള ചുമതല ഏറ്റെടുത്തു.

അക്കൊല്ലം ഈഴവ – നായര്‍ സമൂഹങ്ങളുടെ നേതൃത്വത്തിലുള്ള സംഘടനകളായ എസ്.എന്‍.ഡി.പി യോഗവും നായര്‍ മഹാജനസഭയും എസ്.എന്‍.ഡി.പി. യോഗം സമ്മേളന പന്തലില്‍ വച്ചാണ് നടന്നത്. ഈ രണ്ട് സമുദായങ്ങളുടെയും നേതൃത്വത്തിലുള്ള സംയുക്ത സമ്മേളനവും വൈക്കത്ത് നടന്നു. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പതിനായിരത്തിലധികം ഈഴവ – നായര്‍ സമൂഹങ്ങളാണ് സന്നിഹിതരായത്. സത്യഗ്രഹത്തിനനുകൂലമായി പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള ചുമതലയും മുന്നാക്ക സമൂഹത്തിനുള്ളില്‍ അഭിപ്രായ രൂപീകരണം നടത്താനുള്ള ചുമതലയും, മുന്നാക്ക സമൂഹ നേതാക്കള്‍ ഏറ്റെടുത്തു. അതിനായി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്ത് നിന്ന് തിരുവനന്തപുരം വരെ സവര്‍ണജാഥ സംഘടിപ്പിക്കപ്പെട്ടു.

നമ്പൂതിരിമാര്‍ മുതല്‍ നായര്‍ വരെയുള്ള എല്ലാ വിഭാഗം സമൂഹങ്ങളുടെ നേതാക്കളും അംഗങ്ങളും ജാഥയില്‍പെട്ടിരുന്നു. വഴിനീളെ സ്ത്രീജനങ്ങള്‍ ഉള്‍പ്പെടെയുള്ള ജനാവലി നിറപറയും നിലവിളക്കും വച്ച് ജാഥയെ എതിരേറ്റു. സഞ്ചാരസ്വാതന്ത്ര്യത്തിന് 95% ജനങ്ങളും അനുകൂലമാണെന്ന് പ്രസ്തുത ജാഥ തെളിയിച്ചു. വൈക്കം സത്യഗ്രഹത്തില്‍ പ്രകടമായി കണ്ട ഹൈന്ദവഐക്യം ഏറെക്കാലം അഭംഗുരം നിലനിന്നു. മന്നത്തിന്റെ മധുരമായ ശൈലിയില്‍ അദ്ദേഹം പറഞ്ഞു, ഞാനും ടി.കെ.മാധവനും ശ്രീരാമലക്ഷ്മണന്‍മാരാണ്. എസ്.എന്‍.ഡി.പി യിലും എന്‍.എസ്.എസ്സിലും ഞങ്ങള്‍ക്ക് പ്രത്യേക താത്പര്യവും ചുമതലയും ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ രണ്ടാളുടെയും ജീവശ്വാസം ഹിന്ദുക്കളുടെ ഏകീകരണമാണ്. ഞങ്ങളുടെ ജീവശ്വാസം ഹിന്ദുഐക്യമാണ്. മാധവന്റെ അന്ത്യനിമിഷംവരെ ആ ബന്ധം ദൃഢമായി നിലനിന്നു. ഹൈന്ദവ ഐക്യത്തിനായുള്ള കളമൊരുങ്ങലായി ക്ഷേത്രപ്രവേശന പ്രക്ഷോഭം. 1925 നവംബര്‍ 23 ന് വൈക്കം സത്യഗ്രഹം വിജയകരമായി പര്യവസാനിച്ചു.

വൈക്കം സത്യഗ്രഹത്തിന്റെ ഫലമായി വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികള്‍ പിന്നാക്ക ജനസമൂഹങ്ങള്‍ക്ക് തുറന്നുകൊടുത്തു എങ്കിലും ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. 1932 ല്‍ ക്ഷേത്രപ്രവേശനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അന്നത്തെ ദിവാനായിരുന്ന വി.എസ്.സുബ്രഹ്‌മണ്യ അയ്യര്‍ അദ്ധ്യക്ഷനായുള്ള സമിതിയെ മഹാരാജാവ് നിയോഗിച്ചിരുന്നു. സമിതി രണ്ട് വര്‍ഷത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല.

