- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- ലവകുശന്മാരുടെ കുസൃതി (വീരഹനുമാന്റെ ജൈത്രയാത്ര 19)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
സീതാദേവി തന്റെ മക്കളായ ലവകുശന്മാരോടൊപ്പം വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിയുന്ന കാലം. ശ്രീരാമഭക്തനായ ഹനുമാന് ആ കുസൃതിക്കുട്ടന്മാരെ നേരില്‍ കാണണമെന്ന് ഒരാഗ്രഹമുണ്ടായി.
ഒരുദിവസം ഹനുമാന്‍ അവരെ കാണാനായി വാല്മീകിയുടെ ആശ്രമത്തിലെത്തി. ഈ സമയത്ത് ലവകുശന്മാര്‍ ആശ്രമപ്പൂന്തോപ്പിലിരുന്ന് മണ്ണപ്പം ചുട്ടുകളിക്കുകയായിരുന്നു.
പതിവില്ലാത്തവിധം ഒരു കുരങ്ങന്‍ ആശ്രമ കവാടത്തിലൂടെ അകത്തേക്കു വരുന്നത് കുട്ടികള്‍ രണ്ടുപേരും കണ്ടു.
അവര്‍ വേഗം അങ്ങോട്ട് ഓടിച്ചെന്നു: ”ഏയ് കുരങ്ങച്ചാ, അനുവാദമില്ലാതെ ആശ്രമവളപ്പിലേക്കു കടക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? വേഗം പുറത്തുകടക്കൂ”. ലവകുശന്മാര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.
”എന്ത്! കുരങ്ങച്ചനെന്നോ? എന്നെയാരും കുരങ്ങച്ചനെന്നു വിളിക്കാറില്ല. ഞാന്‍ വെറുമൊരു കുരങ്ങനല്ല” -ഹനുമാന്‍ പറയാന്‍ തുടങ്ങി.
”പിന്നെ നീയാര്? കൊമ്പനാനയോ?”
-ലവന്‍ ചോദിച്ചു.
”ഞാനൊരു ദിവ്യശക്തിയുള്ള കുരങ്ങനാണ് ”
-ഹനുമാന്‍ അറിയിച്ചു.
”എന്ത്! ദിവ്യശക്തിയുള്ള കുരങ്ങനോ? എങ്കില്‍ കേള്‍ക്കട്ടെ നിനക്കെന്ത് ദിവ്യശക്തിയാണുള്ളത്?”
-കുശന്‍ ചോദിച്ചു.
”കടലിനുമീതെ ചാടാനും മലകള്‍ ഉയര്‍ത്തിപ്പിടിക്കാനും എനിക്കു കഴിയും”
-ഹനുമാന്‍ അറിയിച്ചു.
”പിന്നെ എന്തൊക്കെ കഴിയും?” -ലവന്‍ ചോദിച്ചു.
”വാലില്‍ കൊളുത്തിയ തീകൊണ്ട് ഒരു നഗരം മുഴുവന്‍ ചുട്ടുചാമ്പലാക്കാനും എനിക്കു കഴിഞ്ഞിട്ടുണ്ട് ” -ഹനുമാന്‍ വിശദീകരിച്ചു.
”ങും, ബഡായി പറഞ്ഞ് ഞങ്ങളെ പറ്റിക്കാന്‍ നോക്കുന്നോ? നിന്നെ ഞങ്ങള്‍ വെറുതെ വിടില്ല” -ലവനും കുശനും ചേര്‍ന്ന് ഹനുമാനെ പിടികൂടി. എന്നിട്ട് കാട്ടുവള്ളികള്‍കൊണ്ട് വരിഞ്ഞുകെട്ടി. അനങ്ങാന്‍പോലും വയ്യാത്ത വിധത്തില്‍ വീരഹനുമാന്‍ ബന്ധനത്തിലായി!
പിന്നെ രണ്ടുകുമാരന്മാരും കൂടി ആ ദിവ്യവാനരനെ വലിച്ചിഴച്ച് ആശ്രമത്തിലുള്ള സീതാദേവിയുടെ അരികിലേക്ക് കൊണ്ടുപോയി. എത്രശ്രമിച്ചിട്ടും കാട്ടുവള്ളികള്‍ കൊണ്ടുള്ള ആ ബന്ധനം തകര്‍ക്കാന്‍ ഹനുമാന് കഴിഞ്ഞില്ല.
ഒരു വഴിയും കാണാതായപ്പോള്‍ ഹനുമാന്‍ ഉച്ചത്തില്‍ രാമനാമം ജപിക്കാന്‍ തുടങ്ങി: ‘രാമ രാമ; ഹരേ രാമ!’ ഈ പാവം ഭക്തനെ രക്ഷിക്കണേ!”