വൈക്കം സത്യഗ്രഹത്തോടെയാണ് പിന്നാക്ക ജനവിഭാഗങ്ങളോട് അധികാരികള്‍ കാട്ടുന്ന ജാതിപരമായ അനീതിയും വിവേചനവും അഖിലേന്ത്യാതലത്തില്‍തന്നെ ശ്രദ്ധനേടിയത് അവഗണിക്കപ്പെടുന്ന സമൂഹത്തില്‍ നിന്ന് ക്ഷേത്രപ്രവേശനം എന്ന ആവശ്യത്തിന് മുറവിളിയും ഉയര്‍ന്നു.
വൈക്കം സത്യഗ്രഹത്തിന് ശേഷം 1931 നവംബര്‍ 1 ന് ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിന് പ്രസ്തുത സ്ഥലം തന്നെ തിരഞ്ഞെടുത്തത് യാഥാസ്ഥിതിക സമൂഹത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം എന്ന നിലയ്ക്കാണ്.

സത്യഗ്രഹത്തിന്റെ മുന്നോടിയായി കണ്ണൂരില്‍നിന്ന് ഗുരുവായൂരിലേക്ക് സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ സവര്‍ണജാഥ പുറപ്പെട്ടു. ജാഥയുടെ വാളണ്ടിയര്‍ ക്യാപ്റ്റന്‍ എ.കെ. ഗോപാലന്‍ ആയിരുന്നു. എ.കെ.ജിക്ക് മര്‍ദ്ദനമേറ്റതോടെ ക്ഷോഭിച്ച ജനങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഏകാദശിനാള്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ ഉപവാസ സമരം ആരംഭിച്ചു. സമരം മാസങ്ങള്‍ പിന്നിട്ടിട്ടും സാമൂതിരിയില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. പക്ഷെ സാധാരണ ജനങ്ങളും വിവിധ സാമുദായിക സംഘടനകളും നേതാക്കളും കൂടുതല്‍ കൂടുതല്‍ വാശിയോടെ രംഗത്ത് വന്നു. സരോജിനി നായിഡു, വിജയരാഘവാചാരി, മന്നം, സ്വാമി ആഗമാനന്ദന്‍ തുടങ്ങിയവര്‍ ഒരുവശവും, പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ഛന്റെ നേതൃത്വത്തില്‍ യാഥാസ്ഥിതികര്‍ മറുവശത്തും അണിചേര്‍ന്നു. സമരം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫലമില്ലാത്ത സ്ഥിതിയില്‍ കേളപ്പജി മരണോപവാസം പ്രഖ്യാപിച്ചു. കേളപ്പജിയുടെ ആരോഗ്യനിലയില്‍ ആശങ്കാകുലരായ ജനങ്ങള്‍ ഗാന്ധിജിയെ നേരില്‍കണ്ട് സത്യഗ്രഹം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കേളപ്പജിയുടെ ആരോഗ്യം തീരെ വഷളായതിനാലും, സാമൂതിരിക്ക് ആലോചിക്കാന്‍ കൂടുതല്‍ സമയം കൊടുക്കേണ്ടതിനാലും, ഗാന്ധിജിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേളപ്പജി സമരം അവസാനിപ്പിച്ചു. ഗുരുവായൂര്‍ സത്യഗ്രഹം പ്രത്യക്ഷത്തില്‍ വിജയിച്ചില്ലെന്ന് തോന്നാമെങ്കിലും കേരളീയ സമൂഹത്തെ ക്ഷേത്രപ്രവേശനത്തിന് പാകമാക്കാന്‍ ആ സമരത്തിന് സാധിച്ചു. ക്ഷേത്രപ്രവേശനത്തിലേക്കുള്ള ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ പ്രസ്തുത സമരം സഹായിച്ചുവെന്ന് നിസ്സംശയം പറയാം.

ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം സവര്‍ണര്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധനയില്‍ 78% മുന്നാക്ക സമൂഹ അംഗങ്ങളും ക്ഷേത്രപ്രവേശനത്തിന് അനുകൂലമാണെന്ന് തെളിഞ്ഞു. 1932 ല്‍ ക്ഷേത്രപ്രവേശനത്തിനോടുള്ള ജനപിന്തുണ വിലയിരുത്താന്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. തന്ത്രി തരണനെല്ലൂരിന്റെ പ്രതിനിധിയായി പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ, മഹാകവി ഉള്ളൂര്‍, ടി.കെ വേലുപിള്ള, പിന്നോക്ക സമുദായത്തില്‍നിന്ന് ടി.കെ കേശവശാസ്ത്രി എന്നിവരായിരുന്നു അംഗങ്ങള്‍. തെളിവെടുപ്പിന് ശേഷം കമ്മീഷന്‍ ഗവണ്‍മെന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സവര്‍ണരില്‍ ബഹുഭൂരിഭാഗവും, നായര്‍ സമൂഹത്തില്‍ ഏറെക്കുറെ മുഴുവന്‍ പേരും, സ്ത്രീകള്‍ 100 ശതമാനവും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി തെളിവ് നല്‍കിയതായി ചൂണ്ടിക്കാട്ടി. ഉടനെതന്നെ ക്ഷേത്രപ്രവേശനം നല്‍കണമെന്ന് മഹാകവി ഉള്ളൂരും, കൊടുക്കരുതെന്ന് പുന്നശ്ശേരി നീലകണ്ഠശര്‍മ്മയും ഭിന്നാഭിപ്രായങ്ങളെഴുതി. കൂട്ടമതംമാറ്റം തടയാന്‍ ക്ഷേത്രപ്രവേശനം മാത്രമെ വഴിയുള്ളു എന്നാണ് ഉള്ളൂര്‍ പറഞ്ഞത്. മഹാത്മജി നേരിട്ട് ചെന്ന് റീജന്റ് മഹാറാണിയെകണ്ട് ഉന്നയിച്ച ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തോട് മഹാറാണി അനുകൂലമായി പ്രതികരിച്ചതിന്റെയും ഫലമായിരുന്നു ക്ഷേത്രപ്രവേശന വിളംബരത്തില്‍ 1936 നവംബര്‍ 12 ന് ഒപ്പുവച്ചത്.

തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ഉണ്ടായ പ്രധാനനേട്ടം തിരുവിതാംകൂറില്‍ നടപ്പായ ക്ഷേത്രപ്രവേശനം കൊച്ചി, മലബാര്‍ പ്രദേശങ്ങളിലും നടപ്പായി എന്നതാണ്. ക്ഷേത്രപ്രവേശനം സാധ്യമായതിലൂടെ ഹിന്ദുക്കളെ ജാതിയുടെയും, സാമൂഹ്യ അസമത്വങ്ങളുടെയും പേരില്‍ അകറ്റിനിര്‍ത്തുന്ന പ്രവണതകള്‍ക്ക് തടയിടാന്‍ കഴിഞ്ഞു. ഹിന്ദു സമൂഹത്തില്‍ ഏകഭാവനയും, സാമൂഹ്യസമരസതയും സംജാതമായി. പിന്നാക്കസമുദായങ്ങളില്‍നിന്ന് അന്യമതത്തിലേക്കുളള കുത്തൊഴുക്ക് തടയപ്പെടുകയും, സ്വസമൂഹത്തെക്കുറിച്ച് ആത്മാഭിമാനം ഉണ്ടാകുകയും ചെയ്തു എന്നത് വിളംബരത്തിലൂടെ ലഭിച്ച വലിയൊരു നേട്ടമാണ്. ഹിന്ദുക്കള്‍ക്കിടയില്‍ നിരീശ്വരവാദവും, കോണ്‍ഗ്രസ്സിനോടുള്ള വിരോധവും വളര്‍ത്തി കേരളം കൈപ്പിടിയിലൊതുക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ പയറ്റിയ ഗൂഢതന്ത്രങ്ങളും ഇതിലൂടെ പരാജയപ്പെട്ടു. ഖിലാഫത്ത് ലഹളയിലൂടെ കേരളത്തില്‍ കോണ്‍ഗ്രസ്സിനുണ്ടായ നാണക്കേട് ക്ഷേത്രപ്രവേശനവിളംബരത്തോടെ തുടച്ചുനീക്കുകയും ചെയ്തു. ക്ഷേത്രപ്രവേശന വിളംബരത്തില്‍ നിന്ന് ഉണ്ടായ ആവേശം കേരളീയ സമൂഹത്തില്‍ നിരവധി പരിഷ്‌ക്കരണങ്ങള്‍ക്കും നവോത്ഥാന മുന്നേറ്റത്തിനും കാരണമായി ഭവിച്ചു. ക്ഷേത്രപ്രവേശനത്തിനും നീതി നിഷേധത്തിനും എതിരെ പ്രക്ഷോഭം നടത്തി വിജയംവരിച്ച സമൂഹത്തിന് പാലിയം വിളംബരത്തിലൂടെ ഏതൊരാള്‍ക്കും കര്‍മ്മംകൊണ്ട് ബ്രാഹ്‌മണ്യം നേടാമെന്നും ഏതൊരാള്‍ക്കും ക്ഷേത്രശ്രീകോവില്‍ പ്രവേശനത്തിനായി പൂജാപഠനവും പൂജാധികാരവും നേടാം എന്ന് താന്ത്രിക, വൈദിക ആചാര്യന്മാരെകൊണ്ട് സ്വയം പ്രേരിതരായി പ്രഖ്യാപിക്കാന്‍ മാധവ്ജി എന്ന സ്വയം സമര്‍പ്പിത ദേശഭക്തന് കഴിഞ്ഞു എന്നത് വിസ്മരിക്കാന്‍ സാധ്യമല്ല.

1937 ജനുവരി മാസത്തിലാണ് മഹാത്മജി കേരളം സന്ദര്‍ശിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിന് അഭിനന്ദനം പ്രകടിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ജനുവരി 13 മുതല്‍ 23 വരെ നീണ്ടുനിന്ന പര്യടനത്തില്‍ തിരുവിതാംകൂറിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും 27 ഓളം യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലേക്ക് ഒരു വിനീതനായ തീര്‍ത്ഥാടകനായാണ് ഞാനിപ്പോള്‍ വരുന്നത്, അസ്പൃശ്യനായിരുന്ന ഒരുവന്‍ പൊടുന്നനെ സ്പര്‍ശ്യനായിതീര്‍ന്ന അനുഭവമാണിപ്പോള്‍ ഉണ്ടാകുന്നതെന്ന് തിരുവനന്തപുരത്തെ സ്വീകരണയോഗത്തില്‍ അദ്ദേഹം പ്രസ്താവിച്ചു.
തുടര്‍ന്ന് പതിനായിരക്കണക്കിന് ഹരിജനങ്ങളാല്‍ അനുഗതനായി ഗാന്ധിജി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. കേരളം തനിക്കൊരു തീര്‍ത്ഥാലയം ആയിത്തീര്‍ന്നിരിക്കുന്നു. തന്റെ യാത്ര ശരിക്കുമൊരു തീര്‍ത്ഥാലയ യാത്രയാണെന്നും ഗാന്ധിജി ആവര്‍ത്തിച്ചു പറഞ്ഞു. ഇനിമേല്‍ കേരളത്തിലെ ക്ഷേത്രസന്നിധിയില്‍ താഴ്ന്ന ജാതിക്കാരും ഉയര്‍ന്നജാതിക്കാരും ഇല്ല. ഹരിജനങ്ങള്‍ മാത്രമേ ഉള്ളൂ. (ദൈവത്തിന്റെ മക്കള്‍). നമുക്ക് ഇനി ഒന്നായിരിക്കാം. തിരുവിതാംകൂറിന്റെ മാതൃക അനുകരണീയമായി കരുതി മറ്റ് സംസ്ഥാനങ്ങളും ആ വഴി പിന്‍തുടരുമെന്നും അദ്ദേഹം പറഞ്ഞു. 1897 കാലഘട്ടത്തില്‍ ഭ്രാന്താലയമായിരുന്ന കേരളത്തെ 40 വര്‍ഷക്കാലത്തെ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ തീര്‍ത്ഥാലയമാക്കിത്തീര്‍ക്കാന്‍ ഹൈന്ദവ നവോത്ഥാനത്തിന്റെ ശില്പികള്‍ക്ക് കഴിഞ്ഞു.