‘രാമ രാമ’ എന്നുള്ള വിളികേട്ട് സീതാദേവി വേഗം പുറത്തിറങ്ങി. മക്കള്‍ ആരെയാണ് ബലമായി തന്റെ മുന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുവരുന്നതെന്ന് ദേവി ശ്രദ്ധിച്ചു. അപ്പോഴാണ് കാട്ടുവള്ളികള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന ഹനുമാനെ സീതാദേവി കണ്ടത്. ആ കാഴ്ചയില്‍ത്തന്നെ അവരുടെ ഉള്ളം നടുങ്ങി.
”മക്കളേ, എന്ത് അധര്‍മ്മമാണ് ഈ കാട്ടുന്നത്? നിങ്ങള്‍ ആരെയാണ് ഈ കെട്ടിവലിച്ചുകൊണ്ടുവന്നിരിക്കുന്നത്!”
”ഇതൊരു തട്ടിപ്പുകാരന്‍ കുരങ്ങനാണ് ”
-ലവകുശന്മാര്‍ അമ്മയെ അറിയിച്ചു.
”ഇതു തട്ടിപ്പുകാരന്‍ കുരങ്ങനല്ല; നിങ്ങളുടെ പിതാവായ ശ്രീരാമന്റെ വത്സലഭക്തന്‍ ശ്രീഹനുമാനാണ്; ഒരു നിമിഷം പാഴാക്കാതെ വേഗം അഴിച്ചുവിടൂ” -സീതാദേവി ആവശ്യപ്പെട്ടു.
പിന്നെ കുട്ടികള്‍ മറ്റൊന്നും ചിന്തിച്ചില്ല. അവര്‍ ഹനുമാനെ കെട്ടഴിച്ചുവിട്ടു. അപ്പോള്‍ ഹനുമാന്‍ സീതാദേവിയേയും ലവകുശന്മാരേയും കൈകൂപ്പി വണങ്ങി: അതിനുശേഷം സീതയോടു പറഞ്ഞു:
”അമ്മേ, സീതാദേവീ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ദേവിയുടെ സുഖവിവരങ്ങള്‍ ഞാന്‍ ശ്രീരാമചന്ദ്രനെ അറിയിച്ചുകൊള്ളാം.”
ഹനുമാന്റെ നേര്‍ക്ക് ആദരപൂര്‍വ്വം തിരിഞ്ഞ സീതാദേവി സാന്ത്വനവാക്കുകള്‍കൊണ്ട് ഹനുമാനെ ആശ്വസിപ്പിച്ചു.
”പ്രിയ ആഞ്ജനേയാ, എന്റെ മക്കള്‍ തിരിച്ചറിവില്ലായ്മകൊണ്ടാണ് അങ്ങയെ പിടിച്ചുകെട്ടിയിട്ടത്. അങ്ങ് ഞങ്ങളുടെ കുടുംബത്തിനുവേണ്ടി ചെയ്ത ത്യാഗപ്രവൃത്തികള്‍ എത്രയോ മഹത്തരമാണ്. അതൊന്നും കുമാരന്മാര്‍ക്ക് അറിഞ്ഞുകൂടാ; ക്ഷമിക്കണം”.
”ദേവീ, എനിക്ക് അതിലൊട്ടും സങ്കടമില്ല. ശ്രീരാമചന്ദ്രന്റേയും സീതാദേവിയുടേയും മക്കള്‍ക്ക് എന്നെ കെട്ടിയിടാനും ശിക്ഷിക്കാനുമൊക്കെ അധികാരമുണ്ട്. ഞാന്‍ എന്റെ കഴിവുകളെപ്പറ്റിപ്പറഞ്ഞത് അവര്‍ക്ക് ഇഷ്ടമായില്ലെന്നുതോന്നുന്നു. എങ്ങനെയായാലും ഞാനതുക്ഷമിക്കുന്നു”
-ഹനുമാന്‍ അറിയിച്ചു.
ആഞ്ജനേയന്റെ മറുപടികൂടി കേട്ടതോടെ സീതാദേവിയ്ക്കും മക്കള്‍ക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി.
താമസിയാതെ ഹനുമാന്‍ അവിടെനിന്ന് യാത്രയായി. അപ്പോള്‍ ലവകുശന്മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു: ”മാരുതീ, ഈ സംഭവങ്ങളെല്ലാം അങ്ങ് ഇപ്പോള്‍ത്തന്നെ മറന്നേക്കൂ. ഇതൊരു തമാശയായി മാത്രം കാണക്കാക്കിയാല്‍ മതി. സൗകര്യം കിട്ടുമ്പോഴൊക്കെ ഇതുവഴി വരണം; കേട്ടോ”.
-ഹനുമാന്‍ അത്യധികം ഉന്മേഷത്തോടും ഉത്സാഹത്തോടും കൂടിയാണ് ആശ്രമാങ്കണത്തില്‍ നിന്ന് മടങ്ങിപ്പോയത്.
(തുടരും)