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നവോത്ഥാന നായകരും, സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും നടത്തിയ മാതൃകാപരവും സമര്‍പ്പിതവും ആയ പ്രവര്‍ത്തനവും, കേരളീയ മനസ്സുകളെ ജാതിക്കതീതമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാക്കി.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം യാഥാസ്ഥിതികരായ ഹിന്ദുക്കള്‍ക്ക് ഒരു അശനിപാതവും, മര്‍ദ്ദിതരായ പിന്നാക്കവിഭാഗങ്ങള്‍ക്ക് ആശയുടെയും ആഹ്ലാദത്തിന്റെയും സന്ദേശവുമായിരുന്നു. ഈ വിളംബരം ഹൈന്ദവസമുദായത്തില്‍ നിശ്ശബ്ദവും രക്തരഹിതവുമായ വിപ്ലവമുണ്ടാക്കി. കൊച്ചിയിലും മലബാറിലും ഈ വിധമൊരു പരിഷ്‌കാരമുണ്ടാക്കാന്‍ പിന്നെയും ഒരു പതിറ്റാണ്ട് വേണ്ടിവന്നു.

1947 ലെ മദിരാശി ക്ഷേത്രപ്രവേശന നിയമം ഈ പരിഷ്‌ക്കാരത്തെ മലബാര്‍ പ്രദേശത്തേക്കും വ്യാപിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിയോടുകൂടി നിയമനിര്‍മ്മാണം കൊണ്ട് അയിത്തം നിര്‍ത്തലാക്കപ്പെട്ടു. കൊച്ചി രാജാവ് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശാവകാശ ദാന വിളംബരം (1948 ഏപ്രില്‍) കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ ജാതിവ്യത്യാസമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിച്ചു. അയിത്തോച്ചാടനത്തിനുവേണ്ടി കേരളത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന പ്രക്ഷോഭം ഇതിലൂടെ വിജയപര്യവസായിയായി.

ക്ഷേത്ര പ്രവേശനവിളംബരം കേരളീയ സമൂഹത്തെ അടി അളന്ന് അകറ്റി നിര്‍ത്തിയ സാമൂഹ്യ സാഹചര്യത്തില്‍ നിന്ന് ഒന്നിച്ച് ചിന്തിക്കുവാനും, പ്രവര്‍ത്തിക്കാനും, പ്രാര്‍ത്ഥിക്കാനും സജ്ജരാക്കിയെങ്കില്‍ സംസ്ഥാനത്ത് ഇന്ന് നിലനില്‍ക്കുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ അതിരൂക്ഷമാണ്. കേരളീയ സമൂഹത്തെ ശിഥിലമാക്കാനും ഹിന്ദു സമാജത്തെ അനൈക്യത്തിലേക്ക് നയിക്കുവാനും, ഹിന്ദു സമാജത്തെ പലതട്ടിലാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്നതിനും ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുമ്പോള്‍ ജാഗ്രതയോടെ ഇതിനെതിരെ രംഗത്തുവരാനും ഹിന്ദു സമൂഹം സജ്ജരാകണം എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.

(ഹിന്ദുഐക്യവേദി സംസ്ഥാന വക്താവാണ് ലേഖകന്‍)

Share11TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies